Sunday, January 29, 2017

ദൈവവും നാമും

ഇന്നലെ ജ്ഞാനപ്പാന വായിച്ചു.
അതിലെ ചില വരികള്‍ ചിന്തിപ്പിച്ചതാണ്:

“ബ്രഹ്മവാദിയായീച്ചയെറുമ്പോളം
കര്‍മ്മ ബദ്ധന്മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മ പാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയും
ദിക്ക്പാലകന്മാരുമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്പ കര്‍മ്മികളാകിയ നാമെല്ലാ‍മ്
അല്പ കാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടു,
കര്‍മ്മം കൊണ്ടു കളിക്കുന്നതിങ്ങനെ”

അപ്പോള്‍, ദൈവവും നാമും എല്ലാവരും കര്‍മ്മബദ്ധന്മാരാണെന്ന് ബോധ്യമായല്ലൊ!
ആര്‍ക്കും ആരെയും രക്ഷിക്കാനാവുകയില്ല.
എല്ലാവരുടെയും പ്രധാന ധര്‍മ്മം സ്വയം രക്ഷിക്കുക,
നിലനിര്‍ത്തുക, അവരവരുടെ കര്‍മ്മങ്ങള്‍
ഭംഗിയാം വണ്ണം അനുഷ്ഠിക്കുക മാത്രമാണ്.

ഒരു കളിക്കളത്തില്‍ ഇറങ്ങിയിട്ട്, അല്ലെങ്കില്‍ യുദ്ധക്കളത്തില്‍ ഇറങ്ങി നിന്നിട്ട് , എതിരാളികള്‍
അടുക്കുമ്പോള്‍ കളിക്കാതെ/നേരിടാതെ , ‘അയ്യോ ദൈവമേ
ഈ ചതിയന്മാര്‍ എന്നെ ദ്രോഹിക്കുന്നേ, ഓടിവന്ന് എന്നെ  രക്ഷിക്കേണമേ..’ എന്നു പറയുന്നതുപോലെയാണ്
നമ്മള്‍ ജീവിതത്തിലെ ദുര്‍ഘടങ്ങള്‍ വരുമ്പോല്‍ അത് തരണം ചെയ്യാന്‍ വഴികളാലോചിക്കാതെ ദൈവത്തിനടുത്തേയ്ക്കോടുന്നത്.
‘അത് എന്റെ ഇഷ്ടമല്ലാത്തവര്‍ ചെയ്ത ദ്രോഹം ആണ്
അവര്‍ ചീത്തവരും ഞാന്‍ നല്ലവനും ആണ് ദൈവമേ,
എന്നെ മാത്രം രക്ഷിക്കേണമേ’ എന്നു പറഞ്ഞ് അമ്പലത്തില്‍ ചെല്ലുന്നവന്റെ നേര്‍ക്ക് ദൈവത്തിനു തോന്നുന്ന പരിഹാസം, സഹതാപം, നിസ്സഹായത ഒക്കെ ഓര്‍ക്കാവുന്നതേ ഉള്ളൂ..

ദൈവങ്ങള്‍ക്കൊക്കെ മറ്റ് ഓരോരോ കര്‍ത്തവ്യങ്ങള്‍ ഉണ്ട് അത് നന്നായി ചെയ്യാനായാലേ നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാനാവൂ..

സൂര്യന് ഒരുനിമിഷം റെസ്റ്റ് എടുക്കാതെ കറങ്ങിക്കൊണ്ടിരിക്കണം. ഒരു നിശ്ചിത അനുപാതത്തില്‍ ഭൂമിയില്‍ ചൂടെത്തിക്കയും വേണം. ഭൂമിയ്ക്ക് ഒരേ വേഗത്തില്‍, താളത്തില്‍ സ്വയം കറങ്ങുകയും സൂര്യനെ വലം വയ്ക്കയും വേണം. കാറ്റിന് വീശണം, മഴ പെയ്യണം,
അങ്ങിനെ ദൈവങ്ങളെന്ന് നാം കരുതുന്ന ഓരോ ശക്തിയും വീശ്ചകൂടാതെ അവരവരുടെ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുന്നത് കൊണ്ടാണ് നമുക്ക് ജീവന്‍ നിലനിര്‍ത്താനാവുന്നത്. ഇതെല്ലാം ഫ്രീയായി തരുന്ന ഈശ്വരന്‍ ഇനി നമുക്ക് ജീവിച്ചുകൂടി തരണോ? നമുക്കിഷ്ടമില്ലാത്തവരെ തളര്‍ത്താന്‍ സഹായിക്കണോ, നമ്മെ മാത്രം മുന്നേറാന്‍ സഹായിക്കണോ?! അത്രയ്ക്ക് സംസ്ക്കാരമില്ലാത്തവനോ ഈ അഖണ്ഡം മുഴുവന്‍ വാഴുന്ന സര്‍വ്വേശ്വരന്‍?!

നമ്മുടെ കടമ ആ ദാനം കിട്ടിയ ജീവന്‍ കൊണ്ട് നന്നായി ജീവിക്കാന്‍ ശ്രമിക്കുക, പറ്റുമെങ്കില്‍ ചുറ്റുമുള്ള ജീവികള്‍ക്ക് ഉപകാരവും ചെയ്യാനാവുക മാത്രമാണ്.

---
ഇന്നലെ സഹോദരന്‍ വന്ന് പറഞ്ഞു നിന്റെ നാളിന് എന്തോ ദോഷമുണ്ട്. ഇന്ന് കോവിലില്‍ ചെന്ന് അര്‍ച്ചന ചെയ്താല്‍ ദോഷം മാറിക്കിട്ടും.

അതുവരെ വളരെ നല്ല ഒരന്തരീക്ഷമായിരുന്നു വീട്ടിനുള്ളില്‍.
ഭാവിയെപ്പറ്റി ചര്‍ച്ചചെയ്തു, സഹോദരന്റെ ഒന്നു രണ്ട് സുഹൃത്തുക്കള്‍ വന്നു, ചായ കുടിച്ച്  സംസാരിച്ച് പോയി. അപ്പോഴാണ് അമ്പലത്തിന്റെ കാര്യം ഓര്‍മ്മ വന്നത്.
പെട്ടെന്ന് ഒരുങ്ങ്!  എനിക്കും അല്പം ഭയം തോന്നി, അല്ലെങ്കില്‍ അനുസരണ.
നല്ല കാര്യത്തിനല്ലെ, കുടുംബം മൊത്തം നന്നാവുന്നതിന്.. സമയമില്ലെങ്കിലും കൂടെ ചെന്ന് പ്രാര്‍ത്ഥിക്കാം.
പക്ഷെ വെളിയില്‍ ഇറങ്ങിയ ഉടന്‍ സഹോദരന് ടെന്‍ഷന്‍ തുടങ്ങി. എന്തൊക്കെയോ കാര്യങ്ങള്‍  വേണ്ടെന്നു വച്ചാവും വന്നിട്ടുണ്ടാവുക.
എനിക്കും വീട്ടില്‍ പാതി തീര്‍ത്ത ജോലികള്‍ മുഴുമിപ്പിക്കലും കാത്ത് കിടക്കുന്നു.
എന്നാലും ദൈവത്തിന്റെ പ്രീതിക്ക് വേണ്ടിയല്ലെ, ഓടിപ്പിടച്ച് ചെന്നു.
പക്ഷെ അദൃശ്യനായ ദൈവം പ്രസാദിച്ചോ എന്നറിയില്ല, ദൃശ്യമായി ഉണ്ടായിരുന്ന ഒത്തൊരുമ, സമാധാനം സന്തോഷം എല്ലാം ആ ഒറ്റ പോക്കില്‍ പോയിക്കിട്ടി!!

എനിക്ക് അപ്പോള്‍ തോന്നി. അല്പം കാശുമായി ചെന്ന് പൂജാരിയോട് ശുപാര്‍ശ ചെയ്ത് ദൈവത്തിനെക്കൊണ്ട് നമ്മെ രക്ഷിക്കാന്‍ supaarssa cheyyuന്നതിലും എത്രയോ മഹത്തരമായ പ്രാര്‍ത്ഥന ആണ് നമ്മുടെ ജോലികള്‍ ഒക്കെ തീര്‍ത്തിട്ട് സമാധാനമായി ഭക്തിയോടെ ഒരു തിരി കത്തിച്ചുവച്ച് നമ്മുടെ പൂജാമുറിയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുക! അതായിരിക്കില്ലേ ദൈവത്തിനും കൂടുതല്‍ ഇഷ്ടം! അതുകൊണ്ടായിരിക്കില്ലേ അദ്ദേഹം നമുക്ക് അപ്പോള്‍ മനശ്ശാന്തി നല്‍കി പ്രസാദിക്കുന്നതും!!

[അമ്പലങ്ങളിലെ ദൈവ ചൈതന്യം അനുപമം ആണ്. അത് അവിടെ പോയാലേ അനുഭവിക്കാനാവൂ താനും. പക്ഷെ, സമയമുള്ളപ്പോൾ, സമാധാനത്തിനായി പോകണം.

ഞാൻ അമ്പലത്തിൽ പ്രാർത്ഥിക്കാൻ പോകുന്നത് തനിച്ചാണ്. അപ്പോൾ ദൈവവുമായി കൂടുതൽ അടുപ്പം കിട്ടും ]

ആത്മ

3 comments:

സുധി അറയ്ക്കൽ said...

ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൽ മനഃശാന്തി കിട്ടുന്നില്ലെങ്കിൽ പോകാതിരിക്കുന്നതാ നല്ലത്‌.എത്ര ഓടിപ്പിടിച്ച്‌ ചെന്നാലും ക്ഷേത്രദർശ്ശനം കൊണ്ട്‌ നഷ്ടമായ മനസ്സമാധാനം ഏതാണ്ടൊക്കെ തിരികെ വരുന്നതായിട്ടാ എന്റെ അനുഭവം(കുറച്ചുനേരത്തേക്കെങ്കിലും).………

ആത്മ said...

അതെ അത് സമാധാനമായി പ്രാർഥിക്കാനായി ചെല്ലുമ്പോൾ
ഞാൻ സാധാരണ അങ്ങിനെ നല്ല സമയം കിട്ടുമ്പോഴേ പോകാറുള്ളൂ ..
ഓടിപ്പിടച്ച് പോവുമ്പോൾ ആ ശാന്തി കിട്ടില്ല

ആത്മ said...

അമ്പലങ്ങളിലെ ദൈവ ചൈതന്യം അനുപമം ആണ്. അത് അവിടെ പോയാലേ അനുഭവിക്കാനാവൂ താനും.
ഞാൻ അമ്പലത്തിൽ പ്രാർത്ഥിക്കാൻ പോകുന്നത് തനിച്ചാണ്. അപ്പോൾ ദൈവവുമായി കൂടുതൽ അടുപ്പം കിട്ടും