Saturday, December 17, 2016

ആത്മാക്കളുടെ ഭാഷ


ആത്മാക്കള്‍ക്ക് മാത്രമറിയാവുന്ന ചില ഭാഷകളുണ്ട്!
എന്റെ അമ്മാവന്‍ മരിച്ച് കിടക്കുകയാണ്.
ശരീരം ദഹിപ്പിച്ചിട്ടില്ല!
ഞാനിന്നലെയും പോയി കണ്ടിരുന്നു
അത്യാസന്നമായ ആ നിലയിലും
എന്റെ സുഖവിവരങ്ങള്‍ അന്വേക്ഷിക്കുകയുണ്ടായി.
ഞാന്‍ അദ്ദേഹത്തിനായി അല്പം ഭക്ഷണവും കരുതിയിട്ടുണ്ടായിരുന്നു.
അദ്ദേഹം പണ്ട് ഞങ്ങള്‍ ഒരുമിച്ച് നടത്തിയ
വലിയ യാത്രയെ പറ്റി ഓര്‍മ്മിപ്പിച്ചു!
ഇന്ന് അദ്ദേഹത്തിന്റെ ആത്മാവ് വിട്ടുപോയ ശരീരത്തിന്
ഒരുപാട് ബഹുമതി കിട്ടുന്നുണ്ട്.
മാര്‍ബ്ബിള്‍ പാകിയ നിലത്ത് വിലകൂടിയ മഞ്ചത്തില്‍
അദ്ദേഹം കിടപ്പുണ്ട്
ചുറ്റും ഉന്നതരായ മക്കളും കൊച്ചുമക്കളും
സുഹൃത്തുക്കളും ഉണ്ട്

ഞാന്‍ ഇവിടെ എന്റെ വീട്ടില്‍.
പുറത്ത് മഴക്കോള്‍.
മഴപെയ്തേയ്ക്കും!
അവര്‍ക്ക് ഞാനാരുമല്ല
പക്ഷെ, അമ്മാവന് ഞാന്‍ ആരോ ആയിരുന്നു
ഇന്നലെ പോയി കണ്ടപ്പോള്‍ അമ്മായി പറഞ്ഞു,
നിന്റെ ഫോണ്‍ നമ്പര്‍ ഇടയ്ക്കിടെ കറക്കുമായിരുന്നു..
നിന്നെ വലിയ ഇഷ്ടമായിരുന്നു.. എന്നൊക്കെ..
അതെ, എനിക്കും വലിയ ഇഷ്ടമായിരുന്നു..
അതല്ലെ, ഒടുവില്‍ എനിക്ക് കാണാന്‍ അവസരം ഉണ്ടായത്!
ആരോ വിളിച്ചപോലെ പെട്ടെന്ന് ഉടുത്തൊരുങ്ങി
ആഹാരവുമായി ചെന്നത്!

ഞാന്‍ ചെല്ലുമ്പോള്‍ വെറുതെ അദ്ദേഹത്തിന്റെ കാല്പാദങ്ങളില്‍ തലോടി നില്‍ക്കുമായിരുന്നു..
ഇന്നലെ ഉറക്കത്തില്‍ എന്റെ വിരലില്‍ ആരോ പിടിക്കും പോലെ!
ഞാന്‍ 'അമ്മെ' എന്നു വിളിച്ച് ഉണര്‍ന്നു.
അപ്പോഴും വിരലില്‍ തരിപ്പ്!
അമ്മാവന്‍ വന്നതായിരിക്കും.. പോകാന്‍ നേരം എന്നെ തൊട്ടുതലോടി കടന്നുപോയതാകണം.
ഇതുപോലെ പണ്ട്, എന്റെ അമ്മുമ്മ, (അമ്മാവന്റെ അമ്മ) മരിച്ച ദിവസം രാത്രി
ഇന്റെ കൈവൈരലില്‍ പിടിച്ചു വലിച്ചിട്ട് പോയി..
അതെ ആത്മാക്കള്‍ തമ്മില്‍ സംസാരിക്കാറുണ്ട്..

എന്റെ അമ്മാവന്റെ ആത്മാവും എന്റെ ആത്മാവുമായി ഇപ്പോഴും ലോഹ്യത്തില്‍ ആണ്.
ഞങ്ങള്‍ ഗോപ്യമായി ചിരിക്കാറുണ്ട്.
ആര്‍ക്കും തടയാനാകാതെ അവസാന നിമിഷം കാണാനായതില്‍
സ്നേഹം പങ്കുവയ്ക്കാനായതില്‍..
ഒന്നുമല്ല.. ആത്മാവു നിറയെ പരസ്പരം സന്തോഷം കൈമാറാന്‍!
അദ്ദേഹത്തിന്റെ ശരീരം ഇപ്പോഴും അവിടെ മാര്‍ബിള്‍
കെട്ടിടത്തില്‍ ദഹനവും കാത്ത് കിടപ്പുണ്ട്
പക്ഷെ അവര്‍ക്കറിയില്ലല്ലൊ ആത്മാവിന്റെ ഭാഷ!

എന്റെ അച്ഛന്‍ മരിച്ചുകഴിഞ്ഞും ഇതുവരെ എനിക്ക്
ഒരു പരാതിയും ഇല്ലായിരുന്നു ആത്മാവിനോട് പറയാന്‍
അവരുടെ  തെറ്റുകളില്‍, കഴിവുകേടില്‍ ഒരു മാതാവിനോടെന്നപോലെ സഹതാപം,
അതില്‍ കൂടുതല്‍ അവരുടെ നിസ്വാര്‍ദ്ധസ്നേഹത്തില്‍
മതിപ്പ്..
ഞാന്‍ മരിക്കും വരെ എന്നോടൊപ്പം ഉണ്ടാകുന്ന അപൂര്‍വ്വം ചില ആത്മാക്കള്‍!

No comments: