Wednesday, September 12, 2018

കേരള ഫ്ലഡ് റിലീഫ്

കേരള ഫ്ലഡ് റിലീഫിനുപോയ അനുഭവം എഴുതാന്‍ ഒരാള്‍ ആത്മാര്‍ത്ഥമായി അഭിപ്രായപ്പെട്ടതുപ്രകാരം എഴുതാന്‍ ശ്രമിക്കട്ടെ,

ഫ്ലഡ് റിലീഫ് വര്‍ക്ക് ഒക്കെ തുടങ്ങിയിട്ട് മൂന്നുനാലാശ്ച ആയിക്കഴിഞ്ഞിരുന്നു. ആരും പ്രത്യേകമായി ക്ഷണിക്കാഞ്ഞതിനാല്‍ ആവശ്യം കാണില്ല എന്നും, ഒരു സല്‍‌പ്രവര്‍ത്തി കാട്ടുന്ന ഒരു കൂട്ടം ആള്‍ക്കാരെ അവരുടെ ഇഷ്ടപ്രകാരം അല്ലാതെ ഉപദ്രവിക്കണ്ട എന്നു കരുതി.

ഇതിനകം, എന്റെ സമ്പാദ്യത്തിന്റെ ഒരു ചെറിയ ഓഹരി ഞാന്‍ നാട്ടില്‍ പ്രളയബാധിതപ്രദേശങ്ങളില്‍ നേരിട്ട് പോയി സഹായിക്കുന്ന ഒരു സ്ത്രീയെ ഏല്‍പ്പിക്കയും ചെയ്തുകഴിഞ്ഞിരുന്നതിനാല്‍ , ജോലിയൊക്കെ കഴിഞ്ഞ് ബാക്കിയുള്ള സമയം ഞാന്‍ എന്ന മനുഷ്യജീവിയെ സന്തോഷിപ്പിക്കാനും ശുഭാപ്തി വിശ്വാസം നിറയ്ക്കാനും ഒക്കെയായി വിനിയോഗിക്കലായിരുന്നു കഴിഞ്ഞ ദിവസങ്ങളിl. കാരണം നാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ഞടുക്കം എന്നിലും നന്നായി ബാധിച്ചിരുന്നു. അവിടുത്ത പെട്ടെന്നുള്ള മരണങ്ങളും അനിശ്ചിതാവസ്ഥയും ദയനീയതയും മനുഷ്യരുടെ നിസ്സഹായതയും
ഒക്കെ വല്ലാതെ ഞടുക്കിക്കഴിഞ്ഞിരുന്നു. പലപ്പോഴും പല ദൃശ്യങ്ങളും കണ്ട് കണ്ണീരൊഴുക്കിയും ദൈവത്തെ പ്രാര്‍ത്ഥിച്ചും ഒക്കെ ഇരുന്നു. പിന്നെ സഹായത്തിനായുള്ള മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യുന്ന തിരക്കിലായി ആ ദിവസങ്ങളില്‍. അനോണീയായാണെങ്കിലും. ഒടുവില്‍ നന്നായി പ്രവര്‍ത്തിച്ചതിന് ഒരല്പം അംഗീകാരവും കിട്ടിക്കഴിഞ്ഞു!!! പ്രളയം കണ്ട്രോളില്‍ ആയിക്കഴിഞ്ഞു. ബാക്കിയുള്ള ജീവനുകള്‍ സുരക്ഷിതരാണ്. ഇനി ദുരിതാശ്വാസം എന്ന പ്രഹേളികയാണ്.. എങ്കിലും ജീവന്‍ സുരക്ഷിതമാണല്ലൊ എന്ന ഒരാശ്വാസം...

അതിനിടയിലാണ് അപ്രതീക്ഷിതമായി ലോട്ടറി അടിക്കും പോലെ ഒരവസരം.
അതും മിക്കവരും തളര്‍ന്നിരിക്കുന്ന ഒരു സാഹചര്യത്തില്‍. ഇത് നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. എന്റെ ഇടപെടല്‍ ആര്‍ക്കും നെഗറ്റീവ് ആയി ബാധിക്കാതിരിക്കുന്നിടത്തോളം എനിക്ക് എന്തു സഹായവും ചെയ്യാന്‍ ഇഷ്ടമാണ് താനും.

അങ്ങിനെ രാവിലെ ഉടുത്തൊരുങ്ങി (പതിവുപോലെ അധികം ഒരുങ്ങിയൊന്നും ഇല്ല) അവിടെ ചെന്നു. ഞങ്ങള്‍ മൂന്ന് വീട്ടമ്മമാരായിരുന്നു. വീട്ടുജോലികള്‍ ഒക്കെ ചെയ്ത് വേറിട്ട് ഒരു സമൂഹത്തിനായി അതും പെറ്റനാടായ കേരളത്തിലെ ആള്‍ക്കാരെ പരോക്ഷമായെങ്കിലും സഹായിക്കാന്‍ ഒരവസരം കിട്ടിയല്ലൊ എന്ന ചാരിതാര്‍ത്ഥ്യത്തിനായി മാത്രം വന്നവര്‍. എല്ലാം കൊണ്ടും ഞങ്ങള്‍ ചേരേണ്ടവരായിരുന്നു എന്ന് ആദ്യമേ തോന്നിയിരുന്നു. ചില നിമിത്തങ്ങള്‍ കാണുമ്പോല്‍ അത് ബലപ്പെടുന്നുതാനും! ഒന്നാമതായി ഞങ്ങള്‍ മൂന്നുപേരും കടും നീലയുടെ ഒരടഞ്ഞ നിറത്തിലെ സിമ്പിള്‍ ഡ്രസ്സ് ആയിരുന്നു എന്നതാണ്.
രണ്ടാമത് മൂന്നുപേരുടേയും ആദ്യത്തെ അനുഭവം ആണ്. മൂന്നുപേര്‍ക്കും പ്രത്യേകിച്ച് ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മോഡില്‍ ആണ് മൂന്നുപേരും. നട്ടുച്ച സമയം അധികം വഴിപോക്കര്‍ ഇല്ല
മുന്നില്‍ ഒരു പണപ്പെട്ടി (സീ ത്രൂ) ഇരിപ്പുണ്ട്. അതില്‍ കുറേ നോട്ടുകള്‍ ഉണ്ട്.
ഇന്നത്തെ ദിവസം ആ പെട്ടിയില്‍ വല്ലതും വീഴുമോ ഇല്ലയോ എന്നൊന്നും ഞങ്ങള്‍ക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു. ഞങ്ങള്‍ പരസ്പരം പരിചയപ്പെടാനും ആശയങ്ങള്‍ കൈമാറാനും അതിനിടയില്‍ അപ്രതീക്ഷിതമായി വന്നു ചേരുന്ന കുഞ്ഞുകുഞ്ഞ് സംഭവങ്ങള്‍ ആസ്വദിക്കാനും തുടങ്ങി.

ആദ്യം ഒരാള്‍ അമ്പത് ഡോളര്‍ നോട്ട് അതില്‍ തിരുകി ഇട്ടിട്ട് പോയി. അമ്പലത്തില്‍ വഴിപാട് ഇടുന്നപോലെ. പിന്നീട് പത്ത്, ഇരുപത് അങ്ങിനെ പല തുകകള്‍ ഇടയ്ക്കിടെ വരുന്നുണ്ട്, കുഞ്ഞ് മക്കളെക്കൊണ്ട് ചിലര്‍ ഇടീക്കുന്നു. സത്പ്രവര്‍ത്തിയുടെ പുണ്യം  അവര്‍ക്ക് കൂടി കിട്ടട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

അതിനിടയിl ഞങ്ങളെ തികച്ചും ആശ്ചര്യപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. ഒരു കൊറിയന്‍ സ്തീ വന്ന് നിസ്സാ‍രമായി ഒരു ആയിരം ഡോളര്‍ നോട്ട് അതില്‍ ഇട്ടിട്ട് പോയി. അവരുടെ വസ്ത്രധാരണം വളരെ ലളിതമായിരുന്നു. നൂറുഡോളര്‍ നോട്ടായിരിക്കുമെന്ന തോന്നലില്‍ നിന്ന് ഞങ്ങള്‍ ഒട്ടൊരു ഞടുക്കത്തോടെയാണ് അത് ആയിരത്തിന്റേതാണെന്ന ബോധം മിന്നി മറഞ്ഞത്. വിശ്വസിക്കാനാവാതെ ഞങ്ങള്‍ ചെന്ന് ബോക്സിനുള്ളില്‍ നോക്കി. അതെ! ആ‍ായിരം തന്നെയാണ്!!

ഞങ്ങള്‍ക്ക് ആ സ്ത്രീയോട് വല്ലാത്ത ആരാധന വന്ന് നിറഞ്ഞു. അവര്‍ അല്പം അകലെയായി ഒരു പഴക്കടയില്‍ എന്തോ നോക്കി നിസ്സംഗതയോടെ നില്‍പ്പുണ്ട്.
അവരുടെ ഒരു ഫോട്ടോ എടുക്കണം എന്ന തോന്നല്‍. ഒരാള്‍ ഓടിച്ചെന്ന് ചോദിച്ച്, ഒരു ഫോട്ടോ എടുത്തോട്ടെ, വലിയ ഒരു തുക നല്‍കിയതല്ലെ എന്ന്. ഓഹ്! അതിന്റെ ഒന്നും ആവശ്യമില്ല എന്ന് ഒരു ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞ് അവര്‍ നടന്നകന്നു!!

ആയിരം ഡോളര്‍ എന്നുപറയുമ്പോള്‍ കേരളത്തിലെ അന്‍പതിനായിരം രൂപയാണ്!

ഞങ്ങള്‍ക്ക് രസം കയറി. വെറുതെ നിസ്സംഗതയോടെ വന്നു ചേര്‍ന്ന ഞങ്ങള്‍ക്ക് അതേ നിസ്സംഗതയോടെ ഇതാ ഒരു സ്ത്രീ അറിഞ്ഞ് നല്‍കിയിരിക്കുന്നു! ഞങ്ങളുടെ വരവിന് ഒരര്‍ത്ഥം ഒക്കെ കൈവന്ന പ്രതീതി!!

അപ്പോള്‍ ഒരു മലയാളി പത്രപ്രവര്‍ത്തകന്‍ വന്ന് അഡ്രസ്സ് ഒക്കെ ചോദിച്ച് പോയി. നാട്ടിലെ മലയാളി നാട് പേപ്പറില്‍ കൊടുക്കാനാണത്രെ!
പിന്നെ റേഡിയോ ഇന്റര്‍വ്യൂ പേപ്പറിലെ റിപ്പോര്‍ട്ടര്‍. എന്നുവേണ്ട ഞങ്ങളില്‍ ഒരുതരം ഉന്മാദം തന്നെ വന്നുബാധിച്ചിരുന്നു ഇതിനകം. സന്തോഷം കൊണ്ട് ചാരിതാര്‍ത്ഥ്യം കൊണ്ട്.. ഈ കാശ് കഷ്ടപ്പെടുന്നവര്‍ക്ക് കിട്ടുമെന്ന പ്രതീക്ഷകൊണ്ട്. ജന്മനാടായ കേരളത്തിനു വേണ്ടി ഈ അന്യനാട്ടിലെ തെരുവില്‍ വെയിലും കൊണ്ട് അല്പസമയം ഇരിക്കാനായതിന്

ഇതിനിടയില്‍ എന്റെ കൂട്ടുകാര്‍ വലിയ ട്രാവല്‍ ഗൈഡ് ആയൊക്കെ പ്രാവീണ്യം നേടിയിരുന്നു.

ഒരു കൊറിയന്‍ സ്ത്രീ ഞങ്ങളുടെ ടെന്റിനുള്ളില്‍ കുറെ നേരമായി സ്ഥലം പിടിച്ചിട്ടുണ്ട്. അവര്‍ ആരെയോ പ്രതീക്ഷിക്കുന്നപോലെ ആകെ അസ്വസ്ഥമായി നടക്കുകയാണ്..

ആ കഥ പിന്നാലെ..

No comments: