Thursday, March 8, 2018

ഇവല്യൂഷനും സ്ത്രീകളും

എനിക്ക് ബ്ലോഗെഴുതാനും റ്റ്വിറ്ററില്‍ എഴുതാനുമേ തല്‍ക്കാലം അറിയാവൂ എന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള വരവാണ്. ഫേസ്ബുക്കാണ് ഇപ്പോള്‍ പ്രചാരം. അവിടെ ഒരു പിടിപാടുമില്ലാതാനും! എങ്കിപ്പിന്നെ പഴയപോലെ എന്റെ സ്വന്തം ബ്ലോഗില്‍ തന്നെ ശരണം പ്രാപിക്ക്കാം എന്നു കരുതി.

ഇന്ന് ഞാന്‍ വീടിടെ പരിസരം മുഴുവന്‍ വൃത്തിയാക്കി. എന്റെ കൂട്ടുകാരിയുടെ അമ്മ പെട്ടെന്ന് മരിച്ച വിവരം അറിഞ്ഞതില്‍ പിന്നെയാണ് യാന്ത്രികമായി വെളിയില്‍ ഇറങ്ങി പണി തുടങ്ങിയത്. ഇനി പ്രകൃതിയോടൊപ്പം എന്റെ  ദുഃഖം പങ്കിടാനുള്ള വെമ്പല്‍ ആയിരുന്നോ എന്നും അറിയില്ല. കാരണം ഈ മരണം എന്റെ അമ്മയുടെ മരണത്തെ പറ്റി എന്നെ ഓര്‍മ്മിപ്പിക്കയും അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങിയും ഇരുന്നു. അപ്പോഴാണ് ഈ ഗാര്‍ഡണ്‍ വൃത്തിയാക്കല്‍.

ഗാര്‍ഡണ്‍ എന്നൊന്നും പറയാനുള്ള ഭംഗിയില്ല. വളപ്പ് എന്നുവേണമെങ്കില്‍ പറയാം. നാട്ടിലെ കൂവ വാഴ നെല്ലി പുളിഞ്ചി പാരിജാതം, പിച്ചി മുല്ല ഒക്കെ അടങ്ങുന്ന ഒരു സസ്യസമുച്ഛയം  തന്നെ അവിടെയുണ്ട്. അവിടെ നമുക്ക് അധികമൊന്നും വികൃതമാക്കാത്ത പ്രകൃതിയെ കാണാനാകുമായിരുന്നു. അവിടെ ദിവസവും കുറെ  അണ്ണാനും മഞ്ഞക്കിളിയും മൈനകളും ഒക്കെ വരും. രാത്രി നരിച്ചീറുകളും അവയെ പിടിക്കാനായി പാമുകളും വരെ വന്നിട്ടുണ്ട്. ഗ്രാമത്തിലെ ഏതോ വീട്ടില്‍ താമസിക്കുകയാണെന്ന ഒരു തോന്നല്‍ ഉണ്ടാക്കി തരുന്നു ഈ ചെടികളും സസ്യങ്ങളും വന്യ ജീവികളും ഒക്കെക്കൂടി..

ഇന്ന് എല്ലാം വെട്ടിയൊതുക്കി. അവശ്യം വേണ്ടുന്നവ മാത്രം കോതിയൊതുക്കി നിര്‍ത്തി. മേല്‍പ്പറഞ്ഞ പാമ്പിനെ ഭയന്നുകൂടിയാണ് അധികവും വെട്ടിക്കളഞ്ഞത്. ദിവസം മുക്കാലും അതിനായി ചിലവാക്കി എന്നു വേണമെങ്കില്‍ പറയാം.

ഒടുവില്‍ മകള്‍ വന്നപ്പോള്‍ പറഞ്ഞു ‘നോക്കൂ മകളേ ഞാന്‍ വീടിനു വെളിയില്‍ ഒക്കെ വൃത്തിയാക്കിയിട്ടുണ്ട്.. ഒന്ന് ചുറ്റും നടന്ന അപ്പ്രീഷ്യേറ്റ് ചെയ്തിട്ട് വരൂ”…

അവള്‍ പാറഞ്ഞു, അമ്മേ ഇന്ന് നമ്മുടെ ദിവസം ആണ്. വിമണസ് ഡേ! നമ്മള്‍ആഘോഷിക്കേണ്ട ദിവസം.
ഞാന്‍ പറഞ്ഞു,  അതുകൊണ്ടാണ് ഞാന്‍ ചുറ്റുപാടുകളൊക്കെ വൃത്തിയാക്കിയത്.

അവളെ പ്രകോപിക്കണ്ട എന്നുകരുതി വിഷയം മാറ്റി.
നമുക്ക് കെ എഫ് സിയോ പിസയോ ഓഡര്‍ ചെയ്ത് ആഘോഷിക്കാം?

അവളും വെറുതെ പറഞ്ഞതാണ്. ഒരു വീടും അവിടെ ഒരമ്മയും സ്വകാര്യതയും ഉണ്ടെങ്കില്‍ പിന്നെ എന്തിനു വെളിയില്‍ അലയുന്നു..

അതെ!എനിക്കിപ്പോ എന്റെ പ്രത്യേകത, വില (ഈ ഭൂമിയിലെ) ഒക്കെ നന്നായി ബോധ്യം വന്നു തുടങ്ങീട്ടുണ്ട്. അതിന് ആരുടേയും പ്രീതിയോ അംഗീകാരമോ എന്നും വേണ്ട. ഭൂമി കറങ്ങുന്നതും സൂര്യന്‍ ഉദിക്കന്നതും കാറ്റ് വീശുന്നതും മഴ പെയ്യുന്നതും ഒന്നും ആരുടേയും അംഗീകാരത്തിനുവേണ്ടിയല്ലല്ലൊ, അതുപോലെ വീട്ടമ്മമാരും അടുത്ത തലമുറയ്ക്കായി, മനുഷ്യന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ജോലികള്‍, ത്വജിക്കുന്ന സുഖങ്ങള്‍ ഒക്കെ ആരെയും ബോധ്യപ്പെടുത്താനല്ല. സ്വയം അതില്‍ നിന്നും അറിയാതെ പ്രതിഫലം സന്തോഷമായി കിട്ടുന്നും ഉണ്ട്.

അതെ ഭൂമിയുടെ മനുഷ്യരുടെ ലനില്‍പ്പിന്റെ രഹസ്യം.. അതിന് പ്രകൃതി നിയമിച്ചതാണ് എന്നെപ്പോലെയുള്ളസ് സ്ത്രീകളെ!

No comments: