Tuesday, November 21, 2017

യാത്രകള്‍ നല്‍കുന്ന ജീവിത പാഠങ്ങള്‍!


വല്ലാതെ ബോറഡിക്കുമ്പോള്‍ ചിലപ്പോ രാവിലെ ഒരു ചുരീദാറും ഇട്ട്, പതിവില്ലാത്ത്റ്റ ഒരു ബസ്സ് യാത്ര ഉണ്ട്. അല്പം അകലെ.. ഇന്ത്യാക്കാരുടെ പറുദീസയായ കൊച്ചുഭാരതത്തിലേയ്ക്ക്. അവിടെ ഭാരതത്തിലെ സകലപൊരുള്‍കളും കാണാം, വേണമെങ്കില്‍ വാങ്ങാം.. ഒന്നും വാങ്ങിയില്ലെങ്കിലും ഒരു ഇന്ത്യന്‍ മണം അടിക്കുമ്പോഴേ നാട്ടിലെത്തിയ നാട്ടിലെ ഏതോ പട്ടണത്തിലൂടെ നടക്കുകയാണെന്ന തോന്നലുണ്ടാവും ചുറ്റും അധികവും ഇന്ത്യാക്കാരും ആണ്. ഇന്ത്യയിലെ സകല ഭാഷയും കേള്‍ക്കാം.. കൂട്ടത്തില്‍ മലയാളവും. എങ്കിലും പുറത്തെ ചൈനീസും മലയ് ഭാഷക്കാരുടെയും ഇടയില്‍ ബധിരയും മൂകയുമായി ജീവിക്കുന്നതിലും എത്രയോ ഭേദം ആണ്..

അങ്ങിനെ യാത്ര തുടങ്ങിയതാണ്.. ബസ്സില്‍ ഇരുന്നപ്പോള്‍ വെറുതെ തോന്നി..
സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഭൂമിയിലെ ജീവിതത്തിന്റെ ഒരു ചെറിയ സമ്മറി തന്നെ ബസ്സിനുള്ളില്‍ അരങ്ങേറുന്നത് കാണാനാവും..

ഞാന്‍ കയറിയപ്പോല്‍ ബസ്സ് നിറയെ യാത്രക്കാരാണ്. ഓഹ് ഒരല്പം കഴിയുമ്പോള്‍ ആരെങ്കിലും ഒക്കെ ഇറങ്ങാതിരിക്കില്ല. അപ്പോള്‍ ഇരിക്കാന്‍ ഒരിടം കിട്ടും..
ഒരുപക്ഷെ ഇരിക്കാന്‍ ഇടം കിട്ടിയില്ലെങ്കിലും ബസ്സ് മുന്നോട്ട് , തന്റെ ലക്ഷ്യസ്ഥാനത്തേയ്കാണല്ലൊ കുതിക്കുന്നത്..അങ്ങിനെ ഒരറ്റത്ത് പിടിച്ച് നിന്നു. (മുന്നില്‍ ഒരു വലിയ പെട്ടിയാണ്. ബസ്സിന്റെ യന്ത്രങ്ങളൊക്കെ അതിനകത്താവാം. )
പുറകില്‍ ചില സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. ആണുങ്ങള്‍ ആണ് സൈഡില്‍. ഒന്ന് ചെറുപ്പക്കാരന്‍, ഒരു മദ്ധ്യവയ്സ്ക്കന്‍.. രണ്ടായാലും അവരോടൊപ്പം സീറ്റ് പങ്കിടാന്‍ തോന്നിയില്ല. അതിലും ഭേദം ഒറ്റയ്ക്ക് നില്‍ക്കുന്നതാണ്. തല്‍ക്കാലം ശരീരത്തിന് അസുഖം ഒന്നും ഇല്ലല്ലൊ!. നില്‍ക്കാം..

അപ്പോള്‍ ഒരു യുവതി എതിരിനുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. എല്ലാവര്‍ക്കും അഭിമുഖമായിരിക്കേണ്ടതാകയാല്‍ വേണ്ടെന്നു വച്ച സീറ്റില്‍ ആണ് ഇരിക്കുന്നത്.
ഫോണില്‍ കോണ്‍സന്റ്രേറ്റ് ചെയ്തിരിക്കയാല്‍ ആരെയും അഭിമുഖീകരിക്കേണ്ടതില്ലാത്തതിനാല്‍ അല്പം കൂള്‍ ആയി ഇരിക്കയാണ്.

പെട്ടെന്ന് ഞാന്‍ നിന്നതിന്റെ തൊട്ടുമുന്നില്‍ രണ്ട് പ്രായം ചെന്ന ആണുങ്ങള്‍ ഇരുന്നതില്‍ ഒരാള്‍ എണീറ്റ് പോയി. ഇനി ഒരാള്‍ ശേഷിക്കുന്നു. എതിരിനുള്ള സ്ത്രീ അവിടെ വന്നിരുന്നാല്‍ ഒരുപക്ഷെ, ബാക്കിയുള്ള അരമണിക്കൂര്‍ ഞാന്‍ നിന്നുതന്നെ യാത്രചെയ്യേണ്ടി വരും! അവരവരുടെ ആരോഗ്യവും നോക്കണ്ടേ!
ഞാന്‍ കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ആ സീറ്റില്‍ ഇരുന്നു. വയസ്സായ ആള്‍ക്ക് തെല്ലും അലോരസമുണ്ടാകാത്ത വിധത്തില്‍ ഭവ്യതയോടെയാണ് ഇരുന്നത്.
എതിരിനിരുന്ന യുവതിയുടെ മുഖം അല്പം ഒന്ന് വിളറിയോ! അവര്‍ കാലിന്മേല്‍ കാലുവച്ച് സ്വന്തം ഗൌരവും  നിലനിര്‍ത്തിയാണ് ഇപ്പോഴത്തെ ഇരുപ്പ്. എനിക്ക് തെല്ല് ജാള്യത തോന്നി. താന്‍ ദുരാഗ്രഹിയായ ഒരു ഇന്ത്യാക്കാരിയായി അവള്‍ക്ക് തോന്നിയോ എന്നൊരു ശങ്ക. ! അല്‍

അല്പം കഴിഞ്ഞപ്പോള്‍ തൊട്ടുമുന്നിലെ സിങ്കിള്‍ സീറ്റ് കാലിയായി. എനിക്കവിടെ വേണമെങ്കില്‍ സുഖമായി ചെന്നിരുന്ന് റിലാക്സായി യാത്രചെയ്യാം! വേണ്ട.. ആക്രാന്തം കാട്ടണ്ട. വേണമെങ്കില്‍ ആ യുവതി ഇരുന്നോട്ടെ. പക്ഷെ വളരെ പെട്ടെന്ന് മറ്റൊരു സീറ്റില്‍ ഇരുന്ന യുവതി ആ സ്ഥലത്ത് വന്നിരുന്നു.
അതോടെ എന്നോടുള്ള ഭാവം മാറി .. അവള്‍ ഒന്ന് പുഞ്ചിരിച്ചോ! ഞങ്ങള്‍ രണ്ടും വിഡ്ഢികള്‍ ആയോ!


നമ്മള്‍ കൂടുതല്‍ ദുരാഗ്രഹം കാട്ടുമ്പോള്‍ അതില്‍ പെട്ട് എത്രയോ ആള്‍ക്കാരുടെ കൊച്ച് കൊച്ച് ആഗ്രഹങ്ങള്‍ ആണ് ചവിട്ടി മെതിക്കപ്പെടുന്നതെന്നോ!

എന്റെ ഇടതുവശത്ത് വൃദ്ധര്‍ക്കും അബലര്‍ക്ക് വേണ്ടിയും ഒഴിച്ചിട്ടിരിക്കുന്ന സീട്ടില്‍ ഒരു വൃദ്ധന്റെ അരികില്‍ ഒരു ചെറുപ്പക്കാരി കുറെ സാധനങ്ങളും ആയി ഇരിപ്പുറപ്പിച്ചു. വൃദ്ധന് ഇറങ്ങാനാറായപ്പോള്‍ അവള്‍ ഒരു കൂസലുമില്ലാതെ അവിടെ തന്നെ ഒരല്പം ഇടം മാത്രം നല്‍കി ചരിഞ്ഞിരുന്നു. ആ സ്ത്രീ ഒരു നിമിഷം ഒന്ന് എണീറ്റ് നിന്നാല്‍ ആ പ്രായം ചെന്ന ആള്‍ക്ക് ഒരുവിധം നന്നായി സീറ്റിനിടയിലൂടെ വെളിയില്‍ വരാന്‍ പറ്റിയേനെ. ഇപ്പോള്‍ വളരെ ആയാസപ്പെട്ട് അയാള്‍ ആ സ്ത്രീയെ തട്ടാതെ മുട്ടാതെ ഒരുവിധം വെളിയില്‍ ഇറങ്ങി. ആ ചെറുപ്പക്കാരി കൂടുതല്‍ സ്വാതത്രയ്ത്തോടെ മുഴവന്‍ സീറ്റും കൈക്കലാക്കി യാത്ര തുടര്‍ന്നു. അവളെ നോക്കാന്‍ അറപ്പ് തോന്നി. സംസ്കാരം ഇല്ലാത്തവള്‍. ദയയില്ലാത്തവള്‍ ..

അല്പം കഴിഞ്ഞ് ഒരു സീറ്റ് പൂര്‍ണ്ണമായും കാലിയായപ്പോള്‍ ആ യുവതി അവിടെ ചെന്നിരുന്ന് ലാപ്ടോപ്പ് തുറന്ന് ഓഫീസ് വര്‍ക്കോ മറ്റോ പുനരാരംഭിച്ചു.

അതിനു മുന്നിലിരുന്ന അല്പം പ്രായം ചെന്ന ആള്‍ മറ്റുള്ളവരെ ഒന്നും അധികം ശ്രദ്ധിക്കാതെ സീറ്റില്‍ അമര്‍ന്ന് ഫോനും ഐപാഡും തമ്മില്‍ ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്ത്, സിനിമയോ മറ്റോ കാണാനുള്ള തുടക്കം ആണ്.

അടുത്ത സ്റ്റോപ്പില്‍ അടുത്തിരുന്ന  പ്രായം ചെന്ന ആള്‍ എണീറ്റു. ഞാന്‍ പെട്ടെന്ന് എണീറ്റ് നിന്ന് വഴിമാറിക്കൊടുത്ത്. എന്റെ ആ മര്യാദ കണ്ട് അയാള്‍ എനിക്ക് നനി പറഞ്ഞ് മുഖത്തേയ്ക്ക് നോക്കി. ഞാനും! എന്നെ അദ്ദേഹത്തിന്റെ സീറ്റില്‍ ഇരിക്കാന്‍ മൌനാനുവാദം നല്‍കിയതിന്..വല്ലാത്ത ഒരു ചാരിതാര്‍ത്ഥ്യം തോന്നി. ഈ ഭൂമിയില്‍ നല്ല മനുഷ്യര്‍ അന്യം നിന്നിട്ടില്ലെന്ന സംതൃപ്തി.
(ഇതാണ് ജീവിതത്തില്‍ എല്ലാവരും ഓര്‍ക്കേണ്ടത്.. പര്‍സപരം മതിക്കുക)

ഞാനും എന്റെ ഫോണ്‍ തുറന്ന്, ഇന്ന് വാങ്ങേണ്ടതും ചെയ്യേണ്ടതും ആയ കാര്യങ്ങള്‍ കുറിച്ചിട്ടു. പിന്നീട് എടുത്ത ഫോട്ടോകള്‍ നോക്കി. പണ്ട് എനിക്ക് നഷ്ടമായ മുടി എങ്ങിനെയായിരുന്നു, ഇനിയും വളര്‍ത്തണോ വേണ്ടയോ എന്ന് കണ്‍ഫം ചെയ്യാന്‍. വലിയ നഷ്ടം ഒന്നും തോന്നിയില്ല. അധികം ചുരുണ്ട മുടി ഇക്കാലത്ത് ഒരു കണ്ട്രി ലുക്ക് തന്നെയാണ് നല്‍കുന്നത്! സാരമില്ല. പോട്ടെ.


ഇതിനിടയില്‍ മറ്റൊരു പെണ്‍കുട്ടി എന്റെ അടുത്ത് വന്നിരുന്ന് ഒരു പഴയ നോവല്‍ വായിക്കാന്‍ തുടങ്ങി. എനിക്ക് ആ കുട്ടിയോട് വല്ലാത്ത ആത്മബന്ധം തോന്നി.അവളുടെ അരികില്‍ ഇരിക്കുന്നതില്‍ ഒരഭിമാനവും.  ഒരു മകളെപ്പോലെ. വായിക്കാന്‍ ഇഷ്ടമുള്ള കുട്ടി.


ഇതിനിടെ ബസ്സ് ഒന്ന് കുലുങ്ങിയപ്പോള്‍ യാത്രക്കാരൊക്കെ ഒരുമിച്ച്ഭയപ്പാടോടെ വെളിയിലേക്ക് നോക്ക്കി. (എല്ലാവരും ഭൂമിയെ-ബസ്സിനെ- ഒരുപോലെ ആണ് ആശ്രയിച്ചിരിക്കുന്നത്..)

ഒരു സ്ത്രീ കുഞ്ഞിനേയും എടുത്ത് ടിക്കറ്റ് ടാപ്പ് ചെയ്യാന്‍ മറന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ടക്ടര്‍ മാന്യമായി എണീറ്റ് ആ സ്ത്രീയെ വിളിച്ച് ടാപ്പ് ചെയ്യാന്‍ ഓര്‍മ്മിപ്പിച്ചു.. (നമ്മള്‍ ഈ ഭൂമിയിലൂടെ ജീവിതചെയ്യുമ്പോള്‍ ഭൂമിക്ക് വേണ്ടി എന്തെങ്കിലും ഒരു പ്രതിഫലം അര്‍പ്പിക്കണം. -യജ്ഞം-)


പ്ലാന്‍ ചെയ്ത് യാത്ര ചെയ്താല്‍ ജീവിതയാത്ര പ്രയോജനമുള്ളതാക്കാം

ഇടയ്ക്കിടെ സ്വയം വിലയിരുത്തുക/വിശകലനം ചെയ്യുക.

3/11/17No comments: