Monday, May 14, 2018

വീട്ടമ്മമാര്‍


എത്ര പ്രായം ചെന്നാലും മനുഷ്യര്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള വാഞ്ചന ശേഷിക്കും. എതുവിധേനയെങ്കിലും സ്നേഹിക്കണം, സ്നേഹിക്കപ്പെടണം. ലോകത്തിന്റെ മുന്നോട്ടുള്ള ഗതിയും മനുഷ്യരുടെ ഈ അടിസ്ഥാന സ്വഭാവത്തിനെ ആശ്രയിച്ചാവണം രൂപപ്പെടുന്നത്.
സഹജീവികളുടെ സ്നേഹം കിട്ടിയില്ലെങ്കില്‍ ലൌകീകമായ സുഖഭോഗങ്ങളെ സ്നേഹിക്കും. സ്നേഹം സുഖം ആനന്ദം ഇതുതന്നെയാണ് എല്ലാ മനുഷ്യരുടെയും സ്വഭാവം. ഇത് നേടുന്നതിനായി സ്വീകരിക്കുന്ന വഴികള്‍ തുലോഅം വ്യത്യസ്ഥമാണെന്നുമാത്രം.

മറ്റുള്ളവരെ ദ്രോഹിച്ച് നേടുന്ന സ്നേഹം , സുഖം ഒക്കെ ഒരാലെ ക്രൂരര്‍ ആക്കുന്നു.മറിച്ചാവുമ്പോള്‍ നല്ലവനും.

ദൈവത്തിന് ഇതില്‍ ആരെയാണ് ഇഷ്ടം എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. ഏതുവിധേനയും മറ്റുള്ളവരെ ദ്രോഹിച്ചും നശിപ്പിച്ചുമായാലും സ്വന്തം നിലനില്‍പ്പ് ഭദ്രപ്പെടുത്തുന്നവരാണോ അതോ മറ്റുള്ളവര്‍ക്കായി പലതും വിട്ടുകൊടുത്ത് വഴിമാറി സഞ്ചരിക്കുന്നവനാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടവന്‍ എന്നറിയില്ല.

പ്രകൃതിയാണ് ദൈവം എങ്കില്‍ തീര്‍ച്ചയായും അന്യോന്യം പൊരുതി ജയിച്ച് മുന്നേറുന്നവന്‍ തന്നെയാണ് ശരിയുടെ പാതയിലൂടെ ഗമിക്കുന്നത്..
അങ്ങിനെയാണെങ്കില്‍ ഞാനൊക്കെ പ്രകൃതിയുടെ/ദൈവത്തിന്റെ നിയമനങ്ങള്‍ അനുശാസിക്കാത്തവരാവും.

സമാധാനത്തോടെയുള്ള മറ്റുള്ളവരെ ദ്രോഹിക്കാതെയുള്ള സുഖവും സന്തോഷവും ആണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. എനിക്കത് കിട്ടിയില്ലെങ്കിലും കൈമോശം വന്നില്ലെങ്കിലും ഞാനത് അന്യായമായ രീതിയിലൂടെ നേടാന്‍ ശ്രമിച്ചിട്ടുമില്ല.

അപ്പോള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ഒരുപക്ഷെ ഞാന്‍ അലസയും അദ്ദേഹത്തിന്റെ നിയമങ്ങള്‍ അനുശാസിക്കാതെ മറ്റുള്ളവരോട് മത്സരിക്കാതെ, ഒഴിഞ്ഞുമാറിനടക്കുന്ന ഒരു ഭീരുവായിരിക്കാം.

അതെ, ഭീരുവായ ഒരു വീട്ടമ്മ. വീട്ടമ്മ എന്നത് ഒരു പദവിയോ, ഒരു ജോലിയോ ഒന്നും തന്നെയല്ല. അതും തീരെവിലയില്ലാത്ത ഒരു പേരാണ്. ജീവിതത്തിന്റെ മുക്കാലിലേറെ സമയവും മറ്റുള്ളവര്‍ക്കായി ഉഴച്ചിട്ടും ഒന്നും നേടാനാവാതെ, ഒന്നും ചെയ്തെന്ന് വരുത്താനാവാതെ മണ്ണടിയുന്ന ഒരു ജന്മം.

എന്റെ കൂട്ടുകാര്‍ സമൂഹത്തില്‍ പല പദവികളില്‍ ഉണ്ട്, ഒരുവള്‍ ഒരു ബാങ്ക് മാനേജര്‍, ഒരു മിടുക്കി വക്കീല്‍, മറ്റുരുവള്‍ ഹെഡ്മിസ്ട്രസ്സ് തുടങ്ങി ഡോക്ടര്‍ എജ്ജിനീയര്‍ പദവികള്‍ അലങ്കരിക്കുന്നവര്‍ വരെ ഉണ്ട്.  കാറൊക്കെ ഓടിക്കും, സ്വയം പര്യാപ്തത നേടിയവര്‍ മക്കളൊക്കെ അവരെക്കാളും വലിയ പദവികള്‍ അലങ്കരിക്കുന്നു, ലോകത്തിന്റെ എല്ലാ കോണിലും .  എങ്കിലും ആരും തന്നെ സംതൃപ്തരായി തോന്നിയിട്ടില്ല. പലരും ഭര്‍ത്താവിനോടൊപ്പമല്ല ജീവിക്കുന്നത്പോലും ചിലര്‍ പിരിഞ്ഞു, ചിലര്‍ അകന്നു കഴിയുന്നു. സ്വന്തം വഴിതേടിപോയവര്‍ക്ക് കുടുംബം നോക്കാനാവാതെ തളര്‍ന്നുപോയവരും ഏറെ. എയര്‍പോര്‍ട്ടില്‍ വളരെ ഉയര്‍ന്ന പദവിയില്‍ മാനേജര്‍ പോസ്റ്റില്‍ ഇരിക്കുന്ന ഒരുവള്‍.. കണ്ടപ്പോല്‍ അഭിമാനം തോന്നി. മുടി മുഴുവന്‍ നരച്ചിരിക്കുന്നും. എങ്കിലും മുഖത്ത് ചുളിവുകള്‍ വീണുതുടങ്ങിയിട്ടില്ല. മുടി ഡൈ ചെയ്യാത്തത് ഭര്‍ത്താവുമായി അകന്ന് അകലെ ജോലിചെയ്യുമ്പോള്‍ നാട്ടുകാര്‍ അപവാദം പറയാതിരിക്കാനും കൂടി ആണത്രെ. കഴുത്തില്‍ ഒരു രുദ്രാക്ഷമാലയും ഉണ്ട്. ഏതോ സിനിമയില്‍ കണ്ട് പ്രായം ചെന്ന നായികാ കഥാപാത്രത്തെപ്പോലെ.

അവളോട് സന്തോഷവതിയാണോ എന്ന് ചോദിക്കാന്‍ തന്നെ മടി തോന്നി. എങ്കിലും പറഞ്ഞു പലരും പല രീതിയിലൂടെ ഉയര്‍ന്നവര്‍ . ആ ഉയര്‍ച്ചക്കിടയില്‍ പലര്‍ക്കും പലതും കൈമോശം വന്നിട്ടുണ്ട് എങ്കിലും മറ്റു പലരെക്കാളും നമ്മളൊക്കെ മികച്ചവര്‍ തന്നെയാണ്.


(എന്നോട് സംസാരിച്ച് കഴിഞ്ഞ് പിറ്റേന്ന് ഒരു മെസ്സേജ് വന്നു. ആത്മ, കുറേ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെയാണ് മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാനായത്, നന്ദി. )

നമുക്ക് സ്വയം ആശ്വസിക്കാന്‍ ശ്രമിക്കാം. ഈ ഭൂമിയില്‍ ഇത്രകാലം ജീവിക്കാനായതില്‍ മക്കളെ പ്രസവിച്ച് വളര്‍ത്താനായതില്‍ , ശ്വസിക്കാനായതില്‍ പൂക്കളെയും കിളികളെയും പുഴകളെയും ഒക്കെ സന്ധിക്കാനായതില്‍. ഓരോ നിമിഷവും നമുക്ക് ദൈവത്തോടെ കടപ്പെട്ടവരായി ജീവിക്കാ‍ന്‍ ശ്രമിക്കാം..

ആത്മ

No comments: