Sunday, December 17, 2017

സ്വതന്ത്ര

ബ്ലോഗെഴുത്തൊക്കെ അന്യാധീനപ്പെട്ടു എന്നു തോന്നുന്നു.
പണ്ടൊക്കെ മനസ്സില്‍ തട്ടുന്ന എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ ഓടിവന്ന് ബ്ലോഗില്‍ എഴുതി സമാധാനിക്കുമായിരുന്നു. ഇപ്പോള്‍ വളരെ ധീരമായി പലതും വെട്ടിത്തുറന്നെഴുതുന്ന പല പല സ്ത്രീകളെ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും കണ്ട് ആകപ്പാടെ ബേജാറായി ഇരിക്കയാല്‍ എഴുത്തൊന്നും ഇല്ല.
ഇതില്‍ കൂടുതല്‍ ഇനിയിപ്പോ ഞാനെന്തെഴുതാന്‍ എന്ന ഒരു നിലപാടില്‍.

പക്ഷെ എനിക്ക് എന്റെ താളുകളും മറിക്കാതെ തരമില്ലല്ലൊ,.
ജീവിതം അങ്ങിനെ ഇഴഞ്ഞും നീങ്ങിയും പിന്നെ ചിലപ്പോള്‍ ഉരുണ്ടും പറന്നും ഒക്കെ നീങ്ങുവല്യോ! ഇതൊക്കെ ചിലതെങ്കിലും എഴുതിവയ്ക്കാന്‍ ഒരാഗ്രഹം!

ഇന്നലെ എനിക്ക് യജമാനന്‍ ഒരു ഇന്‍ഡക്ഷന്‍ കുക്കറും ഒരു ഹോട്ട്പ്ലേറ്റും (ഇപ്പോള്‍ എന്നെ പരിചയമുള്ള ചിലര്‍ വായിക്കുന്നുണ്ടോ എന്ന സംശയം ഉള്ളതുകൊണ്ട് പഴയപോലെ വെട്ടിത്തുറന്ന് എഴുതാനും പറ്റുന്നില്ല) പിന്നെ കുറെ ഡുറിയാന്‍ പഴവും വാങ്ങിത്തന്നു, കൂടെ കൊണ്ടു നടന്നു.. ആദ്യം കുറച്ചുനേരം മുതലാളിത്തരമൊക്കെ കാട്ടി മുരടനായി നടന്നെങ്കിലും പിന്നെ അയഞ്ഞ് താഴെയിറങ്ങി നമ്മുടെ ലവലില്‍ ആയി.. നടന്നു

ഇന്ന്.. വീണ്ടും പഴയ മുതലാളി/രാഷ്ട്രീയ മോഡില്‍ ആയി. ഞാനിപ്പോഴും പഴയ ഞാന്‍ തന്നെയാണല്ലൊ. ഇന്നലെ ഒരു ദിവസം എന്നെ അവര്‍ക്ക് കമ്പനിക്ക് കൊടുത്തു അവര്‍ അത് മാക്സിമം ഇകഴ്ത്തിയും പുകഴ്ത്തിയും ഒക്കെ രസിക്കയും ചെയ്തു..
പക്ഷെ എനിക്ക് എന്നെ തിരിച്ചു വേണമല്ലൊ, ഇന്നലെ ഒരു ദിവസത്തേയ്ക്കല്ലെ ഞാന്‍ മുതലാളിയുടെ കൂട്ടുകാരിയായി കൂടെ നടന്നുള്ളൂ..

ഞാന്‍ മുതല്‍ലാളിയോടൊപ്പം നടന്ന ഷോപ്പിംഗ് മാളില്‍, മാര്‍ക്കറ്റില്‍ ഒക്കെ ഇന്ന് തനിച്ച് പോയി ഒന്നു കറങ്ങി, അല്പം ഡുറിയാനും ഒരു കൊച്ചു ബാഗും ഒക്കെ വാങ്ങി ദാ ഇപ്പോള്‍ തിരിച്ചെത്തിയതേ ഉള്ളൂ..

അത് തന്റേടം അല്ല. സ്വയം പര്യാപ്തത അല്ലെങ്കില്‍ സന്തോഷത്തിനു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കല്‍ എന്നൊക്കെ പറയാം. എന്റെ സന്തോഷം മറ്റുള്ളവരുടെ  മൂഡു/ഇടപെടല്‍ മാറുന്നതനുസരിച്ച് മാറിമറിയാനുള്ളതല്ലല്ലൊ! അതിന്റെ മേല്‍ എനിക്കു തന്നെ ഒരു കണ്ട്രോള്‍ വേണം. അത് തിരിച്ചുപിടിക്കാനായിരുന്നു ഈ അലച്ചില്‍.

ഒടുവില്‍ എനിക്ക് എന്നെ സ്വന്തമാക്കിക്കൊണ്ട് ഡുറിയാനും  ബാഗും മകള്‍ക്ക് ചിക്കന്‍ റസും നാളെ അവിയലും സാമ്പാറിനും ഉള്ള മലക്കറികളും ഒക്കെയായി തിരിച്ചെത്തിയപ്പോള്‍ നോ പരിഭവം റ്റു എനിബൊഡി.

മുതലാളി വീട്ടില്‍ ഉണ്ട്! മുഖം ഒരല്പം ഇരുണ്ടിട്ടുണ്ട്.. തെളിയിച്ചെടുക്കണമല്ലൊ അല്ലെങ്കില്‍ ഇനിയിപ്പൊ ആകെ കൊയപ്പം ആവും. നമ്മളെ സന്തോഷിപ്പിക്കാന്‍ നമുക്കാവും.മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ഡബിള്‍ എനര്‍ജ്ജി വേണ്ടിവരും..

ഹായ് മുതലാളി.. ചാ‍യ ഇടട്ടെ?
മുതലാളി നല്ല സന്തോഷം കിട്ടുന്ന ഒരു മീറ്റിംഗ് അറ്റന്റ് ചെയ്യാനുള്ള തത്രപ്പാടിലാണ്.
സാരമില്ല ക്ഷമിച്ചേക്കാം. കൂട്ടിയാലും കുറച്ചാലും ഹരിച്ചാലും ഗുണിച്ചാലും ഒക്കെ തനിക്കു തന്നെ ലാഭം എന്ന് ഉറപ്പ് വരുത്തിയിട്ട്,
ഓ. കെ. ഒരു കട്ടന്‍ ചായ ഇട്ട് തരൂ..
ഹൊ! ആശ്വാസമായി!
ഇനിയിപ്പോ എനിക്ക് എന്നെ ഗമ്പ്ലീറ്റ് ആയി കിട്ടും. ആരോടും വിരോധമോ കടപ്പാടോ ഒന്നും ഇല്ല

സര്‍വ്വത്ര സ്വതന്ത്ര!

സത്ഗുരുവേ ഞാനിതാ വരുന്നു.

സത്ഗുരു പറയുന്നത് ഭൂമിയിലെ ജീവജാലങ്ങള്‍ ഒക്കെ ആനന്ദത്തിനായാണ് ജീവിക്കുന്നതെന്നാണ്.  മറ്റുജീവികള്‍ക്ക് അല്പം ആഹാരം വെള്ളം തുടങ്ങി ഒക്കെ മതി സന്തോഷത്തിന്.  എന്നാല്‍ മനുഷ്യന്റെ സന്തോഷത്തിനായുള്ള ത്വര തുടങ്ങുന്നതുതന്നെ ഈ അടിസ്ഥാനപരമായ കാര്യങ്ങള്‍ കിട്ടിക്കഴിയുമ്പോഴാണ്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ നേടി നാം നമ്മെ സന്തോഷിപ്പിക്കാന്‍ നോക്കുന്നു. പണം, അധികാരം, സ്നേഹം, വിജ്ഞാനം എന്തിനധികം ഷോപ്പിംഗ് മാനിയ പോലും ഇത്തരത്തിലുള്ള സന്തോഷം തേടിയുള്ള പ്രയാണം ആണത്രെ!

സത്യം എന്തെന്നാല്‍, മനുഷ്യന് ഒരിക്കലും തൃപ്തനാകാന്‍ കഴിയില്ല എന്നതാണ്. അപ്പോള്‍ നമ്മുടെ ആഗ്രഹം നിയന്ത്രിച്ച് തൃപ്തികണ്ടെത്താനാകുന്നവര്‍ക്ക് മാത്രമേ ശാശ്വതമായി സന്തോഷിക്കാനാവൂ എന്ന് ചുരുക്കം.

ഞാനിനി അല്‍പം കഴിയുമ്പോള്‍ ഇപ്പോ ഈ കഴിച്ച ഡുറിയാന്‍ പോര, ഒരല്പം കൂടി വേണം എന്നു നിനയ്ക്കിലോ, വാങ്ങിയ ബാഗ് പോരാ ഇതിലും നല്ലതായിരുന്നെങ്കില്‍ എന്ന് വിചാരിക്കുന്നിടത്തുനിന്നും വീണ്ടും അതൃപ്തി തോന്നിത്തുടങ്ങും. അപ്പോള്‍.. നമ്മുടെ മനസ്സിനെ അനാവശ്യമായ ആഗ്രഹങ്ങള്‍ നേടി സന്തോഷം കണ്ടെത്തുന്നതില്‍ നിന്നും വയ്ച്ചാലേ ശാശ്വതമായ സന്തോഷം കിട്ടൂ.. അതെങ്ങിനെ?

നില്‍..

ബാക്കി ആ ബുക്ക് (Inner Engineering by Sadguru ) വായിച്ച് തീര്‍ത്തിട്ട് എഴുതാം

സസ്നേഹം ആത്മആരൊക്കെ വായിക്കുന്നോ, ആരെങ്കിലും വായിക്കുന്നുണ്ടോ എന്നൊന്നും അറിയാനാവുന്നില്ല. സാരമില്ല. എന്റെ ആ‍ത്മസംതൃപ്തിക്കായല്യോ ഞാന്‍ എഴുതുന്നത്.

4 comments:

സുധി അറയ്ക്കൽ said...

കൊള്ളാം.വായിക്കുന്നുണ്ട്‌.

ആത്മ said...

Thanks! :)

Anonymous said...

vaayikkunnundu.....

ആത്മ said...

Thanks!