Saturday, December 17, 2016

സ്ലോ ഡെത്ത് അല്ലെങ്കില്‍ പോരാട്ടം

വെളിയില്‍, ഒരാളെ മറിച്ചിട്ടിട്ട് മുന്നേറാന്‍ ശ്രമിക്കുന്നവരെ സമ്മതിക്കണം.
തൊട്ടുമുന്നില്‍ മരണവും നശ്വരതയും വിളയാടിയിട്ടും എന്തു വികാരമാണ് സഹജീവികളെ നോവിക്കുന്നതിലും പരാജയപ്പെടുത്തുന്നതിലൂടെയും നേടുന്നത്!

സമൂഹത്തില്‍, എന്നെ ആരെങ്കിലും എതിരിടാന്‍ വരുന്നതോ, തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതോ പോലും ഞാന്‍ അറിയില്ല. ഞാന്‍ അവരെ നോക്കി ചിരിക്കും. ഓങ്ങിയ വാളുമായി ഇളിഭ്യരായി അവര്‍ എന്നെ നോക്കി പിന്തിരിയും.

അവര്‍ പോയിക്കഴിഞ്ഞ് എപ്പോഴോ ഓര്‍ക്കുമ്പോള്‍ ആ രംഗം മനസ്സില്‍ തെളിയും
അപ്പോള്‍ ഞാനൊരു വികൃത കോമാളിയായും,  എന്നെ എതിര്‍ക്കാന്‍/തകര്‍ക്കാന്‍ വീറോടെ വന്ന് നിരാശരായി പോകുന്ന യോധാക്കളെയും കണ്ട് അതിശയിക്കുന്നു. യുദ്ധമുറകളറിയില്ലെങ്കിലും യുദ്ധത്തില്‍ താല്പര്യമില്ലെങ്കിലും അറിയാതെ യുദ്ധക്കളത്തിലാക്കപ്പെട്ട്  എന്നാല്‍ അതേ ലാഘവത്തോടെ അവിടെ നിന്നും ഒന്നും പറ്റാതെ എന്നെ ആരാണ് വെളിയില്‍ എത്തിക്കുന്നത്!!

പിന്നീട് ഓര്‍ക്കുമ്പോള്‍ ഞടുക്കത്തോടെ ഓര്‍ക്കും!  അത് സ്നേഹം അല്ലായിരുന്നു. വെറും യുദ്ധം. ജീവിതം മുഴുവന്‍. ഒരുവനെ തുടച്ചുമാറ്റി മുന്നേറാനുള്ള വ്യഗ്രത മാത്രം..

ഒരുവനെ മാറ്റിനിര്‍ത്തി മുന്നേറുന്നത്?
എവിടേയ്ക്കാണെന്ന് അവര്‍ക്കുപോലും അറിയില്ല എന്നുള്ളതാണ് മറ്റൊരു വിസ്മയം.
വെറുതെ ജീവിതം യുദ്ധക്കളമാക്കുന്ന മനുഷ്യര്‍!
എന്നിട്ട് ദൈവത്തെ പഴിക്കയും!!!


അതെ!!

സഹജീവികളെ നോവിക്കാതെയും സഹജീവികളോട് മത്സരിക്കാതെയും ഈ ഭൂമിയില്‍ ജീവിക്കാനാവില്ല എന്നതാണ് ഒരു ദുഃഖസത്യം!
നമ്മുടെ നിലനില്‍പ്പ് മറ്റേതെങ്കിലും ജീവികളിലൂടെയാണ്.  അല്ലാതെ ജീവന്‍ നിലനിര്‍ത്താനാവില്ല.  ശരീരത്തിന്റെ നിലനില്‍പ്പ്, സസ്യങ്ങളുറ്റെ ജീവന്‍, ചെറുജീവികളുടെ ജീവന്‍ നാം അണിയുന്ന വസ്ത്രങ്ങളും ഉപയോഗിക്കുന്ന വസ്തുക്കളും ഒക്കെ അന്യജീവികളുടെ ജീവനോ ആരോഗ്യമോ ഹനിച്ചുകൊണ്ടുള്ളതാണ്.
നമ്മുടെ ഉയര്‍ച്ച, വിജയം എന്നു നാം ഉത്ഘോഷിക്കുന്നത് മറ്റ് അനേകായിരം ജീവനുകളുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പരാജയം കൊണ്ടാണ്.

അമ്മയുടെ വയറ്റില്‍ തുടങ്ങുന്നു ഈ മത്സരം.
നിലനില്‍പ്പിനായുള്ള പോരാട്ടം!
മരണത്തെപ്പോലെ സത്യമാണ് ഈ പോരാട്ടങ്ങളും.
തുടക്കം മുതല്‍.
ഒന്നുകില്‍ ജീവിതം. അല്ലെങ്കില്‍ മരണം.
ഈ രണ്ടു മാര്‍ഗ്ഗങ്ങളേ ഉള്ളൂ.
തോറ്റുകൊടുക്കല്‍, പിന്മാറല്‍ എന്നാല്‍ അറിഞ്ഞുകൊണ്ടുള്ള ഒരു ആത്മഹത്യയാണ്
ഒരു സ്ലോ ഡെത്ത് പ്രോസസ്സ്!
ചിലര്‍ അത് സ്വയം വരിക്കുന്നു.
അവരുടെ ആത്മസംതൃപ്തി അതിലാണ്.
അതുകൊണ്ടുതന്നെയാണ് മറ്റുചിലര്‍ക്ക് വിജയിക്കാനാവുന്നതും!

പക്ഷെ ആരുടെയും വിജയം ശാശ്വതമല്ല എന്നതാണ് മറ്റൊരു സത്യം!
ഈ പടവെട്ടി തോല്‍പ്പിച്ച് മുന്നേറുന്നവര്‍ സ്ലോ ഡെത്ത് വരിച്ചുകൊണ്ടു ജീവിക്കുന്നവരുടെ മുന്നില്‍ പെട്ടൊന്നൊരു ദിവസം വന്നുവീണ് പിടഞ്ഞ് തീരുന്നു!!
അവര്‍ ധൈര്യത്തോടെ ജീവിതത്തെ നേരിട്ടവര്‍ എന്ന് സമാധാനിക്കാം

ജീവിതത്തെയും മരണത്തെയും ഒരേ ധീരതയോടെ വരിക്കാന്‍ തയ്യാറാകണം. അപ്പോള്‍ ധീരതയോടെ ജീവിക്കാം മറ്റു സഹജീവികളെ നോവിച്ചും തോല്‍പിച്ചും മുന്നേറി പോകാനുള്ള ചങ്കുറപ്പാണ് ജീവിക്കാനാവശ്യം
എനിക്ക് ഇല്ലാത്തതും ആ ധൈര്യം ആണ്.

No comments: