Monday, July 9, 2018

ഇന്നും കുളിക്കാൻ പറ്റിയില്ല. ആരും അറിയാൻ പോകുന്നില്ല. കാരണം എന്നെ ആരും നേരിൽ കാണാനോ അടുത്ത് ഇടപഴകാനോ ഇല്ലല്ലൊ, കുളിക്കാതെ തന്നെയാണ് പഴയവള കൊടുത്ത് ഒരു സ്വർണ്ണനാണയം വാങ്ങി ബാഗിൽ ഇട്ടത്. കാശിനു ബുദ്ധിമുട്ടുമ്പോൾ എടുത്ത് വിൽക്കാനായി.

രാവിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ കണ്ടു. പല നാളുകൾക്ക് ശേഷമാണ് അടങ്ങിയിരുന്ന് ഒരു സിനിമ ഒക്കെ കാണാൻ പറ്റുന്നത്! പണ്ടത്തെക്കാട്ടിലും ഉറക്കവും കിട്ടുന്നുണ്ട്. അതുകൊണ്ട് ഒരു സ്വർഗ്ഗീയ സുഖം അനുഭവിക്കുന്ന പ്രതീതി!

സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴേ എന്തൊക്കെയോ ജോലികൾ ചെയ്തുതീർക്ക്കാത്തപോലെ!
തീർന്നതിനുശേഷം താഴത്തെ കുഞ്ഞു റൂം ഒതുക്കി പെറുക്കി വൃത്തിയാക്കി
രണ്ട് മേശയുണ്ട്. ഒന്ന് തയ്ക്കാനും ഒന്ന് പെയിന്റിംഗും ഒരു കപ്പ്ബോഡ് നിറയെ സാരികളും. ഒന്ന് നിറയെ ബുക്കുകളും.. ചുരുക്കി പറഞ്ഞാൽ എന്റെ സമ്പാദ്യവും സ്വപ്നങ്ങളും ഒക്കെ ആ മെയിഡ്സ് റൂമിൽ ആണ്.

ഇപ്പോൾ മണി 12 ആയി. ഞാൻ ആ റൂമിലെ വെടുപ്പും എന്റെ കുഞ്ഞ് സ്വപ്നങ്ങളും ആരും കാണാതിരിക്കാൻ അത് പൂട്ടിയിട്ടാണ് മുകളിൽ വന്നിരിക്കുന്നത്.

മകളുടെ വിവാഹം കഴിഞ്ഞപ്പോൾ വലിയ ഒരാശ്വാസം! പാവം കുട്ടി. ജോലി കഴിഞ്ഞു വന്ന് ഒരു സ്വപ്നങ്ങളും ഇല്ലാതെ തളർന്ന് തനിച്ച് റൂമും അടച്ച് കിടന്നുറങ്ങുമ്പോൾ എനിക്ക് സന്തോഷിക്കാനാവില്ലായിരുന്നു. ഒരുതരം നിസ്സംഗത ആയിരുന്നു. ഞാൻ എപ്പോഴും ഇളയ ആളോടുകൂടിയായിരുന്നു. അവൾ രാത്രി 1,2 മണിവരെ പഠിക്കയോ വായിക്കയൊ ചെയ്യും. ഞാനും താഴെയായിരിക്കും.
ഇപ്പോൾ മൂത്തയാളെ ചെറുതായി മിസ്സ് ചെയ്ത് തുടങ്ങി. അവളുടെ സാധങ്ങൾ ഒക്കെ അവളുടെ റൂമിൽ കൊണ്ട് അടുക്കി വച്ചിട്ടുണ്ട്. അവൾ ഇടയ്ക്കിടെ വന്നുപോകുന്നതും ഒരാശ്വാസം!

അത്കാണുമ്പോഴും സ്വർഗ്ഗത്തിൽ ജീവിക്കുന്നപോലെ! കാരണം എനിക്ക് നിഷിദ്ധമായിരുന്നു ഈ സുഖങ്ങൾ! വിവാഹം കഴിഞ്ഞ് തീർത്തും അപരിചിതനായ ഭർത്താവിനോടും കുടുംബത്തോടുമൊപ്പം അന്യനാട്ടിലേയ്ക്ക് പ്ലയിൻ കയറിവന്ന താൻ! മുക്കാലും മരിച്ചിരുന്നു ആ യാത്രയ്ക്കിടയിൽ .
ബാക്കി കാൽഭാഗം അന്യനാട്ടിൽ കാലുകുത്തി ആദ്യ ആഴ്ച്ചയിൽ തീർന്നിരുന്നു. 23 ആമത്തെ വയസ്സിൽ സ്വപ്നങ്ങളൊക്കെ നഷ്ടപ്പെട്ട് പകച്ച് നിന്ന പെൺകുട്ടി! പെൺകുട്ടികൾ സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്ന പ്രായം!

ആരും ഒന്നും പറഞ്ഞുതരാനോ പരിചയപ്പെടുത്തി തരാനോ ഇല്ലാതെ, തൊട്ടതെല്ലാം കുറ്റം. പെറ്റുവളർത്തിയവർ കുറ്റക്കാർ ചീത്ത.. അങ്ങിനെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്രാപ്പിൽ വീണുപോയി. ഒരുവർഷത്തിനകം ഒരു സന്യാസിനിയുടെ നിസ്സംഗതയും വിരക്തിയും വന്നുചേർന്നിരുന്നു. വിധിക്ക് വിട്ടുകൊടുത്ത് ജീവിച്ച ജീവിതം..

ഇന്ന് കൊച്ച് ജീവിതമാണെങ്കിലും എന്റെ മക്കൾക്ക് ഞാനുണ്ട്. അവരെ ആരും അടിമയാക്കില്ല. അവർക്ക് വിദ്യാഭ്യാസവും ജോലിയും ഉണ്ട്. അവരുടെ തണലിൽ എന്നെ ആരും ഇനി ഭരിക്കാനും വരില്ലെന്ന് പ്രത്യാശിക്കാം.

അതെ, ഒടുവിൽ ഈ വൈകിയ വേളയിൽ, ഞാൻ സ്വാ‍തന്ത്ര്യമെന്തെന്ന് അറിയുന്നു! അനുഭവിക്കുന്നു! ഇതെഴുതുമ്പോഴും ഉള്ളിൽ ആ ഭയാനകത! അനുഭവിച്ച അടിമത്തത്തിന്റെ കയ്പ്പും ഭയവും. ഇല്ല , ഇനിയൊരിക്കലും അതിനിടവരാതിരിക്കട്ടെ!

ഇപ്പോൾ മറ്റൊരു സത്യം കൂടി അറിയാം. എന്നെ ആരും യഥാർദ്ധത്തിൽ സ്നേഹിക്കാൻ ഇല്ല എന്ന്! ഓരോരുത്തരും ഓരോ ലക്ഷ്യങ്ങളെ ആണ് സ്നേഹിക്കുന്നത്. ലക്ഷ്യങ്ങളില്ലാത്തെ എനിക്ക് ഒന്നും തന്നെയില്ല സ്നേഹിക്കാൻ. അതിനാൽ ഞാൻ എന്നെതന്നെ സ്നേഹിക്കുന്നു.

വെറുതെ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് നടക്കുന്നതല്ല ശരിക്കും സ്നേഹം!
നമുക്ക് വേണ്ടി ആരെങ്കിലും ഒരല്പ സമയം മാറ്റിവയ്ക്കയോ, ഒരു നല്ല വാക്ക് പറയാൻ തുനിയുകയോ, ഒരു സമ്മാനം തരികയോ, നമുക്ക് പ്രിയപ്പെട്ട എന്തെങ്കിലും നമ്മുടെ സന്തോഷത്തിനായി ചെയ്യാൻ തുനിയുകയോ ചെയ്യുന്നതാണ് സ്നേഹം! അത് ഈ ജന്മം എനിക്ക് വിധിച്ചിട്ടില്ല.

അങ്ങിനെ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാനാവുമോ എന്നതാണ് ഇപ്പോഴത്തെ എന്റെ സംശയം! ഓരോരുത്തരും അവരവർക്കു വേണ്ടി തന്നെയല്ലെ മറ്റുള്ളവരെ സ്നേഹിക്കുന്നത്?!

അപ്പോൾ അവനവനെ സ്നേഹിക്കാൻ ഏറ്റവും ബെസ്റ്റ് അവനവൻ തന്നെയാണ്. ഓരോരുത്തർക്കും സ്വയം  അറിയാനും അവരവരുടെ സ്വപ്നങ്ങൾ എന്തെന്നറിഞ്ഞ് അതിനായി പരിശ്രമിക്കാനും കഴിയുമാറാവട്ടെ!

ആത്മ

No comments: