Thursday, December 15, 2016

അന്ത്യനിമിഷങ്ങള്‍..

ഈ ഭൂമിയില്‍ മനുഷ്യര്‍ എത്ര നിസ്സഹായരാണ്!
അവര്‍ സ്വയരക്ഷയ്ക്കായി സമ്പത്ത് കുന്നുകൂട്ടിവയ്ക്കുന്നു, മണിമാളികകള്‍ പണിയുന്നു, വിവാഹം കഴിക്കുന്നു. മക്കളെ പ്രസവിക്കുന്നു.
ആണ്മക്കളെ വേണം അവസാനകാലത്ത് നോക്കാന്‍!!
വീട് ആണിനു കൊടുക്കണം. അവസാനകാലത്ത് മകന്റെ കയ്യില്‍ നിന്ന് ഒരു തുള്ളി വെള്ളം!
മകനില്ലാത്തവര്‍ ദത്തെടുക്കുന്നു ഒരു മകനെ!
പക്ഷെ ഒടുവിലത്തെ ദിവങ്ങള്‍ നിശ്ചയിക്കുന്നത് ദൈവം മാത്രമാണ്.

ജയലളിത , കോടിയുടെ അധിപതി, വളര്‍ത്തുമകന്‍ ഉണ്ടായിരുന്നു. പക്ഷെ ഒടുവില്‍ ആര്‍ക്കും കാണാനാകാതെ ബന്ധവസ്സില്‍ ആ അമ്മയെ ആരൊക്കെയോ ചേര്‍ന്ന് യാത്രയാക്കി. അവരുടെ സമ്പത്തുകള്‍ അനുഭവിച്ചവരും കണ്ണുവച്ചവരും തന്നെയാകും

എന്റെ പിതാവ്! അമ്മ മരിച്ചുപോയ അങ്കലാപ്പില്‍ സ്വന്തം ജീവന്‍, ജീവിതം തന്റേടത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന വാശിയോടെ നിലനില്‍പ്പിനായി പോരാടുന്നതും ഒടുവില്‍ തീര്‍ത്തും ശയ്യാവലംബിയായി മറ്റുള്ളവരുടെ ദാക്ഷിണ്യത്തിനായി കേഴുന്ന കാഴ്ച കാണേണ്ടി വന്നു.
ഒരുവര്‍ഷം മുന്‍പ് എന്നോടൊപ്പം വിദേശത്തു വരാന്‍ തയ്യാറെടുപ്പു നടത്തിയ ആള്‍
സഹധര്‍മ്മിണി വിട്ടുപിരിഞ്ഞതില്‍ പിന്നെ സ്വന്തം വീട്ടിലെ  നിലനില്‍പ്പിനായി ശേഷി നഷ്ടപ്പെട്ട ശരീരവുമായി പോരാടിയ കാഴ്ച. അച്ഛന്റെ ശരീരം അവശമായിരുന്നെങ്കിലും മനസ്സ് പഴയതുപോലെ തന്നെ ചിന്തിക്കുന്നുണ്ടായിരുന്നു..
എനിക്കെന്തു ചെയ്യാന്‍ കഴിയും.. രഹസ്യമായി അച്ഛനെ നോക്കുന്ന സ്ത്രീയുടെ കയ്യില്‍ സ്വര്‍ണ്ണം വരെ കൊണ്ടുകൊടുത്ത്, എന്റെ അച്ഛനെ രക്ഷിക്കണേ എന്ന അപേക്ഷയോടെ..
എനിക്ക് സ്വാതന്ത്രമില്ലാത്ത വീട്ടില്‍ അതില്‍ കൂടുതല്‍ എനിക്കെന്തു ചെയ്യാനാവും!
അച്ഛന് , അച്ഛനെ നോക്കുന്ന സ്തീയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം കൊണ്ടുകൊടുക്കാനോ ആ കടമ ആരെയെങ്കിലും ഏല്‍പ്പിക്കാനോ പോലുമാകാത്ത നിസ്സഹായത!
ആകെയുണ്ടായിരുന്ന അത്താണി ഹോം നര്‍സിന്റെ കയ്യില്‍ മൊബയില്‍ ഫോണ്‍ മാത്രം! കാണാന്‍ കരുത്തിരുണ്ടിരുന്ന ആ സ്ത്രീയില്‍ മാതൃത്വവും സത്യവും സ്നേഹവും ഉണ്ടായിരുന്നു.
 എന്നും രാത്രിയില്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് അലോരസം ഉണ്ടാക്കാതെ, രഹസ്യമായെന്നോണം ഞാന്‍ അവരെ വിളിക്കുമായിരുന്നു. അവര്‍ ഫോണ്‍ അച്ഛന്റെ കാതുകളില്‍ വയ്ക്കും.
 'അച്ഛാ വല്ലതും കഴിച്ചുവോ!
'ഉം! അവിടെ എല്ലാവര്‍ക്കും സുഖം ആണോ?!'(അപ്പോഴും എന്റെ സുഖം അന്വേക്ഷിക്കുന്ന ആകാംഷ. ഈ ഭൂമിയില്‍ ആരുണ്ട് ഇതുപോലെ എനിക്ക്!! എന്നിട്ടും ഒന്നും ചെയ്യാനാവുന്നില്ലല്ലൊ!.- അതിന് ഞാന്‍ ആണല്ലല്ലൊ!)
അവസാന ദിവസങ്ങളില്‍ ഒരു ദിവസം:
അച്ഛാ..
ഉം..
എന്തുമോളേ
വെറുതെ.. അച്ഛന്റെ ശബ്ദം കേള്‍ക്കണം എന്നു തോന്നി.. ( എന്നെ ഈ ഭൂമിയില്‍ ഏറ്റവും സ്നേഹത്തോടെ  മോളേ എന്നു വിളിച്ചിട്ടുള്ള സ്വന്തം രക്തത്തിന്റെ ശബ്ദം- പക്ഷെ ഞാന്‍ ആണല്ലല്ലൊ! എങ്കിലും പെണ്ണിനും ആത്മാവ് കാണില്ലെ!)
അച്ഛാ..
മോളേ വലിയ വേദന!
അതു സാരമില്ലച്ഛാ.. അവര്‍ വേദന്യ്ക്കുള്ള മരുന്ന് തരും
ഞാന്‍ ഡിസംമ്പറില്‍ വരും.
അക്കാ, അച്ഛനു കുഴപ്പം ഒന്നും ഇല്ലല്ലൊ
ഓഹ് ഒന്നുമില്ല. കഞ്ഞി കുടിച്ചു. ഇനിയിപ്പൊ ഉറങ്ങും..
കുഴപ്പം ഒന്നും ഇല്ല.
അച്ഛന്‍ മരിക്കാന്‍ നേരവും അവര്‍ കൂടെ ഉണ്ടായിരുന്നുവെന്നതും അവര്‍ക്ക് ഒരുതുള്ളി വെള്ളം കൊടുക്കാന്‍ സാധിച്ചതും ഭാഗ്യം! അതിരാവിലെ ആണ് അച്ഛന്റെ ആ‍ത്മാവ് ഈ ഭൂമിയില്‍ നിന്ന് വിടപറഞ്ഞത്..

ഇന്ന് വലിയച്ഛന്‍ യാത്രയായി. വലിയച്ഛനും അതിരാവിലെ ആണ് മരിച്ചതെന്നാണ് അറിഞ്ഞത്.
ഞാന്‍ ഈ ഭൂമിയില്‍ ഏറ്റവും അധികം സ്നേഹിച്ചിട്ടുള്ള , എന്നാല്‍ എനിക്ക്(അവര്‍ക്കും) ആ സ്നേഹം സംരക്ഷണം അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ രണ്ട് വ്യക്തികള്‍!

വലിയച്ഛനും പ്രതാപിയായിരുന്നു. പണ്ടത്തെ ജന്മികുടുംബത്തിലെ അംഗങ്ങള്‍ ആണ്. പ്രഭുത്വം കണ്ടും അനുഭവിച്ചും വളര്‍ന്നവര്‍! അവര്‍  ഒരു വൃദ്ധസദനത്തിലെ കട്ടിലില്‍ കെട്ടിയിട്ടപോലെ കിടന്ന് മരിക്കേണ്ടി വരിക!

വലിയച്ഛന്റെ ഒരേ ഒരാഗ്രഹം ഒരു റൂമില്‍ കിടന്ന് മരിക്കണം എന്നതായിരുന്നു. അതു നടന്നില്ല. കര്‍മ്മഫലം! ഒരു പക്ഷെ രണ്ടുമാസം കൂടി ജീവിച്ചിരുന്നുവെങ്കില്‍ എന്റെ -  അതിനായി ശ്രമിക്കയായിരുന്നു. ഒരുപക്ഷെ നാലുമാസം കഴിഞ്ഞ് എന്റെ വീട്ടിലും കൊണ്ടു നിര്‍ത്തുമായിരുന്നിരിക്കാം. എന്നാലും അത് സ്വന്തം മകന്‍ (മകന്‍ ഉണ്ടാവാന്‍ പുണ്യം ചെയ്യണം) നോക്കുന്നപോലെ ആവില്ലല്ലൊ!

കഴിഞ്ഞയാശ്ച കാണാന്‍ ചെന്നപ്പോള്‍ എന്തോ കുറ്റബോധം പോലെ പറഞ്ഞു. 'നിനക്ക് വേറേ വീടുകള്‍ ഉണ്ടല്ലൊ, അതുകൊണ്ട് വീട് സഹോദരനു കൊടുത്തു'.. ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു. (എന്റെ സുഖം അന്വേക്ഷിക്കുന്ന ആകാംഷ. ഈ ഭൂമിയില്‍ ആരുണ്ട് ഇതുപോലെ എനിക്ക്, അച്ഛന്‍ കഴിഞ്ഞാല്‍! എന്നിട്ടും ഒന്നും ചെയ്യാനാവുന്നില്ലല്ലൊ!.- അതിന് ഞാന്‍ ആണല്ലല്ലൊ!)

ആ വീട് കൊടുക്കുക വഴി വീട് മാത്രമല്ല എനിക്ക് നഷ്ടമായത്.. സ്വന്തം സഹോദരനെ, നാട്ടിലെ എന്റെ വേരുകള്‍.. ഒക്കെയും. വര്‍ഷങ്ങളോളം വിരഹം സൃഷ്ടിച്ച ആ വേര്‍പിരിയലിന്റെ വിടവ് പലപ്പോഴും നികത്തിയിരുന്നത് വര്‍ഷത്തിലൊരിക്കല്‍ സ്വന്തം വീടെന്ന് കരുത് ചെന്നു കയറുന്ന ആ വീട്ടില്‍ ആയിരുന്നു. എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്ന വീട്. അച്ഛനും അമ്മയും വീടും നാടും ഒക്കെ എനിക്ക് ഒരുമിച്ച് അന്യപ്പെടുകയായിരുന്നു!!

രണ്ടാമത്തെ ഷോക്ക്!!

 ഇന്ന് ഞാന്‍ തീര്‍ത്തും  അനാഥയാണ്! എന്റെ മക്കളുടെ പിന്നാലെ നടക്കുന്ന ഒരനാഥ. എല്ലാമുണ്ടായിട്ടും അനാഥത്വം അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യ!
എങ്കിലും ഇന്നലെ പെട്ടെന്ന് എനിക്ക് തോന്നി, പാവം എന്റെ വലിയച്ഛനാണ് അവിടെ ആരോരും ഇല്ലാതെ അനാധനായി..
വലിയച്ഛന്‍ നാട്ടില്‍ വരുമ്പോള്‍ എന്തൊരാഘോഷം ആയിരുന്നു. ദിവസവും വിരുന്നുകാരും.. അല്പംവും മദ്യവും.. ഇറച്ചിയും ഓണം പോലെ. വലിയച്ഛന് എല്ലാവരും സന്തോഷിച്ച് കാണണം. അതുമതി. അതുകൊണ്ടാവണം പരാതികളുമായി ചെല്ലുന്ന അപ്പച്ചിമാരെ ഇടയ്ക്കിറ്റെ വിരട്ടിയിരുന്നത്. ഞങ്ങള്‍ക്കൊന്നും പരാതികള്‍ ഇല്ലായിരുന്നു. സന്തോഷം മാത്രമേ ഉള്ളൂ.. സിംഗപ്പൂര്‍ സാരി കിട്ടിയ അമ്മ. അല്പം പോക്കറ്റ് മണിയും ബിയറും കിട്ടുന്ന അച്ഛന്‍. വെരുതെ ഫ്രീയായി ഒരു സര്‍ക്കീട്ടും പിന്നെ വീട്ടിലെ ആഘോഷവും കണ്ട് മനസ്സ് നിറയുന്ന ഞങ്ങളുടെ കുഞ്ഞു മനസ്സുകള്‍!  അങ്ങിനെ ഞങ്ങളുടെ ബാല്യം സമ്പന്നമാക്കിയ മനുഷ്യന്‍!

കണ്ടിട്ട് തിരിച്ചിറങ്ങുമ്പോള്‍ ഭര്‍ത്താവിനോട് ചോദിച്ചു,
വലിയച്ഛന് അന്യനാട്ടില്‍ വന്നിട്ട് എന്തു ലാഭമാണ് കിട്ടിയത്!
നാട്ടില്‍ വലിയച്ഛനോടൊപ്പം ജീവിച്ചവരൊക്കെ ഇതിലും മാന്യമായി അവസാനകാലം കഴിച്ചുകൂട്ടി.
ഇവിടെ അന്യമായി, ന്രാലാംബനായി, ഏകനായി..
എന്തുമാത്രം വേദനിച്ചിരിക്കും ആ ആത്മാവ്!!

ഇന്നലെ പെട്ടെന്ന് തോന്നി വലിയച്ഛനെ പോയി ഒന്ന് കാണണം..

അങ്ങിനെയാണ് പതിവില്ലാതെ കടയിലെ ബന്ധുവിനെ വിളിച്ച് കഞ്ഞിയും ഒക്കെയായി അവിടെ ചെന്നത്. വലിയച്ഛന്‍ കഞ്ഞിയൊന്നും കുടിച്ചില്ല. പക്ഷെ എന്നെ തിരിച്ചറിഞ്ഞു.. നമ്മള്‍ മദ്രാസിലും -തിരുപ്പതി, ബാംഗ്ലൂരു(അത് മറന്നിരുന്നു) ഒക്കെ പോയത് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു. ( പിന്നെ മറക്കുമോ! അതൊക്കെയല്ലെ എനിക്ക് ആകെയുള്ള സമ്പാദ്യങ്ങള്‍).. പാവം..

ഇന്ന് രാവിലെ യാത്രയായി.. എന്റെ അച്ഛനോടൊപ്പം ചേര്‍ന്നു!
അച്ഛന്റെ ഫോട്ടൊയ്ക്ക് മുന്നില്‍ ചെന്ന് പ്രാര്‍ത്ഥിച്ചു.. "ചേട്ടന്‍ വന്നിട്ടുണ്ട്.. ഇനി പഴയപോലെ ഏണിയൊക്കെ വച്ച് തട്ടിന്‍ മുകളില്‍ കയറ്റി രസിക്കാം.." പിന്നെ നന്ദിയും.. ഇന്നലെ എന്നെ പറഞ്ഞയച്ച് വലിയച്ഛനോട് വിടപറയാന്‍ അവസരം തന്നതിന്. 

No comments: