Tuesday, April 14, 2015

പവ്വര്‍ ഓഫ് ഗിവിംഗ്!,.. Power Of Giving!

പവ്വര്‍ ഓഫ് ഗിവിംഗ്!

ഇന്ന് വിഷുവായിട്ട് മനസ്സില്‍ ഒരു നല്ല ചിന്ത തോന്നി. അത് പങ്കുവയ്ക്കാം ആദ്യം!
പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും, (അതെപ്പറ്റിയുള്ള പല പല ഫോട്ടോകള്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ടെങ്കിലും) അവനവന്റെ ഉള്ളില്‍ തട്ടിയാലേ അത് യധാര്‍ത്ഥ അറിവായി മാറൂ!

എനിക്ക് മിക്കപ്പോഴും വിഷാദം എന്താന്നല്ലെ?,
സന്തോഷിക്കാനാവാത്തതെന്തന്നല്ലെ?
കാരണം, ഞാന്‍ എന്റെ സന്തോഷം ആരുമായും പങ്കുവയ്ക്കുന്നില്ല. അതുകൊണ്ടുമാത്രം ആണ്.

സന്തോഷം പങ്കുവയ്ക്കുക. അല്ലെങ്കില്‍ പകരുക..
അല്ലെങ്കില്‍ അന്യനു നല്‍കുക..
അതെ! നല്‍കുക..!

നമ്മള്‍ എന്തെങ്കിലും മറ്റുള്ളവര്‍ക്ക് നല്‍കിയാലേ അത് ഇരട്ടിക്കൂ..
സന്തോഷത്തിന്റെ കാര്യവും അങ്ങിനെ  തന്നെ.

നമ്മള്‍ നമ്മില്‍ സന്തോഷം കണ്ടെത്തുന്നു എന്നൊക്കെ പറയുന്നു..
ഒരളവുവരെ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍, നമ്മെ സമാധാനിപ്പിക്കാന്‍,  അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതിരിക്കാന്‍ അത്, ഈ സ്വയം സന്തോഷിക്കല്‍, സഹായിക്കും. എന്നാല്‍ യധാര്‍ത്ഥ സന്തോഷം എപ്പോഴും അല്പം ഷെയറിംഗ് ആന്റ് കെയറിംഗില്‍ തന്നെയാണ് അടങ്ങിയിരിക്കുന്നത്.

എനിക്ക് ആരെയും ഉള്ളുതുറന്ന് സ്നേഹിക്കാനാവാത്തത്, ഞാന്‍ എല്ലാവരിലും പെര്‍ഫക്റ്റ്നസ്സ് പ്രതീക്ഷിക്കും. കുറവുകളില്ലാത്ത മനുഷ്യര്‍ ഇല്ലല്ലൊ,
ആരെയെങ്കിലും സ്നേഹിക്കാന്‍/ ഇഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ അവരിലുള്ള ആ വളരെ കുറഞ്ഞ അളവിലെങ്കിലും ഉള്ള നെഗറ്റീവ് സ്വഭാവങ്ങള്‍ ഓര്‍മ്മ വരും.
ഒപ്പം ‘ഓ! അവര്‍ സ്വാര്‍ദ്ധര്‍..’ എന്ന ചിന്തയില്‍ പിന്മാറും.

പക്ഷെ, മറ്റുള്ളവരെ സ്നേഹിച്ചാലേ നമുക്ക് സന്തോഷം വളര്‍ത്താനാവൂ.. അതിന് മറ്റുള്ളവരിലെ കുറവ്, അല്ലെങ്കില്‍ സ്വാര്‍ദ്ധത മറന്നാലേ, പൊറുത്താലേ നിവര്‍ത്തിയുള്ളൂ..

ഉദാഃ എനിക്ക് എന്റെ മക്കളെ വളരെയധികം സ്നേഹിക്കാനാവുന്നുണ്ട്. പക്ഷെ, അവര്‍ ഒരു തെറ്റും സ്വാര്‍ദ്ധതയും ഇല്ലാതെയാണോ പെരുമാറുന്നത്! എങ്കിലും ഞാനവരെ ജീവനുതുല്യം സ്നേഹിക്കുന്നു. കാരണം അബോധമായി എനിക്കറിയാം എന്റെ ജീവിതം/ സന്തോഷം നിലനില്‍ക്കുന്നത് അവരില്‍ ആണ്, അവരുടെ സന്തോഷത്തില്‍ ആണ് എന്ന്. അതുകൊണ്ടുതന്നെ എനിക്കവരെ അവരായി തന്നെ കാണാനും അംഗീകരിക്കാനും അവരുടെ തെറ്റുകുറ്റങ്ങള്‍ പൊറുക്കാനും കഴിയുന്നുണ്ട്.

ഇവിടെ പരസ്പരം ഉള്ളില്‍ അബോധമായി കിടക്കുന്ന ഒരു സ്വാര്‍ദ്ധത ഉണ്ട്. ഇരുഭാഗത്തും. പക്ഷെ അത് ഏകദേശം തുല്യം ആയിരിക്കും. ഇതുപോലെ തന്നെയാണ് എല്ലാ ബന്ധങ്ങളിലും. പ്രത്യക്ഷത്തില്‍ അല്ലെങ്കിലും നാം മറ്റുള്ളവരെ സ്നേഹിക്കുമ്പോള്‍, അംഗീകരിക്കുമ്പോള്‍ നമുക്കും നന്മ ഉണ്ടാവുന്നു. അല്ലെങ്കില്‍ മറിച്ച് സ്നേഹവും അംഗീകാരവും കിട്ടുന്നു.

അതുകൊണ്ട്, നമ്മള്‍ ബാക്കിയുള്ളവരുടെയും കുറവുകള്‍ക്ക് പ്രാധാന്യം നല്‍കാതെ അവരിലെ നന്മകള്‍ കണ്ടെത്താനും അവരെ സ്നേഹിക്കാനും, അവര്‍ക്ക് വേണ്ടിയും  എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കാനുമായാല്‍ തീര്‍ച്ചയായും നമ്മുടെ ഈ ശൂന്യത, ബോറഡി ഒക്കെ മാറി വെളിച്ചം വീശും എന്ന് എനിക്ക് തോന്നുന്നു..

ഞാന്‍ അതിനായി എന്നെ പാകപ്പെടുത്തി എടുക്കാന്‍ ശ്രമിക്കുന്നു..


അതുപോലെ, എല്ലാവരെയും സ്നേഹിക്കും പോലെ എനിക്ക് എന്നെയും സ്നേഹിക്കാനും അംഗീകരിക്കാനും കഴിയണം.

എല്ലാവരും 5 മണിക്ക് എഴുന്നേറ്റു, ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി, അല്ലെങ്കില്‍ അമ്പലത്തില്‍ പോയി, അതുമല്ലെങ്കില്‍ കാറോടിച്ച് ജോലിക്ക് പോയി, എന്നൊക്കെ കരുതി, ഞാന്‍ എന്നെ കുറച്ചുകാണരുത്. എനിക്ക് അവരാകാനാവില്ലല്ലൊ! രാത്രി 2 നും 3 നും ഉറങ്ങുന്ന എനിക്ക് രാവിലെ സ്വാഭാവികമായും ഉറക്കച്ചടവുണ്ടാകും. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ അത് മറ്റു പല അസുഖങ്ങളും വരുത്തി വയ്ക്കും.. എനിക്ക് രാവിലെ മാത്രമേ അല്പ സമയം ഉറങ്ങാനായി കിട്ടുകയുള്ളൂ താനും. എല്ലാവരും പോയശേഷം അല്പം കിടന്ന് കിട്ടാതെ പോയ ഉറക്കം ഉറങ്ങിത്തീര്‍ക്കുന്നതുകൊണ്ട് ഞാന്‍ ഒരു മടിച്ചി ആണെന്നോ, വളരെ വലിയ സ്റ്റ്രസ്സ്ഫുള്‍ ആയ ഒരു പഠിത്തം പഠിക്കുന്ന എന്റെ മകള്‍ എന്നെ ആശ്രയിക്കുന്നതുകൊണ്ട് എനിക്ക് മറ്റുള്ളവരെപ്പോലെ ഉടുത്തൊരുങ്ങി ഒന്നിനും പോകാന്‍ പറ്റുന്നില്ല എന്നും,  വലിയ തിരിക്കുപിടിച്ച ഒരു ജീവിതരീതിയുള്ള ഭര്‍ത്താവിന് എന്നെയും കുട്ടികളെയും കൂട്ടി ക്വാളിറ്റി സമയം കണ്ടെത്താന്‍ അറിയില്ല എന്നതും ഒന്നും തന്നെ എന്റെ കുറവായെടുക്കാതെ എല്ലാം അക്സപ്റ്റ് ചെയ്ത്, ഒരു കുറവ്, മറ്റൊരു നന്മ കൊണ്ട് നികത്തി  സന്തോഷം/സമാധാനം കണ്ടെത്താന്‍ ശ്രമിക്കാം അല്ലെ,

Power of Giving  എന്നാല്‍ എന്തെങ്കില്‍ വസ്തുവകകള്‍ കൊടുക്കുക അല്ലെങ്കില്‍ സ്വീകരിക്കുക എന്നുമാത്രം അല്ലെ.  അത് ഒരു നല്ല ചിന്തപങ്കുവയ്ക്കല്‍ ആവാം.. സാന്ത്വനിപ്പിക്കുന്ന ഒരു വാക്കാവാം, ഒരാളുടെ തെറ്റുകള്‍ക്ക് മാപ്പുകൊടുക്കല്‍ ആവാം.. അവരെ പ്രത്യക്ഷത്തില്‍ സഹായിക്കുന്നതും ആവാം..

ഒരാള്‍ക്ക് ആഹാരം കൊടുക്കുന്നതിലും പുണ്യം ആണ് അയാളെ സ്വന്തമായി അത് കണ്ടെത്താന്‍ ശീലിപ്പിക്കുക എന്ന ഒരു ചൊല്ല്  ഇത്തരുണ്ടത്തില്‍ ഓര്‍മ്മ വരുന്നു..


എല്ലാര്‍ക്കും വിഷുദിനാശംസകള്‍!

 മറ്റുള്ളവര്‍ക്കുവേണ്ടിയും നമുക്ക് വേണ്ടിയും, ഇടതടവില്ലാതെ വിശ്രമമില്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിനു മുഴുവന്‍ വേണ്ടിയും അല്പം നന്മ എപ്പോഴും മനസ്സില്‍ സൂക്ഷിക്കാം. 

3 comments:

വീകെ said...

വിഷു ആശംസകൾ...

ആത്മ said...

വിഷു ആശംസകള്‍!

ajith said...

നന്മ സൂക്ഷിക്കുന്ന ആത്മേ, ആശംസകള്‍