Sunday, October 5, 2008

ആള്‍ക്കൂട്ടത്തില്‍ തനിയെ

സ്ക്കൂള്‍ അവധിയായതുകൊണ്ട്‌ മക്കള്‍ വീട്ടിലുണ്ട്‌. വല്ലാത്ത സംതൃപ്തിയും സുരക്ഷിതത്വവും. അച്ഛനമ്മ മാരെ പിരിഞ്ഞ്‌ അന്യനാട്ടില്‍ വന്ന്‌ അരക്ഷിതമായ മനസ്സുമായി ഏറെ നാള്‍ നടന്നു.ഇപ്പോള്‍ വീണ്ടും സുരക്ഷിതയായിരിക്കുന്നു. വിശ്വസിക്കാനാവുന്നില്ല. ഈ അന്യനാട്‌ സ്വന്തമാണെന്ന്‌ മനസ്സ്‌ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. ജന്‍മനാടിനെ ഓര്‍ക്കുമ്പോള്‍ എന്തൊക്കെയോ വിദ്വേഷങ്ങള്‍മാത്രം. പൊങ്ങച്ചം കാട്ടുന്ന മലയാളികള്‍.. അവര്‍ അവിടെ തന്നെ അടിഞ്ഞോട്ടെ.. ഇവിടെ എനിക്കും അവസാനം ശാന്തി കിട്ടിയിരിക്കുന്നു. ഇനി ആരോടും ഇരക്കാനോ, പരിഭവിക്കാനോ വരില്ല. എല്ലാവരുംനന്നായിരിക്കട്ടെ, "ലോകാ സമസ്താ സുഖിനോ ഭവന്തു".

ഉച്ചകഴിഞ്ഞപ്പോള്‍ മൂത്തയാള്‍ക്ക്‌ അല്‍പ്പദൂരം ഒരു ട്യൂഷനു പോകണം. ഭര്‍ത്താവിനു തിരക്കാണു. അല്ലെങ്കില്‍ കാറില്‍ കൊണ്ടു വിട്ടേനെ 15 മിനിട്ടു മതി. ബസ്സും പിന്നെ എം. അര്‍. ടി എടുത്ത്‌ ചുറ്റി തിരിഞ്ഞ്‌ അവിടെ എത്താന്‍ മുക്കാല്‍ മണിക്കൂറെങ്കിലും കുറഞ്ഞതെടുക്കും. ‍ ട്യൂഷനു വിട്ടിട്ട്‌ കുറച്ചകലെയുള്ള 'ലിറ്റില്‍ ഇന്‍ഡ്യ' യില്‍ പോയി രണ്ട്‌ ചുരീദാര്‍ വാങ്ങാമായിരുന്നു.. വളരെ നാളായി ആഗ്രഹിക്കുന്നു. മടി കാരണം മാറ്റിവച്ച്‌ വച്ച്‌ ഇപ്പോള്‍ അതൊര ത്യാവശ്യമായി മാറിയിരിക്കുന്നു. പെണ്‍കൂട്ടുകാരെയാരെയെങ്കിലും കൂട്ടാമെന്നുകരുതിയാല്‍, അതു പിന്നെ പലര്‍ക്കും നീരസത്തിനിടയാകും. ഇവള്‍ തനിച്ച്‌ എന്തു പരാക്രമം നടത്തിയാലും സഹിക്കാവുന്ന പരുവത്തിലാക്കിയതു തന്നെ വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണു. ചാടിയാലും എത്രത്തോളം ചാടാന്‍ എന്നാശ്വസിച്ച്‌ അവര്‍ കഴിയുമ്പോള്‍ വെറുതെ അസംതുലിതാവസ്ത ഉണ്ടാക്കണ്ട. ബസ്സില്‍ എം ആര്‍ ടി യില്‍ എത്തി. മകളോടൊപ്പം ഇരിക്കുമ്പോള്‍ താന്‍ ഇനി ഈ ലോകത്തില്‍ ഒരിക്കലും തനിച്ചാവില്ലഎന്നൊരു തോന്നല്‍. അവള്‍ ഇംഗ്ലീഷിലാണു സംസാരിക്കുന്നത്‌. ഞാന്‍ തിരിച്ചു മലയാളത്തിലും.

..ട്യൂഷന്‍ ക്ലാസ്സില്‍ കൊണ്ടാക്കി, സാറിന്റെ ഭാര്യയോട്‌ ലിറ്റിലെ ഇന്‍ഡ്യ യില്‍ പോകാന്‍ ഏതു ബസ്സാണ്‌ എടുക്കേണ്ടത്‌ എന്നൊക്കെചോദിച്ചു പുറത്തിറങ്ങിയെങ്കിലും മനസ്സിനകത്ത്‌ ഒരു പടപടപ്പ്‌. പണ്ടത്തെ ധൈര്യം വരുന്നില്ല. മകള്‍ തന്ന സുരക്ഷിതത്വം പെട്ടെന്നു നഷ്ടമായതാണോ കാരണം. വീണ്ടും പണ്ടത്തെ എട്ടും പൊട്ടുംതിരിയാത, ആരോ നയിച്ചാല്‍ മാത്രം നീങ്ങുന്ന പാവ പോലെ.. ആരും നയിക്കാനില്ലാതെ ഒരു നിമിഷം നിശ്ഛലമായി. ബസ്സ്‌ സ്ടോപ്പില്‍ ഇരുന്നു. ലിറ്റില്‍ ഇന്‍ഡ്യയില്‍ ഇതുവഴി പോകുന്നത്‌ ആദ്യമായാണു. ഇറങ്ങേണ്ടുന്ന ബസ്‌ സ്റ്റോപ്പും ഒന്നും നിശ്ഛയമല്ല. സമയം 7.30. നാട്ടിലാണെങ്കില്‍ കുടുമ്പ പെണ്ണുങ്ങള്‍ വെളിയിലിറങ്ങാന്‍ മടിക്കുന്ന സമയം.

ഞാന്‍ ഒറ്റയ്ക്ക്‌ ബസ്സ്റ്റോപ്പില്‍ ഇരുന്ന്‌ ആലോചിച്ചു.. എങ്ങോട്ടു പോകാന്‍??ലിറ്റിലെ ഇന്‍ഡ്യയില്‍ പോകണോ അടുത്തുള്ള ലൈബ്രറി യില്‍ പൊയിരുന്ന്‌ വല്ലതും വായിച്ചിട്ട്‌ തിരിച്ചു വരണോ??നീണ്ട 2.30 ,മണിക്കൂര്‍ മുന്നില്‍ കിടക്കുന്നു. ഫ്രീ യായി. എന്നെ എങ്ങിനെയെങ്കിലും പ്രയോജനപ്പെടുത്തൂ എന്നുകേണും കൊണ്ട്‌. അതിനെയും നിരാശയാക്കാന്‍ പാടില്ല. ബസ്സുകള്‍ ഓരോന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒന്നിലുംകയറാനാകാതെ നിശ്ഛലമായി ഞാനിരുന്നു. ഹന്‍ഡ്ഫോണെടുത്ത്‌ വീട്ടി ലേയ്ക്ക്‌ വിളിച്ച്‌, അച്ഛന്‍ പുറത്തു പോയി, കുറ്റിയിട്ട്‌ മകള്‍ വീടിനുള്ളില്‍ സുര്‍ക്ഷിതയായിരിപ്പുണ്ട്‌.

പതിയെ എണീറ്റു. ലൈബ്രറിയിലേയ്ക്കുള്ള ബസ്സില്‍ കയറി ഇരുന്നു. അല്‍പ്പം സമാധാനം. ലൈബ്രറി അടുത്തു തന്നെ. രണ്ടു ബസ്സ്റ്റോപ്പടുത്തു.. ബസ്സ്റ്റോപ്പില്‍ ഇറങ്ങി നടന്നു. വലിയ ഒരു ഷോപ്പിങ്ങ്‌ കോമ്പ്ലക്സ്‌ ആണു. ഒരാള്‍ ഓടി വന്ന്‌ കയ്യിലെന്തോ ഒരുബില്ല്‌ കൊണ്ടു തന്നു. അജ്ഞത നടിച്ചു. വീട്ടമ്മയോ വീട്ടുജോലിക്കാരിയോ, ഈ നാട്ടുകാരിയോ അന്യനാട്ടുകാരിയോ ? വെറുതേ പറഞ്ഞു അന്യനാട്ടുകാരി, ഫ്രം ഇന്‍ഡ്യ.. മൈയ്ഡ്‌ ആയിരിക്കുമെന്ന്‌ ഊഹിച്ച്‌, അയാള്‍," ഒ. ക്കെ. എങ്കില്‍വീട്ടില്‍ മാഡത്തിനു കൊണ്ടു കൊടുക്കു" എന്നു പറഞ്ഞു. "ശരി" എന്നു പറഞ്ഞ്‌ മുന്നോട്ടു നടന്നു. ഇയ്യാളോടിപ്പോള്‍ ഞാന്‍ തന്നെയാണു ജോലിക്കാരിയും വീട്ടുകാരിയും എന്നൊക്കെ പറഞ്ഞ്‌ ഫലിപ്പിച്ചിട്ടെന്തു നേടാന്‍!

കാലുകള്‍ ചലിക്കുന്നിടത്തേയ്ക്ക്‌ നടന്നു. പോപ്പുലര്‍ എന്ന ബോഡ്‌ കണ്ടപ്പോള്‍ ആശ്വാസമായി. എവിടെ ചെന്നാലും പരിചയമുള്ള ഒരിടം. ബുക്ക്സ്റ്റാള്‍. കാലുകള്‍ അറിയാതെ മുന്നോട്ട്‌. അകത്തു കയറി പതിവു തിരച്ചില്‍ തുടങ്ങി. ഒടുവില്‍ പെഗ്വിന്‍ ക്ലാസ്സിക്കിനടുത്തെത്തി. വൂതറിന്‍ ഹൈറ്റ്സ്‌, ജൈന്‍ അയിര്‍, പ്രൈഡ്‌ ആന്‍ഡ്‌ പ്രിജുഡിസ്സ്‌ ഒക്കെയിരുന്ന്‌ മാടി വിളിക്കുന്നു. വെറും 4.30 ഡോളറിനു. കൂടാതെ മറ്റൊരത്തത്തിനുഉ 25 വെള്ളിയുടെ മറ്റൊന്നും മാടി വിളിക്കാന്‍ തുടങ്ങി. ഞാനും അവരുമായി തുടങ്ങി പിന്നീടത്തെ സംവാദം. 'ഞങ്ങളെ വാങ്ങിയതുകൊണ്ട്‌ വലിയ നഷ്ടമൊന്നും വരാനില്ല എന്റെ പാവപ്പെട്ട വീട്ടമ്മേ 'എന്നവരും', എനിക്കിതൊക്കെ വാങ്ങാനും വായിക്കാനും യോഗ്യതയുണ്ടോ' എന്നൊരു ചാഞ്ചല്യം മറുവശത്തു. ഒടുവിലെ എന്നില്‍ ഉറങ്ങിക്കിടക്കുന്ന വായനക്കാരി, വിജ്ഞാനദാഹി തന്നെ ജയിച്ചു. ഇഷ്ടപ്പെട്ട ബൂക്ക്സ്‌ എല്ലാം കാഷ്‌ കാര്‍ഡ്‌ കൊടുത്ത്‌ വാങ്ങി വെളിയിലേയ്ക്ക്‌ നടക്കുമ്പോല്‍ എന്തോ കൊടുമുടികള്‍ കയറി വിജയിച്ച സംതൃപ്തി.ഇത്രയും ഡോളര്‍ കൊടുത്തിരുന്നെങ്കില്‍ നല്ല കുറേ ചുരീദാര്‍ വാങ്ങാമായിരുന്നു.. വേണ്ട.. അതിലും വലിയ വിലപിടിപ്പുള്ള ഒന്നിന്റെ അവകാശിയായി മാറിയിരിക്കുന്നു ഈ വിലകുറഞ്ഞ അടുക്കളക്കാരി..

ബുക്കുകെട്ടുമായി തിരിച്ച്‌ ട്യൂഷന്‍ വീട്ടിലേയ്ക്കുള്ള ബസ്സ്‌ സ്റ്റോപ്പിലേയ്ക്ക്‌ നടന്നു. വലിയ നീണ്ട്‌ ക്യൂവാണു. അതിന്റെ ഒരറ്റത്തു കയറിപ്പറ്റി. ബസ്സിനകത്തായപ്പോള്‍ ഒരാശ്വാസം. ഇനി മൂന്നാമത്തെ സ്റ്റോപ്പ്‌ആണു. ഇപ്പോള്‍ എത്തും. പിന്നെ അവിടെ ഇരുന്ന്‌ പതിയെ ബുക്ക്സ്‌ ഒക്കെ മറിച്ചു നോക്കിയിരിക്കുമ്പോള്‍ ട്യൂഷന്‍ തീരും. രണ്ടാമത്തെ ബസ്സ്റ്റോപ്പ്‌ കഴിഞ്ഞോ. ബല്ലടിച്ചു .. ബസ്സ്‌ നിര്‍ത്തി. ഇറങ്ങി. അയ്യോ ഇതല്ലല്ലോ ബസ്സ്റ്റോപ്പ്‌! അറിയാതെ മൂന്നിനു പകരം രണ്ടാമത്തെ സ്റ്റോപ്പിലായിപ്പോയോ? സാരമില്ല ഉടന്‍ അടുത്ത ബസ്സ്‌ വരുമല്ലോ അതില്‍ കയറി അടുത്ത ബസ്സ്‌ സ്റ്റോപ്പില്‍ ഇറങ്ങാം 5മിനുടെ ഇടവിട്ട്‌ ബസ്സുള്ളതുകൊണ്ട്‌ ഭയപ്പെടാനില്ലാ. പക്ഷെ 235 മാത്രം വരുന്നില്ല. ഇതെന്തു പറ്റി. 235 ഇവിടെ നിര്‍ത്തില്ലേ..അപ്പോഴാണു പിന്‍ ബുദ്ധി കത്തി തുടങ്ങിയത്‌. ഞാന്‍ എടുത്ത ബസ്സ്‌ 231 ആയിരുന്നു. ഞാന്‍ ട്യൂഷന്‍ ഹോമിലേയ്ക്കല്ലപൊയ്ക്കൊണ്ടിരുന്നത്‌.വേറെ എങ്ങോട്ടേക്കോ ആയിരുന്നു.

ദൈവമേ സമയം 9.30 രാത്രി ഒരു സ്ത്രീ ഒറ്റയ്ക്ക്‌.. നാട്ടിലായിരുന്നെങ്കില്‍ വിശ്വസിക്കാന്‍ പ്രയാസം.(നാട്ടില്‍ പണ്ട്‌ കൂട്ടുകാരോടൊപ്പം പട്ടണത്തില്‍ പഠിക്കാന്‍ പോയി പതിവു സമയം6.30 എന്നുള്ളത്‌ 7.30 ആയപ്പോള്‍ അയല്‍പക്കകാരെയും കൂട്ടി അമ്മ ഒരു എന്തോ സംഭവിച്ചമാതിരി ആധി പിടിച്ചു നിന്നതു, അറ്റുത്തു തന്നെയുള്ള്‌ കൂട്ടുകാരിയോടൊപ്പം വന്ന ഞാന്‍ പണ്ട് അമ്മയോട്‌ പിണങ്ങി നടന്നതും ഓര്‍മ്മയുണ്ട്‌. ഇപ്പോള്‍ ആരുമില്ല കാക്കാനും, നിലവിളിക്കാനും ഒന്നും. ആ അയല്‍പക്കവും അമ്മയും ഒക്കെ അതുപോലെ അവിടുണ്ട്‌. ഈ ഞാന്‍ മാത്രം ഇവിടെ..)

സാരമില്ല ബസ്‌ സ്റ്റോപ്പില്‍ ഒരു സ്ത്രീയാണു കൊച്ചൊരു തട്ടുകട നടത്തുന്നത്‌. അവര്‍ സാധനങ്ങള്‍ ‍അടുക്കി തുടങ്ങി.. ഓഫീസ്സു വിട്ടും മാറ്റും പെണ്ണുങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ഒക്കെ ധാരാളം സ്ത്രീകള്‍ വഴി നടന്നുപോകുന്നു. സ്ത്രീറ്റ്‌ പകലുപോലത്തെ ലൈറ്റും ഉണ്ട്‌. പിന്നെ ഭയക്കുന്നതെന്തിനു.


തട്ടുകട സ്ത്രീയോടു തന്നെ ചോദിച്ചു. "മറുവശത്തെ ബസ്‌ സ്റ്റോപ്പില്‍ ചെന്നാല്‍ ഇന്റര്‍ ചേഞ്ചി ല്‍പോകാന്‍ പറ്റുമോ?"


"പോകാന്‍ പറ്റും പക്ഷെ ചില ബസ്സുകള്‍ മാത്രമേ ഇന്റര്‍ ചേഞ്ചില്‍ കയറുള്ളു."

"സാരമില്ല 231 പോകുമല്ലോ അല്ലെ?"


"പോകും".


"തങ്ക്സ്‌.."


നേരേ ക്രോസ്സ്‌ ചെയ്‌ത്‌ അപ്പുറത്തു ചെന്ന്നാല്‍ വീണ്ടും ബസ്‌ ഇന്റെര്‍ച ഞ്ചില്‍ ചെന്ന്‌ വീണ്ടും തെറ്റാതെ 235 എടുക്കാം,മൂന്നാമത്തെ ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങാംക്രോസ്സ്‌ ചെയ്‌ത്‌ അപ്പുറത്തെത്തി.

"ഏതു ബസ്സാ ഇന്റര്‍ ചേഞ്ചില്‍ പോകുന്നത്‌?"അടുത്ത്‌ കണ്ട പ്രായമായ ഒരു ചൈനീസ്സ്‌ സ്ത്രീയോട്‌ ചോദിച്ചു. 90 വയസ്ന്റആയ അമ്മയേയും കൊണ്ടാണ്‍ അവരുടെ യാത്ര. അവര്‍ ചിരിച്ചു വിഷാദത്തില്‍ പൊതിഞ്ഞ ഒരു നേരിയ ചിരി.

"ഞങ്ങളും അങ്ങോട്ടാണു. 88 ബസ്സും പോകും"

ഞാന്‍ അവരുടെ അടുത്ത്‌ ഇരുന്നു. 88 വന്നപ്പോള്‍ ധൈര്യമായി അവരോടൊപ്പം കയറി. മുത്തശ്ശി എന്നെ നോക്കുന്നുണ്ട്‌ ഇടയ്ക്കിടെ. ഒരു കൂട്ടു കിട്ടിയ ആശാസം. താല്‍ക്കാലികമായ ഒരു കൂട്ട്‌ ഇരുകൂട്ടര്‍‍ക്കും അതറിയാം. ഇന്റെര്‍ചേഞ്ച്‌ കണ്ടപ്പോള്‍ ആശ്വാസമായി. എന്നില്‍ പുഞ്ചിരി നുരയിട്ടു. അവരും ചിരിച്ചു. അവര്‍ ചോദിച്ചില്ലെങ്കിലും പറഞ്ഞു.. "ഐ ട്ടുക്ക്‌ ദി വ്രോങ്ങ്‌ ബസ്സ്‌. 235 എടുക്കേണ്‍തിനു പകരം 231 എടുത്തു അതാണു പറ്റിയത്‌"

അവര്‍ ചിരിച്ചു.. 'ഇതൊക്കെ കൊച്ചു തെട്ടലുകളല്ലേ, ഇനിയുമെത്രയോ അനുഭവിക്കാനിരിക്കുന്നു' എന്നാവാം..

ഒരിക്കല്‍ക്കൂടി തങ്ക്സ്‌ പറഞ്ഞ്‌ നടന്നു.. മുത്തശ്ശിയെ ഒരിക്കല്‍ക്കൂടി നോക്കി. ഇനി കണ്ടുമുട്ടാനിടയില്ല ഇതൊക്കെയാവും ദൈവത്തിന്റെ അദൃശ്യ ഹസ്തങ്ങള്‍ എന്നൊക്കെ പറയുന്നത്‌ അല്ലെ?

ഇപ്രാവശ്യം 235 എടുത്ത്‌ മൂന്നാമത്തെ ബസ്‌ സ്റ്റോപ്പില്‍ തന്നെ ഇറങ്ങി മിടുക്കിയായിനടന്ന്‌. മകളെ വിളിച്ചു. ട്യുഷന്‍ 10 മണിവരെ ഉണ്ട്‌. "അമ്മ താഴെ വെയിറ്റ്‌ ചെയ്യാം ട്ടൊ. കഴിയുമ്പോള്‍ വരൂ"വീട്ടില്‍ വിളിച്ചു. ഇളയയാള്‍ സുരക്ഷിത തന്നെ കിട്ടിയ സ്വാതന്ത്യ്രം ടി. വി. കണ്ടും പാട്ടു കേട്ടും ഒക്കെ ആഘോഷിച്ചു തീര്‍ന്നിട്ടില്ല. ഭര്‍ത്താവിനെ പാര്‍ട്ടി ഓഫ്ഫീസ്സില്‍ വിളിച്ചു. വലിയ അട്ടഹാസത്തോടെ എന്തോ ഒരു ഫലിതം ആസ്വദിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള ചിരി. വീട്ടിനടുത്തുള്ള എം. അര്‍ . ടി യില്‍ വരാം കാറുമായി എന്നു പറഞ്ഞു. അതുമതി.. എല്ലാവരും സന്തോഷിച്ചോട്ടെ. ഇവളും സംതൃപ്തയാണു. കയ്യിലുള്ള ബൂക്‌ കെട്ടുകളെ നെഞ്ചോടമര്‍ത്തി. പിന്നെ,താഴെ ഇരുന്ന്‌ വായന തുടങ്ങി. വീട്ടിനകത്ത്‌ പോയി അവരെ ശല്യപ്പെടുത്താതെ10 മണിയായപ്പോള്‍ മകള്‍ വന്നു. അവളുടെ ട്യൂഷന്‍ വിവരങ്ങള്‍ തിരക്കി, പിന്നെ അവളോടു പറഞ്ഞു പറ്റിപ്പോയ അമളിപിന്നെ. മാക്ക്‌ ഡോണാള്‍ഡില്‍ കയറി മകള്‍ എന്തൊക്കെയോ വാങ്ങി വീട്ടില്‍ കൊണ്ടുപോയി കഴിക്കാന്‍.


അപൂര്‍ണ്ണം...

No comments: