Saturday, May 19, 2018

പായസപുരാണം..


എനിക്ക് ഞാന്‍ ജീവിക്കുന്ന ചുറ്റിനും നടക്കുന്ന ചില മനുഷ്യസ്വഭാവങ്ങളെപറ്റിയേ അറിയാവൂ..
ഞാന്‍ അത്ര വിശാലമനസ്ക്കയൊന്നും അല്ല എങ്കിലും ലോകത്തിലുള്ള എല്ലാവരും സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും സല്‍‌സ്വഭാവത്തോടെയും സഹവര്‍ത്തിത്വത്തോടെയും ഒക്കെ ജീവിക്കണം എന്നു അകമഴിഞ്ഞ് ആഗ്രഹിച്ച് ജീവിച്ച് തളര്‍ന്നുപോയ ഒരു ആത്മാവിന് ഉടമയാണ്. ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ ഒന്നും ഇല്ല. വലിയവരും നല്ലവരും എന്നു നടിക്കുന്നവരിലാണ് മേല്പറഞ്ഞ് ഗുണങ്ങള്‍ ഒക്കെ ദുര്‍ല്ലഭമായിക്കൊണ്ടിരിക്കുന്നത്.

ഇത്രയും എഴുതാന്‍ കാരണം ഒരു പായസം വയ്പ്പിന്റെ  നിഷ്ക്കളങ്കമായ വളര്‍ച്ചയും അതിദാരുണമായ അധഃപ്പതനം ഓര്‍ത്തപ്പോള്‍ ആണ്!

ഞാന്‍ നല്ല ഒന്നാന്തരം അടപ്രഥമന്‍ എങ്ങിനെയോ വച്ചു ശീലിച്ചു. ഒരു പത്തിരുന്നൂറുപേര്‍ക്ക് കുടിക്കാന്‍ ഉള്ള അളവിലൊക്കെ വയ്ക്കാന്‍ ശീലിച്ചു. വയ്ച്ച് കൊടുക്കയും ചെയ്യുമായിരുന്നു. ഈ സല്‍‌പ്രവര്‍ത്തി അത്യന്തം ഗോപ്യവും ഇരുചെവി അറിയരുതെന്നും എന്റെ ചുറ്റിനുമുള്ളവര്‍ വളരെ ഗൂഢമായി ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നതിനാല്‍ എന്റെ പായസം വയ്പ്പും അത് കുടിക്കുന്നവരുടെ നന്ദിയും ഒന്നും തന്നെ പുറത്തുവരാതെ കാലത്തിനുള്ളില്‍ മറഞ്ഞുതന്നെ കിടന്നിരുന്നു.  എങ്കിലും സത്യം സത്യമല്ലാതാവില്ലല്ലൊ.

ഞാന്‍ പായസം വയ്ച്ച് എന്റെ അമ്മായിയുടെ കുടുംബ ഓണസദ്യയില്‍ കൊണ്ടുവിളമ്പാന്‍ അനുവാദം ലഭിച്ചു. പിന്നീട് ഭര്‍ത്താവ് ജോലിചെയ്യുന്ന സ്ഥാപനത്തിലെ പത്തന്‍പത് പേര്‍ക്കും വിതരണം ചെയ്തുവന്നു.  ഈ സംഭവം ഇരുചെവി അറിയാത്തതുകൊണ്ടും, എനിക്കത് പ്രത്യേക പദവി ഒന്നും തരാത്തതുകൊണ്ടും കുറേ കാലമായി തുടന്നു പോരുന്നു.

എങ്കിലും ഈ പായസം വയ്പ്പ് സ്ത്രീകളില്‍ എന്നെപ്പറ്റി ഒരു സ്നേഹം വളര്‍ത്തിയില്ല എന്നുമാത്രമല്ല. ഓരോരുത്തരും അതിന്റെ രുചി ആസ്വദിക്കുന്നതിലും കേമമായി അസൂയയോടും അപമാനത്തോടും മത്സരബുദ്ധിയോടും അടിച്ചമര്‍ത്തല്‍ മനസ്ഥിതിയോടുമൊക്കെയാണ് നേരിട്ടത്!
ഈ പറഞ്ഞ നെഗറ്റീവ് വികാരങ്ങള്‍ വളര്‍ത്താനല്ല ഞാന്‍ പായസം വയ്ച്ചത്.
അതുകൊണ്ടുതന്നെ ഈ വക വികാരങ്ങള്‍ കാണെക്കാണെ എനിക്ക് പായസം വയ്ക്കാനുള്ള അഭിലാഷം തീരെ അസ്തമിക്കയും, ഇപ്പോഴത്തെ യുഗത്തില്‍ കേറ്ററിംഗ് തന്നെയാണ് അഭിലക്ഷണീയം എന്നും സമ്മതിച്ച് കാലത്തിന് അടിയറവ് സമ്മതിച്ച് തളര്‍ന്നിരിക്കയാണ്.

എനിക്ക് പായസം മാത്രമല്ല, നല്ല ഒന്നാന്തരം അവിയലും സാമ്പാറും പുളിശ്ശേരിയും ഒക്കെ ഉണ്ടാക്കാനറിയാം. എങ്കിലും എനിക്ക് ആരെയും സല്‍ക്കരിക്കാന്‍ അനുവാദമില്ല. കാരണം എനെ സഹായിക്കാന്‍ ആരും ഇല്ലാ എന്ന കാരണം കൊണ്ടുതന്നെ.അത് അങ്ങിനെ തന്നെ വേണം താനും എന്നാണ് ഓരോരുത്തരുടേയും നിര്‍ബ്ബന്ധം. അത് കണ്ട് സന്തോഷിക്കുന്നവരുടെ സന്തോഷം കെടുത്താന്‍ എന്റെ രക്ഷിതാവിന് സമ്മതവും അല്ല.  ഈ കുടുമ്പം?ത്തിന്റെ ഒരു ചട്ടമാണ്. ഓരോരുത്തര്‍ക്ക് ഓരോ പദവി നല്‍കി തമ്മിലടിക്കാതെ പിടിച്ചുനിര്‍ത്തിയിരിക്കയാണ്. അതിഥിസല്‍ക്കാരം എന്നെക്കാള്‍ വളരെ ജൂനിയര്‍ ആയ ഒരു മിടുക്കി ആക്രാന്തത്തോടെ കൈക്കലാക്കി നടക്കയാണ്. അതവളുടെ കുത്തകയായിട്ടെടുത്തിരിക്കയാണ്. മൂത്തവരെ ബഹുമാനിക്കാനും മതിക്കാനും ഒക്കെ മറന്ന് അപമാനിക്കാനും അവഹേളിക്കാനും പരിശീലിച്ച ഒരു തലമുറ! ഇതിനകം പലതും വിട്ടുകൊടുത്ത്, വിട്ടുകൊടുത്ത് ശീലിച്ച ഞാന്‍ സര്‍വ്വവും നഷ്ടപ്പെട്ടാലും ശ്രീബുദ്ധനെപ്പോലെ ചിരിക്കാനും ശീലിക്കുന്നു.

ഇത്തരുണത്തില്‍ ഞാന്‍ മറ്റൊരു നഗ്ന സത്യം പറഞ്ഞോട്ടെ,
നമുക്ക് നാലുക്കൊപ്പം ജീവിച്ച് നാലുക്കൊപ്പം സന്തോഷിച്ച് സഹകരിച്ച് ജീവിക്കാനാവുമെങ്കില്‍ അതാണ് നമുക്കും ഭാവിതലമുറയ്ക്കും നന്ന്.
കാരണം, മറ്റുള്ളവരെ വെല്ലാനെന്നു കരുതി ആക്രാന്തപ്പെട്ട് കുറേയധികം സമ്പാദിക്കയോ പല ബഹുമതികള്‍ കരസ്ഥമാക്കയോ ഒക്കെ ചെയ്താല്‍ നമ്മെക്കാളേറെ അത് നമ്മുടെ ഭാവി തലമുറയുടെ വളര്‍ച്ചയെ മുരടിപ്പിക്കും.

അവര്‍ ആ ബഹുമതികള്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണെന്ന് കരുതി തമ്മില്‍ പോരാടും, സമ്പത്ത് ഓരോരുത്തരും കൂടുതല്‍ കൈവശപ്പെടുത്താനാവാത്തതില്‍ നിരാശരായി പരസ്പരം മത്സരിക്കയും സ്നേഹശൂന്യരാവുകയും, വിദ്വേഷം വച്ചുപുലര്‍ത്തുകയും പരസ്പരം ബഹുമാനം ഇല്ലാതക്കയും ഒക്കെ ചെയ്യും.

ഭാവിതലമുറയ്ക്ക് സ്നേഹവും അറിവും ജീവിക്കാനുള്ള പരിശീലനവും ആവോളം നല്‍കുക. ഓരോരുത്തരും അവരവരുടെ കഴിവുകൊണ്ട് സമ്പാദിക്കയും സല്‍പ്പേരുണ്ടാക്കയും ഒക്കെ ചെയ്യട്ടെ. അപ്പോള്‍ പരസപരം മര്യാദ, ബഹുമാനം ഒക്കെ തോന്നി അവര്‍ സ്നേഹിച്ച് ജീവിക്കും.

No comments: