Wednesday, September 13, 2017

കൂടും തേടി...


'ആത്മേ, അറിഞ്ഞോ?! നമ്മുടെ മീന ആത്മഹത്യചെയ്തെന്ന്!
അവൾ: എന്ന്? എപ്പോ?!
ഇന്ന്.. 12 മണിക്ക്..
ഇവിടെയോ നാട്ടിലോ?!
ഒന്നും അറിയില്ല! ആത്മയ്ക്ക് അറിയാമോ എന്നറിയാനാണ് വിളിച്ചത്. 
ദൈവമേ!! ഒരു വലിയ ഷോക്ക് ആയി! ഇല്ല, ഞാൻ ഒന്നും അറിഞ്ഞില്ല!!


രണ്ടുമാസം മുന്‍പ് മീനയെ കണ്ടിരുന്നു. പൊതുവേ നല്ല സുന്ദരിയും സ്മാര്‍ട്ടും ആയിട്ടുള്ള അവരെ തനിക്ക് വലരെ ഇഷ്ടമായിരുന്നു. ഫോണില്‍ വിളിച്ച കൂട്ടുകാരിയുടെ ഒരു രൂപസാദൃശ്യവും ഉണ്ടായിരുന്നു.
അവരുടെ റെസ്റ്റാറന്റിലെ കേരള കറികള്‍ കഴിക്കാനായി മാത്രം താൻ അവിടെ പോയിരുന്നു. അവളുടെ ഭര്‍ത്താവിനും അത് നന്നായി അറിയാം. അതിനാല്‍ അവളെ സന്തോഷിപ്പിക്കണം എന്ന് തോന്നുമ്പോള്‍ അവിടെയാണ് കൊണ്ടു പോയിരുന്നത്… മൂന്നു നാലു ബ്രാഞ്ചുകള്‍ ആയി. അതല്ലാതെ 1000, 2000 പേര്‍ക്കൊക്ക് സദ്യകള്‍ വരെ കേറ്റരിംഗ് ചെയ്തിരുന്നു.
ഇതൊന്നുമല്ല തന്നെ  കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്. മീനയുടെ വസ്ത്ര ധാരണം ആയിരുന്നു. ശരിക്കും പണ്ടത്തെ കേരള നാരി. മദ്ധ്യതിരുവിതാം കൂറിലുള്ള ഏതോ ആഢ്യത്വമുള്ള നായര്‍ തറവാടിലെ കുലീനയായ യുവതി.   പൊന്നിന്റെ നിറമാര്‍ന്ന; പൊന്നും പട്ടും കൊണ്ടലങ്കരിച്ച ശരീരം!
തലയില്‍ മുല്ലപ്പൂചൂടിയ പ്രസന്നവതിയായ ഒരു സുന്ദരിയായിട്ടല്ലാതെ മീനയെ  എങ്ങും കണ്ടിട്ടില്ല എന്നതാണ്. ഹോട്ടലില്‍ ചിലപ്പോള്‍ ജോലിക്കാര്‍ കുറവാണെങ്കില്‍ മിനിയും ഒപ്പം ചെന്ന് പാചകത്തിന് സഹായിച്ചിട്ട് വിയര്‍പ്പുതുടച്ച് വെളിയില്‍ വരുമ്പോഴും ആ തൂമഞ്ഞിന്റെ പുതുമയും പ്രസന്നതയും പ്രസരിച്ചിരുന്നു.

കഴിഞ്ഞ പ്രാവശ്യം ചെല്ലുമ്പോള്‍ പതിവില്ലാതെ മീന വല്ലാതെ മുഷിഞ്ഞ വസ്ത്രത്തോടും മേക്കപ്പൊന്നുമില്ലാതെ
അലസമായി ക്ഷീണത്തോടെ നില്‍ക്കുന്നു. ഞങ്ങളുടെ അടുത്ത് ഒരു കസേരയില്‍ ഇരുന്ന് പതിവില്ലാതെ സംസാരവും തുടങ്ങി.
നാട്ടിയായിരുന്നത്രെ! അമ്മയെ കൊണ്ടുവന്നു ഇവിടെ നോക്കാം എന്നു കരുതി
നാട്ടില്‍ ആരോഗ്യം നശിച്ചുകഴിഞ്ഞാല്‍ പിന്നെ ആള്‍ക്കാര്‍ തിരിഞ്ഞു നോക്കില്ല. അതുകൊണ്ട്..
പക്ഷെ ഇവിടെയും ആരെയും കിട്ടില്ല നോക്കാന്‍.  അമ്മയും മകളും തളര്‍ന്നുകാണും.
ഇനിയിപ്പോ തിരിച്ചു നാട്ടില്‍ ആക്കിയാല്‍ അമ്മയ്ക്ക് അതിലും വലിയ വിഷമം ആവും! ആള്‍ക്കാര്‍ രണ്ടുപേരേയും കുറ്റപ്പെടുത്തുകയും ചെയ്യും!!
അവൾ  പറഞ്ഞു: സാരമില്ല മീന! ഞാന്‍ ഈ സ്റ്റേജൊക്കെ ഈ അടുത്തയിടെ കടന്നുപോയതേ ഉള്ളൂ.. എല്ലാവരുടെ ജീവിതത്തിലും ഇങ്ങിനെ മാതാപിതാക്കളെ പിരിയേണ്ടുന്ന സന്ദര്‍ഭം ഉണ്ടാവും. 

അപ്പോള്‍ മീന: ആത്മയെ ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. യാതൊരു തലക്കനവും ഇല്ലാതെ ഇത്രയും സൌമ്യതയും വിനയവും ഒക്കെയുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല.
അവൾ ഒരു നിമിഷം വിശ്വസിക്കാനാവാതെ ഇരുന്നു!!
പിന്നീട് നോര്‍മ്മല്‍ ആയി.. ചിരിച്ചു. (അത്  ജീവിതം തന്നെ 
ആലയില്‍ വച്ച് ചുട്ട് പഴുപ്പിച്ച് അടിച്ചു മിനുക്കി എടുത്തതാണ് ഈ പാകത വന്ന  ബുദ്ധനെപ്പോലെയുള്ള ഈ സൌമ്യത എന്നു പറയണം എന്നു തോന്നി, പിന്നെ അടക്കി)

മീനയെ പിരിയുന്നതിനിടയില്‍ പറയാതിരിക്കാനായില്ല്. 'യു ആര്‍ സൊ സ്മാര്‍ട്ട്. ഞാന്‍ നിങ്ങളെ ആരാധിക്കുന്നു..' അവര്‍ക്ക് ഇപ്പോള്‍ തികച്ചും ആ നല്ല വാക്കുകള്‍ ആവശ്യമായി തോന്നിയതുകൊണ്ടും കൂടി ആയിരുന്നു അത്രയും പറഞ്ഞത്.
ബിന്ധു ചിരിച്ചു! നന്ദി സൂചകമായി!! 

ഇപ്പോള്‍ തോന്നുന്നു.. ഇല്ല ഈ വാക്കുകള്‍ക്കൊന്നും എന്നെ പുനര്‍ജ്ജീവിപ്പിക്കാന്‍ ആവില്ലല്ലൊ എന്ന നിരാശകലര്‍ന്ന ഒരു തളര്‍ച്ചയായിരുന്നില്ലേ ആ ചിരിയില്‍!


എന്തായിരിക്കാം മീനയെ ഇത്രയേറെ തളര്‍ത്തിയത്? ജീവിതത്തില്‍ എല്ലാം നേടിയിട്ടും!
ഭര്‍ത്താവിനോടൊപ്പം ബിസിനസ്സില്‍ സഹായിച്ച് ഉയരങ്ങള്‍ കീഴടക്കി. മൂന്നോ നാലോ ബ്രാഞ്ച് ആയി, മക്കള്‍ നല്ല നിലയി വിദ്യാഭ്യാസം നേടി..എന്നിട്ടും!!എന്തായിരിക്കും ബിന്ധുവിനെ ഈ ലോകത്തില്‍ നിന്നും നിര്‍ബ്ബന്ധിച്ച് വിടപറയിച്ചത്!!
ആരുടെയെങ്കിലും വീണ്‍ വാക്കോ? വിശ്വാസ വ്ഞ്ചനയോ?

എന്തായാലും ആത്മഹത്യ ചെയ്യുന്നവരൊക്കെ വളരെ ധൈര്യശാലികള്‍ ആണ്. അത് ഒരു വീരചരമം ആയി തോന്നി അവൾക്കപ്പോൾ  എല്ലാവരും അത്യാഗ്രഹത്തോടെ ചേര്‍ത്ത് പിടിക്കുന്ന ഈ ജീവനെ എല്ലാമുണ്ടായിട്ടും ഉപേക്ഷിച്ചുപോയ ആ ആത്മാവിന് ഞാന്‍ ആത്മശാന്തി നേരുന്നു!!

ഈ ജന്മത്തില്‍ താന്‍ ചെയ്യേണ്ടുന്ന കര്‍ത്തവ്യങ്ങള്‍ ഒക്കെ ചെയ്തുകഴിഞ്ഞു എന്നതുകൊണ്ടാവാം ആ ആത്മാവ് ഈ ഉടല്‍ ഉപേക്ഷിച്ച് അടുത്ത് ഉടല്‍ തേടിപ്പോയത് എന്ന് സമാധാനിക്കാം…


--
കൂട്ടുകാരി ഫോണ്‍ വച്ചശേഷം ഞാന്‍ പതിയെ പറഞ്ഞു
എന്തിനേ മീനേ നീ ഇത് ചെയ്തത്?!
നോക്കൂ നിന്റെ നാലിലൊന്ന് തന്റേടം പോലുമില്ലാത്ത njaan ഇതാ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നു
നിനക്ക് ആരും ഇല്ലായിരുന്നെങ്കില്‍ എന്നെയോ മറ്റു കൂട്ടുകാരെയോ  വിളിക്കാമായിരുന്നു.. (അതും സമൂഹം ചോദ്യം ചെയ്തേനെ അല്ലെ,)
നമ്മളെ വേണ്ടാത്തവരെ നമ്മളും വേണ്ടെന്ന് വയ്ക്കുക, അത്ര തന്നെ. അതിന് ഈ കടും കൈ ചെയ്യണമായിരുന്നോ!
എന്നെപ്പോലെ സര്‍വ്വം ത്വജിക്കുക. മറ്റുള്ളവര്‍ക്ക് വേണ്ടുന്നതൊക്കെ അവര്‍ എടുത്തുകൊള്ളട്ടെ.
അപ്പോള്‍ ബാക്കിയുള്ളതുകൊണ്ട് നമുക്ക് സമാധാനമായി ജീവിക്കാം..

പക്ഷെ , എന്നെപ്പോലെ അല്ലല്ലൊ..ജീവിതത്തില്‍ ഒരുപാട് കടമകളിലും കര്‍ത്തവ്യങ്ങളിലും പെട്ടുഴലുമ്പോള്‍ ഉപദേശങ്ങള്‍ ഒന്നും വിലപ്പോവില്ല അല്ലെ, സാരമില്ല, നീ ധീരയായി പടവെട്ടി അവസാനം സ്വയം തോറ്റുകൊടുത്ത ഒരു വീരവനിതയായി എന്റെ മനസ്സില്‍ എന്നുമുണ്ടാവും..


ചിലർ ദേവതമാരെപ്പോലെയാണ്. അത്രയും ഐശ്വര്യമുള്ള അവർ ആ ഐശ്വര്യത്തോടെ എന്നെന്നും നിലനിൽക്കും. അവർക്ക് ഒരു പരിധിയിൽ കൂടുതൽ വയസ്സാവില്ല. മീന എന്നും ഇതേ പ്രായത്തിൽ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും.. ഇവിടെ ഉണ്ടാവും.


മരിച്ചുപോയവരൊക്കെ എവിടെ പോവാൻ?! ആരും എങ്ങും പോകുന്നില്ല!
കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പിന്നിലായിപ്പോകുന്നവർ. അത്ര തന്നെ.
അനേകവർഷം മുൻപ് പൊലിഞ്ഞുപോയ താരകങ്ങളുടെ പ്രഭയാണ്  നാം എന്നും പുതുമയോടെ ദർശിക്കുന്നത്. അപ്പോൾ മരിച്ചവരും കാലപ്രവാഹത്തിൽ അങ്ങകയെങ്ങോ നിന്ന് പ്രഭതൂകുന്നുണ്ടാവാം!!No comments: