Monday, December 3, 2018

സാഹചര്യങ്ങളുടെ അടിമകൾ

സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ എല്ലാ ജീവികൾക്കുമെന്നതുപോലെ മനുഷ്യർക്കും സ്വദസിദ്ധമായ കഴിവുണ്ട്. 

ഒരു മീനിനെ വലിയ പുഴയിൽ നിന്നും പിടിച്ച് ചെറിയ ഒരു പാത്രത്തിലെ വെള്ളത്തിൽ ഇട്ടാലും അത് ജീവൻ നിലനിർത്തും. ഒരു സിംഹത്തിനെ കാട്ടിൽ നിന്നു പിടിച്ച് കൂട്ടിലടയ്ക്കുമ്പോഴും അത് ആദ്യത്തെ അലറലൊക്കെ കഴിയുമ്പോൾ ജീവൻ നിലനിർത്താനായി, തന്നെ കൂട്ടിലടച്ചവരുടെ കയ്യിൽ നിന്നുതന്നെ ഭക്ഷണവും ദാഹജലവും സ്വീകരിക്കും. പിന്നീട് ഭക്ഷണത്തിനും ജീവനുമായി തന്നെ തന്നെ ബന്ധനസ്ഥനാക്കിയവൻ പറയുന്നതൊക്കെ അനുസരിക്കാൻ തയാറാവും.
മനുഷ്യർക്കും മനുഷ്യക്കുട്ടികൾക്കും  സ്ത്രീകൾക്കും ഒക്കെ ഈ പ്രകൃതം തന്നെയാണുള്ളത്.

ഒരു സമ്പന്ന കുടുംബത്തിലെ കുഞ്ഞിനെ കട്ടെടുത്തുകൊണ്ടുപോയി പീഢിപ്പിക്കുകയോ പിച്ചയെടുപ്പിക്കുകയോ ഒക്കെ ചെയ്താലും ആദ്യത്തെ കുറെ നാളത്തെ കരച്ചിലിനു ശേഷം തന്റെ ജീവൻ നിലനിർത്താനായി കുട്ടി തന്നെ നിയന്ത്രിക്കുന്നവർ പറയുന്നതനുസരിക്കും!

മനുഷ്യനു ചിന്തിക്കാൻ കഴിവുള്ളതാണ് അവന്റെ ഏറ്റവും വലിയ നേട്ടവും-കോട്ടവും/ഭാഗ്യവും-നിർഭാഗ്യവും. ചിന്തിക്കാൻ കഴിവില്ലാത്ത മൃഗങ്ങൾ തങ്ങൾക്ക് വന്നുഭവിച്ച ഈ ദുർവ്വിധിയെപറ്റി പെട്ടെന്ന് മറക്കുകയും ചിന്തിക്കാൻ കഴിവുള്ള മനുഷ്യർക്ക് ഒരു ജന്മം മുഴുവനുമെടുത്താലും തങ്ങളുടെ പൂർവ്വജീവിത സുഖങ്ങളെ ശീലങ്ങളെ മറക്കാൻ പ്രയാസവുമായിരിക്കും. അത്രകണ്ട് മനുഷ്യൻ തന്റെ അടിമത്തത്തിൽ ബന്ധനത്തിൽ വേദനിച്ച് ജീവിക്കയും ചെയ്യുന്നു. 

നാം തന്നെ ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്ത് ചേക്കേറുമ്പോൾ എത്ര സുഖസൌകര്യങ്ങൾ കൂടുതൽ ആ രാജ്യത്തുണ്ടായിരുന്നാലും നമ്മുടെ പൂർവ്വ ജീവിതസൌകര്യങ്ങൾ മറക്കാൻ കാലമെടുക്കും. അവിടെ നമുക്ക് നഷ്ടമായ സുഖങ്ങളും സ്നേഹങ്ങളും ഒക്കെ ഓർത്തോർത്ത് നാം ഏറെനാൾ മനംനൊന്ത് ജീവിക്കും.  അത്രയ്ക്ക് നാം സാഹചര്യങ്ങളെ ചുറ്റുപാടുകളെ ഇഷ്ടപ്പെടുന്നു. അവയുമായി താദാത്മ്യം പ്രാപിക്കുന്നു. നാം മാത്രമല്ല എല്ലാ ജീവികളും.

എത്രകാലം കഴിഞ്ഞാലും തന്റെ മാതൃരാജ്യത്തിലെ ആഹാരം വസ്ത്രം ഭാഷ ഒക്കെ നമുക്ക് ഗൃഹാതുരത്വം തരുന്നതും ഈ ഇണങ്ങിച്ചേരലിനാലാണ്. കുറേയേറെ വർഷങ്ങൾ മറ്റൊരിടത്ത് ജീവിക്കുമ്പോൾ നാം പതിയെ ആ ഭൂമിയെ, ചുറ്റുപാടുകളെ, ഭാഷയെ, രീതികളെ ഒക്കെ ഇഷ്ടപ്പെട്ട്,  അതിന് ഇണങ്ങും വിധം നമ്മെ രൂപപ്പെടുത്തിയെടുക്കുന്നു. 

പറഞ്ഞുവന്നത് സാഹചര്യങ്ങൽക്കനുസരിച്ച് മാറാൻ പറ്റുന്നവരാണ് എല്ലാ ജീവികളും എന്നത്രെ. 

സൂര്യപ്രകാശത്തിലേയ്ക്ക് വളരുന്ന ഒരു ചെടിയെ മാറ്റി വേറൊരിടത്ത് വച്ചാലും അത് വീണ്ടും അവിടെ സൂര്യനെ നോക്കി വളരും. കാരണം എല്ലാ ജീവികൾക്കും തങ്ങളുടെ ജീവനാണ് വലുത്. അത് നിൽനിർത്താനായി ആണ് അവർ ജീവിക്കുന്നത്; ആഹാരം കഴിക്കുന്നത്; സന്തോഷിക്കുന്നത്; ഒക്കെയും. 


മറ്റൊരു ജീവിയെ അതിന്റെ പാർപ്പിടത്തിൽ നിന്നും അകറ്റാനോ അവന്റെ അന്നം മുട്ടിക്കാനോ അവന്റെ സന്തോഷം കെടുത്താനോ കഴിവതും ശ്രമിക്കാതിരിക്കാം. കാരണം എല്ലാ ജീവനുകളും ആ വലിയ ജീവന്റെ അംശങ്ങൾ അല്ലെ!

No comments: