Monday, July 26, 2010

മഹാഭാരതം-2

കഴിഞ്ഞ ഭാഗത്തില്‍ നിന്നും തുടര്‍ച്ച...

അങ്ങിനെ ശന്തനു മകനോടൊപ്പം രാജ്യഭാരങ്ങളിലും നായാട്ടുവിനോദങ്ങളിലും ഒക്കെ മുഴുകി കഴിയവേ,
ഒരിക്കല്‍ അദ്ദേഹം കാനനത്തിലൂടെ തനിയേ സഞ്ചരിക്കുമ്പോള്‍ കടത്തുതോണി തുഴയുന്ന അതീവ ലാവണ്യവതിയായ ഒരു മുക്കുവകന്യയെ കണ്ടുമുട്ടുന്നു. അവളില്‍ നിന്നും പ്രവഹിച്ച കസ്തൂരി ഗന്ധം അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. ഗംഗാദേവിയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ ആദ്യമായി ശന്തനു വീണ്ടും ഒരു മോഹാവേശത്തില്‍ അകപ്പെട്ടുപോകുന്നു. (പ്രണയം ശന്തനുവിന്റെ ഒരു വീക്ക്നസ്സ് ആയിരുന്നല്ലൊ, സത്യവതിക്കും ഒരു ഫ് ളാഷ്‌ ബാക്ക് ഉണ്ട് കേട്ടോ! )

സത്യവതിയുടെ പൂര്‍വ്വകഥ ഇങ്ങിനെ..

സത്യവതി കാളിന്ദി നദിയില്‍ കടത്തുതോണി തുഴയവേ ഒരിക്കല്‍ പരാശരമുനി അതുവഴി വരുന്നു..
അദ്ദേഹത്തിന് സത്യവതിയുടെ മേല്‍ ഇഷ്ടം തോന്നുന്നു. അവളോട് ഇഷ്ടം തുറന്നു പറയുമ്പോള്‍ താന്‍ മുക്കുവ കന്യയാണെന്നും, മഹര്‍ഷിക്ക് യോഗ്യയല്ലെന്നും, ഒക്കെ പറഞ്ഞ് ഒഴിയുന്നു.
മഹര്‍ഷി അവളുടെ കന്യകാത്വത്തിന് ഭംഗമൊന്നും വരില്ല എന്നു ഉറപ്പു നല്‍‌കി അവള്‍ക്ക് മത്സ്യഗന്ധം മാറ്റി കസ്തൂരി ഗന്ധവും നല്‍കി ഒപ്പം ഒരു പുത്രനെയും നല്‍കി, കന്യകാത്വവും തിരിച്ചു നല്‍കി, ഒക്കെയും ലോകനന്മയ്ക്കായി സംഭവിച്ചതാണെന്നു കരുതി മനസ്സില്‍ സൂക്ഷിക്കാന്‍ പറഞ്ഞ് മറയുന്നു. അവര്‍ക്കുണ്ടായ പുത്രനാണ് സാക്ഷാല്‍ വേദവ്യാസമഹര്‍ഷി! വേദങ്ങലെ നാലായി പകുത്ത്, പുരാണങ്ങളും ഉപനിഷത്തുക്കളും ഒക്കെ ലോകനന്മയ്ക്കായി എല്ലാം എളുതാക്കി എഴുതിയ മഹര്‍ഷി (മഹാഭാരത കഥ അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയാല്‍ ആദ്യമേ തന്നെ എഴുതിയിരുന്നു. പിന്നീട് എല്ലാം അപ്രകാരം സംഭവിക്കുകയായിരുന്നു). വേദവ്യാസന്‍ ജനിച്ചയുടന്‍ തന്നെ യുവാവായി തീരുകയും അച്ഛന്റേയും അമ്മയുടേയും ആശീര്‍വ്വാദത്തോടെ കാനനത്തില്‍ ധ്യാനത്തിനായി പോവുകയും ചെയ്യുന്നു.

വീണ്ടും ശന്തനുവിലേക്ക് വരാം..
കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ്
ശന്തനു മഹാരാജാവ് അവളില്‍ അനുരക്തനായത്.. പഴയ സംഭവം ഓര്‍മ്മയുള്ളതുകൊണ്ടോ സത്യവതി തന്നെ ഇഷ്ടമാണെങ്കില്‍ അച്ഛന്റെ അനുവാദം വാങ്ങി തന്നെ വിവാഹം ചെയ്യാന്‍ തനിക്കു സമ്മതമാണ് എന്ന് പറയുന്നു.. പ്രണയാന്ധനായ രാജാവ് നേരെ മുക്കുവരാജന്റെ വീട്ടില്‍ എത്തി തന്റെ അഭീഷ്ടം അറിയിക്കുന്നു. മുക്കുവരാജാവായിരുന്നെങ്കിലും അദ്ദേഹം വളരെ ദീര്‍ഘദൃഷ്ടിയും സ്വന്തം അഭിപ്രായങ്ങളും ഒക്കെ ഉള്ള ഒരു പിതാവായിരുന്നു. അദ്ദേഹം രാജാവിനോട് തന്റെ ഭയാശങ്കകള്‍ പറഞ്ഞുപോകുന്നു. ‘രാജന്‍ അങ്ങേയ്ക്ക് ഒരു മകന്‍ യുവരാജാവായി ഉള്ളപ്പോള്‍ തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാധികാരം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാവകാശം കിട്ടുമെങ്കിലേ ഈ വിവാഹത്തിന് സമ്മതമുള്ളൂ’ എന്നു പറയുന്നു.
ഇതുകേട്ട് രാജാവ് ഒരിക്കലും സാധ്യമല്ല എന്നു തീര്‍ത്ത് പറഞ്ഞ അവിടെ നിന്നും കൊട്ടാരത്തിലെത്തുന്നു.

വേണ്ടെന്നു പറഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സില്‍ നിന്നും സത്യവതിയുടെ രൂപം മായുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം എന്തായിരിക്കാം എന്നു സത്യവ്രതന്‍ തിരക്കിയെങ്കിലും അദ്ദേഹം അത് രഹസ്യമായ് വയ്ക്കുന്നു.
ഒടുവില്‍ ഒരു രാജ്യസേവകന്‍ വഴി വിവരം അറിയുമ്പോള്‍ തന്റെ പിതാവിന്റെ അഭീഷ്ടം താന്‍ നടത്തിക്കൊടുക്കും എന്ന വാശിയോടെ കുതിരപ്പുറത്തു കയറി സത്യവിതിയുടെ വീട്ടില്‍ എത്തുന്നു..സത്യവതിയുടെ അച്ഛന്‍ Boldതന്റെ അഭിപ്രായം അറിയിക്കുന്നു. ദേവവ്രതന്‍ ഉടന്‍ തന്നെ തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രന്‍ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമായില്ല. ‘അങ്ങ് ഇങ്ങിനെ പറയുന്നു.. ഒരുപക്ഷെ, അങ്ങെയുക്കുണ്ടാകുന്ന പുത്രന്മാര്‍ അതിന് അനുകൂലമല്ലെങ്കിലോ!’ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.
ഇതുകേട്ട് സത്യവ്രതന്‍ ആരും ചിന്തിക്കകൂടി ചെയ്യാത്ത ഒരു ശപഥം അവിടെ വച്ച് ചെയ്യുന്നു.
താന്‍ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന്. അതുകേട്ട് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മര്‍’ എന്ന നാമത്തില്‍ വാഴ്ത്തുന്നു. ശന്തനുമഹാരാജാവ് മകന്റെ ത്യാഗത്തില്‍ പ്രസാദിച്ച്, ‘സ്വച്ഛന്ദമൃത്യു’ എന്ന വരം നല്കി അനുഗ്രഹിക്കുന്നു. (സ്വച്ഛന്ദമൃത്യു എന്നാല്‍ സ്വയം മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കൂ)

സത്യവതിയുടെയും ശന്തനുവിന്റെയും കഥയുടെ ബാക്കി അടുത്തതില്‍..ദാ.. ഇവിടെ

10 comments:

കുഞ്ഞൂസ് (Kunjuss) said...

ആത്മാ.... എല്ലാം വായിക്കുന്നുണ്ട് ട്ടോ....

ആത്മ said...

നന്ദി!..:)

അരുണ്‍ കായംകുളം said...

മഹാഭാരത കഥ അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയാല്‍ ആദ്യമേ തന്നെ എഴുതിയിരുന്നു. പിന്നീട് എല്ലാം അപ്രകാരം സംഭവിക്കുകയായിരുന്നു.

ഇത് ആദ്യമായി അറിയുകയാ.ശരിക്കും വ്യാസന്‍ ചൊല്ലി കൊടുത്ത് ഗണപതി ഭഗവാന്‍ എഴുതിയതാണെന്ന് മാത്രമേ അറിയാവും.

അതേ പോലെ ഒരു സംശയം കൂടി (ഇതൊരു പഴയ സംശയമാ..)
ഭീഷ്മര്‍ക്ക് സ്വച്ഛന്ദമൃത്യു എന്ന വരം കൊടുത്തത് ശന്തനു തന്നെ ആണോ?
വിശദമായി അറിയാമെങ്കില്‍ ഒന്നു കമന്‍റില്‍ ഇടണേ...

ആത്മ said...

ശരിക്കും പറഞ്ഞാല്‍ എഴുതിവരുമ്പോള്‍ എനിക്കും പല കണ്‍ഫ്യൂഷനും വരുന്നുണ്ട്. ശരിക്കും നിശ്ചയമായവയാണെങ്കില്‍ ദയവായി തെറ്റുകള്‍ കാട്ടിത്തരിക.. അപ്പോള്‍ തന്നെ തിരുത്താം..:)

ഞാന്‍ ഇപ്പോള്‍ എഴുതുന്നത് ഒരു മഹാഭാരതകഥ(ഹിന്ദി) സീരിയല്‍ ഇട്ടു കണ്ട് അതുപ്രകാരവും പിന്നെ ഒരു ഭാരതസംഗ്രഹം( ഗ്രന്ഥകര്‍ത്താവ് ആരെന്നറിയില്ല.. ആ ഭാഗം കീറിപ്പോയിരിക്കുന്നു.)

സ്വച്ഛന്ദമൃത്യു ശന്തനു ആണ് നലുകുന്നത് എന്ന് ഈ ബുക്കില്‍ കണ്ടതുകൊണ്ട് അതുപ്രകാരം എഴുതിയതാണ്.. പബ്ലിഷ് ചെയ്ത ബുക്കുകള്‍ വിശ്വാസയോഗ്യമായിരിക്കും എന്നു കരുതി..
പക്ഷെ, ശന്തനുവിന് വരം നല്‍കാനുള്ള കഴുവുണ്ടാകുമോ എന്ന് സംശയം ഉണ്ടായിരുന്നു താനും..
ഞാനും കേട്ടിട്ടുള്ളത് അശരീരിയുണ്ടായെന്നോ മറ്റോ ആണ്

സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേപറ്റി കൂടുതല്‍ ക്ലിയര്‍ ആയി മനസ്സിലാക്കാനും തോന്നും അല്ലെ,
അതുകൊണ്ട് ഇനി എങ്ങിനെയെങ്കിലും വാസ്തവം തപ്പിപ്പിടിക്ക്‍ാം..

പിന്നെ, വ്യാസന്‍ ജ്ഞാനദൃഷ്ടിയില്‍ എല്ലാം നേരത്തെ മനസ്സിലാക്കിയിരുന്നു എന്നും കേട്ടുകേള്‍വിയാണ് ട്ടൊ, അതും
കൂടുതല്‍ വിശദമായി മനസ്സിലാക്കി തെറ്റാണെങ്കില്‍ തിരുത്താം...


ഞാന്‍ ‍ മഹാഭാഗവതം വായിച്ചപ്പോള്‍ അവിടെ ഋഷഭന്റെ മകന്‍‍ ഭരതനിലൂടെയാണ് ഭാരതത്തിന് ഈ പേര്‍ കിട്ടിയതെന്ന് കണ്ടു..
മഹാഭാരതകഥയില്‍ പറയുന്നു, ശകുന്തളയുടെ മകന്‍ ഭരതനിലൂടെയാണ് ഭാരതം എന്ന പേര്‍ കിട്ടുന്നതെന്ന്..

സംശയം തോന്നുന്നത് ഇനിയും എഴുതുക.. തെറ്റെന്ന് നിശ്ചയമു ള്ളത് ദയവായി ചൂണ്ടിക്ക്ട്ടുക..

എങ്കില്‍ ധൈര്യമായി എഴുതാമായിരുന്നു..:)

ശരിക്കും പറയുകയാണ്..
എനിക്കുകൂടി ഈ കഥകള്‍ നന്നായി മനസ്സിലാക്കാനും കൂടിയാണ് എഴുതുന്നത്..

‘ഭാഗവതം’ ഭഗവാനില്‍ നിന്നു ബ്രഹ്മാവും ബ്രഹ്മാവില്‍ നിന്നു മകന്‍ നാരദനും, നാരദനില്‍ നിന്നും വ്യാസനും മനസ്സിലാക്കി എന്നാണ്
മഹാഭാഗവതത്തില്‍ എല്ലാ കഥകളും (ഭാരത കഥയും) വരുന്നുണ്ടല്ലൊ!

സു | Su said...

ഭീഷ്മരുടെ കാര്യം ആത്മേച്ചി പോസ്റ്റിൽ എഴുതിയപോലെത്തന്നെയാണ്.
ശന്തനു, സത്യവതിയെ കണ്ട് മോഹിക്കും. അപ്പോ സത്യവതിയുടെ അച്ഛൻ ദാശരാജാവ് പറയും, എന്റെ മകൾക്കുണ്ടാവുന്ന പുത്രന്മാർക്കായിരിക്കണം ശന്തനുവിന്റെ സ്വത്തിലവകാശം എന്ന്. സത്യവതിയ്ക്കു പുത്രനുണ്ടായാൽ അടുത്ത രാജാവായി വാഴിക്കുകയും വേണം എന്ന്. അപ്പോൾ അച്ഛനു സത്യവതിയെക്കിട്ടാൻ വേണ്ടി ദേവവ്രതൻ/ഭീഷ്മർ, പ്രതിജ്ഞയെടുത്ത് ഒഴിഞ്ഞുകൊടുക്കും. അന്നേരം ശന്തനു സ്നേഹം കൊണ്ട് വരം കൊടുക്കും. സ്വച്ഛന്ദമൃത്യു‌വായിരിക്കട്ടെ എന്ന്.

ദേവവ്രതൻ പറഞ്ഞു

ദാശരാജ, ഭവാൻ കേൾക്ക പേശുമെന്നുടെ ഭാഷിതം
പിതൃപ്രിയത്തിനായ് രാജസദസ്സിൽ ചൊൽ‌വതാണു ഞാൻ:
രാജാക്കളേ, മുൻപുതന്നെ രാജത്വം വിട്ടൊഴിഞ്ഞു ഞാൻ
അപത്യാർത്ഥത്തിലും ചെയ്‌വേനപശ്ചിമവിനിശ്ചയം.
ഇന്നുതൊട്ടേ ബ്രഹ്മചര്യമാർന്നേൻ ദാശാധിരാജ, ഞാൻ.
ദ്യോവിലക്ഷയലോകങ്ങൾ മേവും ഞാനനപത്യനായ്.

വൈശമ്പായനൻ പറഞ്ഞു
ഈമട്ടവൻ ചൊന്ന നേരം രോമാഞ്ചപ്പെട്ടു ദാശനും
ധർമ്മശീലൻ തരാമെന്നു നന്മയോടേറ്റു ചൊല്ലിനാൻ.
അന്നേരമന്തരീക്ഷത്തിലൊന്നായ് ദേവർഷിമണ്ഡലം
പുഷ്പവർഷം ചെയ്തിവൻ‌താൻ ഭീഷ്മനെന്നുച്ചരിച്ചുതേ.
പിന്നെത്താതാർത്ഥമായിട്ടാദ്ധന്ന്യകന്യയൊടോതിനാൻ:
“അമ്മേ, തേരിൽ കേറു പോക ചെമ്മേ സ്വഗൃഹമെന്നവൻ.
ഇമ്മട്ടോതിത്തേരിലേറ്റിബ്‌ഭീഷ്മനാവരകന്യയെ
ഹസ്തിനാപുരിയിൽക്കൊണ്ടു ചെന്നു താതനു നൽകിനാൻ.
അവന്റെയാദുഷ്കരമാം കർമ്മം വാഴ്ത്തി നരാധിപർ തമ്മിലൊത്തും തനിച്ചും താൻ ഭീഷ്മനെന്നു പുകഴ്ത്തിനാർ
ഭീഷ്മന്റെയാദുഷ്കരമാം കർമ്മം കേട്ടിട്ടു ശാന്തനു സ്വച്ഛന്ദമൃത്യു‌വാംവണ്ണമച്ഛൻ നൽകീ വരം മുദാ.

ശാന്തനു പറഞ്ഞു

നിന്നെബ്ബാധിച്ചിടാ മൃത്യു നീ ജീവിപ്പാൻ നിനയ്ക്കിലോ;
നിന്റെ സമ്മതമുണ്ടെങ്കിലന്നേ മൃത്യു വരൂ ദൃഢം.

(ഭാഷാഭാരതം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ).


സമയം ഇല്ലാഞ്ഞതുകൊണ്ടാണ് ഇതൊക്കെ നോക്കിയെഴുതാൻ വൈകിയത്.

സു | Su said...

ആത്മേച്ചി മഹാഭാരതകഥ തുടർച്ചയായിട്ട് എഴുതുന്നുണ്ടെങ്കിൽ വേറൊരു(പുതിയ) ബ്ലോഗിൽ എഴുതാൻ പറ്റുമോന്ന് നോക്കൂ. :)

ആത്മ said...

വളരെ വളരെ നന്ദി സൂ! :)

വേറൊരു ബ്ലോഗ് ഉണ്ടാക്കി മഹാഭാരത കഥകള്‍ അതിലേക്ക് മാറ്റി..

സു | Su said...

ആത്മേച്ചീ :) പുതിയ ബ്ലോഗ് കണ്ടു. അതിലുള്ളതും ഇതിലുള്ളതുമായ പുതിയ പോസ്റ്റുകളും വായിച്ചു. ആത്മേച്ചി എഴുതൂ. സമയം കിട്ടുമ്പോൾ ഞാൻ തീർച്ചയായും വന്ന് വായിച്ചോളാം. :)

nimmi said...

atmechi arjunante 10 namangal parayumo

nimmi said...

atmechi arjunante 10 namangal parayumo