Thursday, February 13, 2014

ഇന്ന് നമുക്ക് ദൈവത്തെ പറ്റി പറയാം..


ഇന്ന് നമുക്ക് ദൈവത്തെ പറ്റി എഴുതാം..

 പറയാന്‍ വന്നത്, ഈ ദൈവങ്ങളെക്കാളൊക്കെ ഉത്തമരായ ഒരുപാട് മനുഷ്യര്‍ ഉണ്ട് അനുകരിക്കത്തക്കതായി എന്നാണ്!

എനിക്ക് തോന്നുന്നു.. ഇപ്പോഴത്തെ പാവം ബ്രഹ്മചാരികളും സ്വാമിമാരും ഒക്കെ അന്നത്തെ ദൈവങ്ങളുടെ ജീവിതത്തെ വിശകലനം ചെയ്ത് ,  ന്യായീകരിച്ച് അതിലെ നന്മ കടഞ്ഞെടുക്കുകയാണെന്ന്...

എന്നാല്‍ പക്ഷെ, ഈ ദൈവങ്ങളുടെ ഒക്കെ കഥയെടുത്താല്‍ അതില്‍ നമുക്ക് മാതൃകയായി സ്വീകരിക്കാന്‍ ഒന്നുമില്ല എന്നതാണ് വാസ്തവം. കൃഷ്ണനും അര്‍ജ്ജുനനും ഒക്കെ പോകുന്നിടത്തൊക്കെ പെണ്ണും പിടക്കോഴിയും. ശിവനും ഉണ്ട്, മുരുകനും ഉണ്ട്. കന്യാമറിയത്തിനെപ്പറ്റിയൊന്നും മനുഷ്യരുടെ ഇടയില്‍ ചിന്തിക്കാന്‍ കൂടി ആവില്ല.
(ദോഷം പറയരുതല്ലൊ, ശ്രീരാമന്‍ എന്നൊരു ദൈവം ഉണ്ട് ഉത്തമനായി. എന്നാല്‍ അദ്ദേഹം ഒടുവില്‍ ഗര്‍ഭിണിയായ സഹധര്‍മ്മിണിയെ കാട്ടില്‍ കൊണ്ടുകളഞ്ഞു. നല്ല മനുഷ്യരാരെങ്കിലുമാണെങ്കില്‍ അങ്ങിനെ ചെയ്യുമോ?!)

ഹിന്ദുക്കളുടെ മഹാഭാരത കഥ തുടങ്ങുന്നതുതന്നെ ശന്തനുമഹാരാജാവിന്റെ ചാപല്യം(?) ത്തില്‍ നിന്നുമാണ്. ഒരു ക്ഷത്രിയ രാജാവിന് മുക്കുവസ്തീയോട് തോന്നുന്ന അനുരാഗം.. മുക്കുവസ്ത്രീയോ,  പണ്ട് ഒരു ദിവ്യഗര്‍ഭം ധരിച്ചവളും..ആ പുത്രനാണ് (വേദവ്യാസ മഹര്‍ഷി) ഈ വേദങ്ങളും പുരാണങ്ങളും ഒക്കെ മനുഷ്യര്‍ക്ക് അറിയാനായി പകുത്ത് നല്‍കിയതും..

അല്ലെങ്കിലും, ദൈവങ്ങള്‍ എങ്ങും പറഞ്ഞിട്ടില്ല പ്രേമം പാപമാണെന്നോ, സ്നേഹം പാപമാണെന്നോ ഒന്നും അവര്‍ ജീവിച്ചു, മനുഷ്യര്‍ക്കു വേണ്ടി ഗുണങ്ങള്‍ ചെയ്തതുകൊണ്ട് ദൈവമായി വാഴ്ത്തപ്പെട്ടു..

സീതാദേവിയെ കാട്ടില്‍ കൊണ്ടുകളഞ്ഞതിനും, ചാപല്യത്തിനടിമപ്പെട്ട സ്വന്തം ഭാര്യയെ പുത്രനെക്കൊണ്ട് തന്നെ കൊല്ലിച്ച്, വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്ന ജമദഗ്നി മഹര്‍ഷിയും, മകന്‍ പരശുരാമനും ഭാര്യ രേണുകയും ഒക്കെ നമ്മുടെ ദൈവങ്ങള്‍ ആണ്.  മാതാവിനെ കൊന്ന പരശുരാമനും, ഗുരുവായ ഭീഷ്മരെ ആയിരം ബാണമയച്ച് കൊന്ന അര്‍ജ്ജുനനും, എന്തിനധികം, ശ്രീകൃഷ്ണനെ പ്രണയിച്ച ഗോപികമാരെയും ന്യായീകരിക്കാന്‍ ആയിരമായിരം വേദാന്തങ്ങള്‍.. (മനുഷ്യരാണ് ചെയ്തെതെങ്കിലോ!)

പക്ഷെ, കുറ്റം പറയരുത്, ഈ ന്യായീകരണങ്ങളില്ലെങ്കില്‍ നമുക്ക് ദൈവങ്ങളെ സ്നേഹിക്കാനാവില്ല. കുറ്റവും കുറവുമില്ലാത്തവര്‍ (?) ആണല്ലൊ നമ്മുടെ മനസ്സില്‍ ദൈവങ്ങള്‍.. പക്ഷെ,  അങ്ങിനെ ഒരു ജന്മം ദൈവങ്ങളില്‍  പോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം! (നമ്മള്‍ കുറ്റവും കുറവും എന്നൊക്കെ മുദ്രകുത്തുന്നത് പലതും അങ്ങിനെ അല്ലായിരുന്നു എന്നു വേണം കരുതാന്‍)

ക്രിസ്തു വിവാഹം കഴിക്കാഞ്ഞകൊണ്ടാണൊ അദ്ദേഹം മഹാനായത്!എങ്കില്‍ ശ്രീകൃഷ്ണനോ?!

എനിക്ക് തോന്നുന്നത്, ഒരു വിഭാഗം  മനുഷ്യര്‍ക്ക് വേണ്ടി നന്മ ചെയ്തതുകൊണ്ടാണ് , അവരെയൊക്കെ ദൈവമായി സ്തുതിക്കുന്നത്..

ഞാന്‍ മിക്ക ദിവസവും വെജിറ്റേറിയന്‍ ആണ്.. വെജിറ്റേറിയന്‍ ആയാല്‍ നല്ലവരാകും എന്നൊന്നും ദൈവം പറഞ്ഞിട്ടില്ല. ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതിലും ദൈവത്തിനു വിഷമം ഒന്നും കാണില്ല. എല്ലാം മനുഷ്യര്‍ ഉണ്ടാക്കിയെടുക്കുന്നതല്ലെ,
ഒരുകണക്കിന് നമ്മള്‍ കിട്ടിയതൊന്നും പോരാ എന്നുകരുതി ബലം പിടിച്ച് വ്രതം ഒക്കെ എടുക്കുന്നതായിരിക്കും ദൈവത്തിനു വിദ്വേഷം വരുത്തുക.
ഉദാഃ എന്റെ വീട്ടില്‍ ചിക്കണ്‍ കറി വച്ചു, മറ്റു നോണ്‍ വെജ് വിഭവങ്ങള്‍ ഒക്കെ ഉണ്ട്. അത് കഴിച്ച് മറ്റുള്ളവരൊക്കെ ആഹ്ലാദിക്കും. ആരൊഗ്യവാന്മാരായി സംതൃപ്തരായി ഇരിക്കും.. അപ്പോള്‍ ഞാന്‍ മാത്രം, ഇല്ല ഞാന്‍ കഴിക്കില്ല, കഴിക്കാതിരുന്നാല്‍ ഞാന്‍ ദൈവത്തിനു പ്രിയപ്പെട്ടവള്‍ ആകും.. എന്നെ അദ്ദേഹം വിഷമിപ്പിക്കില്ല, എന്റെ ആഗ്രഹങ്ങള്‍ സാധിച്ചു തരും എന്നൊക്കെ സ്വപ്നം കാണുന്നത് ഒരുതരം അത്യാഗ്രഹം അല്ലെ?!
ഒന്നാമത് നമുക്ക് ദൈവമ തരുന്ന ആഹാരം കഴിക്കാന്‍ കൂട്ടാക്കാതെ, അതില്‍ നിന്നുകിട്ടുന്ന സന്തോഷം വേണ്ടെന്നു വച്ചത്.. അതിലും വലിയ സന്തോഷത്തിനായാണെങ്കില്‍ അത് ഒട്ടും ശരിയല്ല തന്നെ..
(ഞാനിന്നലെ അല്പം ചിക്കണ്‍ കറി ഭക്ഷിച്ചു. അപ്പോള്‍ സന്തോഷവും ഒപ്പം ഈ വിചാരങ്ങലൂം  എന്നെ ന്യായീകരിക്കാനായി ഉണ്ടായി..)

ഞാന്‍ കരുതുന്നു, ശ്രീകൃഷ്ണനും ശ്രീരാമനും യേശുവും ഒന്നും അല്ല ദൈവം. അവരൊക്കെ ദൈവത്തിന്റെ പ്രതിനിധികള്‍ അല്ലെങ്കില്‍ ദൈവത്തെപ്പറ്റി അറിവുള്ള ഗുരുക്കന്മാര്‍ ആയിരുന്നു..
(കാരണം, ശ്രീകൃഷ്ണനും ശ്രീയേശുവും മുഹമ്മദ് നബിയും ശ്രീബുദ്ധനും ഒക്കെ ദൈവത്തെ വാഴ്ത്തുന്നുണ്ട്., അപ്പോള്‍ അതിനും അപ്പുറത്തല്ലെ ദൈവം!)
അതെ,  ദൈവം എന്നാല്‍ അതിനുമപ്പുറം, ആര്‍ക്കും കാണാനും അറിയാനും ഒന്നും പറ്റിയിട്ടില്ല.അറിഞ്ഞാല്‍ തന്നെ അത് എങ്ങിനെ എന്ന് വ്യക്തമായി മറ്റുള്ളവരെ അറിയിക്കാനും ആയിട്ടില്ല. അറിവിനുമപ്പുറം വിളങ്ങിനില്‍ക്കുന്ന ഒരു സത്യം ആണ് ദൈവം


ദൈവത്തിനു നമ്മള്‍ ഇപ്രകാരം ജീവിക്കണം ഇന്നവിധം നടക്കണം ഇരിക്കണം എന്നൊന്നും ഇല്ല. ഇന്ന ദിവസം മാംസഭക്ഷണം കഴിക്കാതിരുന്നാല്‍ അല്ലെങ്കില്‍ ഇത്രയും കാശ് കെട്ടിവച്ചാല്‍ രക്ഷിക്കാം എന്നൊന്നും ഇല്ല.

ദൈവം എന്നാല്‍ ഒരു ‘അവയര്‍നെസ്സ്‘(awareness) ആണ്. അത് പലര്‍ക്കും പലപ്പോഴും അനുഭവപ്പെടും. നമ്മള്‍ ഏകാന്തമായൊരിടത്ത് പ്രകൃതിയില്‍ ഇരുന്നു നോക്കൂ.. അപ്പോള്‍ നമുക്ക് എന്തോ ഒരു ശക്തിയുമായി ഒരു അദൃശ്യമായ കണക്ഷന്‍ അനുഭവപ്പെടും..

തൈത്തിര്യോപനിഷത്തില്‍ വരുണന്‍ തന്റെ മകന്‍ ഭൃഗൂമുനിക്ക് ബ്രഹ്മത്തെപ്പറ്റി (ദൈവത്തെപ്പറ്റി) വിവരിക്കുന്നുണ്ട്.

“ഈ ജീവജാലങ്ങളൊക്കെ  യാതൊന്നില്‍ നിന്നാണോ ജനിക്കുന്നത്, യാതൊന്നിനാല്‍ നിലനില്‍ക്കുന്നുവോ, യാതൊന്നില്‍ വിലയിക്കുന്നുവോ, അതാണ് ബ്രഹ്മം.“

തപസ്സു ചെയ്ത് (മെഡിറ്റേഷന്‍) കൂടുതല്‍ അറിയാനാണ് വരുണന്‍ ഉപദേശിക്കുന്നത്.
ഭൃഗു തപസ്സുചെയ്യുമ്പോള്‍,
‘അന്ന’മാണ് ദൈവം എന്ന് മനസ്സിലാക്കുന്നു
കാരണം,  ജനിച്ചവരൊക്കെ അന്നത്തിനാല്‍ ജീവിക്കുന്നു
അന്നത്തില്‍ വിലയിക്കുന്നു
അന്നമാണ് ബ്രഹ്മം

വീണ്ടും തപസ്സുചെയ്യുമ്പോള്‍ മനസ്സിലാവുന്നു
‘മനസ്സാ’ണ് ദൈവം
മനസ്സിനാല്‍ നില്‍നില്‍ക്കുന്നു
മനസ്സില്‍ വിലയിക്കുന്നു..

വീണ്ടും തപസ്സുചെയ്യുന്നു
അപ്പോള്‍ ‘വിജ്ഞാന’മാണ് ദൈവം എന്ന് മനസ്സിലാവുന്നു
വിജ്ഞാനത്തിനാല്‍ നിലനില്‍ക്കുന്നു
വിജ്ഞാനത്തില്‍ വിലയിക്കുന്നു..

വീണ്ടും തപസ്സുചെയ്യുമ്പോള്‍
‘ആനന്ദ’മാണ് ബ്രഹ്മം എന്ന് മനസ്സിലാവുന്നു
ആനന്ദത്തില്‍ ജീവിക്കുന്നു
ആനന്ദത്തില്‍ വിലയിക്കുന്നു..

അങ്ങിനെ ബ്രഹ്മം എന്നാല്‍ എന്തെന്നു മനസ്സിലാക്കുന്നവര്‍ ഈശ്വരനെ അറിയുന്നു..
ദൈവങ്ങള്‍ എന്നു വാഴ്ത്തപ്പെടുന്നവരൊക്കെ ആ ചൈതന്യത്തെ അറിഞ്ഞവരാണ്..

അമ്പലങ്ങളിലും മറ്റ് ആരാധാനാലയങ്ങളിലും ചെല്ലുമ്പോള്‍ നമുക്ക് കിട്ടുന്ന ശാന്തി ആ ദൈവസ്പുരണം ആണ്.. ഭക്തി നിറയുമ്പോള്‍ നന്നുടെ കണ്ണുകള്‍ അടയും, നാം നമ്മുടെ ഉള്ളിലേക്ക് തിരിയും

അതെ! ആ ശക്തിയുടെ (ദൈവത്തിന്റെ) അംശം നാം ഓരോ ജീവജാലങ്ങളിലും ഉണ്ട്..

ആനന്ദമായി, അറിവായി, പ്രാണനായി, മനസ്സായി….

നമുക്കും അറിയാന്‍ ശ്രമിക്കാം…


വേറെ വിശേഷം ഒന്നും ഇല്ല ബ്ലോഗൂ..

ഭൂമിയില്‍ ആകെമൊത്തം വരള്‍ച്ച, വെള്ളപ്പൊക്കം, സ്ത്രീപീഡനം , ആളുകളുടെ ജനനേന്ദിയം തകര്‍ക്കല്‍ ഒക്കെയാണ് പുതിയ പുതിയ വിശേഷങ്ങള്‍..

പിന്നെ കൂടാതെ ഹോളീവുഡ്ഡിനെ അനുകരിച്ച് ഇന്ത്യന്‍ സിനിമാതാരങ്ങളും ഇപ്പോള്‍ മത്സരിച്ച് മത്സരിച്ച് വിവാഹം കഴിക്കലും ഒഴിയലും.. കഴിക്കലും ഒഴിയലും..

ഇതൊക്കെ കണ്ട് ജനം എന്തുചെയ്യണം എന്നറിയാതെ ആക്രാന്തപ്പെട്ട് നെട്ടോട്ടം ഓടുകയും!

എന്റെ ബ്ലോഗൂ.. എനിക്ക് ഞാന്‍ ജനിച്ച കാലത്ത് ജനിച്ചാല്‍ മതിയേ..! ഇപ്പോഴത്തെ ജനറേഷനില്‍ ജനിക്കാത്തതുകൊണ്ട് യാതൊരു ദുഃഖവും തല്‍ക്കാലം ഇല്ല എന്നറിയിച്ചുകൊണ്ട് തല്‍ക്കാലം വിട,

സസ്നേഹം
ആത്മ

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ സ്ന്തോഷമായി അത്മയ്ക്ക് വിവരം വച്ചു 

ഇനിയും ഇതുപോലെ സത്യങ്ങൾ പറഞ്ഞു കൊണ്ടെ ഇരിക്കൂ :)

ആത്മ/മുന്ന said...


പണ്ടേ ഉണ്ടായിരുന്നു ഹെറിറ്റേജ് സര്‍,
ഞാന്‍ പറഞ്ഞില്ലെന്നേ ഉള്ളൂ..:))

വല്യമ്മായി said...

വല്യ കാര്യങ്ങൾ ആണല്ലോ