Tuesday, February 14, 2017

പ്രഭാത സൂര്യനും ചാറ്റല്‍ മഴയും ഞാനും

രാവിലെയുള്ള സൂര്യനെ കാണുന്നത് വളരെ നല്ലതാണ് മനസ്സിനും ശരീരത്തിനും! പക്ഷെ, ഇന്ന് മിക്കവാറും സൂര്യന്‍ ഉദിക്കാന്‍ അല്പം താമസിക്കും. പുറത്ത് ചാറ്റല്‍ മഴയാണ്. ഇന്നലെ രാത്രിമുതല്‍. സുഖകരമായ, അധികമായപ്പോള്‍ അസുഖകരമായിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റും!

ഈ കാലാവസ്ഥ കിട്ടാനായിട്ട് കേരളത്തിലുള്ളവര്‍ ഒക്കെ സ്വപ്നം കാണുകയാവും! ഇവിടെ അതൊക്കെ ധാരാളം!! പക്ഷെ അതൊന്നും എന്റെ ഉള്ളില്‍ തട്ടുകയോ, എനിക്കായി കൂടിയാണ് ഈ നാട്ടിലെ സംഭവ വികാസങ്ങള്‍ ഒക്കെ എന്നോ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ലാത്ത മനസ്സ്.

പ്രഭാത സൂര്യനെ ഇന്നെങ്കിലും, ഇനിയെങ്കിലും, കണ്ടുതുടങ്ങണം എന്നൊക്കെ കരുതി ഇരിക്കയായിരുന്നു. എങ്കിലും ഈ അന്യനാട്ടില്‍- നിറയെ ചീനക്കാര്‍ തിങ്ങിവിങ്ങിപ്പാര്‍ക്കുന്ന നാട്ടിൽ-, അപരിചിതമായ
പലേ സംസ്ക്കാരങ്ങളും ഉള്ള നാട്ടില്‍ എനിക്കായി മാത്രം ഒരു മുറിയുണ്ടാവുക, അവിടെ തരം കിട്ടുമ്പോള്‍ കയറി സ്വച്ഛമായി ഇരിക്കാനാവുക എന്നത് ഒരു മഹാഭാഗ്യം ആണ്. അവിടെ ഇരിക്കുമ്പോൾ സൂര്യനെ എന്നല്ല പുറത്തെ സംഭവങ്ങൾ എല്ലാം തന്നെ മറന്നുപോകുന്നു. ഉള്ളിലെ ലോകങ്ങൾ ഉണരുന്നു. നഷ്ടപ്പെട്ടെന്ന് കരുതുന്ന പലതും ഉയിർത്തെണീക്കുന്നു.

 എന്റെ ജീവിതത്തില്‍.കുറേ വര്‍ഷങ്ങള്‍ പൊരുത്തപ്പെടാനാകാത്ത തുലോം വിരുദ്ധങ്ങളായ ഇടപെടലുകളുമായി യോജിക്കാന്‍ പണിപ്പെട്ട് തളര്‍ന്ന് ഒടുവില്‍ കണ്ടെത്തിയ മാര്‍ഗ്ഗം ആണ്. തനിക്ക് ഇഷ്ടപ്പെട്ടതൊന്നും നേടാനോ നേടിത്തരാനോ ഈ ജന്മം ആരും ഇല്ല, ഉണ്ടാവില്ല എന്ന തിരിച്ചറിവ്!

ആദ്യത്തെ പടിയായി തനിക്ക് നഷ്ടം വന്നതൊക്കെ ഇവിടെ കണ്ടെത്താനായി പരിശ്രമം. നാട്ടിലെ പുല്ല്, പൂക്കള്‍ ചെടികള്‍, കിളികള്‍, പൂച്ചികള്‍ ഒക്കെ എനിക്ക് ഈ നാട് സ്വന്തമാക്കിതന്നുകൊണ്ടിരുന്നു. മഴ, വൃശ്ചികക്കാറ്റ് ഒക്കെ ഇവിടെയും ഉണ്ട്. മഴനനഞ്ഞ് നടക്കുമ്പോള്‍ വെറുതെ ഓര്‍ക്കാം ഇത് കേരളം ആണെന്ന്.. ഇരുവശവുമുള്ള ഫ്ലാറ്റുകളെ തീരെ അവഗണിച്ച് മഴയെയും കാറ്റിനെയും മരങ്ങളെയും പ്രകൃതിയെയും അറിഞ്ഞ് നടക്കുമ്പോള്‍ കേരളവും ഈ നാടുമായി വലിയ വ്യത്യാസം ഒന്നും ഇല്ല. ഭൂമിയുടെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രം. ഇടയ്ക്ക് ഒരു കടല്‍ ഉള്ളതാണ് പ്രശ്നം! അതില്ലായിരുന്നെങ്കില്‍ കുറെ മാസങ്ങള്‍ കാല്‍നടയായി യാത്രചെയ്യുമ്പോള്‍ കേരളത്തില്‍ എത്താം. മലേഷ്യയിലൂടെ തായ്ലാന്റിലൂടെ, ബർമ്മയിലൂടെയൊക്കെ ചുറ്റിവളഞ്ഞ് ഒരു കരമാര്‍ഗ്ഗം ഉണ്ട്. ഒടുവില്‍ ബോംബെയിലോ മട്രാസിലോ ഒക്കെ ചെന്ന് കയറാം. അതിനിടയിലൊക്കെ ഉള്ളവര്‍ ഇന്ത്യാക്കാരുടെയും ഒരു മിശ്രിതം ആണ്. പ്രകൃതവും സംസ്ക്കാ‍രങ്ങളും പ്രകൃതിയും ഒക്കെ.
ഒരു ഡൌൺ റ്റു ഏര്‍ത്തിനസ്സ് ആയ ചീനക്കാരുടെ ആചാരങ്ങള്‍ ആണ് മുന്നിട്ടുനില്‍ക്കുന്നത്.. ഇന്ത്യയോടടുക്കുന്തോറും ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ സ്വാധീനം കൂടുന്നു. സാധുക്കളായ, പരിശ്രമികളായ ആള്‍ക്കാരാണ് അധികവും. ഇന്ത്യയിലെപോലെ പൊള്ളയായ പൊങ്ങച്ചങ്ങളോ, ഇംഗ്ലീഷുകാരെ അനുകരിക്കലോ തീരെ ഇല്ല. അതുതന്നെ ഏറ്റവും വലിയ ഭാഗ്യം!
( എന്റെ രാജ്യത്തെ- ഇന്ത്യയെ- ഞാൻ സ്നേഹിക്കുന്നോ വെറുത്തുതുടങ്ങിയോ!)

അപ്പോള്‍ പറഞ്ഞുവന്നത് സൂര്യനെയും മഴയേയും ഒക്കെ പറ്റി അല്യോ!
തുടരട്ടെ,

എന്റെ രാജ്യത്തെ സൂര്യന്‍ ഒരു രണ്ടു രണ്ടര മണിക്കൂര്‍ മുന്നേ ഇതിലൂടെ കടന്നുപോയി ഞങ്ങളെ വിളിച്ചുണര്‍ത്തിയിട്ടാണ് അങ്ങോട്ടേയ്ക്ക് ചെല്ലുന്നത്..


എനിക്ക് ബകുളിനെയും സുവര്‍ണ്ണലതയെയും ഒക്കെപ്പോലെ വളരെ നല്ല കഥകള്‍ എഴുതണം എന്ന് വലിയ ആഗ്രഹം ഉണ്ടെങ്കിലും അതിനുള്ള ഒരു അനുഭവസമ്പത്ത്, ദീര്‍ഘവീക്ഷണം, വിശാലത ഒന്നും ഇല്ല. അതിനാല്‍ ഞാന്‍ ചുറ്റിനും കാണുന്നത് വിവരിക്കല്‍ തന്നെ തുടരാം എന്നുകരുതി..

എന്നെങ്കിലും ഒരിക്കല്‍  ഒരു ---- ഇന്ന നാട്ടു ഡയറി എന്നപേരില്‍ എന്റെ ബ്ലോഗ് പ്രസിദ്ധമായാലോ! അല്ലെങ്കില്‍ ആര്‍ക്കെങ്കിലും , പണ്ട് പണ്ട് കേരളത്തില്‍ നിന്നും പോയ ഒരു സാധു പെണ്‍കുട്ടി (ഈപ്പോൾ പെൺകുട്ടി അല്ല) എങ്ങിനെ അന്യനാടുമായി ഇഴുകിചേര്‍ന്നു എന്ന കഥ വായിച്ചറിയാമല്ലൊ.

വ്യത്യസ്ഥതകളാണ് കലകളുടെ വളര്‍ച്ചയ്ക്ക് ആവശ്യം. എല്ലാവരും ഒരേ പ്രാസത്തില്‍, ശൈലിയില്‍ കവിതകളും ഒരേ അളവുകോലുകള്‍ വച്ച്  കഥകളും ഒക്കെ എഴുതിക്കൊണ്ടിരുന്നാല്‍ അത് ബോറാവില്ലെ?!  വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരിക്കും എല്ലായിടത്തും. വിജയിച്ചെന്ന് വരില്ല, പക്ഷെ എങ്കിലും സംഭവിക്കാതെ തരമില്ല. 

2 comments:

സുധി അറയ്ക്കൽ said...

എല്ലാത്തരം ചിന്തകളും കോർത്ത്‌ വെക്കൂ...

ആത്മ said...

Thanks!