Wednesday, February 1, 2017

അനുഭവം ഗുരു

എവിടെയും പ്രശ്നങ്ങൾ ആണ്. സുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനൊരു വില കാണുമല്ലൊ, ആ വിലയാണ് ദുഃഖങ്ങള്‍ എന്നു കരുതിയാല്‍ മതി. ഈ ലോകത്തില്‍ ഒന്നും ഫ്രീയായി കിട്ടില്ല എന്നും ഓര്‍ക്കാം..

പറയാന്‍ വന്നത് ലക്ഷി നായരെ പറ്റിയാണ്. ലക്ഷിനായരെ ഇഷ്ടം ആയിരുന്നു. കുക്കറി ഷോയും കുക്കറി ബുക്കും ഒക്കെ കണ്ട് ഇഷ്ടം തോന്നിയതാണ്. അവരുടെ വസ്ത്രധാരണം ചിരി, ഗ്ലാമര്‍ (ഈ പ്രായത്തിലും ഗ്ലാമറോടെ ജീവിക്കാം എന്ന അറിവ്) ഒക്കെ മതിപ്പുളവാക്കി. ഡോക്ടര്‍ പദവി വല്ല കുക്കറി ഫീള്‍ഡിലൂടെയോ മറ്റോ കരസ്തമാക്കിയതാവും എന്നും കരുതി..

എന്നാല്‍ ഈയ്യിടെയുണ്ടായ കെടുതികളിലൂടെയാണ് അവര്‍ ലോ കോളേജിലെ പ്രിന്‍സിപ്പല്‍ ആണ് എന്നറിയുന്നത്. വിശ്വസിക്കാനായില്ല!. ഏറ്റവും ബഹുമാന്യമായ ഒരു പദവി അലങ്കരിച്ചിരുന്നിട്ടും കുക്കറി ഷോയ്ക്കൊക്കെ പ്രാധാന്യം നല്‍കിയല്ലൊ, ഭയങ്കര കഴിവുതന്നെ എന്നു കരുതി..

എന്നാല്‍ രണ്ടുമാസം മുന്‍പ് ഒരു ചാനല്‍ ഷോയില്‍ അവര്‍ ഹോസ്റ്റായി നടന്ന് ട്യൂറിസ്റ്റ് അറ്റ്രാക്ഷന്‍ ഉള്ള സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ സഹതാപം തോന്നിയിരുന്നു. ( അന്ന് പ്രിന്‍സിപ്പല്‍ ആണെന്നറിഞ്ഞിരുന്നില്ല എന്നിട്ടും) അയ്യോ! കുക്കറി ഷോയിലൂടെ നല്ല ഒരു പേരൊക്കെ സമ്പാദിച്ച ഈ മാന്യവനിതയ്ക്ക് ഇതു വേണമായിരുന്നോ എന്നും തോന്നി. ക്യാമറാമാന്‍ പ്രകൃതിഭംഗിയിലും കൂടുതല്‍ ശ്രദ്ധ ലക്ഷിനായരുടെ ചലനങ്ങള്‍ക്കും ഭാവങ്ങള്‍ക്കും കൊടുത്തതുകണ്ടപ്പോഴും അവരെ പരിഹസിക്കും വിധം ഒരു ലജ്ജ തോന്നി. ഇത് അവരുടെ ഇമേജ് തകര്‍ക്കും തീര്‍ച്ച എന്നും കരുതി. കുറച്ചുകൂടി പ്രായം കുറഞ്ഞ മെലിഞ്ഞ് പെണ്‍കുട്ടികള്‍ ചെയ്യേണ്ട  വേഷം ആണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. ചതിയായിരിക്കുമോ! അവര്‍ക്ക് ഒരു കത്തെഴുതിയാലോ!

പിന്നേട് ആ അലോചന ഒക്കെ പുറം തള്ളി. അന്യനാട്ടിലാണെങ്കിലും ലോകത്തിന്റെ പോക്കിനൊത്ത് ആധുനികത കൈവരിക്കാനാവാതെ ജീവിക്കുന്ന എനിക്കെന്തവകാശം ഇതൊക്കെ പറയാന്‍!.. ഇനിയുള്ള ലോകത്തിന്റെ പോക്ക് ഇങ്ങിനെയാകാം. എന്നും കരുതി. ബഹുമാന്യതയ്ക്കും അപ്പുറമായിരിക്കും ഗ്ലാമറിന്റെയും മറ്റും സ്ഥാനം , അവര്‍ പരീക്ഷിച്ചു നോക്കട്ടെ, ആരുക്കു ചേതം! എന്നും കരുതി.. ഞാനായി എന്റെ പാടായി ടി.വിയും ഓഫ് ചെയ്ത് ഇങ്ങു പോന്നു.. എങ്കിലും മനസ്സില്‍ പറഞ്ഞു, ചാനലുകാര്‍ക്ക് കൊണ്ടുനടന്ന് പാഴിക്കളയാന്‍ ഒരിരയെക്കൂടി കിട്ടി! ഇനി മാക്സിമം ഉപയോഗപ്പെടുത്തി നശിപ്പിക്കും.. പാവം!

ഇപ്പോള്‍ സ്ഥിതിഗതികള്‍ ഇങ്ങിനെയൊക്കെ ആണെന്നറിഞ്ഞപ്പോല്‍ വല്ലാത്ത ഒരു വിഷമം.. കഷ്ടപ്പെട്ട് പഠിച്ച് ലോ പാസ്സായി , ഡോക്ടറേറ്റ് വരെ എടുത്ത ഒരു സ്ത്രീ.. ഒരു കോളേജ് ഭരിക്കുന്ന പ്രിന്‍സിപ്പല്‍, അതും പോരാഞ്ഞ് ഒന്നാന്തരം പാചകക്കാരി. രണ്ട് മക്കളുടെ അമ്മ, പണം സൌന്ദര്യം അന്തസ്സ് ഒക്കെ ഉണ്ടായിരുന്നിട്ടും ഒടുവില്‍..

നമ്മുടെ കയ്യില്‍ ദൈവം ഒരു സ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ അത് മാന്യതയോടെ നിലനിര്‍ത്തേണ്ടത് നമ്മുടെ മാത്രം കടമയാണ്. അതുപോലെ അഹങ്കാരം ഒരു മനുഷ്യന്റെ അധഃപ്പതനത്തിന് കാരണമാകും എന്നതും ശ്രദ്ധേയം. ഇത്രയും സൌഭാഗ്യങ്ങള്‍ ഒരുമിച്ച് കിട്ടിയപ്പോള്‍ ഉണ്ടായ ഒരല്പം ഗര്‍വ്വ്, അതില്‍ നിന്നുണ്ടായ കുഞ്ഞു കുഞ്ഞു തിന്മകള്‍ വളര്‍ന്ന് സമൂഹത്തെ തിക്തമായി ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അത് അധഃപ്പതനത്തിനു കാരണമായി..

1 comment:

സുധി അറയ്ക്കൽ said...

അനധികൃത അധികാരപ്രമത്തതയുടെ മറവിൽ നടക്കുന്നതൊക്കെ ഒരിയ്ക്കൽ വെളിപ്പെടും.അവരുടെ കുടുംബം വിതച്ചത്‌ കൊയ്യുന്നു എന്ന് മാത്രം.സഹതാപം അർഹിക്കുന്നില്ല.