Wednesday, September 7, 2016

സഹിക്കാം, പൊറുക്കാം..

ഞാനങ്ങിനെ ഷോപ്പിംഗും ഒക്കെയായി ദേഹം മുഴുവന്‍ വേദനയുമായി മൂന്നു നാല് ഐസ്ക്രീമും ഒക്കെയായി എന്റെ മുറിയില്‍ ഇരുന്ന് ഏകാന്തമായി ഇരിക്കയായിരുന്നു.. ഗമ്പ്ലീറ്റ് റെസ്റ്റ്..
പിന്നീട് ഡ്യൂട്ടികള്‍ ചെയ്യാം എന്ന തീരുമാനത്തോടെ.. എനിക്ക് എന്നെ വീണ്ടെടുക്കണം. പഴയ ആത്മയാവണം. വെളിയിലെ മദമാത്സര്യങ്ങള്‍ക്കിടയില്‍ ചെന്ന് പെട്ട് മനസ്സാകെ കലുഷിതമായിരിക്കയായിരുന്നു.

അപ്പോള്‍ വെളിയില്‍ എന്റെ മരങ്ങള്‍ വാഴകള്‍ ഒക്കെ ഉലയുന്നു.. അരിയപ്പെടുന്നു.. കുറച്ചുനേരം സഹിച്ചു..പിന്നീട്  വെളിയില്‍ ഇറങ്ങി ചെന്നു..
അവര്‍ വിളിച്ചു ചോദിച്ചു,
‘മാഡം.. ആ വാഴകുല വെട്ടണം.. സ്വിമ്മിംഗ് പൂളില്‍ പൂവ് വന്ന് വന്നു വീഴുന്നു.’
ഒന്നുരണ്ടാഴ്ചകൂടി നിന്നാലേ അത് പരുവം ആവൂ..
എങ്കിലും അവരുടെ സ്വിമ്മിംഗ് പൂളില്‍ ഇനി പൂവു വീഴണ്ട
എത്രയോ നഷ്ടങ്ങള്‍!
‘വെട്ടിക്കോളൂ’
വെട്ടി.
'എങ്കി ഇനി ആ വാഴകൂടി വെട്ടൂ..'
'അപ്പോള്‍ അതിന്റെ വേസ്റ്റ്?!'
ആ.. അപ്പോള്‍ അതാണ്.. സാരമില്ല അവരവര്‍ക്ക് ആവശ്യമുള്ളത് അവരവര്‍ ചെയ്യുന്നു.  അവരെ ശല്യപ്പെടുത്തിയ ഇലകള്‍ കാര്യക്ഷമമായി വെട്ടി. അത് കൊണ്ടുകളയുന്നതില്‍ ചോദ്യമില്ല.

ഇത്രനാളും.. രണ്ടുവര്‍ഷത്തോളം; ചെവിയടയ്ക്കുന്ന ഒച്ചയായിരുന്നു ആ വീടു വയ്പ്പും ബഹളവും. അതിന്റെ പൊടിയും ഒക്കെ വന്നടിഞ്ഞത് ഈ വീട്ടില്‍ ആണ്. ഒരിക്കല്‍ ഞങ്ങളുടെ മേല്‍ക്കൂരയും ഒരു ഭാഗം അടര്‍ന്നുവീണു. അത്  റിപ്പയര്‍ ചെയ്യേണ്ടി വന്നു. എന്തൊരു കുലുക്കമായിരുന്നെന്നോ
അവരുടെ അടിസ്ഥാനം കെട്ടുമ്പോള്‍! വീട് ഇടിയുമെന്ന് ഭയന്ന് വെളിയില്‍ ഇറങ്ങി നിന്നിട്ടുണ്ട്..മക്കള്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനാവാതെ ഭ്രാന്തുപിടിച്ചു നടന്ന പരീക്ഷക്കാലം..
ഇതൊക്കെ സമ്മാനിച്ച മാന്യ അയല്‍ക്കാരാണ് ഒടുവില്‍ ഒരു ഇലപോലും അവരുടെ കാമ്പൌണ്ടില്‍ വീഴാതെ അരിഞ്ഞ് വീഴ്ത്തുന്നത്.
‘മാഡം കാശുതന്നാല്‍ ഈ മരങ്ങള്‍ ഗമ്പ്ലീറ്റ് വെട്ടി തരാം..’
‘നിങ്ങള്‍ ഈ സൈഡിലെ വെട്ടണ്ട നിങ്ങളുടെ സൈഡ് നോക്കിയാല്‍ മതി. അങ്ങോട്ട് വരുന്നത് വെട്ടിക്കോളൂ’
ഒരിലകൂടി വെട്ടാന്‍ പറഞ്ഞപ്പോള്‍ അയ്യോ അത്.. വേസ്റ്റ് എങ്ങിനെ കളയും എന്നു വരുത്തപ്പെട്ട വിരുതര്‍ ആണ്.

 കുലപോയ വേദന തൂത്തെറിഞ്ഞ് വീണ്ടും വന്ന് കിടന്നു. എന്നെ വീണ്ടെടുക്കണ്ടേ..,
അപ്പോള്‍ വീണ്ടും വെളിയില്‍ അരിയല്‍ ശബ്ദം.
എന്റെ കുഞ്ഞുവാഴയുടെ മണ്ടയിലേക്കാണ് കത്തി..!
എനിക്ക് കോപം വന്നു.
ഞാന്‍ വലിയ  ഒരു കത്തിയുമായി ചെന്നു..
മേല്പറഞ്ഞ പരിഭവങ്ങള്‍ പിറുപിറുത്തുകൊണ്ട് കുഞ്ഞു വാഴകള്‍ മൂന്നെണ്ണം അപ്പോള്‍ തന്നെ മൂടോടെ അരിഞ്ഞ് വീഴ്ത്തിക്കൊടുത്തു.
സന്തോഷിച്ചൊട്ടെ..

എനിക്ക് പക അവരോടല്ലായിരുന്നു ലോകത്തോടു മുഴുവനുമായിരുന്നു.
ലോകം മുഴുവനും ഉള്ള ആള്‍ക്കാരുടെ പ്രതിനിധികള്‍ ആണ് ഇവര്‍!!
സിറിയയില്‍ ഇറാന് ഇറാക്ക് (?) അഭയം നല്‍കിയതിന് നന്ദിയായി അവരെ തന്നെ ഒതുക്കി, കൊന്ന് കൊലവിളി നടത്തിയ അതിഥികള്‍. ആഥിത്യ മര്യാദ കാട്ടിയ സാമൂതിരിയെയും(?) മറ്റും അപമാനിക്കും വിധം കേരളം കൈക്കലാക്കി, മതം മാറ്റലും കൊള്ളയടിക്കലും സംസ്ക്കാരം തന്നെ തകര്‍ത്ത് തരിപ്പണമാക്കിയ വിദേശികള്‍…
എല്ലാവരോടും  ഉള്ള വിദ്വേഷം!;  പൊന്നുപോലെ വളര്‍ത്തിയ ഒരു മകളെ കൈപിടിച്ചു കൊടുത്ത ഒരു രക്ഷിതാവ് - എല്ലാം കൈക്കലാക്കി കൊള്ളക്കാരെപ്പോലെ ഇപ്പോഴും ചവിട്ടിമെതിക്കുന്ന നെറികേടിന്റെ മൂര്‍ത്തിമത് ഭാവമായ മാന്യകുടുംബം; എല്ലാവരോടും ഉള്ള വിദ്വേഷം!

വെട്ടിയ വാഴകള്‍ താഴെ തറയില്‍ വീണുകിടപ്പുണ്ട്. താന്‍ ആശയോടെ കഴിക്കാന്‍ വച്ചിരുന്ന കുല പഴുക്കാനാവാതെ പകുതിയില്‍ മുറിച്ചു മാറ്റപ്പെട്ട വരുത്തത്തോടെ പുറത്ത് അതിന്റെ അമ്മയെയും എന്നെയും നോക്കി  ഇരിപ്പുണ്ട്.
നിസ്സഹായതയോടെ കൈമലര്‍ത്തുന്ന അമ്മവാഴ!
എന്തുചെയ്യാം ആത്മേ! നിനക്കായി ഞാന്‍ സമ്മാനിക്കാന്‍ ഒരുക്കിയതായിരുന്നു..
സാരമില്ല.. നമ്മള്‍ ഒക്കെ ഇരകള്‍ അല്ലെ, നിയമത്തിന്റെ , മദമാത്സര്യങ്ങളുടെ..
എന്റെ ഉദരത്തിലും ഉണ്ടായി എന്റെ തുണയ്ക്കായി ഒരു കനി.
എനിക്ക് കാണാനായില്ല , സ്പര്‍ശിക്കാനായില്ല, മുലയൂട്ടാനോ താരാട്ടുപാടി മാറില്‍ ചേര്‍ത്ത് ഉറക്കാനായില്ല, ആ കിളിക്കൊഞ്ചല്‍ കേള്‍ക്കാനായില്ല.. അവനെ/അവളെ എന്റെ മുഖം കാട്ടാനോ എനിക്ക് അവന്റെ മുഖം കാണാനോ, അവന് ഈ ലോകം കാണാനോ ഉള്ള ഭാഗ്യം ഉണ്ടായില്ല.
ഞാന്‍ അബോധാവസ്ഥയില്‍ ആയിരുന്നു.
ഉണര്‍ന്നപ്പോല്‍ വയറ് ഒഴിഞ്ഞിരുന്നു!
അവനു നൊന്തുകാണുമോ, എന്റെ ഉദരത്തില്‍ സുരക്ഷിതനായി എന്നോടൊപ്പം ജീവിക്കാന്‍ ദൈവം അയച്ച കനിയെ അവനറിയാതെ കൊലചെയ്തപ്പെട്ട എന്റെ ഉദരം. അവിഹിത ഗർഭം ആയിരുന്നില്ലല്ലോ! ഈശ്വര സന്നിധിയിൽ വച്ചു മിന്നുകെട്ടിയ മാതാപിതാക്കൾക്ക് ഉണ്ടായതല്ല, എന്നിട്ടും അവനു പവിത്രത നൽകാനായില്ലല്ലോ!

ഒരു ദിവസം ഭ്രാന്തിയെപ്പോലെ ആ ക്ലിനിക്കില്‍ ചെന്നു. ചോദിക്കാനൊന്നും ഉണ്ടായിരുന്നില്ല. എന്റെ കുഞ്ഞിനെ കൊല്ലാതെ ആര്‍ക്കെങ്കിലും കൊടുത്തുവോ? ഞാന്‍ ഒരവകാശവാദവും ഉന്നയിക്കില്ല. അറിഞ്ഞല്‍ മാത്രം മതി.   അത് ആണായിരുന്നോ പെണ്ണായിരുന്നോ, അങ്ങിനെ നിരവധി സംശയങ്ങള്‍. കുഞ്ഞിന് നൊന്തുകാണുമോ, എങ്ങിനെയായിരുന്നു അന്ത്യം, എവിടെയാണ് നിങ്ങള്‍ ആ ജീവനെ ഉപേക്ഷിച്ചത.. പാപിയായ എന്നോടൊപ്പം ഇപ്പോഴും ഉണ്ടായിരിക്കേണ്ടിയിരുന്ന.
പിന്നീട് പലപ്പോഴും തനിയെ   ട്രയിനില്‍ കയറി അവിടെ ചെല്ലും.  ഒരു ഭ്രാന്തിയെപ്പോലെ ആ ക്ലിനിക്കിനു ചുറ്റും നടക്കുമായിരുന്നു. അവന്റെ ചോര ഒഴുകിയ ഓടകള്‍ തിരഞ്ഞ്, ആത്മാവ് പറന്നുപോയ ആ അന്തരീക്ഷത്തില്‍ ..

അന്നുമുതല്‍ ഞാന്‍ ഈ ലോകത്തിലെ ഏറ്റവും വലിയ പാപിയാണ്.
അവന് നിഷേധിച്ച ഈ ലോകം കാണാന്‍, അനുഭവിക്കാന്‍ എനിക്കെന്തവകാശം!
എന്റെ അമ്മ അമ്മയല്ല. മറ്റൊരു കൊല ചെയ്യാതെ എന്നെ രക്ഷപ്പെടുത്തിയ രക്ഷക മാത്രം. ഞാന്‍ മകളല്ല, ഗര്‍ഭപാത്രത്തില്‍ വച്ച് കശാപ്പ് ചെയ്യപ്പെടാതെ രക്ഷപ്പെടാനായ ഒരു വെറും ഭൂണം. ചുറ്റും കാണുന്ന മനുഷ്യര്‍ ഒക്കെ രക്ഷപ്പെട്ട ഭ്രൂണങ്ങള്‍ മാത്രം!
അമ്മമാരുടെ ഗര്‍ഭപാത്രങ്ങള്‍ ഒക്കെ ചുടലക്കളത്തെക്കാള്‍ ഭീകരമായ രഹസ്യങ്ങള്‍ പേറുന്ന ഇടങ്ങള്‍. മനുഷ്യരുടെ കാമം, സ്നേഹം, ഒക്കെ വെറും സ്വാര്‍ദ്ധമായ വികാ‍രങ്ങള്‍ മാത്രമായി അധഃപ്പതിച്ചുപോയി..

പിന്നീടുള്ള വര്‍ഷങ്ങളില്‍ ഞാന്‍ ഈ ലോകത്തിലെ മനുഷ്യരുടെ മുഴുവന്‍ അമ്മയായി. ഓരോ മുഖങ്ങള്‍ കാണുമ്പോഴും എന്റെ കുഞ്ഞ് ഇതുപോലെ ആയിരുന്നിരിക്കുമോ! ഒരു വയസ്സായ അപ്പുപ്പന്‍ നടന്നുപോകുമ്പോള്‍ നെഞ്ചില്‍ ഒരാളല്‍ വരും എന്റെ കുഞ്ഞ് ആണായിരുന്നെങ്കില്‍ , ഞങ്ങള്‍ കൊലചെയ്തില്ലായിരുന്നെങ്കില്‍ അവനും ഈ ഭൂമിയില്‍ ഒരിക്കല്‍ ഇതുപ്പ്ലെ ജീവിതം മതിയാവോളം അനുഭവിച്ച് വയസ്സായി നടക്കുമായിരുന്നു.

വഴിയരികില്‍ യുവമിഥുനങ്ങള്‍ കൈകോര്‍ത്തു നടക്കുമ്പോള്‍
ഓര്‍ക്കും എന്റെ കുഞ്ഞിനെ ജീവിക്കാനാനുവദിച്ചിരുന്നുവെങ്കില്‍ അവനും /അവളും ഇതുപോലെ ഈ സ്നേഹം അറിഞ്ഞേനെ..

അങ്ങിനെ മുന്നില്‍ കൂടി കടന്നു പോകുന്ന ഓരോ മുഖങ്ങളിലും ഞാനെന്റെ കുഞ്ഞിനെ തിരഞ്ഞു. ആരുടെ മുഖഛായ ആയിരുന്നിരിക്കണം അവന്/അവള്‍ക്ക്..
ചിരിക്കാന്‍ മറന്ന്, ജീവിതം വെറുത്ത്, എന്നെ മറന്ന്,
എന്റെ മറ്റു മക്കള്‍ക്കായി മാത്രം ജീ‍വിച്ചു.. ജീവിതത്തിന്റെ  വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എല്ലാം മായയാണെന്ന തിരിച്ചറിവ്. ഒരിക്കല്‍ ഞാനും പോകാനുള്ളവള്‍ ആണല്ലൊ എന്ന ആശ്വാസം, അതൊന്നുമാത്രമായിരുന്നു ആകെയുള്ള വെളിച്ചം.

അന്യോന്യം കൊന്നു തിന്നുന്ന ജീവികളുടെ ഈ ലോകത്തില്‍ ഞാന്‍ എന്തു നന്മയാണ് പ്രതീക്ഷിക്കുന്നത്! എന്റെ വാഴ വെട്ടാതിരിക്കുമ്പോഴോ, എന്നെ ഭര്‍ത്താവ് അടുത്തിരുത്തി മാനിക്കുമ്പോഴോ തീരുന്നതാണോ എന്റെ തെറ്റുകള്‍?! പ്രയാസങ്ങള്‍?!

ജനിച്ച തെറ്റ് മരണം കൊണ്ടുമാത്രമേ നികത്താനാവൂ..
ജനിച്ച തെറ്റിന്റെ ശിക്ഷയാണ്  ജീവിതം.. അനുഭവിക്ക.

സഹിക്കാം, പൊറുക്കാം..

2 comments:

സന്തോഷ്‌ കോറോത്ത് said...

:))))

ആത്മ Athma said...

ഉം.. എന്തിനാ ചിരിക്കണെ?!
ഹൃദയം എടുത്തു കാട്ടുമ്പോ പിച്ചിപ്പൂ മാലയെന്നു തോന്നി അല്ലെ?:)