Wednesday, October 25, 2017

മുടിപുരാണവും ഒരല്പം മാപ്പൊടി (അവലോസ് പൊടി) യും

എന്റെ മുടി ഇനിയെങ്കിലും ഒറിജിനല്‍ ആക്കി നീട്ടിവളര്‍ത്തി നടക്കണം എന്നൊക്കെ പ്ലാനിട്ടു. ഒരുവിധം വളര്‍ന്നു.. അപ്പോഴാണ് മകള്‍ക്ക് മുടിവെട്ടാന്‍ കൂട്ടിനുപോയത്. പതിവുപോലെ അപ്പോള്‍ എനിക്കും മുടിവെട്ടാന്‍ മൂഡ് വന്നു.
ചെറുതായി ഒന്ന് ഷേപ്പ് വരുത്തിത്തരാമോ? നീളം ഒട്ടും കുറയ്ക്കരുതെ..ഇത്രയുമേ പറഞ്ഞുള്ളൂ.. പിന്നീട് കാണുന്നത് മുക്കാലും വെട്ടി നാശമാക്കിയ എന്റെ മുടിയാണ്. നീളം അതുപോലുണ്ട്. പക്ഷെ മുടി മുഴുവനും ഇടയ്ക്ക്ന്ന് വെട്ടിക്കളഞ്ഞിരിക്കുന്നു. ഷേപ്പ് വരുത്തിയതാണ് പോലും!
കുരങ്ങിന്റെ കയ്യിലെ പിച്ചിപ്പൂമാല എന്നൊക്കെ കേട്ടിട്ടുണ്ട്.. എന്നാലും എന്റെ മുടിയുടെ ഒരു ഗതി.. ഒരു 8 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് ഈ ശനിദശ!
മുടിയില്ലാത്ത തലയുമായി ഞാന്‍ രണ്ടുമാസം നടന്നു.. ഈയ്യിടെയായി അവര്‍ ഇടയ്ക്ക് വെട്ടിയ മുടി മൂടോടെ കൂട്ടം കൂട്ടമായി അവിടെയും ഇവിടേയും ഒക്കെ പൊങ്ങിത്തുടങ്ങിയിരിക്കുന്നു..
ഇനിയും എത്രകാലം പിടിക്കും അവര്‍ ബാക്കിയുള്ളവരോടൊപ്പം എത്താന്‍
എന്നാലും ആ സാമദ്രോഹി മുടിവെട്ടുകാരി. അവരെ നിയമം ഒന്നുമില്ലാത്ത നാട്ടിലെങ്ങാനും വച്ച് വാക്കിന് കിട്ടിയാല്‍ പരിഷയെ പിടിച്ച് ചെകിട്ടത്ത് രണ്ട് അടിയും കൊടുത്ത് പിടിച്ചിരുത്തി മുടി പറ്റെ വെട്ടി ചുണ്ണാമ്പും തേച്ച് വിടാനുള്ള ദേഷ്യം ഉണ്ട് എന്റെ തല കാണൂമ്പോള്‍! എന്തു സ മൃദ്ധമായി വളര്‍ന്നുകൊണ്ടിരുന്ന മുടിയാണ്.. ഇപ്പോള്‍ പുഴു മുക്കാലും തിന്ന് നിര്‍ത്തിയിരിക്കുന്ന ചെടിപോലെ! ഏതോ അസുഖബാധിതയുടെ തലപോലെ..

ഹും! എങ്ങിനെയും മാറ്റം വരുത്തണം..
അങ്ങിനെ ഒടുവില്‍ വീണ്ടും ഒരു ചൈനീസ് കടയില്‍ തന്നെ ചെന്ന് കയറി.. എനിക്ക് എന്റെ മുടി ഡൈയും ചെയ്യണം പിന്നെ ഈ വലര്‍ന്നു വരുന്ന മുടിയെ ഒന്ന് ഒതുക്കി തരികയും വേണം..

ചെയ്തുതന്നു. മര്യാദയ്ക്ക്.. പക്ഷെ അവരും അവസാനം എന്റെ മുടിയുടെ നീളം കുറച്ചുകളഞ്ഞു.. വാലുപോലെ കിടക്കുന്നതിലും ഭേദം ഇതാണ് എന്ന അഭിപ്രായവും
പോയത് പോട്ടെ.. ഏതിനും ആകപ്പാടെ ഒരു വൃത്തി ഒക്കെ ഉണ്ട്. പക്ഷെ കൊച്ചു പെണ്‍കുട്ടികളെ പോലെ. പാര്‍വതിയെ ഒരിക്കല്‍ ഈ ഹെയര്‍ സ്റ്റയിലില്‍ കണ്ടപോലെ. ചുരീദാറും ഈ ഹെയര്‍ സ്റ്റയിലും കൂടി എന്തോ ഒരപാകത..
കണ്ട്രി ലുക്കും മോഡേണും തന്നില്‍ ഏച്ചുകെട്ടി മുഴച്ചിരിക്കുന്ന മട്ട്.

രാവിലെ ഡിപ്രഷനുമായി വീണ്ടും എപ്പോഴോ ആ കടയുടെ മുന്നില്‍ എത്തിപ്പെട്ടു.
ഉള്ളെ കയറി. കയ്യില്‍ കാശും സമയവും ഉണ്ടെങ്കില്‍ കിട്ടുന്ന ചില കൂട്ടുകെട്ടുകളും സഹായങ്ങളും..
അവര്‍ ഓടി വന്നു. ഉം! എന്നാ പറ്റി?! (സിംഗ്ലീഷില്‍ ആണേ സംസാരം ഒക്കെ - എനിക്കിപ്പോ ഒരുഭാഷയും നന്നായറിയില്ല. )
വശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു മലയാളി..
എനിക്ക് ഈ മുടി ഒന്ന് വൃത്തിയാക്കി തരാമോ എനിക്ക് ചുരുണ്ട മുടിയേ വേണ്ട..
എല്ലാം ഒന്ന് നിവര്‍ത്തി തരാമോ
അങ്ങിനെ ഒരു പ്രാവശ്യം കൂടി എന്ന് വാക്കു പറഞ്ഞപ്പോള്‍
അവര്‍ മനോഹരമായി സോഫ്റ്റ് സ്റ്റ്രൈറ്റനിംഗ് ചെയ്തു തന്നു. എല്ലാം കൂടി രണ്ട് പവന്‍ വാങ്ങാനുള്ള കാശ് പോയി
എങ്ങിലെന്ത് ഒരു സുന്ദരമായ തല കിട്ടിയല്ല്!
ഞാന്‍ മൂളിപ്പാട്ടും ഒക്കെയായി വീട്ടിലെത്തി
മൂത്തയാളോട് എന്റെ മുടി കൊള്ളാമോ
ഓഹ്! നന്നായിരിക്കുന്നു
ഇളയ ആള്‍.. അയ്യേ അമ്മ ഹെയര്‍ സ്റ്റയില്‍ മാറ്റിയോ!
ഇഷ്ടപ്പെടാത്ത മട്ടില്‍..
ഇനിയിപ്പോള്‍ നാളത്തെ വിഷമം..
അയ്യോ എനിക്ക് ഇളയ ആളുടെ അമ്മ എന്ന പരിവേഷം നഷ്ടപ്പെട്ടുവോ എന്നാവും
എന്നും വേണ്ടേ വിഷാദിക്കാന്‍ ഓരോന്ന്


ഇന്ന് അടുക്കളയില്‍ ടിന്നുകള്‍ ഒഴിക്കുമ്പോള്‍ മലയാളി കടയില്‍ നിന്നും വാങ്ങിയ അവലോസ് പൊടി അപ്പടിയേ എടുത്ത് വേസ്റ്റ് ബോക്സില്‍ തട്ടി. ഒറിജിനല്‍ മാപ്പൊടി തിന്നിട്ടുള്ളവരൊന്നും ഇത് വാങ്ങി കഴിക്കില്ല.
അമ്മ നന്നായി ചമ്മന്തിപ്പൊടിയും മാപ്പൊടിയും ഒക്കെ ഉണ്ടാക്കും.
അത് കണ്ട് വീട്ടില്‍ കൂടെ നിന്ന പെണ്‍കുട്ടിയും എല്ലാം പഠിച്ചു
അവളോട് പറഞ്ഞാല്‍ ഉണ്ടാക്കി തരും
അവള്‍ എന്റെ അമ്മ ഉണ്ടാക്കുമ്പോലെ എല്ലാം പാചകം ചെയ്ത് മക്കള്‍ക്കും ഭര്‍ത്താവിനും ഒക്കെ വിളമ്പുന്നുണ്ടാവും
അമ്മ വലിയ പഠിപ്പുകാരി എന്ന മട്ടില്‍ മാറ്റിനിര്‍ത്തിയ ഞാന്‍ പഠിപ്പുകാരിയുമായില്ല
നല്ല പാചകക്കാരിയും ആയില്ല.
ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തില്‍ എന്നപോലെ..
അതെ ഈ ലോകത്തില്‍ നന്മ തിന്മകള്‍ ഒക്കെയും ഒരേ അളവില്‍ പലരിലൂടെ കൈമാറ്റം ചെയ്ത് ചെയ്ത് നിലനില്‍ക്കുന്നുണ്ട്.. ഏത്..
നാളെ ബാക്കി വിശദീകരിക്കാം..

അല്പം ധൃതിയില്‍ എഴുതിയതാണേ.. (ആരെങ്കിലും വായിക്കാറുണ്ടെങ്കില്‍..)
ക്ഷമിക്കുക. തെറ്റുകള്‍ നാളെ തിരുത്താം..

No comments: