Thursday, December 8, 2022

ബാലി

 ബാലി എന്ന സുന്ദര രാജ്യം കണ്ടു. മനസ്സ് കുളിർത്തു. പഴമ, തനിമ ഒക്കെ നിലനിർത്തി തങ്ങളുടെ രാജ്യം ഒരു സ്വർഗ്ഗമാക്കി തീർക്കുന്ന മനുഷ്യർ.

സ്വർഗ്ഗത്തിൽ നാം മൻഷ്യർ ആഗ്രഹിക്കുന്നവയൊക്കെ ബാലിയിൽ ഉണ്ടെന്ന് തോന്നി. മനുഷ്യർ ആഗ്രഹിക്കുന്നത് എന്തും

ഇപ്രാവശ്യം ബാലിയുടെ ഒരു അംശം മാത്രമേ അറിയുവാനായുള്ളൂ.. ഇനിയും കാണണം.. മനസ്സിലാക്കണം.

അവിടെ ശരിക്കും ഉള്ള മനുഷ്യരെ കാണാം.

ഞാൻ ഉപേഷിച്ചു വന്ന കേരളം ഇവിടെ എവിടെയൊ തങ്ങി നിൽക്കുന്ന പോലെ!

പച്ച വിരിച്ച പുൽപ്പാടങ്ങൾ, വാഴത്തോപ്പുകൾ കേരവൃക്ഷങ്ങൾ, ഗ്രാമീണർ, അവരുടെ ആതിഥേയ മര്യാദകൾ ഒക്കെ വളരെ ഹൃദ്യമായി തോന്നി.

ലോകം മുഴുവൻ ആധുനികതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുമ്പോൾ ഇവിടെ ഇതാ ഒരു രാജ്യം, തങ്ങളുടെ ദൈവീക സമ്പത്തുകൾ കാത്തു സൂക്ഷിച്ച് അത് ഒരു അൽങ്കാരമായി, ആഘോഷമായി കൊണ്ടാടുന്നു..

വലിയ വലിയ മണിമാളികകൾ പണിയുന്നതിലല്ല, തങ്ങളുടെ പൈതൃകങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ!

ഓരോ വീടിൻ്റേയും ഒരറ്റത്തായി പൂർവ്വീകരെ കുടിയിരുത്തിയിട്ടുള്ള മനോഹരമായ കൊത്തുപണികളൊടു കൂടിയ മൺകട്ടയും ഓടും കൊണ്ടു തീർത്ത സൗധങ്ങൾ. ചുറ്റിനും മതിൽ കെട്ടിനും ഒക്കെ ഒരു പാരമ്പര്യമായ തനിമ! കേരളത്തിലെ വലിയ കൊട്ടാരങ്ങളിലും അമ്പലങ്ങളിയും കോട്ടകളിലും ഒക്കെ മാത്രം കാണാനാവുന്ന ചിത്രപ്പണികളുള്ള മതിൽ കെട്ടുകളും അമ്പലങ്ങളും ഒക്കെ മിക്ക വീടുകളിലും ഉണ്ടെന്നതാണ് അൽഭുതാവഹമായി തോന്നിയത്. നാം അതൊക്കെ കാണാൻ നെടുനീളൻ യാത്രകൾ ചെയ്യേണ്ടതായി വരുമ്പോൾ, ബാലിയിൽ ഓരോ വീടും അത്തരത്തിൽ കൺകുളിർക്കെ കാണാം പറ്റിയ കലാ വിരുതോടെ പണീഞ്ഞിരിക്കൂന്ന ചിത്രകൂടങ്ങൾ? പോലെ. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ.. കാരണം, ഓരോ വീട്ടുകാരം വൈവിധ്യമാർത്ത കൊത്തുപണികളാലാണ് അവരുടെ ചുറ്റമ്പലവും അമ്പലങ്ങളും ഒക്കെ പണികഴിപ്പിച്ചിരിക്കുന്നത്. നമ്മുടെ വീടിനുള്ളിൽ ഒരു അലമാരക്കുള്ളിൽ അടക്കപ്പെട്ടിരിക്കുന്ന ദൈവങ്ങൾക്ക് അവർ മുക്തി നൽകി, തങ്ങളിൽ ഒരാളായി, തങ്ങളുടെ ജീവിതത്തിൽ നിത്യ സമ്പർക്കമായി-ഒപ്പം തങ്ങളുടെ പൂർവ്വീകരും- അവർ ഒപ്പം കൂട്ടുന്നു. അവർ കാണെ, അവരുടെ അനുവാദത്തോടെ ആശീർവ്വാദത്തോടെയാണ് അവിടത്തെ ജനങ്ങൾ ജീവിതം നയിക്കുന്നത്. പ്രകൃതിയോടിണങ്ങി, പ്രകൃതി തരുന്ന വിഭവങ്ങൾ കൊയ്തെടുത്ത് ഒരു ഭാഗം യജ്ഞമായി പ്രകൃതിക്കു തന്നെ നിവേദിച്ച് അവർ ജീവിതം നന്നായി ആസ്വദിക്കുന്നു. അനാവശ്യമായ ആചാരങ്ങൾ ഒന്നുമില്ല. 


ബാലിയിലെ പെണ്ണുങ്ങൾ സൗന്ദര്യ ധാമങ്ങൾ തന്നെയാണ്! നിറവും ശരീരവും 

അകാരവടിവും അംഗസൗന്ദര്യങ്ങളും ഒക്കെ ഏതൊരു കവിയിലും കവിത നിറക്കും! അവർ ആ സൗന്ദര്യം പ്രകടിപ്പിക്കാനും ആകർഷിക്കുവാനും ആസ്വദിക്കാനും ഒക്കെ അനുവദനീയവുമാണ് താനും. ദൈവം പെണ്ണുങ്ങൾക്കായി കനിഞ്ഞരുളുന്ന ആ സ്ത്രീത്വം അവർ ആരാധനയോടെ അർഹിക്കുന്ന ഗൗരവത്തോടെയും ഒക്കെ നോക്കി കാണുന്നതായും തോന്നി..

വെറും സാദാ ജീവിതം..

അതിനിടയിൽ ചില റിസോർട്ടുകൾ ഒക്കെ പട്ടണത്തിൽ ട്യൂറിസ്റ്റുകളെ ആകർഷിക്കാനായും കാശുണ്ടാക്കാനായും പടുത്തുയർത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് അവിടെയൊക്കെ പോകാനോ അതൊക്കെ  ആസ്വദിക്കാനോ ഒന്നും ഒരിക്കലും പറ്റാത്തത്ര ചിലവൊടെ.

എന്നാ വൈചിത്ര്യം എന്തെന്നാൽ അവിടത്തെ ആളുകളുടെ പ്രകൃതിയോടിണങ്ങിയ തനിമയുള്ള ജീവിതം നോക്കി കാണാനും ആസ്വദിക്കാനും, അവിടത്തെ പ്രകൃതിരമണീയതയും ഒട്ടും ധൃതിയില്ലാതെ അലസമായൊഴുകുന്ന ജീവിതവും കണ്ടാസ്വദിക്കാനുമൊക്കെയാണ് ഈ 5 സ്റ്റാർ ഹോട്ടലുകൾ ഒക്കെ പടുത്തുയർത്തിയിരിക്കുന്നത് എന്നതാണ്1

ബാലിയിലെ ഇൻ്റർനാഷണൽ എയർപോർത്തും നന്നായി പണികഴിപ്പിച്ചിരിക്കുന്നു. വളരെ മനോഹരമായി തോന്നി. സിംഗപ്പൂരിൽ ചാങ്ങിയുടെ ഒക്കെ സ്റ്റാൻ്റേഡ് തന്നെ അവിടെയും തോന്നി് ! എല്ലാ ബ്രാൻ്റഡ് സാധങ്ങൾക്കായും ഷോപ്പുകൾ ഉണ്ട്.. ഇടയ്ക്കിടെ ബാലിയെ ഓർമ്മിപ്പിക്കുന്ന ചില ചിത്രങ്ങളും പെയിൻ്റിങ്ങുകളും ഉൾക്കൊള്ളിച്ചുകൊണ്ട്...


എന്തിനേറെ പറയുന്നു.. ബാലി ഭൂമിയിലെ ഒരു സ്വർഗ്ഗമായി തന്നെ നമുക്ക് കണക്കൊകൂട്ടാം..

ഒരു ചായ കുടിക്കാൻ ചിലപ്പോൽ ഒരു മില്ല്യൺ റുപ്പീസ് ഒക്കെയാണ് അവർ ഈടാക്കുന്നത്! അവിടെയും അവർ ഒട്ടും പിന്നിലല്ല!

ഞെട്ടണ്ട. ഇവിടത്തെ 1 ഡോളർ അവിടെ 100, 000 ആയി മാറും. നാട്ടിലെ 1 രൂപ അവിടത്തെ 10000 ആവുമായിരിക്കാം.. ? 

അങ്ങിനെ നമ്മൾ ഒരുപാടു ധനികരായി ലാവിഷായി ചിലവാക്കി, പ്രകൃതിയുടെ ധാരാളിത്തം ഒക്കെ ആസ്വദിച്ച് ഒരു മടക്ക യാത്ര..



നാം തന്നെ നമ്മുടെ ദൈവം

 ഓം

പല ആചാരങ്ങളുടെയും പുറകെ പോയി, പല അന്വേക്ഷണങ്ങളും നടത്തി

പല പരീക്ഷണങ്ങളും നടത്തി, ഒടുവിൽ തളർന്നിരിക്കുമ്പോൾ 

നാം തേടിയ സത്യം, നാം തന്നെ ആയിരുന്നു എന്ന തിരിച്ചറിവിൽ എത്തുന്നു!

നാം തന്നെയല്ലെ ദൈവത്തിൻ്റെ ഒരു മഹത് സൃഷ്ടി?!

നമ്മുടെ മനസ്സ് ചിന്തകൾ പ്രവർത്തികൾ ഒക്കെ മഹത്തരം ആക്കാം

നാം ആ ബ്രഹ്മത്തിൻ്റെ അംശം ആണെന്ന് തിരിച്ചറിഞ്ഞ് , നാം കൊടുക്കുന്ന ആ പവിത്രത പാവനത ഒക്കെ നമ്മുടെ ഉള്ളിലെ ആത്മാവിന് കൊടുക്കാം

നാം അന്വേക്ഷിക്കുന്ന ദൈവം നമ്മിൽ തന്നെ ഉണ്ടെന്ന് കരുതി, നമ്മെ കൂടുതൽ പരിശുദ്ധരും നല്ലവരും ആക്കാം..

നമുക്ക് നല്ല ഭക്ഷണം, നല്ല ചിന്തകൾ, പരിചരണങ്ങൾ ഒക്കെ കൊടുത്ത് നമ്മെ

ശുദ്ധീകരിക്കാം. അപ്പോൾ നമ്മിലെ ഈശ്വരൻ വിളങ്ങുന്നത് കാണാം

സത്യങ്ങൾ പ്രതിഫലിക്കുന്നത് കാണാം.

ചുറ്റിനുമുള്ളവ ഒക്കെ ഒരു പ്രത്യേക കാഴചപ്പാടിലൂടെ കാണാൻ കഴിയും!

ദൈവത്തിൻ്റെ അത്ഭുത സൃഷ്ടികളായിൽ എല്ലാം തന്നെ കാണുവാനാവും..

Sunday, July 31, 2022

ശാന്തി, സമാധാനം


എല്ലാവർക്കും സുഖം വേണം, സന്തോഷം വേണം.

ഓരോരുത്തരുടെയും ആവശ്യങ്ങൾ വെവ്വേറെയാണ്. ആരും എന്തൊക്കെ കിട്ടിയാലും സന്തോഷിക്കുന്നില്ലാ താനും. കാരണം സുഖവും സന്തോഷവും ഒക്കെ ക്ഷണികമാണ്. വന്നും പോയും ഇരിക്കുന്നവ. എപ്പോഴും സുഖക്കണമെന്ന ഒരു അത്യാഗ്രഹം ഒരു മനുഷ്യനിൽ കടന്നുകൂടുമ്പോഴാണ് അവനിൽ ദുഃഖം ഉണ്ടായി തുടങ്ങുന്നത്..

സ്ഥിരമായി സുഖം അല്ലെങ്കിൽ സന്തോഷിക്കാൻ വേണ്ടത് ഭക്തിയാണ് എന്നു പറഞ്ഞാൽ ആൾക്കാർ പുശ്ചിക്കും

ഭക്തി എന്നാൽ ഒരു പ്രത്യേക ആനന്ദം ആണ്. മനസ്സിനെ സന്തോഷിപ്പിക്കൽ ഭക്തിയിലൂടെ നേടാം.

ലൗകീകതയിലൂടെയുള്ള സുഖം തന്നെ വേണം എന്നു വാശിപിടിച്ച് ജീവിക്കുന്നവരോട് ഭക്തി, വിരക്തി , മുക്തി എന്നൊക്കെ പറഞ്ഞാൽ പുശ്ചിച്ച് തള്ളും

എന്നാൽ മനുഷ്യന് സന്തോഷത്തിനും സമാധാനത്തിനും വേണ്ടത്  മനസ്സമാധാനം ആണ്. അത് ഭക്തിയിലൂടെ നേടാം.

 അധികം പേർക്കും ഭക്തി കൈവരുന്നത് വിരക്തിയിലൂടെയാണ്!

ഏതെങ്കിലും ലൗകീകതയുടെ പിന്നാലേ അലഞ്ഞ് തളർന്ന് ഒടുവിൽ കണ്ണീരും സങ്കടങ്ങളുമായി അവസാന ആശ്രയമെന്ന നിലയിൽ ആ അദൃശ്യ ശക്തിയുടെ മുന്നിൽ അടിയറവ് പറയുകയും. അതിലൂടെ മുക്തിയും കിട്ടുന്നു. സമചിത്തത കൈവരുന്നു..

പിന്നീടുണ്ടാവുന്ന സന്തോഷത്തേയും സങ്കടത്തേയും ഒക്കെ അയാൾക്ക് ഒരുപോലെ കൈകാര്യം ചെയ്ത് ജീവിക്കാനാവുന്നു..

ശുഭം


Wednesday, July 27, 2022

മായാവൈഭവം

 ഓം

സാഫിയൻസിൽ പറയുന്നു, ലോകം ഉണ്ടായത് കോടി വർഷങ്ങൾക്കും മുൻപാണെന്ന്. അതിൽ മനുഷ്യരെപ്പോലെയുള്ള ജീവികൾ ഉണ്ടായത് ഒരു 7000 വർഷം ആയിട്ടേ ഉള്ളൂ.. അതിൽ മറ്റു മനുഷ്യരെപ്പോലെയുള്ള ജീവികളെ അതിജീവിച്ചത് ബുദ്ധികൂടുതൽ ഉള്ള ഇന്നത്തെ മനുഷ്യർ ആണെന്നും.

രാമായണത്തിൽ പറയുന്നു. ഈ ലോകം ഒക്കെ മനുഷ്യൻ്റെ സങ്കല്പത്തിൽ നിന്ന് ഉണ്ടായതാണെന്ന്. മേൽപ്പറഞ്ഞ, ബുദ്ധികൂടുതലുള്ള ഇന്നത്തെ മനുഷ്യൻ്റെ മുൻ ഗാമികൾ ഉണ്ടാക്കിയതാണ് ദൈവവും വേദവും പരബ്രഹ്മവും ഒക്കെയും.. അവർ സങ്കല്പിച്ചു സ്ര്‌ഷ്ഠിച്ചു. സർവ്വവും മായാ സ്ര്‌ഷ്ഠിയാണെന്ന് വേദവും പറയുന്നുണ്ട്. 

അപ്പോൾ?! 

ഇപ്പോഴത്തെ മനുഷ്യർ അവരുടെ സങ്കൽപ്പങ്ങൾ കൊണ്ട് സൃഷ്ഠിച്ച് ഒരു ലോകത്തിൽ ആണ് നാമെല്ലാം ജീവിക്കുന്നത്.

നമുക്കും പലതും സങ്കല്പിച്ചെടുക്കാം ഈ ലോകത്തിൽ. കഴിവുണ്ടെങ്കിൽ അത് മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കയും ചെയ്യാം.

എന്നാൽ എല്ലാം ഒടുവിൽ അവസാനിക്കും..

മായാവൈഭവം!


Sunday, July 24, 2022

നാം ആരാണ്?!

 പാപവും പുണ്യവും

ഞാൻ ഇന്ന് ഒരു കൊച്ചു ആണുകുട്ടി ഗരുഢപുരാണത്തെ കുറിച്ച് പറയുന്നത് കേൾക്കാനിടയായി. 

സാഫിയൻസ് വായിച്ചുകൊണ്ടിരിക്കെ ഓർത്തു, നമ്മുടെ പൂർവ്വ വംശക്കാരൊക്കെ ഒരു വിശേഷബുദ്ധിയും ഇല്ലാത്തവരായിരുന്നു.

അവർക്ക് കൃഷ്ണനും യേശുവും നബിയും, പാപവും പുണ്യവും ഒന്നും തന്നെ ഇല്ലായിരുന്നു. ഇന്നത്തെ മൃഗങ്ങളെ പോലെ അവർ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞു.

അവരിൽ നിന്ന് പതിയെ പതിയെ ഉരുത്തിരിഞ്ഞു വന്നവരാണ് ഇന്നത്തെ ശ്രേഷ്ഠരായ മനുഷ്യർ. പല പല വിശ്വാസങ്ങളും മുറുകെ പിടിച്ച് നടക്കുന്നവർ.

ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയും ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റായും ഒക്കെ ആണിപ്പോൾ.. ഒരാളുടെ ദൈവം മറ്റൊരാൾക്ക് ശൈത്താൻ പോലും ആവുന്നു. 

എങ്കിലും നാം മുന്നേറുന്നു.. എങ്ങോട്ടേയ്ക്ക്..?

ചിലപ്പോൾ ഓർക്കും. ഒരുപക്ഷെ, നാം ഇവോൾവ് ചെയ്ത് ചെയ്ത് ബെറ്റർ മനുഷ്യരായി ആയി ഒടുവിൽ സത്യം എന്തെന്ന് കണ്ടെത്തുമായിരിക്കാം..

അതിനിടയിൽ മറ്റൊരു ചിന്ത!

ഒരുപക്ഷെ, ഈ ഭൂമിയുടെ അടിയിൽ മറ്റൊരു ലോകം ഉണ്ടെങ്കിലോ?!

നാമൊക്കെ മരിച്ച് മണ്ണടിയുന്നു. എന്നിട്ട് താഴേക്ക് ഊർന്ന് ഊർന്നിറങ്ങുന്നു.

അവിടെ എത്തുന്നു.. നമ്മുടെ ശരികളുടെയും തെറ്റുകളുടെയും കണക്കെടുപ്പ് നടത്തുന്ന, (ഗരുഡപുരാണത്തിൽ പറയും പോലെ- ആ കുട്ടി പറയും പോലെ ) ഒരു ലോകം എല്ലാം നോക്കി കാണുകയും വിധി എഴുതുകയും ചെയ്യുന്നുവെങ്കിലോ?!

ആ കുട്ടി പറയുന്നത്, നമ്മുടെ കർമ്മങ്ങളുടെ ഫലം നാം തന്നെ അനുഭവിക്കുക മാത്രമാണ്. അത് പ്രകൃതിയുടെ തന്നെ നിയമം ആണ് എന്നു. പ്രകൃതിക്ക് ആൺ പെൺ ഭേദമോ ദൈവങ്ങളുടെ മതങ്ങളുടെ ബലമോ ഒന്നും ഇല്ല..

പ്രകൃതിക്ക് ഒരു തെറ്റും ഒരു ശരിയും മാത്രമേ ഉള്ളൂ..

തീയിൽ തൊട്ടാൽ പൊള്ളും എന്നപോലെ.. 

ഇപ്പോൾ നമ്മൾ അമേരിക്കയിൽ പോകുന്ന ദൂരം അത്രയും ഈ ഭൂമിയിൽ താഴ്ച ഉണ്ട്. അപ്പോൾ കുറെ മണിക്കൂറുകൾ ചീറിപ്പാഞ്ഞ് ഉള്ളിലേക്ക് പോകുമ്പോൾ അവിടെ ഒരു ലോകം കണ്ടൂകൂടായക ഇല്ല. 

അവിടെ  ഒരു പക്ഷെ നമ്മുടെ മരിച്ചുപോയ പൂർവ്വീകന്മാർ ഒക്കെ പഴയപോലെ ശരീരം തിരികെ ലഭിച്ച് ജീവിക്കുന്നുണ്ടാവുമോ?!

നമ്മുടെ ചെയ്തികൾ ഒക്കെ ഭൂമിയുടെ കീഴെ ഇരുന്ന് ആരെങ്കിലുമൊക്കെ വീക്ഷിക്കുന്നുണ്ടായിരിക്കുമോ?!


നമ്മൾ ചെറുതും വലുതുമായ പല തെറ്റുകളും ദുഷ്പ്രവർത്തികളും ചെയ്തു കൂട്ടിയിട്ട് പിന്നെ ക്ഷമ പറഞ്ഞും മറന്നും ഒക്കെ ജീവിക്കുന്നു. പക്ഷെ നാം ചെയ്ത് ഓരോ പ്രവർത്തികൾക്കും അതിൻ്റേതായ ഫലങ്ങൾ നമ്മെ കാത്തിരിപ്പുണ്ട് എന്ന് ഓർത്താൽ എത്ര ഭയാനകം ആണ്.


നമുക്ക് ആരെയും മനപൂർവ്വം വിഷമിപ്പിക്കാതിരിക്കാം.. സത്യസന്ധമായിട്ട് ജീവിക്കാൻ ശ്രമിക്കാം..

നാമൊക്കെ പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന ശ്രേഷ്ഠജീവികൾ ആണ്..

അല്ല, നാമൊക്കെ മറ്റെവിടെയോ നിരീക്ഷിക്കപ്പെടുന്ന വെറും ജീവികൾ ആണ്.

എന്താണ് നാം?!

Thursday, July 14, 2022

Sapiens-സാഫിയൻസ്-1

 Sapiens വായിക്കുകയാണ്.

സാഫിയൻസ് എന്നാൽ ഇന്നത്തെ മനുഷ്യർ

അവരുടെ ഉത്ഭവം, ഉരുത്തിരിയൽ..

ഭൂമിയിൽ പണ്ട് പല തരത്തിൽ ഉള്ള മനുഷ്യർ ആയിരുന്നു 

നിയാണ്ടർത്തൽ, -. പിന്നെ സാഫിയൻസ്

അതിൽ സാഫിയൻസ് മറ്റുള്ളവരെ അതിജീവിക്കാൻ കാരണം അവരുടെ ബ്രയിനിൻ്റെ മേന്മ ഒന്നുമാത്രമാണ്

അതുകൊണ്ട് അവർക്ക് നുണപറയാൻ(നുണ പറയുന്നത് പുശ്ചിക്കാൻ വരട്ടെ) 

ആ നുണപറയൽ, ഇല്ലാത്തത് കെട്ടിച്ചമയ്ക്കൽ മിത്തുകൾ ഉണ്ടാക്കൽ ഒക്കെ കൊണ്ടാണ് അവർക്ക് വലിയ സമൂഹങ്ങളെ കെട്ടിപ്പടുക്കാനായത്. അല്ലാതെ ഒരേ ജീൻസ് കൊണ്ടോ, കായികബലം കൊണ്ടോ അല്ല.

ഒരേ വിശ്വാസം ഒരു കൂട്ടരിൽ അടിച്ചേൽപ്പിക്കാനായപ്പോൾ അവർ ഒന്നായി അവർക്ക് തോന്നി.

(ഇപ്പോഴും നടക്കുന്നത് അതാണ്- ഒരേ പാർട്ടി വിശ്വാസക്കാർ ജീവൻ പണയം വച്ചം അവരുടെപാർട്ടിക്കാരെ രക്ഷിക്കും- അവൻ ബലഹീനനോ ചീത്തസ്വഭാവക്കാരനോ എന്നതൊന്നും ഒരു പ്രശ്നമല്ല)

അങ്ങിനെയുള്ള വലിയ വലിയ സമൂഹങ്ങളെ വാർത്തെടുക്കാനായതാണ് സാഫിയൻസിന് മറ്റ് മനുഷ്യരെ അതിജീവിക്കാനും ഇല്ലായ്മചെയ്ത് മുന്നേറാനുമായത്.

എന്നാൽ ഇന്നത്തെ സാഫിയൻസ് പല സമൂഹങ്ങൾ ഗ്രൂപ്പൂകൾ ഒക്കെ ഉണ്ടാക്കി

ശിഥിലമാകുകയും വീണ്ടും നുണപറച്ചിലിലൂടെയും കെട്ടിച്ചമയ്ക്കലിലൂടെയും കൂടുതൽ ഗ്രൂപ്പുകൾ വലുതാക്കി മറ്റുള്ളവരെ അടിച്ചമർത്തി മുന്നേറുകയുമാണ്.

ഈ ഗ്രൂപ്പുകൾ ഇല്ലെങ്കിൽ സാഫിയൻസിന് നിലനിൽപ്പില്ല എന്നതാണ് സത്യം.


അവർ പല പല ദൈവങ്ങളെ ഉണ്ടാക്കി, കഥകൾ കെട്ടിച്ചമച്ചു. എല്ലാം തങ്ങളുടെ ആൾക്കാരുടെ വിശ്വാസം പിടിച്ചു പറ്റാൻ. 

[ഇതൊക്കെ സത്യമാണെങ്കിലും എനിക്ക് ഞാൻ വിശ്വസിക്കുന്ന ഒരു പരബ്രഹ്മത്തിൽ വിശ്വസിച്ച് ഈ ജീവിതം തീർന്നുകിട്ടാനാണ് ആഗ്രഹം]


എങ്കിലും സത്യം അറിയാൻ ഒരാഗ്രഹം

300,00 വർഷങ്ങളേ ആയിട്ടുള്ളൂ ഇന്നത്തെ മനുഷ്യൻ്റെ തൽച്ചോറ് ഇത്തരത്തിൽ  ഗ്രൂപ്പിസത്തിലൂടെ മുന്നേറാം എന്ന രീതി കണ്ടുപിടിച്ച് മറ്റ് മനുഷ്യരെ ഇല്ലായ്മ ചെയ്ത് മുന്നേറൻ തുടങ്ങിയിട്ട്....

അപ്പോൾ നമ്മൾ ഒക്കെ പുനർജന്മ പ്രകാരം 300, 400 തവണ ഒക്കെ ജനിച്ചിട്ടുണ്ടാവണം സത്യവും മിഥയും (മിത്തും) കൂടി കൂട്ടിക്കുഴച്ചാൽ.

അതെ അതുതന്നെയാണ് ബോധപൂർവ്വം നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത്. നമുക്ക് നാം ജനിക്കാൻ ഒരു കാരണം വേണം.

നമ്മുടെ പ്രവർത്തികൾ ശരിവയ്ക്കാൻ ഒരു ദൈവം വേണം. മറ്റുള്ളവരെ ശിക്ഷിക്കാൻ, നമ്മെ രക്ഷിക്കാൻ, അങ്ങിനെ ഒക്കെയും നാം ഒരു അദൃശ്യ ശക്തിയെ ആശ്രയിക്കുന്നു. 

എന്നാൽ നമ്മെ ഭരിക്കുന്നത് ഈ സാഫിയൻ സയൻസ് ശരിക്കും പ്രാക്റ്റിക്കൽ ആയി ജീവിക്കുന്ന കുറെ ഭരണാധികാരികൾ മാത്രമാണ്.

ഇപ്പോൾ കോവിഡ് വന്നപ്പോൾ അമ്പലങ്ങൾ ഒക്കെ അടച്ചിട്ടു. വെട്ടിലിരുന്നായി പ്രാർത്ഥന. മനസ്സിൽ പ്രാർത്ഥിച്ചാലും മതി എന്നായി. എങ്കിലും മനസ്സിലെ ദൈവം ഇന്നയിടത്ത് ഇരിക്കുന്ന ഒരു ദൈവം ആയിരിക്കും കാരണം കോവിഡ് കഴിഞ്ഞ് നമുക്ക് പോയി കാണണം. 

നമ്മുടെ വിശ്വാസങ്ങൾ അത്ര അടിയുറച്ചതാണ്. ഈ വിശ്വാസങ്ങൾ ആണ് മനുഷ്യനെ മറ്റ് ജീവികളിൽ നിന്ന് വേർതിരിച്ച് ഒരുമിപ്പിച്ച് നിർത്തി മുന്നേറാൻ

സഹായിക്കുന്നതും . ഈ നുണകൾ, അന്ധവിശ്വാസങ്ങൾ! ഇതൊക്കെ ഇല്ലായിരുന്നെങ്കിൽ നമ്മൾ വലിയ വലിയ ഫഗ്രൂപ്പുകൾ ആവാനകാതെ നിൽക്കും കാട്ടാനകളും ചിമ്പൻസികളും മറ്റ് മൃഗങ്ങളും ഒക്കെ ഇപ്പോഴും നമ്മെ ആക്രമിച്ച് കീഴ്പ്പെടുത്തും.. അങ്ങിനെ പോയേനെ..

ഈ കെട്ടുകഥകളാണ് മനുഷ്യൻ്റെ ഇന്നത്തെ വളർച്ചയ്ക്കും നിലനിൽപ്പിനും ആധാരം എന്നാണ് ചുരുക്കം!

Saturday, July 9, 2022

ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ

 രാവിലെ സദ്ഗുരുവിനെ വണങ്ങി, ഗുരുവായൂരപ്പനെ വണങ്ങി. അത്യാഗ്രഹം ഒന്നിലും ഇല്ല. സമാധാനം ആണ് ഏറ്റവും വേണ്ടത് എന്നൊക്കെ മനസ്സിനെ ഒന്നുകൂടി ബലപ്പെടുത്തി വെളിയിൽ വരുമ്പോൾ ഭർത്താവ് ന്യൂസ് പേപ്പർ വായിക്കയാണ്.

വലിയ പഠിത്തവും കാശും ഒന്നും ഇല്ലാതെ മുട്ടൻ പണക്കാരനായി ഈ രാജ്യത്തും മറുരാജ്യത്തും ഒക്കെ വിപുലീകരിച്ച ബിസിനസ്സ് സാമ്യാജ്യങ്ങൾ സ്ഥാപിച്ച ഒരു 

പണക്കാരനെ നോക്കി നെടുവീർപ്പിടുകയാണ്!

നോക്കൂ ആത്മേ, കണ്ടോ ഓരോരുത്തരുടെ മിടുക്ക് നോക്കൂ!!

ഞാൻ നോക്കി!!

ഞാൻ: മി. ആത്മാ, നമ്മൾ എത്രയൊക്കെ കാശും പദവിയും ഒക്കെ ഉണ്ടാക്കിയാലും, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനോളം  സമ്പന്നൻ വേറേ ആരും കാണില്ല.

ആത്മഗതം:

അവൻ അനുഭവിക്കുന്ന ആനന്ദവും മനസ്സമാധാനവും ഈ കോടികൾ വെട്ടിപ്പിടിക്കുന്നവർക്ക് ഒരിക്കലും കിട്ടാനിടയില്ല (ഉദാഹരണം എൻ്റെ ചുറ്റിനും ധാരാളം ഉണ്ട്). അവർക്ക് എത്ര കിട്ടിയാലും മതിയാവില്ല. അങ്ങിനെയുള്ളവർ ദർദ്രൻ അല്ലെ! ഇനിയും കുറെ കൂടി കിട്ടിയാൽ എനിക്ക് സന്തോഷമായേനെ എന്നുകരുതി മരണം വരെ ജീവിക്കുന്നു...

മി. ആത്മ: അപ്പോൾ നീ കാശു ചോദിക്കുന്നതോ?!

ഞാൻ: അത് വീട്ടുചിലവിനുള്ളതല്ലെ?! അത് ഈ വീട്ടിലെ എല്ലാവരുടെയും ആവശ്യങ്ങൾക്കായല്ലെ ചിലവാക്കുന്നത്!

അല്ലാതെ അത്യാഗ്രഹങ്ങൾക്കല്ലല്ലൊ!

ഞാൻ എന്നെ എവിടെയെങ്കിലും കൊണ്ടുപോകണമെന്നോ മറ്റോ പറഞ്ഞിട്ടുണ്ടൊ!

ആത്മഗതം:

ഞാൻ വലുതായൊന്നും ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് സമാധാനം ഉണ്ട്.

എനിക്ക് ജീവിക്കാനാവശ്യമുള്ളത് വേണം. അതിനായി പ്രയത്നിക്കണം. 

ഞാനൊരു ഗൃഹസ്ഥാശ്രമി ആയിപ്പോയില്ലെ!

Wednesday, July 6, 2022

വിശ്വാസം

 ഓം

എന്തെങ്കിലും ഒന്നിൽ വിശ്വാസം ഉണ്ടെങ്കിലല്ലെ സമാധാനമായി ജീവിക്കാനാവൂ!

ഒന്നിലും തന്നെ വിശ്വാസം ഇല്ലെന്നതാണ് സത്യം!

ഈ ലോകം തന്നെ ദൈവത്തിനു എന്തോ അബദ്ധം പറ്റി നിർമ്മിച്ചതാണെന്ന തോന്നൽ. അല്ലെങ്കിൽ എന്തെങ്കിലും സ്വാർദ്ധ താല്പര്യത്തിന്.

നാമൊക്കെ ഇരകൾ!

ഭക്തിയിൽ വിശ്വസിക്കാം എന്നു കരുതിയാൽ ഭക്തി എന്ന കവചവുമിട്ട് ലൗകീകസുഖം നന്നായി ആസ്വദിക്കുന്നവരാണ് അധികം.

എല്ലം ത്വജിച്ചാൽ സുഖം കിട്ടുമെങ്കിൽ പിന്നെ നാമൊക്കെ എന്തിനാണ് ഭൂമിയിൽ വന്നുപെട്ടത്! മറ്റുള്ളവർ ഭൂമിയിലെ സുഖങ്ങളൊക്കെ നന്നായി ആസ്വദിച്ച് ജീവിക്കുന്നത് കണ്ട് വിരക്തിയോടെ നടന്നാൽ മോക്ഷം കിട്ടുമെന്നോ!!!

ഒന്നിലും ഇല്ല വിശ്വാസം

ഭക്തിയും ദയയും ഔദാര്യവും എല്ലാം മനുഷ്യൻ്റെ സ്വാർദ്ധതാല്പര്യങ്ങൾക്കായി മാത്രം ഉണ്ടാക്കിയിട്ടുള്ളതാണെന്ന തോന്നൽ.

കഷ്ടപ്പെട്ട് സ്വധർമ്മങ്ങൾ ചെയ്യുന്നതാണോ ശാന്തിക്കുള്ള ഉപാധി?

ജീവൻ നിലനിർത്താൻ പെടാപ്പാടുപെടുന്നവർക്ക് ഭക്തിക്കും ധ്യാനത്തിനും ഒക്കെ സമയം കിട്ടുമോ?!

അപ്പോൾ സമാധാനത്തിനായി,‘നന്നായി ചെയ്യുന്ന സ്വധർമ്മത്തിലൂടെയും മുക്തി ലഭിക്കുമത്രെ!

മുക്തി ലഭിച്ചാൽ എന്താണ് ഇനി ജനിക്കേണ്ടി വരില്ല എന്നത്

അപ്പോൾ ഈ ജനനം ഒരു ശാപമാണോ?!

ആകെ ആശയക്കുഴപ്പത്തിൽ ആണ്ട് തളർന്നിരിക്കുന്ന

ആത്മ

Tuesday, July 5, 2022

ചാക്രികത

 ഓം

ലോകത്തിൻ്റെ ഗതി ഒരു ചാക്രികമായാണ്. 

എല്ലാം തന്നെ ഒരു സൈക്ക്ളിക്കൾ സ്വഭാവം ഉള്ളതാണെന്ന് സൂക്ഷിച്ച് നെരീക്ഷിച്ചാൽ മനസ്സിലാവും!

നമ്മുടെ ശരീരത്തിലെ ഭാവ വികാരങ്ങൾ പോലും. ഉദാഹരണമായി സ്ത്രീകളിൽ സംഭവിക്കുന്ന വ്യത്യാസങ്ങൾ. അത് ഓരോ മാസത്തിലും 

സംഭവിക്കുന്നു ചാക്രികമായ വ്യതിയാനങ്ങൾ ശരീരത്തിൽ വരുത്തിക്കൊണ്ട്.

ഓരോ ദിനവും സൂര്യൻ ഉദിക്കുന്നതും മറയുന്നതും.. അങ്ങിനെ അങ്ങിനെ...


പറയാൻ വന്നത് നമ്മുടെ ജീവിതഗതിയും അപ്രകാരം ആണെന്ന ഒരു തോന്നാൽ.

പണ്ടൊക്കെ മനുഷ്യർ പ്രകൃതിയെ ആശ്രയിച്ച് ജീവിച്ചിരുന്നു. പ്രകൃതിയിൽ നിന്ന് നേരിട്ട് ഉല്പാദിപ്പിക്കുന്ന നെല്ലും വിളകളും ഒക്കെ ധാരാളം. ഓരോരുത്തരുടെയും ആവശ്യം കഴിഞ്ഞുള്ളത് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

പാലും തൈരും നെയ്യും ശുദ്ധജലവും എല്ലാം തന്നെ വീട്ടിൽ കാണും. 

അയല്പക്കക്കാരും ബന്ധുക്കളും ഒക്കെ അടുത്തടുത്ത്.  പരസ്പരം അറിവു പങ്കുവ്യക്കാനും. കുട്ടികളെ വളർത്താനും അവർക്ക് കളിച്ച് വളരാനും, വീട്ടമ്മമാർക്ക് ഇന്നത്തെ ബോറടി ഇല്ലാതെ തന്നെ പരസ്പരം കാണാനും സംസാരിക്കാനും സൗകര്യം. അങ്ങിനെ ഇന്ന് അന്യം നിന്നുപോയിരിക്കുന്നു.

ബേസിക്ക് ആവശ്യങ്ങൾ ഒക്കെ മറഞ്ഞിരിക്കുന്നു. ആധുനികതയുടെ പിന്നാലെ പോയതിനാൽ.

കൃഷി കൈവിട്ട് പാഠപുസ്തകങ്ങളിലെ അറിവ് അത് പകർന്നു കൊടുക്കൽ

ഒടുവിൽ എല്ലാ മനുഷ്യരും യന്ത്രയുഗത്തിൽ ആവും വരെ ആ മാറ്റം തുടർന്നു.

ഇപ്പോൾ മണിമാളികകൾ എസ്കലേറ്ററുകൾ, കേക്കും ബിസ്ക്കറ്റും ചിക്കണും പോത്തും ഒക്കെ എല്ലാ മാളിലും എപ്പോൾ വേണമെങ്കിലും സുലഭം. 

ഓൺലൈനിൽ ഓഡർ ചെയ്താൽ വീട്ടിനു മുന്നിൽ എത്തും.

ഇന്നത്തെ തലമുറയ്ക്ക് ഈ ഭക്ഷണം എവിടെ നിന്നുണ്ടായി, എങ്ങിനെ ഉണ്ടായി എന്നൊന്നും അറിയില്ല

ശുദ്ധജലം പൈപ്പിലൂടെ വരുന്നു.. ശുദ്ധവായു എയർക്കോണിലൂടെ, 

വീട് അടച്ചിരുന്നാൽ ലാപ്പ് ടോപ്പിലൂടെയോ ടിവിയിലൂടെയോ ലോകത്തുള്ള എല്ലാ എൻ്റർടൈന്മെൻ്റും ലഭ്യം. അതുമല്ല എപ്പോഴും സന്തതസഹചാരിയായി ലോകം മുഴുവനുമായി ഏതുനിമിഷവും ബന്ധപ്പെടാൻ ഉതകുന്ന മൊബയിൽ!

അപ്പോൾ ചിലരൊക്കെ കണ്ണുതുറന്നു നോക്കുന്നു, ചിന്തിച്ചു തുടാങ്ങുന്നു>

ഇങ്ങിനെ ഒരു മുറിയിൽ അടച്ചുമൂടിയിരിക്കുന്നതാണോ ജീവിതം!

എല്ലാറ്റിനും അന്യരെ ആശ്രയിക്കുന്നതാണോ ജീവിതം. 

ഒരു കമ്പ്യൂട്ടറുപോലെ ഓഫീസുകളിൽ പോയി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് ( ഈ യന്ത്രവൽക്കാരണത്തെ സഹായിക്കൽ) ആണോ ശരിയായ ജീവിതം?!

ശരിയായ ജീവിതം പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് , ശുദ്ധവായുവും ശുദ്ധവെള്ളവും ശുദ്ധമായ പച്ചക്കറികളും പാലും അരിയും ഒക്കെ ലഭ്യമായിരുന്ന ആ പഴയകാലത്തെ ജീവിതം അല്ലെ മെച്ചമായിരുന്നാത്!


ഇന്ന് അത്തരം ഒരു ജീവിതം തിരിച്ചുപിടിക്കണമെങ്കിൽ ഒരു ഫ്ളാറ്റിനു മുടക്കുന്ന സംഖ്യയെക്കാൾ കാശ് വേണം!!


പണ്ടത്തെ മനുഷ്യരോ ഇപ്പോഴത്തെ യന്ത്രമനുഷ്യരോ ധനികർ?!


ഇനി പോകാനൊരിടമില്ലാതായിരിക്കുന്നു..

തിരിച്ചുപോക്കല്ലാതെ...

Monday, July 4, 2022

നിസ്വാർത്ഥത

 ഓം

ഞാൻ സമാധാനത്തിൻ്റെ പാതയാണ് എന്നും തിരഞ്ഞെടുത്തിട്ടുള്ളത്.

സന്തോഷത്തിൻ്റെ .. ഉള്ളതിൽ തൃപ്തിപ്പെട്ട്  ജീവിക്കുന്ന മനുഷ്യരെ,

ചുറ്റും ഉള്ള എല്ലാവരും തുല്യതയോടെ ജീവിക്കുന്ന ഒരു ലോകം. 

അങ്ങിനെയൊക്കെ തന്നെയാണ് ഞാനിപ്പോഴും ലോകത്തെ കാണുന്നത്.

എന്തൊക്കെയോ വെട്ടിപ്പിടിക്കാനെന്നപോലെ ഓടുന്ന മനുഷ്യരെ കാണുമ്പോൾ

ഒരു അതൃപ്തി. സ്വന്ത കഴിവുകൾ കൊണ്ട്  ഒരു ലക്ഷ്യത്തിനായി പ്രയത്നിക്കുന്ന മനുഷ്യരെ ഇഷ്ടമാണ്. അത് മറ്റുള്ളവരെ ജയിക്കാനോ കീഴടക്കാനോ എന്ന തരത്തിൽ തരം താണ ഒരു നേട്ടത്തിനായി യത്നിക്കുന്നവരോട് പുശ്ചമാണ്.

തൻ്റെ തന്നെ ബലഹീനതകളെ, ജയിക്കാനായി യത്നിക്കുന്നവരെ ആണ്  ഇഷ്ടം.

മറ്റുള്ളവരെ തുല്യരറ്യിറ് കണ്ട് പരമാവധി നീതിപുലർത്തി ജീവിക്കുന്നവരെ ഇഷ്ടം


ഇത്രയും എഴുതാൻ കാരണം. ഒരു മഹാത്മജിയോടൊപ്പമാണെന്നു തോന്നുന്നു ഞാൻ ജീവിക്കുന്നത്. സ്വന്തം ഭാര്യയുടെ പോലും ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് ദാനമായി വീതിച്ചുകൊടുത്ത് സമാധാനം നിലനിർത്തുന്ന(?) ഒരു യോഗി.

അതോ അത് സ്വന്തം നേട്ടത്തിനായി ആവുമോ എന്ന ഒരു സന്ദേഹം അല്പം ഒന്ന് തളർത്തി. 

ആ തളർച്ചയിൽ നിന്ന് കരകയറാൻ സ്വയം ഒന്ന് വിലയിരുത്തിയതാണ്.

ഞാൻ ആരെയെങ്കിലും ജയിക്കണം എന്ന ആഗ്രഹിച്ചിട്ടുണ്ടോ?
ആരുടെ മുന്നിലും ഭിക്ഷാപാത്രവുമായി നിൽക്കാതെ സ്വന്തം പ്രയത്നം കൊണ്ട് ജീവിക്കണം എന്നും, സ്വാതന്ത്രത്തോടെ ജീവിക്കണം എന്നും. മറ്റുള്ളവരെ കൈപിടിച്ചുയർത്തണം എന്നും ഒക്കെ ഉള്ള ഒരു ഭാവന ആയിരുന്നു ജീവിതത്തോട്. 

ഒരുപക്ഷെ അതിനു ഉതകുന്ന ഒരാളെ തന്നെ ദൈവം എനിക്കായി തിരഞ്ഞെടുത്തതാകാം. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനായി സ്വന്തം ഭാര്യയുടെ നിസ്സാരമായ ആവശ്യങ്ങളും അവകാശങ്ങളും പോലും ദാനമായി നൽകി സന്തോഷിക്കുന്ന ഒരു വ്യക്തി!

പക്ഷെ, ഭാര്യ ഒരു പ്രത്യേക വ്യക്തി അല്ലെ? വിവാഹം കഴിച്ച് ഒരു സ്ത്രീയെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ അവളെയും ഒരു വ്യക്തിയായി അംഗീകരിച്ച് അവളുടെ ആഗ്രഹങ്ങൾക്കും മുൻ തൂക്കം നൽകണ്ടേ?!

സ്ത്രീ സ്വന്തമായി കിട്ടിയ ഒരു വിലയില്ലാ(?) ചർക്ക് മാത്രം അല്ലല്ലൊ!

അവൾക്കും കാണില്ലെ ആത്മാവും അഭിമാനവും ഒക്കെ?

ബിഗ്ബോസ്സ്-4 ബ്ളസ്ലി

 ഓം

ബിഗ്ബോസ്സ് കണ്ടു തുടങ്ങിയത് ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളിൽ നിന്ന് മനസ്സിനെ സാന്ത്വനിപ്പിക്കാൻ; വ്യതിചലിപ്പിക്കാനായാണ്. വേറേ ടി വി ഷോകൾ ഒന്നും തന്നെ കാണാറില്ലെന്നതാണ് സത്യം.

ബിഗ് ബോസ് നമ്മുടെ ജീവിതത്തെ ഒരു ഗുളിക പരുവത്തിൽ അക്കി കാണിക്കുന്ന ഒരു ഗയിം ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഓരോ മനുഷ്യരും ഒരു പ്രത്യേക സാഹചര്യത്തെ എങ്ങിനെ നേരിടും എന്നതൊക്കെ കണ്ടു പഠിക്കാനാവും. ചിലരുടെ പാതകൾ തെറ്റുന്നതും ചിലർ

ശരിയിലൂടെ നീങ്ങുന്നതും , വാക്സാമർത്ഥ്യവും കായികശേഷിയും ഒക്കെ കൊണ്ട് മറ്റുള്ളവരെ ജയിക്കാം എന്നൊക്കെ കരുതി വന്ന് നിരാശരായി മടങ്ങുന്നവരേയും ഒക്കെ കാണാൻ കഴിയും.

ഓരോ ബിഗ്ബോസ്സിലും വിജയിയാകുന്നവരേക്കാൾ ജനപ്രീതി, സൽസ്വഭാവം ഒക്കെ ഫർസ്റ്റ് റണ്ണറപ്പിനായാണ് തോന്നിയിട്ടുള്ളത്. 

പെർഫക്റ്റ് ആയി വരുന്ന ഒരാളെ തോല്പിച്ച് വിജയിയാവുന്ന പോരാളി!

ഇവിടെ ബ്ളസ്സ്ലിയെയായിരുന്നു എല്ലാവർക്കും മറികടക്കേണ്ടിയിരുന്നത്.

ബ്ളസ്ലി ആണ് എൻ്റെ കണ്ണിൽ വിജയി.

ബ്ളസ്ലി ദിൽഷയ്ക്ക് വേണ്ടി സ്വയം തോറ്റുകൊടുത്തതാണ്. തന്നെ കൊച്ചാക്കാനായി അഭിനയിച്ചതാണ് എന്നൊക്കെ ഒരു തോന്നൽ,,

കാരണം, റോബിൻ പോയിക്കഴിയുമ്പോൾ ഒരല്പം സമാധാനത്തൊടെ ഇനി സ്വന്തം കാര്യം നോക്കാം എന്ന രീതിയിൽ ഇരിക്കുന്ന ബ്ളസ്ലിയോട് ദിൽഷ പറയുന്നുണ്ട്ബ്ല, ‘ബ്സസ്ലീ നീ ഉൽ വലിയരുത്,  എനിക്ക് ആരും ഇല്ല; നീ പുറത്ത് വരണം, എന്നോടൊപ്പം നിൽക്കണം..’ എന്നൊക്കെ. ദിൽഷയ്ക്ക് തണലായി ഒരു പുരുഷൻ വേണമായിരുന്നു. തന്നെക്കാൾ 3 വയസ്സിന് ഇളപ്പമുള്ള ഒരുവൻ്റെ സ്വപ്നങ്ങളാണ് ദിൽഷ മാറ്റി മറിച്ച് സ്വന്തം നിലനിൽപ്പിനായി ഉപയോഗിച്ചത്!

പക്ഷെ താൻ ഇഷ്ടപ്പെടുന്ന സ്ത്രീയെ ഒരു സ്വാർദ്ധയായി കാണാൻ ബ്ളസിലി ആഗ്രഹിച്ചില്ല. അവൻ അവളെ ഒരല്പം കൂടി ഉയർന്ന പീഠത്തിൽ ഇരുത്തുന്നു. ഒരു ദേവിയെ പോലെ. അവൻ ഒരു ദാസനെപ്പോലെ അവളുടെ പ്രേമം ഇരന്നുവാങ്ങുന്നവനായും.

ബ്ളലി ഉദ്ദേശിച്ചത് ഇതല്ലായിരുന്നു എന്ന് വ്യക്തം! ദിൽഷ റോബിനൊപ്പം നിൽക്കുമ്പോൾ തനിക്ക് തൻ്റെ മൈൻ്റ് ഗയിമിലൂടെ തൻ്റേതായ വഴിയിലൂടെ മുന്നേറാം എന്നതായിരുന്നു. അതിന് ഇടം കൊടുക്കാതെ ദിൽഷ ബ്ളസ്ലിലിയെ റോബിനു പകരമെന്നപോലെ തനിക്ക് സപ്പോർട്ടായി നിർത്തുന്നു. 

സ്വയം വിലയിടിയാതെ ബ്ളസ്ലി തനിക്ക് എടുക്കാവുന്ന ഒരേ ഒരു അടവിലൂടെ തൻ്റെ വ്യക്തിത്വം നിലനിർത്താനായി യത്നിക്കുന്നു.  മറ്റൊരാൽ തന്ത്രപൂർവ്വം ഉപയോഗിക്കുന്ന ഒരാളെന്നതിനുപരി, അതിൽ തനിക്കുകൂടി എന്തെങ്കിലും നേട്ടം ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനായി, അല്ലെങ്കിൽ തൻ്റെ ആൾക്കാരെ വിശ്വസിപ്പിക്കാനായി കളിച്ച ഒരു ഗയിം ആണ് ഈ റൊമാൻസ്! ബ്ളസ്ലിക്ക് വളരെ നിസ്സാരമായി മൂടി മറക്കാനാവുമായിരുന്ന ഒരു വികാരം  ഇവിടെ തുറന്നു കാട്ടുന്നത്, തന്നെക്കൊണ്ട് ജയിക്കാൻ ആഗ്രഹിക്കുന്ന ദിൽഷയെ സത്യസന്ധമായി വിജയിപ്പിക്കാനായി തന്നെയാണ്. 

ഒന്നുകിൽ അവൾ അല്ലെങ്കിൽ താൻ , ഒരാൾ താഴെ ഇറങ്ങണം. താൻ ഇഷ്ടപ്പെടുന്ന (സ്ത്രീകളെ മതിക്കുന്ന ബ്ളസ്ലിക്ക്) ഒരു സ്ത്രീയെ തോൽപ്പിച്ച്,നേടുന്ന വിജയം തനിക്കു വേണ്ടാ എന്ന തീരുമാനമായിരുന്നു അത്. അവൾക്ക് വേണ്ടി കെട്ടിയ ഒരു കോമഡി വേഷം ആയിരുന്നു ഒടുവിൽ ബ്ളലി!

മനുഷ്യരുടെ മനസ്സ് എത്ര വിചിത്രമാണല്ലെ !!!

#ബിഗ്ബോസ്സ്, #ബിഗ്ബോസ്സ്-4 ബ്ളസ്ലി

എന്നിട്ടും ഒടുവിൽ ബ്ളസ്ലി ദിൽഷയ്ക്കൊപ്പം വോട്ട് നേടുന്നു!!

@ബിഗ്ബോസ്സ്, @ബ്ളസ്ലി

Saturday, July 2, 2022

ബിഗ്ബോസ്സും അല്പം കുത്തിക്കുറിക്കലുകളും


ബിഗ്ബോസ്സും കണ്ട് ഉറങ്ങാൻ തുടങ്ങുകയായിരുന്നു. (ബിഗ് ബോസ്സ് എല്ലാവരും കാണില്ല. ന്യൂ ജൻ ആൾക്കാരുടെ ഷോ ആണ്. പക്ഷെ ഒരുപാട് പഠിക്കുവാനുണ്ട് ജീവിതത്തെ പറ്റി പ്രാക്റ്റിക്കൽ ആയി അവിടെ)  അപ്പോഴാണ് ബോധോദയം ഉണ്ടായത്. കണ്ണും മിഴിച്ച് ഉറക്കത്തെയും പ്രതീക്ഷിച്ച് കിടക്കുന്നതിലും ഭേദം.

എൻ്റെ രണ്ടുദിവസത്തെ ജീവിതത്തെ പറ്റി ഒരു അവലോകനം നടത്തിനോക്കാം എന്ന്.

ജീവിതം സംഭവബഹുലമാകുമ്പോഴൊന്നും അത് കുറിച്ച് വയ്ക്കാനായിട്ടില്ല.

കാരണം അത് ശരിക്കും ഉള്ള ജീവിതം ആവുന്നതുകൊണ്ടാവാം
അവിടെ ഞാൻ കഥാപാത്രം അല്ലാതെ സ്വയം ജീവിക്കുന്നതുകൊണ്ടാവാം അത് മറ്റൊരാളായി കുറിച്ച് വയ്ക്കാനാവാത്തത്..

രണ്ടുദിവസമായി ദൈവത്തോട് കൂടുതൽ അടുത്തു.

നമ്മുടെ ക്ഷമയ്ക്കും സഹനശക്തിക്കും ഒക്കെ അപ്പുറത്ത് സംഭവങ്ങൾ ഉണ്ടാവുമ്പോൾ നിസ്സഹായതയോടെ ആ ശക്തിക്കുമുന്നിൽ അടിയറവു പറയേണ്ടിവരുന്നു.

വിഷമങ്ങളും ഭയങ്ങളും ആരോടും പങ്കുവയ്ച്ചതുകൊണ്ട് കുറയുകയില്ലെന്ന് തിരിച്ചറിയുന്നു
ഉള്ളിൽ അടക്കാനാവാതെ ദൈവം എവിടെയുണ്ടെന്ന് വിശ്വസിക്കുന്നുവോ അവിടേയ്ക്ക് ഓടുന്നു.

കാൽ നടയായി, വേഷവിധാനങ്ങളിൽ ശ്രദ്ധയില്ലാതെ, എൻ്റെ ആത്മാവിനെ വഹിക്കുന്ന ഒരു ശരീരം മാത്രമാണ് ഞാൻ എന്നു മനസ്സിലാക്കി. ഇരുട്ടിൽ

ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന കോവിലിനുള്ളിൽ നുഴഞ്ഞ് കയറി ദൈവത്തിൻ്റെ പ്രതിമയ്ക്കുമുന്നിൽ കൈകൂപ്പി നിൽക്കുന്നു. ചുറ്റും വലം വയ്ക്കുന്നു. എൻ്റെ ഭാരം അല്പം കുറഞ്ഞപോലെ. പ്രതീക്ഷയുടെ ചെറുവെളിച്ചം.

കുളിച്ച് കൈനിറയെ പൂക്കളുമായി ഒരുമണിക്കൂറോളം മന്ത്രം ചൊല്ലി ദേവിയെ പ്രസാദിപ്പിച്ച് എനിക്ക് വേണ്ടപ്പെട്ടവർക്ക് ആപത്തൊന്നും വരുത്തരുതേ എന്നു കരഞ്ഞ് പ്രാർത്ഥിക്കുന്നു.

കൂട്ടുകാരി വിളിക്കുമ്പോൽ, ‘എനിക്ക് ധനനഷ്ടമോ മാനനഷ്ടമോ എന്തു നഷ്ടമാണെങ്കിലും ഞാൻ സഹിച്ചോളും. പക്ഷെ ജീവൻ്റെ നഷ്ടം എനിക്ക് പൊറുക്കുവാനാവില്ല‘ എന്ന് തളർച്ചയോടെ തോൽ വി സമ്മതിക്കുന്നു. 

ആരോടും പരാതിയില്ല. ദൈവം എനിക്കായി തന്ന നിധി ഭദ്രമായി വയ്ക്കാൻ പണിപ്പെടുന്നു.. പരമാവധി. 

ഒപ്പം വിധിക്കുമുന്നിൽ എല്ലാവരും വെറും പാവകൾ മാത്രമാണെന്ന് തിരിച്ചറിയുന്നു.

ജീവിതത്തിൽ നിന്നും എനിക്കായി ഒന്നും തന്നെ ചോദിക്കുവാനാവുന്നില്ല.

പ്രിയപ്പെട്ടവരോടോപ്പം ശിഷ്ടകാലം എങ്കിലും ജീവിക്കാൻ ഉള്ള അനുവാദം

പരിചിതമായ ഭൂമിയിൽ കൂടി നടന്ന് ഒടുവിലത്ത ശ്വാസവും ഇവിടെ ലയിച്ച് തീരാൻ.

ജീവിതത്തിൽ പറക്കമുറ്റാതെ ഉപേക്ഷിക്കേണ്ടിവന്ന എൻ്റെ മാതാപിതാക്കൾ

അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട ഞാൻ. ഇരുകൂട്ടരും ഒരുപാട് സഹിച്ചു. അവർ

ഈ ഭൂമിയിൽ നിന്ന് വിടപറഞ്ഞു. ഞാൻ ശേഷിക്കുന്നു. 

ഭൂമിയിലെ വെളിച്ചം അനുഭവിക്കുന്നു. വിഭവങ്ങൾ ഭക്ഷിക്കുന്നു. 
ഒന്നിനും അർഹയല്ലെന്ന കുറ്റബോധത്തോടെ...

എന്നെ ഏൽപ്പിച്ച 3 ജീവനുകളെ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു!

അതോ അവർ എന്നെ ഉപേക്ഷിച്ചതായിരിക്കുമോ?!

ഒന്നിനും ഒരുത്തരവുമില്ല...

കിടക്കട്ടെ...

Thursday, June 30, 2022

അപ്രതീക്ഷിതം

 അളിഞ്ഞു ചീഞ്ഞ് മണ്ണോടടിയാൻ തയ്യാറയി കിടക്കുന്ന ചവറിൽ നിന്ന്

പുത്തൻ മുളകൾ പൊട്ടുമ്പോഴുണ്ടാവുന്ന നടുക്കം.

കത്തിക്കരിഞ്ഞു നശിച്ചു എന്ന് കരുതി തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ

മഴചാറ്റൽ വീണ് പുതുമയാർജ്ജിച്ച് വരുന്ന പ്രതീക്ഷകൾ

ഒക്കെയും സ്തബ്ദയാക്കുന്നു. ഉൾക്കൊള്ളാനാവാതെ മനസ്സ് മടിച്ച് നിൽക്കുന്നു.

നമ്മൾ ആഗ്രഹിക്കുന്നതൊന്നുമല്ല ജീവിതം നമുക്ക് സമ്മാനിക്കുന്നതെന്നും.

നമ്മുടെ വിശ്വാസങ്ങൾ സത്യമായിക്കൊള്ളണമെന്നും ഒന്നും ഒന്നിനും ഒരുറപ്പുമില്ലാത്ത ഒരു സ്ഥലം. ഭൂമിയിലെ ജീവിതം.

അതിലെ അസ്ഥിരതയും, അപ്രതീക്ഷിത സംഭവങ്ങളും, കയറ്റങ്ങളും ഇറക്കങ്ങളും. 

ഞാൻ പണ്ടേ അടിയറവ് പറഞ്ഞ് കഴിഞ്ഞു..


Monday, June 27, 2022

കുഞ്ഞു ലോകങ്ങൾ

 കഥയോ കവിതയോ ഒന്നും എഴുതാൻ ആവുന്നില്ല. ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കുന്ന പോലെ.. ഉള്ളിൽ, മാനസികമായുള്ള ഒറ്റപ്പെടൽ. എൻ്റെ തീരുമാനങ്ങൾ ആഗ്രഹങ്ങൾ ഒന്നും പങ്കുവയ്ക്കാനോ എൻ്റെ എൻ്റെ കുഞ്ഞ് ആഗ്രഹങ്ങളിൽ കൂടെ വരാനോ ആരുമില്ല. തനിച്ചാണ് എപ്പോഴും.

പുറത്തെ ലോകത്തിൽ എൻ്റെ ഭൗതിക ശരീരം മാത്രമെ ഉള്ളൂ.. അത്മാവ് എപ്പോഴും വേറിട്ട്, എൻ്റെ കൂടെ ഉണ്ട് 
എൻ്റെ ഇഷ്ടങ്ങളിൽ കൂട്ടായി.

കുഞ്ഞു കുഞ്ഞ് ഇഷ്ടങ്ങൾ ആണ്. ഇന്ന് അടുത്തുള്ള ഷോപ്പിംഗ് സെൻ്റർ- പഴയതാണ്- ഇപ്പോൾ പുതിയ രീതിയിൽ ആക്കാനായി ഒരറ്റം മുതൽ ഇടിച്ചു തുടങ്ങിയിട്ടുണ്ട്. ഞാൻ ഈ നാട്ടിൽ വന്നപ്പോഴേ ഉള്ള മാൾ ആണ്. അതിനും ഒരു 50 വർഷം മുൻപുള്ളതാവാം. അതിൽ കൂടുതൽ കാലപ്പഴക്കം ഒന്നും ഇവിടെ ഒന്നിനും കാണില്ല.

അങ്ങിനെ ഷോപ്പുകളിൽ കയറി ഇറങ്ങി നടന്നപ്പോൾ, നാട്ടിൽ പോയി വന്ന പ്രതീതി. പച്ച സ്പ്രേ പെയിൻ്റ് ഉണ്ടോ എന്നു ചോദിച്ചപ്പോൾ ഒരു വലിയമ്മ

എടുത്തു തന്നിട്ട് നന്നായി കുലുക്കിയിട്ട് വേണം അടിക്കാൻ എന്ന് ഉപദേശിച്ചു

ഒരു അമ്മയുടെയോ അമ്മായിയുടേയോ പക്വതയോടെ. അടുത്തുള്ള ചെരുപ്പു കടക്കാരി എൻ്റെ കാലിൽ നോക്കി.. അവിടെ നിന്നു വാങ്ങിയ ചെരുപ്പാണ് ഇട്ടിരിക്കുന്നത് എന്നോർത്തപ്പോൾ ചാരിതാർത്ഥ്യം!

പിന്നീട് ഒരു കടയിൽ കയറി ഒരു കുഞ്ഞു ഫ്ളാസ്ക്, വാട്ടർ ബോട്ടിൽ തുടങ്ങി കോവിഡ് പിടിച്ച് കിടന്നപ്പോൾ തോന്നിയ അഭാവങ്ങൾ ഒക്കെ നികത്താനായി അല്ലറ ചില്ലറ സാധങ്ങൾ വാങ്ങി. എനിക്കും അവർക്കും സന്തോഷം! പതിവായി കാണാറുള്ള സെയിൽസ് ഗേൾ ആണ് അവിടെ.

പിന്നീട് ഒരു കുഞ്ഞു ചുവപ്പുറോസാച്ചെടിക്കും ഒരു തെച്ചി ചെടിക്കും ആയി ചെടിക്കടയിൽ കയറിയപ്പോഴും പരിചയഭാവത്തോടെയുള്ള അന്വേക്ഷണം.

തെച്ചി ഉണ്ടായിരുന്നു തീർന്നുപോയി, അടുത്തുതന്നെ വരും എന്നു പറഞ്ഞു.

അടുത്ത ചെടിക്കടയിൽ മലായ്ക്കാരാണ്. അവർ നിർബന്ധിച്ച് വാങ്ങിപ്പിച്ചില്ല.

പൂവ് അത്ര ചെറുതൊന്നും അല്ല എന്ന് സത്യസന്ധമായി തുറന്നു പറഞ്ഞ് എന്നെ എൻ്റെ ധാരാളിത്തത്തിൽ നിന്നും രക്ഷിച്ചു. നന്ദിയോടും അഭിമാനത്തോടും (ഇങ്ങിനെ ചില സത്യസന്ധർ ഒക്കെ ഇപ്പോഴും ഭൂമിയിൽ ഉണ്ട് എന്ന)

നടന്നു. അടുത്ത ചെടിക്കടയിലെ ഇന്ത്യൻ വിലപ്പനക്കാരൻ എനിക്ക് 7 ഡോളർ കുറച്ച് ഒരു കുഞ്ഞു റോസാ ചെടി സമ്മാനമായി നൽകും പോലെ തന്നു. അതും തൂക്കിപ്പിടിച്ച് പൊരിയുന്ന വെയിലിൽ വീട്ടിലേക്ക്.

പിന്നീട് ആഹാരം കഴിഞ്ഞ് കിടക്കുമ്പോൾ മനസ്സ് പെട്ടെന്ന് അടങ്ങിയതുപോലെ. കൊച്ചു കുഞ്ഞുങ്ങളുടെ പോലെ ഒരു സുരക്ഷിതത്വ ബോധം. 

4 മണിവരെ ഉറങ്ങി. അടുത്ത മുറിയിൽ മകൾ ഉണ്ടെന്നത് എനിക്കും അവൾക്കും കൂടുതൽ സുരക്ഷിതത്വം നൽകി..

എണീറ്റ് ചെടികൾ മാറ്റി നട്ടു, ചെടികൾ നനച്ചു, തുണീകൾ മടക്കി, ചോറ് പുളിശ്ശേരി, നഗട്ട്സ് .

കുളീച്ചു, പ്രാർത്ഥിച്ചു..

മോൾക്ക് ചോറു കൊടുത്തു.. അച്ഛന് എല്ലാം ഒരുക്കി വച്ചു. ഇനി ഏതുസമയത്തുവന്നാലും കുഴപ്പമില്ല. എന്നെ ബാധിക്കില്ല.

ഞാൻ എൻ്റെ മുറിയിൽ ഒരു യോഗിനിയെ പോലെ കയറി ഇരിക്കയാണ്. മണീ 8.30

ഞാൻ എന്തു കഥയാണ് എഴുതേണ്ടത്?!

23 വയസ്സിനു മുന്നേ ജീവിച്ച കഥകളോ? അന്നും എനിക്ക് പറയത്തക്ക അനുഭവങ്ങൾ ഒന്നും തന്നെ ഇല്ല. 7 വർഷം ഹോസ്റ്റലിൽ , ഇതുപോലെ ഒരു മുറിയിൽ തുണികലും ബുക്കുകളും ഒക്കെ അടുക്കി വച്ച് മറ്റുള്ളവർക്ക് ശല്യമാകാതെ, അവിടത്തെ നിയമങ്ങൾ അനുസരിച്ച് ജീവിച്ചു..

ഇപ്പോഴും ഏറെക്കുറെ അതുപോലെ തന്നെ..

ഇന്നത്തെ താൾ ഇങ്ങിനെ....

Sunday, June 26, 2022

ദേവഭാവവും അസുരഭാവവും

 മനുഷ്യരിൽ ദേവഭാവവും അസുരഭാവവും മാറി മാറി വരും!

അത് കണ്ടൂ നിൽക്കാൻ പ്രത്യേക മനശ്ശക്തി അത്യാവശ്യവും ആണ്.

--

ഒരു ബെൻസ്‌ കാറിൽ മന്ത്രിയുടെ പച്ചപ്പാൽ മൂടപ്പെട്ട
ഒരു പടുകൂറ്റൻബംഗ്ലാവ്‌.
അവിടെ സെക്യൂരിറ്റി.
ചെക്ക്‌ കഴിഞ്ഞ്‌ അകത്തേക്ക്‌..
അവിടെ നാട്ടിൽനിന്ന് വന്ന 5 പോറ്റിമാർ തകൃതിയിൽ സുമംഗലി പൂജചെയ്യുകയാണ്‌.

മന്ത്രിയും കുടുംബവും വന്നു.
ഞങ്ങൾക്ക്‌ രണ്ട്‌ പീഠങ്ങൾ ഉണ്ട്. അതിൽ ഞങ്ങളെ ഇരുത്തി.
 എന്തൊക്കെയോ മന്ത്രോച്ചാരണങ്ങൾ,
മന്ത്രിയും കുടുംബവും ഞങ്ങൾ പരമശിവനും ശ്രീപാർവ്വതിയും ആണെന്നു കരുതി വലം വയ്ക്കുകയാണ്‌.
ചുറ്റും മന്ത്രോച്ചാരണങ്ങളും പുകപടലങ്ങളൂം. പൂക്കളും ഫലങ്ങളും ദേവീ ദേവന്മാരും.

സ്വർഗ്ഗത്തിൽ അല്ല ഭൂമിയിൽതന്നെ ആയിരുന്നു,
ഒരു സാദാ യാഥാസ്തികരായ കുടുംബം.
ആ അച്ഛൻ്റേയും അമ്മയുടേയും പാദങ്ങളിൽ വീണു തൊഴുതു!

കൈ നിറയെ, മനസ്സ്‌ നിറയെ സമ്മാനങ്ങളുമായി ബി എം ഡബ്ല്യൂവിൽ പുറത്തേക്ക്‌..

മനസ്സുനിറയെ ഭക്തിയും നന്ദിയും മാത്രം.
പൂജാരിക്ക്‌ ദക്ഷിണ നൽകി
കുറഞ്ഞുപോയോ എന്നൊരുസന്ദേഹം!

പക്ഷെ അതിലും എത്രയോ വലുതായിരുന്നു വീട്ടിൽവന്ന് പൊതിയഴിച്ചപ്പോൾ ഞങ്ങൾ കണ്ടത്‌!!!

ഇങ്ങിനെയും ചില മുഹൂർത്തങ്ങൾ!
ഇതിനായായിരുന്നു ഇന്നലെ മുതൽ എന്നെ സന്തോഷിപ്പിക്കാൻ ശ്രമിച്ചത്‌..

മന്ത്രി ഉത്തമ സുമംഗലി ആയി തിരഞ്ഞെടുത്തപ്പോൾ ഉണ്ടായ തിരിച്ചറിവ്‌!!!

ഞാൻ പറഞ്ഞില്ലേ ഏറ്റക്കുറച്ചീലുകളുടെ ഒരുപ്രളയം തന്നെയാണ്‌ ഈ സായാഹ്ന വേളയിൽ!

നാളെ ഒരു പക്ഷെ ആരും കാണാത്ത ഒരു മൂലയിൽ വിലയൊന്നും ഇല്ലാതെ അടിഞ്ഞേയ്ക്കാനും മതി. 

മനുഷ്യനു പല പല ഭാവങ്ങളും വേഷങ്ങളും അല്ലെ!

ഇതിനൊക്കെ ദൃക് സാക്ഷിയായി ഒരു ആത്മാവും!


Saturday, June 25, 2022

സന്തോഷം വരുന്ന വഴികൾ...


കുറെ നേരമായി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്തിച്ച് തകർക്കുകയായിരുന്നു. വളരെ ബോറടിച്ചു തുടങ്ങി.. ഉറങ്ങാൻ സമയം ആയിട്ടുമില്ല. എന്തെങ്കിലും ഹോബികൾ ചെയ്യാനുള്ളവരുടെ ജീവിതം എത്ര പ്രകാശമയം ആയിരിക്കും എന്ന് ഒരല്പം അസൂയയോടെ ഓർത്തു..

രാവിലെ മുതൽ നടന്ന് നല്ലതും ചീത്തയുമായ അനുഭവങ്ങളിലൂടെ വീണ്ടും വീണ്ടും കടന്നുപോയി മനസ്സ്.. ഓളങ്ങൾ അടങ്ങാത്ത , തിരകൾ അടാങ്ങാത്ത കടൽ പോലെ. 

എത്ര പെട്ടെന്നാണ് സന്തോഷം മാറി അത് ദുഃഖക്കടലായി ഇളകി മറിയുന്നത്.

പിന്നീട് അപ്രതീക്ഷിതമായി പെട്ടെന്ന് ശാന്തത. പിന്നെ മുക്തി നേടിയപോലെ

ഒരു സംതൃപ്തി. എല്ലാം എൻ്റെ ഈ മനസ്സും ഹൃദയവും ആണ് അനുഭവിച്ച് തകർക്കുന്നത്.

ഒരുനിമിഷം പറയും  ഈ ലോകത്തിൽ ആരോ ടും എനിക്ക് സ്നേഹമില്ല. എനിക്ക് ആരേയും സ്നേഹിക്കാനാവുകയുമില്ല. എന്നൊക്കെ.

അടുത്ത നിമിഷം ഈ ലോകത്തിൽ ഉള്ള സർവ്വ ചരാചരങ്ങളോടൂം പ്രണയത്തിലാവുകയും അവർക്കായി പ്രാർത്ഥിക്കയും!


മനസ്സ് എത്ര ചപലമാണ് . അനുഭവങ്ങൾ എത്ര ക്ഷണികം ആണ്!!

രാവിലെ ആരും സ്നേഹിക്കാനില്ലെന്നു കരുതി ഒരു ഇരുട്ട് മുറിയിൽ കുറെ സമയം കിടന്നു. പിന്നീട് പെട്ടെന്ന് ഉണർവ്വുണ്ടായി മകളുടെ വീട്ടിൽ ഗ്രാബ് എറ്റുത്ത് പോയി കുഞ്ഞിനോടൊപ്പം അല്പം കളിച്ച്, കുഞ്ഞിനെ തോളിൽ കിടത്തി ഉറക്കി. കുഞ്ഞിനു കുറെ ദിവസമായി പനിയായിരുന്നു. എൻ്റെ കോവിഡും തീർന്നുകിട്ടിയതേ ഉള്ളൂ. അതുകഴിഞ്ഞുള്ള മീറ്റ് ആയിരുന്നു. ആദ്യമാദ്യം ഞങ്ങൾ അകന്നു നിന്നു കളിച്ചു.. പിന്നീട് പതിയെ അടുത്തിരുന്നു. മടിയിൽ കയറി ഇരുന്നു. പിന്നെ ഞാൻ പാട്ടുകൾ പാടി. കുഞ്ഞ് പറയുന്ന പാട്ടുകൾ. പിന്നെ അത് താരാട്ടായി മാറി. അവൾ തോളിൽ കിടന്ന് ഉറങ്ങി.. പാവം. അവളെ അമ്മയുടെ അരികിൽ കിടത്തിയിട്ട് വരുമ്പോൾ എവറസ്റ്റ് കീഴടക്കിയ ചാരിതാർത്ഥ്യം. അല്ലെങ്കിൽ ഏതെങ്കിലും പുണ്യഭൂവിൽ പോയാൽ കിട്ടുന്ന ശാന്തി..


പിന്നീട് ഗ്രാബ് എടുത്ത് മുരുകൻ സ്റ്റോറിൽ കയറി മലക്കറികളും വാങ്ങി വീട്ടിലേക്ക്.. ഗ്രാബ് ഡ്രൈവർ ചോദിച്ചു, മാളിൽ എങ്ങിനെ വലിയ തിരക്കായിരുന്നോ എന്ന്. ഞാൻ പറഞ്ഞ് ഞാൻ അകത്ത് കയറിയില്ല, അരികിലെ മുരുകൻ സ്റ്റോറിൽ മാത്രമേ പോയുള്ളൂ എന്ന്.. 

വീട്ടിലെത്തി സ്ഥിരമായ ജോലികൾ ചെയ്തു, ചെടി മാറ്റി നട്ടു , മുറ്റം കഴുകി, 

അങ്ങിനെ അല്ലറ ചില്ലറ.. പിന്നെ കുളിച്ച് വിളക്കുകൊളുത്തി പ്രാർത്ഥിച്ചു. ഗൃഹനാഥൻ ഉപേക്ഷിച്ചിട്ടപൊലെ വീട്. 

പ്രാർത്ഥിച്ചശേഷം അല്പം ഭാഗവത വായന തുടങ്ങി വച്ചു. അപ്പോൾ അതാ 

“ നീ എനിക്ക് അന്ന് വാങ്ങി തന്ന കഞ്ഞി നന്നായിരുന്നു. ഇന്നും കൂടി ഓഡർ ചെയ്യാമോ? ഞാനിവിടെ ഒരുപാട് ജോലി ചെയ്ത് തളർന്നു>
ഞാൻ :ഉം
എനിക്കറിയാമല്ലൊ എവിടേ വരെ പോകും എന്ന്.. വല്ലതും സംഭവിച്ചാൽ നഷ്ടവും എനിക്ക് തന്നെ.

നാളെ മിനിസ്റ്റർ വിളിച്ചു. സുമംഗലി പൂജയ്ക്ക് നമ്മളും ചേരണം എന്ന്...

ഞാൻ: എന്നെ വിട്ടേക്കൂ. എനിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കാനേ സമയം ഉള്ളൂ ആരോഗ്യവും.

അതുപറ്റില്ല

ഹും!

അങ്ങിനെ നാളെ പൂജയ്ക്കും പോകണം.

സന്തോഷം അതല്ല. തരാനുള്ള കുറെ കാശും തന്നു. തെറ്റുകളെ ശരികളാക്കാനും, ശരികളെ കുഴിച്ചുമൂടാനും. ആഗ്രഹങ്ങളെ കുഴിച്ചുമൂടാനും.

 സന്തോഷമൊന്നും തോന്നിയില്ല. പതിവായി നടക്കുന്ന നാടകങ്ങൾ
കാശ് എത്രമാത്രം മനുഷ്യനെ ഭരിക്കുന്നു!

എല്ലാവരും സുഖമായിട്ടിരിക്കണം.. സന്തോഷമായിരിക്കണം. അപ്പോൾ ഈയുള്ളവളും

കുഞ്ഞുമോൾ സുഖമായിരിക്കുന്നോ എന്ന് ഒരിക്കൽക്കൂടി വിളിച്ച് ഉറപ്പ് വരുത്തി. 

ഓകെ

ഇനി ബോറടി മാറ്റാൻ എൻ്റെ ഹോബി കയ്യിലെടുക്കാം.. 

ബ്ളോഗ്!

Thursday, June 23, 2022

ആത്മാവ്

രാവിലെ എണീക്കുന്നത് ആരെയെങ്കിലും കുറ്റപ്പെടുത്തിക്കൊണ്ടാണ്. എല്ലാവരും നൂറുശതമാനം സത്യസന്ധത പുലർത്തി ജീവിക്കണമെന്നാണ് പഠിച്ചുവച്ചിരിക്കുന്നത്. 

എന്നാൽ ആരും തന്നെ അത് വകവയ്ക്കുന്നില്ല എന്നതാണ് ദുഃഖകരമായ ഒരു സത്യം!

എൻ്റെ അവസ്ഥ എന്താണെന്നാൽ എനിക്ക് അവരുടെ അകവും പുറവും അറിയാൻ കഴിയുന്നു. പറയുന്നതും പുറത്ത് കാട്ടുന്നതും ഒന്ന് അകത്ത് മറ്റൊന്ന് എന്നൊന്ന് വരുമ്പോൾ ആകെ ആശയക്കുഴപ്പം ഉണ്ടാക്കുന്നു

പക്ഷെ ഞാനെന്തിനാണ് എപ്പോഴും മറ്റുള്ളവരെ വിലയിരുത്താൻ പോകുന്നത്!

എനിക്ക് എന്നെ സ്വയം വിലയിരുത്തിയാൽ പോരേ!!

അപ്പോൾ എനിക്ക് സ്വയം നന്നാവാം.. മറ്റുള്ളവർ എന്നിൽ അടിച്ചേൽപ്പിക്കുന്ന  പല ഇമേജുകളിൽ നിന്നും കുരുക്കുകളിൽ നിന്നും ഒക്കെ കരകയറണമെങ്കിൽ ഞാൻ എന്നെ സ്വയം ഉദ്ധരിക്കണം.

ഞാനിപ്പോഴും കൂനിക്കൂടിയിരിക്കയാണ്! എന്നോട് കാട്ടുന്ന അനീതിക്ക് പകരം ചോദിക്കാൻ ഒരു ഹീറോ അല്ലെങ്കിൽ ഹീറോയിനെ തിരഞ്ഞും കൊണ്ട്!

എന്തുകൊണ്ട്  എനിക്ക് ഞാൻ മാത്രമെ കാണൂ. അവനവനെ ഉദ്ധരിക്കാൻ അവനവനെക്കൊണ്ടേ സാധ്യമാവൂ എന്നത് അംഗീകരിച്ചുകൂടാ!

ഭഗവത് ഗീതയിൽ എടുത്ത് പറയുന്നുണ്ട്

‘ഉദ്ധരേദാത്മാനമാത്മാനം

ആത്മാനമവസാദയേത്

ആത്മനോ ബന്ധു 

രിപുരാത്മന‘

എന്നൊക്കെ. ആത്മാവിനെ ആത്മാവിനെ കൊണ്ടുതന്നെ ഉയർത്തണം.

ആത്മാവ് തന്നെയാണ് നമ്മുടെ ബന്ധുവും ആത്മാവ് തന്നെ നമ്മുടെ ശത്രുവായും വർത്തിക്കും ചിലപ്പോൾ എന്ന്. 

ഇതിൽ കൂടുതൽ ശുഭാപ്തി വിശ്വാസം എവിടെ നിന്ന് കിട്ടുവാനാണ്.

മറ്റുള്ളവർ എന്നെ വിഷമിപ്പിക്കുന്നുവെങ്കി, എൻ്റെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെങ്കിൽ അതിനു കാരണം അവർ സ്വന്തം ആത്മാവിനെ ഉയർത്തുവാനാവുന്നു എന്നതാണ്.

അത് മറ്റൊരു ആത്മാവിനെ തളർത്തി ആവരുത് എന്ന് അവരുടെ ധാർമ്മികത് അവരെ പഠിപ്പിച്ചിട്ടില്ല. അതിൽ ഞാൻ വരുത്തപ്പെടേണ്ട കാര്യം ഇല്ല.

അവരെ നന്നാക്കാൻ പ്രകൃതി തന്നെ നിയമങ്ങൾ ഒരുക്കി വച്ചിട്ടുണ്ട്  എന്നു കരുതി സമാധാനിക്കുക>

എല്ലാം ഈശ്വരന് സമർപ്പിച്ച്, അല്ലെങ്കിൽ പ്രകൃതിയുടെ നിയമങ്ങൾ ആയി ഉൾക്കൊണ്ട് മുന്നോട്ട് പോവുക.

‘സർവ്വ കർമ്മാൽ പരിത്യാഗ

മാമേകം ശരണം വ്രജ‘  എന്ന് ഭഗവാൻ ഗീതയുടെ ഒടുവിൽ പറയുന്നുണ്

ഈ ഭഗവാൻ ശ്രീകൃഷ്ണനോ ശ്രീയേശുവോ നമ്പിയോ ആരായാലും ആ ശക്തിയെ നമ്മൾ ആശ്രയിച്ചാൽ ശാന്തി കൈവരും എന്നത്രെ!

Monday, June 20, 2022

ദൈവം തന്ന സർപ്രൈസ്

 



ദൈവം ഉണ്ടെന്നുള്ളതിനും അദ്ദേഹം ഓരോന്നിനും കണക്കുവച്ചിട്ടുണ്ടെന്നും ഒക്കെ ഉള്ളതിനു തെളിവായി ഞാൻ ഇങ്ങിനെയുള്ള കുഞ്ഞു സംഭവങ്ങളെ കാണുന്നു.

ഇന്ന് എൻ്റെ ജന്മ നാളാണ്. എൻ്റെ മകൾ മാത്രം ഓർത്തും ബാക്കി ആരും ഓർത്തില്ല. ആരോടും ഞാൻ പറഞ്ഞിട്ടുമില്ല. എൻ്റെ ബർത്ത്ഡേ ഓർത്തുവച്ചതുകൊണ്ട് പ്രത്യേകിച്ച് ആർക്കും ഒരു പ്രയോജനവും ഇല്ലാ താനും!

മറക്കപ്പെടേണ്ടവരുടേയും ഒഴിച്ചുനിർത്തപ്പെടേണ്ടവരുടെയും പട്ടികയിൽ ആണല്ലൊ വിവാഹിതരായ സ്ത്രീകളുടെ ഇടം

അച്ഛനമ്മമാർ ഈ ഭൂമിയിൽ നിന്ന് വിടപറഞ്ഞാൽ പിന്നെ നമ്മെ ഓർക്കാൻ, നമ്മുടെ ജീവനെ മതിക്കാൻ ഒന്നും ആരും തന്നെ കണ്ടെന്നു വരില്ല.

ഞാൻ ഇന്ന് കോവിഡ് നെഗറ്റീവ് ആയ ദിനം കൂടി ആണ്. എൻ്റെ മക്കൾക്ക് ആശ്വാസമായി. ഇനി കോവിഡിനെ ഭയക്കാതെ കഴിയാനാവുമല്ലൊ എന്ന പ്രത്യാശ. എനിക്ക് എൻ്റെ നോർമ്മൽ റൂട്ടീനിലേക്ക് തിരിച്ചുപോകാനാവുമല്ലൊ എന്ന ആശ്വാസം. അതിൽ കൂടുതലായി ഒന്നും തോന്നിയില്ല.

വലിയ ഫാമിലി വാട്ടസപ്പ് ഗ്രൂപ്പിൽ ഒക്കെ ചിലർ വന്ന് അവരവരുടെ ആൾക്കാരെ പ്രമോട്ട് ചെയ്യാൻ ബർത്ത്ഡേ വിഷസ് തുടങ്ങി വയ്ക്കും. പിന്നെ നമ്മൾ വിഷ് ചെയ്തില്ലെങ്കിൽ വിരോധിയായി പ്രഖ്യാപിച്ചേക്കും.

എൻ്റേത് ഓർത്തിട്ട് ആർക്കും ഒരു കാര്യവുമില്ല. ലീഡേർസിന് ജയിക്കാനുള്ള ഓട്ടിനുപോലും അവകാശമില്ലാതാക്കാൻ വെമ്പുന്നത്ര ആവേശമാണ് ആൾക്കാർക്ക് മറ്റുള്ളവരെ തളർത്തി ഒതുക്കാൻ. ഒടുവിൽ എല്ലാം നേടിയിട്ട് എവിടേയ്ക്ക് പോകാനാണ് ഇവർ കുതിക്കുന്നത്!! ആരെ കാട്ടുവാനായാണ് മറ്റുള്ളവരെ ചവിട്ടിമെതിച്ചിട്ട് ഉയരങ്ങളിലേക്ക് കുതിക്കാനായി ആക്രാന്തപ്പെടുന്നത്!

പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള കാര്യമാണ്. അതുപോട്ടെ,

ഞാൻ എൻ്റെ കാര്യത്തിലേക്ക് വരാം..

കോവിഡ് നെഗറ്റീവ് ആയി. സമാധാനം. എന്നാൽ ഒന്ന് കുളിച്ചേക്കാം.

പിന്നീട് വന്ന് ഫുഡ് ഓഡർ ചെയ്യാം. മകൾ ചായയിട്ടും പാത്രം കഴുകിയും ഒക്കെ ക്ഷീണീച്ചു നടക്കുകയാണ് പാവം. 

ഫുഡ് തിരയുമ്പോൾ പെട്ടെന്ന് കേരള സദ്യ!!! ഞാൻ സ്വപ്നം കാണുകയാണൊ എന്നുകരുതി ഒരു നിമിഷം കണ്മിഴിച്ച് നിന്നു. 

അല്ല, ചൊവ്വാഴ്ച തോറും രണ്ട് ബ്ളോക്കുകൾക്കപ്പുറത്തുള്ള കേരള ഫുഡ് ഷോപ്പുകാർ കേരള സദ്യ കൊടുക്കുന്നുണ്ട്
ഓർമ്മ വന്നു പിന്നെ ഒട്ടും മടിച്ചില്ല. നാലു പേർക്ക്. മക്കൾക്കും ഭർത്താവിനും എനിക്കും. 

അങ്ങിനെ കേരളമാണ് എൻ്റെ അമ്മ എൻ്റെ ജന്മനാളായി എനിക്ക് വച്ചുവിളമ്പിയതാണ് എന്ന സന്തോഷത്തോടെ ആകാശത്ത് അദൃശ്യയായി, വച്ചുവിളമ്പി ഊട്ടിക്കാൻ ഒരുപാട് ആഗ്രഹിച്ച്, കൊതിതീരാതെ ഈ ഭൂമിയിൽ നിന്ന് നിഷ്ക്കാസിതയായ ആ അമ്മയെ ഓർത്ത് നന്ദിയോടെ ഞാൻ 

എൻ്റെ ഈ ആഹാരം കഴികഴിക്കുന്നു.

അമ്മയ്ക്കും ഒപ്പം ആ അദൃശ്യ ശക്തിക്കും പ്രണാമങ്ങളോടെ

ഒരുപാട് കുറ്റബോധത്തോടെ ഒരു  മകൾ


മുക്കാലും നശിച്ചുപോയ മാനുഷിക മൂല്യങ്ങൾ..

 മനിഷ്യത്വം ഫേസ് ബുക്കിലും വാട്ട്സാപ്പിലും  ഇൻസ്റ്റഗ്രാമിലും മാത്രമായി ചുരുങ്ങിയിരിക്കുന്നു.

നേരിട്ടു കാണുന്ന മനുഷ്യരെ സ്നേഹിക്കാൻ കൂട്ടാക്കാത്ത മനുഷ്യർ.

അവർ ഗ്രൂപ്പുകൾ ഉണ്ടാക്കാനാണ് വെപ്രാളപ്പെടുന്നത്.

ഫാമിലികൾ തമ്മിലും ഗ്രൂപ്പുകൾ ഉണ്ട്. അവിടെ ബുദ്ധിപരമായി ഓരോന്ന് അവതരിപ്പിച്ച് മറ്റുള്ളവരെ ബോധിപ്പിക്കാനാവണം.

അല്ലാതെ ലോലമായ സ്നേഹം സഹതാപം ഒന്നും തന്നെ ആർക്കും വേണ്ടാതായിരിക്കുന്നു.

മറ്റുള്ളവരെ കാണിക്കുക. താൻ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് വരുത്തി തീർക്കാൻ കെണഞ്ഞ് പരിശ്രമിക്കുക.

മറ്റുള്ളവരുടെ ഓശാരത്തോടെ അവരെ തന്നെ താഴ്ത്തിക്കെട്ടി സ്വയം പ്രഖ്യാപിത വിജയി ചമഞ്ഞ് അഹങ്കാരത്തോടെ (ഉള്ളിൽ) വെളിയിൽ 

മാന്യത ചമഞ്ഞ് നടക്കുക.


മാനുഷിക മൂല്യങ്ങൾ ഒക്കെയും അന്യം നിന്നുപോയിരിക്കുന്നു.

മനുഷ്യർ ക്രമേണ അവനവൻ്റെ തന്നെ കുഴി തോണ്ടിക്കൊണ്ടിരിക്കുന്നു...

കോവിഡും ഞാനും

 

ഒടുവിൽ ഞാൻ കോവിഡ് പിടിച്ച് കിടപ്പിൽ ആണ്. കോവിഡ് ഒരു സാധാരണ ഫ്ലൂ വരുന്ന അത്രപോലെ കഠിനം അല്ല. ഒരു സുഖമുള്ള അസുഖമായാണ് ഇതുവരെ ഉള്ള അനുഭവം.

പക്ഷെ വെളിയിൽ ഇതിനെപ്പറ്റി വളരെ ഭയാനകമായ വാർത്തകൾ ആണ് പ്രചരിക്കുന്നത്

ഒരു മഞ്ഞപ്പിത്തം അല്ലെങ്കിൽ വൈറൽ ഫീവർ ഒക്കെ വന്നും ചിലപ്പോൾ ആളുകൾ മരിച്ചുപോകാറുണ്ട്. അതുപോലെയൊക്കെയുള്ള റിസ്കേ ഇതിനും ഉള്ളൂ എന്നാണ് എൻ്റെ അനുഭവം!

മനുഷ്യരെ ഭയപ്പെടുത്തി, ഒറ്റപ്പെടുത്തി മരണത്തിന് ഇരയാക്കുന്ന ഒരു അസുഖമായാണ് എനിക്കിതിനെ വിശേഷിപ്പിക്കാനാവുന്നത്.

ഒരുസാധാരണ ഫ്ലൂപോലെ ചികിൽസിച്ച് ഭേദമാക്കാനുള്ള അസുഖമേ ഉള്ളൂ..

 

Friday, May 20, 2022

ബിഗ് ബോസ്സും ദയയും ജീവിതപാഠങ്ങളും


ജീവിതം ക്ഷണികമാണെന്ന ഒരു തിരിച്ചറിവ് വളരെ ചെറുതിലേ തന്നെ 

എന്നെ പിടികൂടിയിരുന്നു. അത് വല്ലാതെ ഭയപ്പെടുത്തിയുരുന്നു താനും.

100 വയസ്സിനടുത്ത് വയസ്സുള്ള എൻ്റെ അമ്മുമ്മയുടെ നിസ്സംഗതയോടെ

മരണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പ് കണ്ടാണൊ എന്നറിയില്ല.

അതുമല്ലെങ്കിൽ അച്ഛനും അമ്മയും ജോലിക്കു പോയിക്കഴിഞ്ഞാൽ കിട്ടുന്ന

ഏകാന്തത. എന്തോ ഒന്ന് എന്നെ വളരെ ചെറുതിലേ വളരെ ചിന്തിച്ചുകൂട്ടുന്ന

ഒരു സ്വഭാവത്തിന് അടിമയാക്കിയിരുന്നു. 

ആ ചിന്തകളുടെ ഇടയിലാണ് പൊടുന്നനവേ, ഇപ്പോൾ കാണുന്ന എല്ലാരും

ഈ ഭൂമിയിൽ നിന്ന് വിടപറയുമല്ലൊ എന്ന ബോധം ഒരു ദിവസം ഉദിച്ചത്.

അത് എന്നെ വളരെ ഭയപ്പെടുത്തി. ഉൾക്കൊള്ളാനാവാത്ത ആ സത്യം 

രാവും പകലും എന്നെ വളരെ നാൾ വേട്ടയാടി. ഏറ്റവും വേദനിപ്പിച്ചത് അച്ഛനും അമ്മയും ഇല്ലാതായാൽ പിന്നെയുള്ള ജീവിതം ആയിരുന്നു.

എന്നാൽ അന്നൊന്നും ഞാൻ ഈ ഭൂമിയിൽ നിന്ന് വിടപറയും എന്ന ചിന്ത ഉദിച്ചിരുന്നില്ല. എന്നെ ഇഷ്ടപ്പെടുന്നവർ പോയാലുള്ള വേദനയായിരുന്നു അലട്ടിയത്. എന്നാൽ ഞാൻ വിടപറയുന്നത് ഒരല്പം റൊമാൻ്റിക്ക് ആയി ചിന്തിക്കാനായിരുന്നു ഇഷ്ടം.

അയ്യോ ആ കുട്ടി പോയല്ലൊ എന്നു പറഞ്ഞ് ആൾക്കാർ സഹതാപത്തോടെ കരയുന്നതൊക്കെ വല്ലാത്ത ഒരു കൊതി തോന്നിയിരുന്നു. അപ്പോൽ കിട്ടുന്ന ആ അംഗീകാരം. അതിനുവേണ്ടി മരണത്തെ കൊതിച്ചിരുന്നു, രഹസ്യമായി..


എന്നാൽ ഇപ്പോൾ വളരെക്കാലം കഴിഞ്ഞ് ഇപ്പോൾ മനസ്സിലാവുന്നു. ജീവിതവും മരണവും ഒന്നും തന്നെ ഈ ലോകത്തിൽ ഒരു മാറ്റവും വരുത്തില്ല എന്ന്. 

എങ്കിലും നാം ജീവിക്കണം. ചുറ്റും ഉള്ള ജീവനുകൾക്കായി.. 

എല്ലാവരും ഒരു ചങ്ങലയാൽ കോർക്കപ്പെട്ട് കിടക്കുകയാണ്. ജീവിക്കാനായി

മൽസരിക്കുന്ന വെറും ജീവികൾ. ജീവിക്കാനായി മാത്രമല്ല, മറ്റുള്ളവരെക്കാൾ മികച്ച രീതിയിൽ, അവരെക്കാൾ കൂടുതലായി സുഖഭോഗങ്ങൾ അനുഭവിക്കാനുള്ള തൃഷ്ണയാണ് എല്ലാ ജീവികളിലും അടിസ്ഥാനപരമായി കാണുന്നത്...


ഈയ്യിടെ ബിസ്ബോസ്സ് കാണലാണ്. അവിടെ ഈ ഭൂമിയിലെ ജീവിതത്തിൻ്റെ ചെറിയ ഒരു ഏട് കാണാനാവും. അതിജീവനം. 

അവിടെ അറിഞ്ഞോ അറിയാതെയോ ബ്ളസ്ലി ആ കുഞ്ഞു മുന്നിൽ മുന്നിൽ തോൽക്കുമ്പോൾ (തോറ്റുകൊടുത്തതാണൊ എന്നൊരു നിമിഷം ആലോചിച്ചു!

അത് വല്ലാത്ത ഒരു വികാരം ജനിപ്പിച്ചു.  


കുറെ നാളായി ഈ ഭൂമിയിൽ പുത്തൻ പുതുതായി ഒന്നും തന്നെ കാണാനാവാതെ മരവിച്ച് നടക്കുകയായിരുന്നു. മറ്റുള്ളവനെ പിടിച്ച് താഴെയിട്ട് മുന്നോട്ട് പോകുന്ന മനുഷ്യർ. അലസയായി നടിക്കുന്ന എന്നെ വളരെ വേഗം അവർ ഇരയാക്കി രസിക്കുന്നു. 

ഞാൻ അറിയാത്തപോലെ തോറ്റുകൊടുക്കുന്നു. ആദ്യമൊക്കെ കണ്ണ് നിറയും ഹൃദ്യം പ്രതിഷേധിക്കും.. പിന്നീട് അതൊക്കെ ഒരു തമാശയായി തോന്നിത്തുടങ്ങി.. തൻ്റ്  കയ്യിൽ എന്തെങ്കിലും വിശിഷ്ടമായി വന്നുചേർന്നാലുടൻ ഇത് എപ്പോൽ മറ്റുള്ളവരുടെ കയ്യിൽ എത്തും, അവർ അത് ഏതുരീതിയിലാണ് ഇപ്രാവശ്യം എന്നിൽ നിന്ന് കയ്ക്കലാക്കുക എന്നത് ഒരു കളിപോലെ നോക്കി നിൽക്കലാണ്


അതിനിടയിലാണ് ബ്ളസ്ലിയുടെ ഈ തോൽ വി. അതെൻ്റെ കണ്ണുകൾ നിറയിച്ചു. 

ദയയുടെ ഉറവിടം! സ്നേഹത്തേക്കാളും.. ത്യാഗമാണോ? വിട്ടുകൊടുക്കലാണോ? 

അങ്ങിനെ ആയിരിക്കട്ടെ അത്..

എന്നിൽ അത് പ്രത്യാശ നിറച്ചു. ജീവിതത്തോട്..


നന്ദി..

Saturday, April 30, 2022

ബ്ളോഗെന്ന കലാരൂപം.

 ഓം

പല നാളുകളായി ബ്ളോഗ് എഴുതിയിട്ട്. ബ്ളോഗിൻ്റെ ആയുസ്സൊക്കെ തീർന്നു എന്നു കരുതി നടക്കുകയായിരുന്നു. കഥയും കവിതയുമായി ഫേസ്ബുക്കും മറ്റും തഴച്ച് വളരുമ്പോൾ ബ്ളോഗുകൾ ഈ വിധം ആയിപ്പോയല്ലൊ എന്നൊക്കെ കരുതി..

പക്ഷെ ഇപ്പോൾ തോന്നുന്നു. ബ്ളൊഗെഴുതിയാലേ എനിക്ക് ഞാനാകാനാവൂ എന്ന്. കവിതയും കഥയും പോലെയൊക്കെ ഒരു കലാരൂപം അല്ലെ ഇതും.

മനസ്സിൽ തോന്നുന്നതൊക്കെ പകർത്തി വയ്ക്കാനാവുന്നതും ഒരു കലയല്ലെ?! അന്യം നിന്നുപോകില്ല, വീണ്ടും തിരിച്ചുവരും എന്നൊരു തോന്നൽ. ഏതിനും ഞാൻ തിരിച്ചു വരുന്നുണ്ട്..

പറയാൻ വന്നത് ജീവിതത്തെ പറ്റി തന്നെ. ജീവിതം ഒരു നാടകമായും നാമൊക്കെ അതിലെ കഥാപാത്രങ്ങളായും കണ്ട് ജീവിക്കാനൊക്കെ ഏതോ മഹാന്മാരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് പറയുവാനുള്ളത് ജീവിതം ഒരു നാടകം ആണ് പക്ഷെ അതിലെ കേന്ദ്രകഥാപാത്രം നാമാണെന്ന് കരുതാതെ ജീവിക്കുക. പല പ്രശ്നങ്ങളും അവിടെ തീരുന്നു..

മറ്റാരോ അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ രചിക്കുന്ന ഒരു കഥയിലെ പ്രധാനമല്ലാത്ത ഒരു വേഷം ആണ് എൻ്റേത് എന്നുകരുതി ജീവിക്കുക.

അങ്ങിനെ ജീവിക്കുന്നവരാണ് യധാർത്ഥത്തിൽ ജീവിതം ആസ്വദിച്ച് ജീവിക്കുന്നവർ. അപ്രധാന കഥാപാത്രങ്ങൾ നായികാ നായകന്മാരെയല്ല ജീവിതം ആസ്വകിക്കുന്നത്..

ബാ ദാ അവിടെ 

ഇത്രയും എഴുതവെ ഉറങ്ങിപ്പോയി!!

നാളെ ബാക്കി എഴുതാൻ ശ്രമിക്കാം..




Monday, April 4, 2022

ഉദ്ധവഗീത

 മഹാഭാഗവതത്തിലെ പതിനൊന്നും പന്ത്രണ്ടും അദ്ധ്യായങ്ങളിൽ ഭഗവാൻ്റെ സ്വർഗ്ഗാരോഹണത്തിനു കാരണമായ കഥയും , വസുദേവ നാരദ സംവാദവും-അതിൽ നാരദമഹർഷി നിമിമഹാരാജാവിന് നവയോഗികൾ നൽകിയ ഭാഗവധ ധർമ്മത്തെ പറ്റി വസുദേവർക്ക് പറഞ്ഞുകൊടുക്കുകയാണ്. അത് വളരെ നല്ല ഒരു സന്ദേശം ആണ്. 

വേദങ്ങളുടെ സാരാംശമായി തോന്നുന്ന ചില ഉപദേശങ്ങൾ

പിന്നീട് സ്വർഗ്ഗാരോഹണം അടുക്കുമ്പോൾ ഭഗവാൻ വിടചൊല്ലാൻ തുടങ്ങുമ്പോൾ ഉദ്ധവർക്ക് ദുഃഖം അടക്കാനാവാതാവുകയും ഭഗവാനോട് തന്നെ പിരിഞ്ഞു പോകരുത് എന്നപേക്ഷിക്കയും ചെയ്യുന്നു. അപ്പോൾ ഭഗവാൻ ഉദ്ധവർക്ക് നൽകുന്ന ഉപദേശമാണ് ഇവിടെ എഴുതാൻ വന്നത്. 

ഭഗവാൻ തന്നെ നേരിട്ട് ഉപദേശിക്കയും അത് അദ്ദേഹം തന്നെ നമുക്ക് തന്ന ജീവിതം എങ്ങിനെ അഭിമുഖീകരിക്കണം എന്നതിനെപ്പറ്റി അദ്ദേഹം തന്നെ  പറഞ്ഞു തരുന്നതാകകൊണ്ട്  അത് ഹൃദ്യവും ഉപകാരപ്രദവുമായി തോന്നി. .

മനസ്സിൽ തോന്നിയിരുന്ന പല സംശയങ്ങളും ദുരീകരിച്ചപോലെ.. ഇതു കൂടുതൽ മനസ്സിലാക്കിയാൽ ജീവിതമാകുന്ന ഈ മായ എന്താണെന്നും എങ്ങിനെ അഭിമുഖീകരിക്കണം എന്നുമൊക്കെ മനസ്സിലാവുമെന്ന തോന്നൽ..


ആദ്യമായി ഭഗവാൻ ഉദ്ധവരോട് പറയുന്നത്ഃ

ഞാനെന്നും എൻ്റേതെന്നുമുള്ള ഭാവം നിശ്ശേഷം കൈവെടിഞ്ഞ് നാരായണാശ്രമമെന്ന് പ്രസിദ്ധമായ ശ്രീബദരീകാശ്രമത്തിൽ ചെന്ന് സന്യാസത്തിലൂടെ (സാധനകൾ ഒക്കെ ചെയ്ത് മുക്തി നേടാനാണ്

അപ്പോൾ ഉദ്ധവർ ചോദിക്കുന്നു

ഭഗവാനേ ഇത്രനാളും എൻ്റേതെന്ന് കരുതിയതെല്ലാം എങ്ങിനെയാണ് ഒന്നായി ഉപേക്ഷിക്കാനാവുക? അതിനു ഞാൻ എന്താണ് ചെയ്യേണ്ടത്? ഏതൊരു ജ്ഞാനം ആർജ്ജിച്ചാലാണ് അതിനുള്ള തീവ്ര വൈരാഗ്യം ഉണ്ടാവുക?!

ഭഗവാൻഃ-ഉദ്ധവ, ഇവിടെ കണ്ണുകൊണ്ട് കാണൂന്നതും ചെവികൊണ്ട് കേൾക്കുന്നതും മനസ്സുകൊണ്ട് വിചാരിക്കുന്നതുമായ എല്ലാ കാര്യങ്ങലും കേവലം ഇല്ലാത്തതാണ്. എല്ലാം ഉണ്ടായി മറയുന്നവയാണ്. ഇല്ലാത്തതൊക്കെ ഉള്ളതായീ തോന്നുന്നതുകൊണ്ടാണ് ഇല്ലാത്ത ബന്ധമുണ്ടായി തീരുന്നത്. ഇല്ലാത്തതിനെ ഇല്ലാത്തതായി ക്ണ്ടാൽ പിന്നെ എന്തു ബന്ധമാണ്?

ജിജ്ഞാസുവായ ഒരാൾക്ക് താൻ തന്നെയാണ് ഗുരു. ലോകത്തിലുള്ള സംഭവങ്ങളെ വിചാരം ചെയ്തു തൻ്റെ അനുഭവത്തോട് കൂട്ടിയോജിപ്പിച്ച് നോക്കി ചെന്തിക്കുമ്പോൾ അറിയാൻ വയ്യാത്തതായി ഒന്നും തനെൻ ഇല്ല.

ഉദാഹരണത്തിന് ഞാൻ ഒരു കഥ പറയാം..

ഭഗവാൻ അവധൂതഗീത-അവധൂതൻ്റെ 24 ഗുരുക്കന്മാരെ പറ്റി പറയുന്നു_

ഒരിക്കൽ യദുചക്രവർത്തി കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ പരമസിദ്ധനായ ഒരു അവധൂതനെ കണ്ടുമുട്ടി. അദ്ദേഹത്തിൻ്റെ ആനന്ദഘനീഭൂതമായ അവസ്ഥയെക്കണ്ട ചക്രവർത്തി ആശ്ചര്യഭരിതനായി, ചോദിക്കുന്നു, “ഭഗവൻ ഞങ്ങൾ  ആനന്ദത്തിനു വേണ്ട് ഈ  ലോകത്തിലുള്ള സകല വസ്തുക്കളൂം അന്വേക്ഷിച്ചലയുന്നു, അങ്ങ് ഇതൊന്നിൻ്റേയും സഹായമില്ലാതെ ആനന്ദമത്തനായി ജീവിക്കുന്നു? എന്താണ് ഇതിൻ്റെ രഹസ്യം?  

ഉത്തരമായി അവധൂതൻ പറയുന്നു, എൻ്റെ ഈ അനന്ദത്തിനു ഞാൻ എൻ്റെ 24 ഗുരുക്കന്മാരോട് കടപ്പെട്ടിരിക്കുന്നു..(അദ്ദേഹം പ്രകൃതിയിലെ 24 ജീവജാലങ്ങളെ നിരീക്ഷിച്ചാണ് ജ്ഞാനം കൈവരിച്ചത്)

അത് അദ്ദേഹം ഓരോന്നായി വിവരിക്കുന്നു.


അവധൂതഗീത മഹാഭാരതത്തിന്റെ ഒടുവില്‍ ആണ് അവധൂതഗീത ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീഷ്ണന്‍ സ്വര്‍ഗ്ഗാരോഹണത്തിന് മുന്‍പ് തന്റെ പ്രിയഭകതന്‍ ഉദ്ധവരോടൊപ്പം കുറച്ചു സമയം പങ്കിടുന്നു. ഉദ്ധവര്‍ക്ക് ശ്രീകൃഷ്ണനെ പിരിയുന്നതിന്റെ വിഷമത്താൽ മനസ്സ് അടക്കാന്‍ കഴിയുന്നില്ല, ആകെ അസ്വസ്ഥമായി കാണപ്പെട്ടു. അപ്പോൾ ഉദ്ധവരെ സമാധാനിപ്പിക്കാനായി ശ്രീകൃഷ്ണന്‍ മനസ്സിനെ അടക്കാന്‍ കുറേ ഉപദേശങ്ങള്‍ നല്കുന്നു. അതില്‍ ഉള്‍പ്പെടുന്നതാണ് അവധൂത ഗീതാ കഥയും (തന്റെ പൂര്‍വ്വപിതാമഹനായ യുദുരാജാവിനു ജ്ഞാനം കൈവന്ന കഥ) അവധൂതഗീത ഇങ്ങിനെ, ഒരിക്കല്‍ യദു മഹാരാജാവ്‌ നായാട്ടിനായി കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ വച്ച് ദത്തത്രേയന്‍ എന്ന ഒരു മുനിയെ സന്ധിക്കുവാന്‍ ഇടയായി. ദത്തത്രേയമുനിയില്‍ വിളയാടുന്ന ശാന്തിയും സൌന്ദര്യവും ദര്‍ശിച്ച മഹാരാജാവ്‌ മുനിയോട്, ‘ലൌകീകസുഖങ്ങളില്‍ നിന്നൊക്കെ അകന്ന് വനത്തിലെ ഏകാന്തതയില്‍ കഴിയുന്ന അങ്ങെയ്ക്ക് എങ്ങിനെ ഇത്ര സമാധാനവും സന്തോഷവും കൈവരുന്നു?’ എന്ന് ചോദിക്കുന്നു. അതിനുത്തരമായി ദത്തത്രേയന്‍ പറയുന്നു, "എന്റെ ഈ ആന്തരികാനന്ദത്തിന്റെ അറിവ് എനിക്ക്‌‌ സമ്മാനിച്ചതിന്‌ ഞാൻ 24 ഗുരുക്കന്മാരോട് കടപ്പെട്ടിരിക്കുന്നു'. എന്ന്. ആരൊക്കെയാണ്‌ ആ 24 ഗുരുക്കന്മർ? എന്ന് യദു രാജാവ് ചോദിക്കുമ്പോള്‍, ദത്തത്രേയന്‍, പറയുന്നു, 'പൃഥ്വി, വായു, ആകാശം, ജലം അഗ്നി എന്ന പഞ്ചഭൂതങ്ങളൂം, ചന്ദ്രന്‍, സൂര്യന്‍, സമുദ്രം, പെരുമ്പാമ്പ്, ഈയ്യാമ്പാറ്റ, മധുമഷിക, തേന്‍‌കൂട് സംരക്ഷിക്കുന്നവ, കൊമ്പനാന, മാന്‍, മത്സ്യം, മാടപ്രാവ്, പിംഗള, കുരരം എന്ന ഞാറപ്പക്ഷി, അതിശിശു കൊച്ചുകുഞ്ഞ്, കന്യകയായ കുമാരി, അമ്പു നിര്‍മ്മിക്കുന്നവന്‍, സര്‍പ്പം, വേട്ടാളന്‍, എട്ടുകാലി എന്നിവരാണെന്ന് ദത്തത്രേയന്‍ വെളിപ്പെടുത്തുന്നു. രാജാവിന് ആശ്ചര്യമായി. ദത്തത്രേയന്‍ കൂടുതല്‍ വിശദമാക്കുന്നു. കൊമ്പനാന, മാന്‍, മത്സ്യം, കുമാരി, മാടപ്രാവ്, പെരുമ്പാമ്പ്, ഈയ്യാമ്പാറ്റ,കുരരം എന്നീ എട്ട് ഗുരുക്കന്മാര്‍ ഇന്നതിന്നത് ഉപേക്ഷിക്കണമെന്ന് പഠിപ്പിച്ചു. മധുമഷിക, തേന്‍‌കൂട് സംരക്ഷിക്കുന്നവന്‍ പിംഗള എന്നീ മൂന്നു ഗുരുക്കന്മാര്‍ ഇന്നതിന്നത് തള്ളണമെന്നും കൊള്ളണമെന്നും പഠിപ്പിച്ചു. പൃഥ്വി, വായു, ആകാശം, ജലം, അഗ്നി എന്ന പഞ്ചഭൂതങ്ങളൂം ചന്ദ്രന്‍, സൂര്യന്‍, സമുദ്രം, അതിശിശു കൊച്ചുകുഞ്ഞ്, അമ്പു നിര്‍മ്മിക്കുന്നവന്‍, സര്‍പ്പം, വേട്ടാളന്‍, എട്ടുകാലി എന്നീ പതിമൂന്നുപേറ് ഇന്നതിന്നത് സ്വീകരിക്കണം എന്നത് പഠിപ്പിച്ചു.(Part-1)

സ്വീകരിക്കേണ്ട ഗുണങ്ങള്‍ മനസ്സിലാക്കിച്ച ഗുരുക്കന്മാര്‍ 1.ഭൂമി: ഭൂമിയില്‍ നിന്ന് ക്ഷമയും അചഞ്ചലതയും പഠിച്ചു. മനസ്സുറപ്പുള്ള ഒരു മനുഷ്യന്‍ ഒരിക്കലും സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കില്ല എന്ന പാഠം. തന്നെ വെട്ടിമുറിക്കുന്നവര്‍ക്ക് ആഹാരവും ദ്രോഹിക്കുന്നവരെപ്പോലും സംരക്ഷിച്ചും അചഞ്ചലയായി, നന്മചെയ്ത് ഭൂമി വര്‍ത്തിക്കുന്നു. 2. വായു: വായു പലയിടത്തും സഞ്ചരിക്കുന്നുവെങ്കിലും ഒരു പ്രത്യേകസ്ഥലത്തോടും പ്രത്യേക താല്പര്യത്തോടെ തങ്ങിനില്‍ക്കാതെ എല്ലായിടത്തും സഞ്ചരിക്കുന്നു. ഒന്നിനോടും പ്രത്യേക മമത വച്ചുപുലര്‍ത്താന്‍ പാടില്ലെന്ന് അത് പഠിപ്പിച്ചു. 3.ആകാശം: ആകാശത്തില്‍ മേഘശകലങ്ങളെ കാറ്റ് അങ്ങുമിങ്ങും പറപ്പിക്കുന്നു. കാർമ്മേഘങ്ങൾ തടിച്ചുകൂടി മഴപെയ്യിക്കുന്നു. മിന്നല്‍ പിണറുകളും ഇടിമുഴക്കങ്ങളും ഉണ്ടാകുന്നു. എന്നാല്‍ ആകാശത്തിന് ഇതൊന്നും ബാധകമല്ല. അത് ഒരേ നിലയില്‍ സ്ഥിതിചെയ്യുന്നു. സുഖദുഃഖാദികളിൽ ചഞ്ചലപ്പെടാതെ, എന്റെ മനസ്സും അപ്രകാരം ശാന്തമായി വയ്ക്കണം എന്ന് എന്നെ പഠിപ്പിച്ചത് ആകാശം ആണ്. 4. ജലം: തീര്‍ത്ഥസ്നാനം എല്ലാ മാലിന്യങ്ങളേയും കഴുകി ഒഴുക്കി കളഞ്ഞ്, നമ്മെ ശുദ്ധമാക്കുന്നു എന്നാല്‍. തീര്‍ത്ഥത്തിന് അത് മലിനത വരുത്തുന്നില്ല. എന്തും സഹിച്ചും അന്യന് പുണ്യം ചെയ്യാന്‍ എന്നെ പഠിപ്പിച്ചത് തീര്‍ത്ഥം ആണ്. 5. അഗ്നി: അഗ്നിയില്‍ എല്ലാ അഴുക്കുകളും പാഴ്വസ്തുക്കളും ദഹിപ്പിക്കുന്നു. എന്നാല്‍ അത് അഗ്നിയെ അശുദ്ധമാക്കുന്നില്ല. അതുപോലെയാണ് നമ്മുടെ ഉള്ളിലെ ആത്മാവ്. അതിനെ പുറമെയുള്ള മലിനതകള്‍ ബാധിക്കുന്നില്ല. അത് ശുദ്ധമായി തന്നെ നിലനില്‍ക്കും. 6. ചന്ദ്രന്‍: ചന്ദ്രന്‍ വൃത്താകൃതിയാണ്. എന്നാല്‍ ദിവസവും ഓരോരോ രൂപത്തിലാവുന്നു. ചെറുതും വലുതുമായി തോന്നുന്നത് സൂര്യന്റെ മാറ്റം കൊണ്ടുമാത്രം ആണ്. ഇതൊന്നും ചന്ദ്രന്റെ സ്വദസിദ്ധമായ അവസ്ഥയെ തെല്ലും ബാധിക്കുന്നില്ല. അതുപോലെ ദേഹത്തിന് ക്ലേശാദികള്‍ ഒന്നും ആത്മാവിനെ ബാധിക്കുന്നില്ല. 7. സൂര്യന്‍: സൂര്യന്‍ വ്യക്തനാവുമ്പോല്‍ പകലും അവ്യക്തനാവുമ്പോള്‍ രാത്രിയും സംഭവിക്കുന്നു. ഈ പ്രപഞ്ചം തന്നെ ഉണ്ടെന്നു തോന്നുന്നത് മായയുടെ വൈഭവത്താലാണെന്ന് സൂര്യന്‍ മനസ്സിലാക്കി തന്നു. 8. സമുദ്രം സമുദ്രം ആഴമുള്ളവനാണ്. പുറമെ ശാന്തനും. അതുപോലെ പുറമേ ശാന്തനായി ഇരിക്കുക ഉള്ളിലെ ചിന്തകള്‍ അഗാധവും ബുദ്ധിപൂര്‍വ്വവും ആയിരിക്കണം. വര്‍ഷകാലത്ത് മാമലകളില്‍ നിന്നും കുതിച്ചു ചാടുന്ന അരുവികള്‍ക്ക് സമുദ്രത്തിന്റെ ശാന്തതയെ തകര്‍ക്കുവാനാവില്ല. അതുപോലെ മനുഷ്യരുടെ ബഹളങ്ങള്‍ക്കൊന്നും ആഴമുള്ള ചിന്തകന്റെ മനസ്സമാധാനം തകര്‍ക്കുവാനാവില്ല. . 9. കൊച്ചു കുഞ്ഞ്: മാനാവമാ‍നങ്ങള്‍ വിവേചിക്കാനറിയതെ സമ്പൂര്‍ണ്ണ നഗ്നനയി,മലമൂത്രവിസര്‍ജ്ജനം ചെയ്തും പാലിനുവേണ്ടി കരഞ്ഞും കഴിയുന്ന കാലം . അതിശിശുവാണ് മാനാപമാനബോധമില്ലാതെ ജീവിക്കാന്‍ പഠിപ്പിച്ചത് 10. അമ്പുണ്ടാക്കുന്നവന്‍: വളരെ ഏകാഗ്രത വേണ്ട ഒരു തൊഴിലാണിത്. സമീപത്ത് എന്തു നടന്നാലും അതിലൊന്നും ശ്രദ്ധിക്കാതെ ഏകാഗ്രതയോടെ അമ്പുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന ആളില്‍ നിന്നാണ് എനിക്ക് ഏകാഗ്രചിത്തത്തോടെ ധ്യാനം ചെയ്യേണ്ടതെങ്ങിനെ എന്ന് മനസ്സിലായത്. 11. സര്‍പ്പം: സര്‍പ്പത്തിന് സ്വന്തമായി വാസസ്ഥലം ഇല്ല (എലിയുണ്ടാക്കിയ മാളങ്ങളില്‍ കയറി കുറെ കാലം ഇരിക്കും ) സ്ഥിരമായി ഒരു വാസസ്ഥലം ഇല്ല. മനുഷ്യസംസര്‍ഗ്ഗം വെറുക്കുന്നു. എപ്പോഴും സംശയാലുവാണ്. ഒരു യോഗിയും ഇതിപോലെയൊക്കെയാണ് ജീവിക്കേണ്ടത് എന്ന് മനസ്സിലാക്കി തന്നു. 12. വേട്ടാളന്‍: വേട്ടാളന്‍ ഒരു പുഴുവിനെ പിടിച്ച് കൂട്ടില്‍ കൊണ്ടുപോയി ഊതി ഊതി തന്നെപ്പോലെയാക്കി എടുക്കുന്നു. അതുപോലെ നിഷ്ഠയോടെ ധ്യാനിച്ചാല്‍ തന്റെ ജീവാത്മാവിനെ പര്‍മാത്മാവില്‍ വിലയിപ്പിക്കാന്‍ സാധിക്കും 13. എട്ടുകാലി: താന്‍ തന്നെ സൃഷ്ടിക്കുന്ന വല ഒടുവില്‍ തിരിച്ച് ഉള്ളിലേയ്ക്ക് വലിച്ച് ഇല്ല്ലാതാക്കുന്നു. അതുപോലെ വിരാട് പുരുഷന്‍ താന്‍ സൃഷ്ടിച്ചതെയും ഒടുവില്‍ തന്നിലേയ്ക്ക് വിലയിപ്പിക്കുന്നു. (Part-2)

സ്വീകരിക്കേണ്ടവയും നിരാകരിക്കേണ്ടതുമായവ എന്തൊക്കെയെന്ന് മനസ്സിലാക്കിച്ചവര്‍. 14. മധുമഷിക: മധുമഷിക എന്ന തേന്‍ തുമ്പി പുഷ്പത്തില്‍ നിന്നും അതിന്‌ ഉപദ്രവം ഉണ്ടാക്കാതെ മൃദുവായി തേന്‍ ഊറ്റിയെടുത്ത് തനിക്ക് വേണ്ടുന്നതെടുത്തിട്ട് ബാക്കി കൂട്ടില്‍ സൂക്ഷിക്കുന്നു. 15. തേന്‍ കൂടു സൂക്ഷിപ്പികാരന്‍: മറ്റുള്ളവരെകൊണ്ട് എങ്ങിനെ അവര്‍ക്ക് ദ്രോഹം ചെയ്യാതെ ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യിക്കാം എന്ന് പഠിപ്പിച്ചു. തേന്‍ തുമ്പി അധികമായി ശേഖരിച്ചുവയ്ക്കുന്ന തേന്‍ തേന്‍ തുമ്പിയെ ഉപദ്രവിക്കാതെ സൂക്ഷിപ്പുകാ‍രന്‍ കൈവശപ്പെടുത്തുന്നു. 16. പിംഗള: പൂര്‍ണ്ണമായ വൈരാഗ്യബുദ്ധി പഠിപ്പിച്ചത് പിംഗള എന്ന് വേശ്യയാണ്. ഒരിക്കല്‍ അവള്‍ക്ക് സന്ദര്‍ശകര്‍ ഇല്ലാതിരുന്ന രാത്രിയില്‍ അവള്‍ തന്നെപറ്റിയും തന്റെ നീചമായ ജീവിതത്തെക്കുറിച്ചും ഒക്കെ ചിന്തിച്ച് ഒരുപാട് പശ്ചാത്തപിച്ച്. ഒടുവില്‍ മനഃപരിവര്‍ത്തനം വന്ന് ഇന്ദ്രിയനിഹ്രഹത്തിലൂടെ ആത്മജ്ഞാനം കൈവരിച്ചു. ശാന്തി നേടി. മുക്തിനേടാനുള്ള ആ വൈരാഗ്യബുദ്ധി പിംഗളയില്‍ നിന്നാണ് നേടിയത്.

ഉപേക്ഷിക്കേണ്ടതെന്തൊക്കെയാണെന്ന് മനസ്സിലാക്കിച്ച ഗുരുക്കന്മാര്‍.... 17. കൊമ്പനാന: കേവലയായ പിടിയാനയാല്‍ വമ്പനായ കൊമ്പനാന പെട്ടു പോകുന്നതു പോലെ, മോഹിനിയായ യുവസുന്ദരിയുടെ വശീകരണത്തില്‍ പെട്ടുപോയാല്‍ വീര്യവാനായ പുരുഷന്‍ തന്റേടവും കൈവിട്ട് സ്വധര്‍മ്മവും മറന്ന് ജീവിക്കാനിടവരും 18. മാന്‍:കാട്ടാളത്തിന്റെ ഈണത്തിലുള്ള കുഴലൂത്തില്‍ ആകൃഷ്ടരായി അടുക്കുന്ന മാനുകളെ അവര്‍ വേട്ടയാടി പിടിക്കുന്നു. അതുപോലെ ലൌകീകതയിലെ ഇമ്പങ്ങളില്‍ മതിമറന്ന് ആകൃഷ്ടരായാല്‍ നാശിക്കുമെന്ന പാഠം മാന്‍ പഠിപ്പിച്ചു. 19. മത്സ്യം: ഭക്ഷ്യവസ്തുക്കളോടുള്‍ല അത്യാര്‍ത്തിയാണല്ലൊ മീനിനെ ചൂണ്ടയില്‍ കുരുക്കുന്നത്. ഭക്ഷണങ്ങളോട് അമിതാസക്തി പാടില്ല എന്ന പാഠം മീനില്‍ നിന്നു മനസ്സിലാക്കി. 20. കുമാരി: ഒറ്റവളയിട്ട കുമാരി. തന്നെ പെണ്ണുകാണാനെത്തിയവര്‍ താന്‍ തനിച്ചാണെന്നറിയാതിരിക്കാന്‍ മറ്റു വളകളൊക്ക് ഊരിമാറ്റിയാണ് നെല്ലുകുത്തി, ആഹാരം പാകംചെയ്തതും മറ്റും. അവള്‍ ജീവിതത്തില്‍ വിജയിക്കയും ചെയ്തു. കൂടുതല്‍ കൂട്ടുകാരുമായി പ്രവര്‍ത്തിച്ചാല്‍ മത്സരബുദ്ധിയും ദുഃഖവും ഉണ്ടാകുമെന്ന പാഠം അവളില്‍ നിന്നാണ് മനസ്സിലാക്കിയത്. 21. മാടപ്രാവ്‌: അതിരുകവിഞ്ഞ സ്നേഹം പാടില്ല എന്ന പാഠം മാടപ്രാവില്‍ നിന്നാണ് പഠിച്ചത്. ഇണപ്രാവുകള്‍ കൂടുകൂട്ടി പരസ്പരം സ്നേഹിച്ചു ജീവിച്ചു. മുട്ടയിട്ട് കുഞ്ഞുങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ ഒരു വേടന്‍ വന്ന് കുഞ്ഞുങ്ങളെ വലയിലാക്കി, കൂട്ടിലിട്ടു. കുഞ്ഞുങ്ങളെ പിരിയാനുള്ള ദുഃഖം സഹിക്കാനാവാതെ അമ്മപ്രാവും കൂടെ അച്ഛന്‍പ്രാവും കൂട്ടില്‍ കയറി. വേടന്‍ സന്തോഷത്തോടെ വീട്ടിലേക്കും! 22. പെരുമ്പാമ്പ്‌: ഭക്ഷണത്തോട് പെരുമ്പാമ്പിന് തുല്യം മനോഭാവമാണ്. കിട്ടിയാല്‍ കഴിക്കും. കിട്ടിയില്ലെങ്കില്‍ വേണ്ട. പട്ടിണി കിടക്കും. രുചിയോ വലിപ്പച്ചെറുപ്പമോ നോക്കില്ല.കിട്ടുന്നത് ഭക്ഷിക്കും. ഭക്ഷണങ്ങളോട് അത്യാസക്തിയോ വിരക്തിയോ ഇല്ലാതെ സമചിത്തത പാലിക്കുന്നു. ഈ മനോഭാവമാണ് യോഗിക്കു പലതിനോടും വേണ്ടത്. 23. ഈയ്യാം പാറ്റ: സുന്ദരിമാരുടെ ലാവണ്യവിലാസഭംഗികള്‍ കണ്ട് ആകൃഷ്ടരായി അവരോടടുത്ത് ഒടുവില്‍ നശിക്കുമെന്ന പാഠം ഈയ്യാം പാറ്റകളില്‍ നിന്നാണ് മനസ്സിലാക്കിയത്. തീയുടെ ഭംഗികണ്ട് ഈയ്യാം പാറ്റകള്‍ എല്ലാം മറന്ന് അതില്‍ ചെന്ന് ചാടി ഒടുങ്ങുന്നു. 24. കുരരം: കാത്തുസൂക്ഷിക്കാനുള്ളവ അധികമായിപ്പോയാല്‍ അത് മറ്റുള്ളവര്‍ വന്ന് കൊന്ന് കൈക്കലാക്കും എന്ന പാഠംകുരരപക്ഷിയില്‍ നിന്ന് കിട്ടി. അതിന്റെ മാസം അധികമുള്ള ശരീരത്തില്‍ ആകൃഷ്ടരായി വേട്ടക്കാര്‍ തരം കിട്ടിയാലുടന്‍ അതിനെ കൊല്ലുന്നു. ഈ വിധം 24 ഗുരുക്കന്മാരില്‍ നിന്നുമാണ് താന്‍ ജീവിത പാഠങ്ങള്‍ , മന‍സ്സംയമനം ഒക്കെ വശത്താക്കിയത് എന്ന് യദുവിനോട് അവധൂതന്‍ വിവരിക്കുന്നു. ഇത് ഉദ്ദവരെ സമാധാനിപ്പിക്കാനും, ഉദ്ധരിപ്പിക്കാനുമായി ശ്രീകൃഷ്ണന്‍ പറഞ്ഞുകൊടുക്കുന്ന ഒരു കഥയാണ്.

ഭഗവാൻ അവധൂതൻ്റെ കഥ വിവരിച്ച് കഴിയുമ്പോൾ ഉദ്ധവർ വീണ്ടും ചോദിക്കുന്നുഃ


തുടരും....