Thursday, July 1, 2010

ഈ ഈരുകൊല്ലി ഒരു മിടുക്കന്‍‌ തന്നെ!!

എന്റെ തീരെ ചെറുതിലേ.. ഒരു 7, 8 വയസ്സൊക്കെ വരും.. ഞങ്ങള്‍ ഒരു മുസ്ലീം വീട്ടില്‍ ട്യൂഷനു പോകുമായിരുന്നു. 8 പെണ്മക്കളുള്ള ഒരു കുടുബം. പക്ഷെ, ഇത്രയും സ്നേഹത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുന്ന ഒരു വീട് വേറേ കാണില്ല. ഓരോ പെണ്മക്കളും അച്ചടക്കം, വിനയം, വിദ്യാഭ്യാസം എന്നീ ഗുണങ്ങളുടെ വിളനിലമായിരുന്നു. അവരുടെ ബാപ്പ‍ സ്വന്തം പുരയിടവും വയലും ഒക്കെ കൃഷിചെയ്താണ് മക്കളെയൊക്കെ പഠിപ്പിച്ചു വലുതാക്കിയത്. എല്ലാ മക്കള്‍ക്കും ജോലിയുമായി.. അന്ന് മക്കളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു..

ശനിയാഴ്ചയും ഞായറാഴ്ചയും ദിവസങ്ങളില്‍ ആത്മയും സഹോദരനും കൂടി സ്ലേറ്റും പുസ്തകങ്ങളുമൊക്കെയായി, മലകയറി, ആരുഭാ സാറിന്റെ വീട്ടില്‍ ചെല്ലും.. പഠിക്കും..കഥകളൊക്കെ കേള്‍ക്കും.. അവരുടെ ഒത്തൊരുമകളൊക്കെ കാണും.. അവരുടെ തൊടിയിലൊക്കെ ചുറ്റിനടന്ന് പുതിയ മരങ്ങളും പൂക്കളും തുമ്പികളും കാണും, കുഴിയാനയെയും തുമ്പിയെയും ഒക്കെ പിടിച്ചു രസിക്കും..

അങ്ങിനെ ഇരിക്കെ, ഒരു ദിവസം ആരുഭാ സാറ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ സാറിന്റെ ഉമ്മ
ഇളയ മകളെ അടുത്തു പിടിച്ചിരുത്തി പേന്‍‌കൊല്ലല്‍ തുടങ്ങി. അന്നത്തെ പഠിത്തം അവസാനിച്ചിരിക്കുകയായിരുന്ന ആത്മ കൌതുകത്തോടെ അതും നോക്കിയിരുന്നു.. (ആത്മയ്ക്ക് അന്നും വലിയ മിണ്ടാട്ടമൊന്നും ഇല്ല, പ്രത്യേകിച്ചും ടീച്ചേര്‍സ്, അപരിചിതര്‍, നഗരവാസികളെയൊക്കെ കണ്ടാല്‍ പിന്നെ വാതുറന്നു വല്ലതും പറഞ്ഞാല്‍ അത് ഗ്രാമര്‍ മിസ്റ്റേക്ക് വരുത്തുമോ, എന്നൊരു ഭയം വന്ന് മൂടും! അതു‍കൊണ്ട് അളന്നു മുറിച്ചേ വല്ലതും പറയൂ.. ആത്മക്ക് അന്നേ പ്രത്യേകതയുള്ള/മസിലുപിടിച്ചു നടക്കുന്ന മനുഷ്യരെ ഭയങ്കര ഭയമായിരുന്നു. പക്ഷെ ഈ മനുഷ്യര്‍ ഭയക്കേണ്ടവരല്ലെന്നൊരു തോന്നല്‍.. സ്നേഹം മാത്രം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം! )

ഉമ്മ തകര്‍ത്ത് പിടിച്ച് ഈരു കൊന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത് വണ്ടറടിച്ച് ഉണ്ടക്കണ്ണുമായി ആത്മ കുറേ നേരം ഇരുന്നു.. ആത്മ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ട് ഉമ്മ കുറേക്കൂറി ഉശിരോടെ ഈരിനെ കൊല്ലാന്‍ തുടങ്ങി.. ആത്മ നോക്കിയപ്പോള്‍ തടികൊണ്ടുള്ള ഒരു കൊച്ചു ഈരുകൊല്ലി, അത് ഒന്നല്ല, രണ്ടല്ല നൂറുകണക്കിനു ഈരുകളെയാണ് ഞെരുഞെരാ തകര്‍ക്കുന്നത്! അതും ആരും കാണാനാകാതെ മുടികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഈരുകളെ! ആത്മയ്ക്ക് അത് ഒരു മഹാസംഭവം ആയി തന്നെ തോന്നി. ഈരുകൊല്ലിയെ അഭിനന്ദിക്കാതെ നിര്‍വ്വാഹമില്ല. പക്ഷെ അകലത്തല്ലാതെ ടീച്ചര്‍ അനിയനെയും മറ്റും പഠിപ്പിച്ചു കൊണ്ട് ഇരിക്കുകയും ആണ്. ഒടുവില്‍ ധൈര്യം സംഭരിച്ച്, ഒരു വാചകം തിരിച്ചും മറിച്ചും ഒക്കെ മനനം ചെയ്ത ശേഷം, വെളിയില്‍ നിക്ഷേപിക്കാനുള്ള ഒരു തയ്യാറെടുപ്പൊക്കെ തടത്തിയശേഷം ധൈര്യ സമേധം തട്ടിവിട്ടു!
“എന്നാലും ഈ ഈരോല്ലി ഒരു മിടുക്കന്‍ തന്നെ!”
അവരെല്ലാം കൂടി ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി! പിന്നെ പഠിപ്പിച്ചുകൊണ്ടിരുന്ന ഗൌരവക്കാരിയായ ആരുഭാസാറും ചിരിച്ചുതുടങ്ങി..
രണ്ടു സെന്റന്‍‍സ് ചേര്‍ത്ത് ആത്മവിശ്വാസത്തോടെ പറയാന്‍ പ്രയാ‍സപ്പെട്ടിരുന്ന ആത്മ അങ്ങിനെ ആദ്യമായി തനിക്ക് ഫലിതം പറഞ്ഞ് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്നറിഞ്ഞ പുളകിതയായി അഭിമാനപൂര്‍വ്വം തല‍കുനിച്ചു! പിന്നീട് ആ ഉമ്മ ആത്മയെ കാണുമ്പോഴൊക്കെ സ്നേഹപൂര്‍വ്വം ചിരിച്ചോണ്ട് പറയും, “എന്നാലും ഈ ഈരോല്ലി ഒരു മിടുക്കന്‍ തന്നെ”.

ബാലകൃഷ്ണക്കുറുപ്പുസാറിന്റെ മകന്‍ നന്ദന്‍, ‍ ആത്മ ആരുഭാ സാറിന്റെ തോട്ടത്തില്‍ നിന്നും പറിച്ച് സ്നേഹപൂര്‍വ്വം സമ്മാനിച്ച കുഞ്ഞ് നാരങ്ങ, സ്വന്തം മൂക്കില്‍ വലിച്ചു കയറ്റി വലിയ സംഭവം ആക്കിയതും ഇവിടെ വച്ചായിരുന്നു..
അത് പിന്നീട്‍...

[ഈ പോസ്റ്റിന്റെ കമന്റ് ഇവിടെ യുണ്ട്. പിന്നീട് മൂന്നു പോസ്റ്റാക്കി മാറ്റിയതാണ്]

No comments: