Tuesday, May 30, 2017

സന്തോഷം എവിടെ?


ഇപ്പോഴത്തെ സന്തോഷങ്ങളൊക്കെ പണ്ടത്തേതില്‍ നിന്നും വളരെ ക്ഷണികമാണ്. പെട്ടെന്ന് തീര്‍ന്നുപോകും. പണ്ടൊക്കെ ഒരു വലിയ വിജയം കരസ്ഥമാക്കിയാല്‍ അത് വര്‍ഷങ്ങളോളം അഭിമാനിച്ചു നടക്കാം. ഇപ്പോള്‍ വിജയാഹ്ലാദം ആസ്വദിക്കും മുന്‍പു തന്നെ അയല്‍പക്കക്കാരന്‍ അതിലും വലിയ വിജയവുമായി മുന്നേറുന്നതുകണ്ട് നിസ്സാരനാവും. 
എന്തെങ്കിലും സ്വന്തമായി ഉണ്ടെന്ന് അഭിമാനിക്കാമെന്നു വച്ചാല്‍ അതും അടിക്കടി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ അടുത്ത നിമിഷം ഉപയോഗശൂന്യമോ, വിലയിടിവോ പറ്റിയിരിക്കും.

ഞങ്ങളുടെ ഗ്രാമത്തില്‍ കാറുണ്ടായിരുന്നത് ശ്രീനിവാസന്‍ മുതലാളിക്ക് മാത്രമായിരുന്നു. ആനയുള്ളവരും വില്ലുവണ്ടിയുള്ളവരും ഏക്കറുകണക്കിനു നിലവും പുരയിടവും ഉള്ളവരും ഒക്കെ ഉണ്ടായിരുന്നിട്ടും ശ്രീനിവാസന്‍ മുതലാളിയെ ഈ കാറ് വ്യത്യസ്ഥനാക്കിയിരുന്നു. 

ആകെ ഒരു ഡോക്ടര്‍. അദ്ദേഹത്തിനു രാജാവിന്റെ തന്നെ പദവി കിട്ടിയിരുന്നു. ആകെ ഒരു എഞ്ജിനീയറ്. അദ്ദേഹം ദൂരെ വയലില്‍ കൂടി അദ്ദേഹത്തിന്റെ കുടുംബവീട്ടിലേക്ക് നടക്കുമ്പോള്‍ ആകെ ഒരു സ്റ്റെനോഗ്രാഫര്‍ ആയ എന്റെ അമ്മ പറയും , ലോ ആ പോണത് എഞ്ജിനീയര്‍ ആണ് എന്ന്

ജയശ്രി ചേച്ചിയായിരുന്നു ഗ്രാമത്തിലെ ആദ്യത്തെ കോളേജ് ലക്ച്വറര്‍. എന്റ്റെ സ്വപ്നം അവിടെ പൊലിഞ്ഞു. ഇനിയിപ്പോ എങ്ങിനെ ശ്രദ്ധ പിടിച്ചുപറ്റാനാവും!
ഒരുവിധപ്പെട്ട നല്ല പദവികള്‍ ഒക്കെ മറ്റുള്ളവര്‍ കൈക്കലാക്കിയിരിക്കുന്നു. 

അവരൊക്കെ ആ നേട്ടവും സല്‍പ്പേരും കൊണ്ട് ഒരു ജന്മം മുഴുവനും തന്നെ ജീവിച്ചു തീര്‍ത്തു. 
ഇപ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച് ഒരു ഡോക്ടര്‍ ആയാല്‍, ലക്ഷങ്ങള്‍ മുടക്കി ഡോക്ടര്‍ ആയവരോടൊപ്പമാണ് സന്തോഷം പങ്കിടേണ്ടത്! മുക്കിനും മൂലയിലും ഒക്കെ എഞ്ജിനീയേര്‍സ് ആണ്. കാശുകൊടുത്തും അല്ലാതെയും ഒക്കെ പലരും പലതും നേടുന്നു. ഒരു കാറുവാങ്ങി വലിയവനാകാം എന്നു കരുതിയാല്‍ അങ്ങേതിലെ കോരന്റെ മകന്‍ ഗല്‍പ്ഫില്‍ പോയി വന്ന അതിലും വലിയ കാരിലാവും സഞ്ചാരം. 
കോരനും ചാന്നനും ഒക്കെത്തന്നെയാണ് പണവും പത്രാസും ഒക്കെ കാട്ടുന്നതും.
പണത്തിനും വിലയില്ലാതായിരിക്കുന്നു. അതുതന്നെയാവണം ഇന്നത്തെ തലമുറയുടെ സന്തോഷക്കുറവിന്റെ കാരണവും!

അപ്പോള്‍ പിന്നെ സന്തോഷം എവിടെ പോയി തപ്പാന്‍!!
സന്തോഷം നമ്മുടെ ചുറ്റിനും ഉണ്ട്. 
നമ്മുടെ ആഗ്രഹങ്ങള്‍ ലിമിറ്റ് ചെയ്യുക. ഉള്ളത് നന്നായി വൃത്തിയാക്കിയും വെടുപ്പാക്കിയും സൂക്ഷിക്കുക. നമ്മെ നന്നായി പരിപാലിക്കുക. മറ്റുള്ളവരെ വച്ച് നമ്മെ താരതമ്യം ചെയ്യാതിരിക്കാം. നമുക്ക് നമ്മെ സ്നേഹിക്കയും പരിപാലിക്കയും ചെയ്യാം. അങ്ങിനെ നമ്മെ സന്തോഷിപ്പിച്ച് നമുക്ക് സന്തോഷം കണ്ടെത്താം. എന്നിട്ട് അത് മറ്റുള്ളവരുമായി പങ്കിടാന്‍ ശ്രമിക്കാം. 

ദൈവം നമുക്ക് സന്തോഷം തരുമ്പോള്‍ നന്ദി പറയുക. നമ്മോട് ദേഷ്യം കാട്ടുന്നവോടും സന്തോഷം തീരെയില്ലാതെ വിഷമിക്കുന്നവരോടും ഒക്കെ 
ദയ കാട്ടി ആ സന്തോഷം പങ്കിടുക. 


പണ്ടൊക്കെ ഞാന്‍ കരുതിയിരുന്നു. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് അസൂയ തോന്നുന്നത് അല്ലെങ്കില്‍ സ്വയനിന്ദ തോന്നുന്നത് മറ്റുള്ളവരുടെ സമ്പത്ത് സൌന്ദര്യം മറ്റു നേട്ടങ്ങള്‍ ഒക്കെ കാണുമ്പോള്‍ ഒക്കെ ആണെന്ന്.
എന്നാല്‍ ഇപ്പോള്‍ മനസ്സിലായി സമ്പത്തോ സൌന്ദര്യമോ നേട്ടങ്ങളൊ ഒന്നും അല്ല അസൂയ തോന്നിപ്പിക്കുന്നത്. ഒരാള്‍ക്ക് മറ്റുള്ളവനോട് അസൂയ തൊന്നുന്നത് അവനില്‍ കാണുന്ന സന്തോഷം, ശാന്തത ഒക്കെ കാണുമ്പോള്‍ ആണെന്നതാണ് സത്യം, മേല്‍പ്പറഞ്ഞ സമ്പത്തും സൌന്ദര്യവും സ്ഥാനമാങ്ങളും ഒന്നും തന്നെ സന്തോഷം കൊടുക്കണമെന്നും ഇല്ല 

പണ്ടൊരു പുരാണകഥയില്‍  യദു മഹാരാജാവ്‌  നായാട്ടിനായി കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ വച്ച്  ദത്തത്രേയന്‍ എന്ന ഒരു മുനിയെ സന്ധിക്കുവാന്‍ ഇടയായി.  ലോകത്തിലെ സകല സമ്പത്തും ഐശ്വര്യവും തനിക്കുണ്ടായിരുന്നിട്ടും കൈവരാതിരിക്കുന്ന അതുല്യമായ ശാന്തിയും ആനന്ദവും ആ മുനിയില്‍ കളിയാടുന്നത് കണ്ട്  മഹാരാജാവ്‌ മുനിയോട്,  ‘ലൌകീകസുഖങ്ങളില്‍ നിന്നൊക്കെ അകന്ന് വനത്തിലെ ഏകാന്തതയില്‍ കഴിയുന്ന അങ്ങെയ്ക്ക് എങ്ങിനെ ഇത്ര സമാധാനവും സന്തോഷവും കൈവരുന്നു?’ എന്ന് ചോദിക്കുന്നു.] 

തന്റെ ആനന്ദത്തിന്റെ ഗുരുക്കന്മാര്‍ 21 പേര്‍ ഉണ്ടെന്നായിരുന്നു മുനിയുടെ മറുപടി.
praകൃതി തന്നെ പഠിപ്പിച്ച പാഠങ്ങളില്‍ നിന്നുമാണ് മുനിക്ക് ശാശ്വതമായ ആnandam കൈവരിക്കാനായത്. 

അതെ ലോകം ഉരുണ്ടുകൊണ്ടും ആവര്‍ത്തനങ്ങള്‍ നിറഞ്ഞതുമാണ് അതിന്റെ സ്വഭാവം
പണ്ടത്തെ രാജാക്കന്മാര്‍ക്ക് ഒടുവില്‍ വിരക്തികൈവന്ന് സന്യസിക്കാന്‍ പോകുന്നു
അതുപോലെ ഇപ്പൊഴത്തെ തലമുറ സുഖഭോഗങ്ങളുടെ പാരമ്യതയില്‍ എത്തി നില്‍ക്കയാണ്. ഇനി മുകളിലേയ്ക്ക് കയറാനാവില്ല.
പണ്ട് രാജാക്കന്മാര്‍ അന്വേക്ഷിച്ചു ചെന്ന ആനന്ദം എന്തെന്ന് കണ്ടെത്താനുള്ള തൃഷ്ണ ഇനിയത്തെ തലമുറയിലെ വിവരവും പക്വതയും ഉള്ളവര്‍ ആരാഞ്ഞുതുടങ്ങും.
പരിണാമചക്രം അങ്ങിനെ കറക്കം തുടരും .

No comments: