Wednesday, September 21, 2016

ഈ ലോകം; അതിലൊരു മനുഷ്യന്‍…

ശാശ്വതമില്ലാത്തതാണെന്നറിഞ്ഞിട്ടും ജീവിതത്തെ സ്നേഹിക്കുന്ന മനുഷ്യര്‍
അതിനിടയില്‍ പൊട്ടിമുളയ്ക്കുന്ന സ്നേഹബന്ധങ്ങള്‍;
അവയില്‍ ശാശ്വതത്വം പ്രതീക്ഷിക്കുന്ന മനുഷ്യര്‍.
ആ സ്നേഹബന്ധം സ്ഥിരമല്ലെന്നും ക്ഷണികമാണെന്നും
അവര്‍ തന്നെ കൊട്ടിഘോഷിച്ചു നടന്നിട്ടും പിന്മാറാത്ത മനസ്സ്!

ഞാന്‍ ജീവിതത്തെ കണ്ട് പകച്ചിരിക്കയാണ്..
ചെറുതിലേ ഈ ജീവിതത്തിന്റെ ക്ഷണഭംഗുരത ഇടയ്ക്കിടെ ഭയപ്പെടുത്തിയിരുന്നു
വലുതായപ്പോള്‍ ആ ക്ഷണഭംഗുരത തന്നെ ആശ്വാസമേകിയിരുന്നു.. ഈ ഭാരം ഒരിക്കല്‍ ഇറക്കിവച്ച്  ഇവിടുന്ന് പോകാമല്ലൊ എന്ന അറിവ്!
ഇവിടെ ജീവിക്കണമെങ്കില്‍ പരസ്പരം പടപൊരുതണം.
കുടിവെള്ളം തൊട്ട്, ഒരിച്ചിരി സ്നേഹത്തിനു പോലും മറ്റുള്ളവരോട് മത്സരിക്കേണ്ടിവരുന്ന/വിഷമിപ്പിക്കേണ്ടിവരുന്ന ഗതികേട്!
അങ്ങിനെയൊക്കെ ചിന്തിച്ചുകൊണ്ട് ജീവിക്കുന്നു..

വെളിയിലത്തെ, ചെറിയ സംഭവങ്ങള്‍ പോലും എന്നെ പിടിച്ചുലയ്ക്കും. വെളിയില്‍ നിസ്സംഗത അഭിനയിക്കും എങ്കിലും ഉള്ളിലെ സംതുലിതാവസ്ഥ എല്ലാം കുറേ നാളത്തേയ്ക്ക് ശിഥിലമാക്കും വെളിയിലത്തെ പടപൊരുതലുകള്‍ക്കിടയില്‍ പെട്ടുപോയാല്‍.
എല്ലാറ്റില്‍ നിന്നും വേര്‍പെട്ട് എന്നാല്‍ എല്ലാം അറിഞ്ഞ് ഒരറ്റത്ത് സമാധാനമായി ഇരിക്കാന്‍ ആണിഷ്ടം.  അതിന് വിഘ്നം വരുത്തുന്ന സോഷ്യല്‍ മീഡിയ,
പണ്ടൊക്കെ, (ഇന്നാളില്‍ വരെ) ഹൊറര്‍ സിനിമകള്‍, ദുഃഖരംഗങ്ങള്‍ അങ്ങിനെ മനസ്സിനെ ഇളക്കുന്നത് ഒന്നും തന്നെ കാണുകയില്ലായിരുന്നു. അത് മനസ്സിനെ ഇളക്കും എന്നറിഞ്ഞ് കൊണ്ട് തന്നെ. എന്നാല്‍ ഈയ്യിടെ ഒരു പെണ്‍കുട്ടിയെ 30 ഓളം പ്രാവശ്യം കുത്തികൊലപ്പെറ്റുത്തിയ ദൃശ്യം വെറുതെ പോയി നോക്കി കണ്ടു.
മനുഷ്യശരീരത്തിന് ഏറ്റവും മാക്സിമം ആയി എത്ര വേദന, എത്ര നേരം അനുഭവിക്കേണ്ടിവരും എന്ന കണ്ട് പഠിക്കാന്‍. തനിക്ക് അത് സഹിക്കാനാവുമോ എന്ന് പരീക്ഷിക്കാന്‍..
കാരണം, ഇനിയത്തെ ലോകത്ത് ആ മുന്‍‌കരുതല്‍ ആണ് വേണ്ടത് ജീവിക്കാന്‍..

മനുഷ്യര്‍ ഏതെല്ലാം രീതിയില്‍ ആണ് മനുഷ്യരാല്‍ തന്നെ പീഢിപിക്കപ്പെടുന്നത്!
സ്വാര്‍ദ്ധസുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന മനുഷ്യര്‍.
അവിടെ ദയവില്ല, സ്നേഹം ഇല്ല, എന്തൊക്കെയോ നേടാനുള്ള വെറി മാത്രം. ആ വെറി വച്ചുപുലര്‍ത്തിയില്ലെങ്കില്‍ താന്‍ ജീവിതയാത്രയില്‍ നിന്ന് പുറംതള്ളപ്പെട്ടുപോകും എന്ന ഭീതിയോടെ ജീവിക്കുന്നവര്‍.
ഇതൊക്കെ കണ്ട് പകച്ച് തളര്‍ന്നടിയുന്ന മറ്റുചിലര്‍.
ഇവിടെ സമാധാനം, സന്തോഷം സ്നേഹം ഒക്കെ വെറും മരീചിക മാത്രം.

എന്റെ ഈ മുറിയില്‍ ഒരല്പസമയം ഒറ്റയിക്കിരുന്ന് സ്വപ്നം കാണാനാകും. അത്തരം ഒരു ലോകം എവിടെയോ ,എന്നോ ഉണ്ടായിരുന്നു.. ആരൊക്കെയോ അനുഭവിച്ചിരുന്നു എന്നും വിശ്വസിക്കാന്‍..

പിന്നീട് വീണ്ടും ഭയപ്പെടുത്തുന്ന, ബോറഡിപ്പിക്കുന്ന യധാര്‍ത്ഥ ജീവിതത്തിലേയ്ക്ക്..
ഈ തിരക്കുകളില്‍ നിന്നൊക്കെ അകന്ന് പ്രകൃതിയുമായി ഇടകലര്‍ന്ന് അല്പസ്വല്പം കൃഷിയും മറ്റും ആയി സ്വയം പര്യാപ്തമായി ജീവിക്കാമായിരുന്നു.. അതായിരുന്നു എന്റെ തുടക്കവും.
അവിടെ ആരെയും ഭയക്കേണ്ടായിരുന്നു. ആരോടും മദമാത്സര്യങ്ങല്‍ ഇല്ലായിരുന്നു.  കട്ടിലില്‍ ശാന്തയായി കിടക്കുന്ന 90 കഴിഞ്ഞ ഒരമ്മുമ്മ, അമ്മുമ്മയെ രാമായണവും ഭാഗവതവും ഒക്കെ വായിക്കുന്ന അപ്പച്ചിമാര്‍. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന മാതാപിതാക്കള്‍..
ചുറ്റും ധാരാളം മരങ്ങള്‍.. കുരുമുളക്, കപ്പ, ചേന, ചേമ്പ്, വാഴ, തെങ്ങ്, മാവ്.. എല്ലാം ആവശ്യത്തിലധികം. അധികം വരുന്നത് അടങ്കലായി ആ‍ള്‍ക്കാര്‍ വന്ന് വാങ്ങിപ്പോകും.  ആവശ്യ സാധനങ്ങളും നിറഞ്ഞ പറമ്പ് അതിനു വെളിയില്‍ പരന്നുകിടക്കുന്ന വയലേലകള്‍..പത്തായത്തില്‍ പകുതിയോളം നെല്ല് ( അപ്പുപ്പന്റെ കാലത്ത് അതില്‍ നിറയെ നെല്ലുണ്ടായിരുന്നു) കുഞ്ഞായിരുന്നപ്പോല്‍ ഞാനും അനിയനും അതില്‍ ഇറങ്ങി നെല്ലുവാരാന്‍ സഹായിച്ചിട്ടുണ്ട്.. കൊയ്ത്ത്, അപ്പോഴത്തെ ആളുകളുടെ ഉത്സാഹം. പണിക്കാരത്ത്യോടൊപ്പം  അകലെ പാടത്ത് പണിയെടുക്കുന്നവര്‍ക്കുള്ള ആഹാരവുമായുള്ള യാത്ര.  അവിറ്റെ ഞാറുനടലിലും മറ്റും പങ്കെടുത്ത ഉത്സാഹം!
അവരോടൊപ്പം ആഹാരം പങ്കിട്ട് കഴിക്കല്‍..എല്ലാവരും സന്തുഷ്ടരായിരുന്നു അവിടെ..
എല്ലാം വെറും സ്വപ്നം പോലെ.. ഏതോ സ്വര്‍ഗ്ഗം പോലെ.
ഒരിക്കലും തിരിച്ച് വരാത്ത ശാന്തസുന്ദരമായ കാലങ്ങള്‍..

ഇപ്പോള്‍ ജോലിക്കരൊക്കെ റബ്ബര്‍ വെട്ട് ഫാക്ടറി ജോലി, ഗള്‍ഫ് എന്നൊക്കെപ്പറഞ്ഞ് പോയ് മറഞ്ഞു.. പഴയ പാടങ്ങള്‍ മിക്കതും നികന്നു.. റബ്ബറ് കയ്യടക്കി.
അവിടെയും കൊച്ചു റോഡുകള്‍. അതിലൂറ്റെ വരുന്ന കാറുകളും ബൈക്കുകള്‍.. കമ്പ്യൂട്ടര്‍, ടി.വി. ചാറ്റിംഗ്,  ഫേസ്ബുക്ക്, ഒക്കെയായി മാറി. ഓണം കേറാ മൂലകള്‍ പോലും..
ഭൂമിയില്‍ എങ്ങും ഇനിമേലില്‍ മനസ്സമാധാനത്തോടെ ജീവിക്കാനാവില്ലെന്ന് ചുരുക്കം.

ഒന്നും കണ്ടില്ല കേട്ടില്ല എന്നു കരുതി എല്ലാം മറന്ന് അല്പസമയം ഈ മുറിയിലെ സ്വച്ഛതയില്‍, ഈ വീട്ടിലെ ഏകാന്തതയില്‍ ഇരിക്കുമ്പോള്‍ മാത്രം.
അപ്പോഴും കുറ്റാബോധം ഇടയ്ക്കിടെ തലപൊക്കും.
എന്റെ കുഞ്ഞുങ്ങല്‍ ഈ ലോകത്തിലെ പടവെട്ടലുകളില്‍
ആസക്തിയില്ലാതെ സമാധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ്. അവര്‍ക്ക് കിട്ടാത്ത സമാധാനം ഞാന്‍ അനുഭവിക്കുന്നോ എന്ന തോന്നല്‍
എന്റെ ഭര്‍ത്താവ് ഈ മാറുന്ന ലോകത്തിലെ പടവെട്ടലുകള്‍ പോസിറ്റീവ് ആയി കണ്ട് തന്റെ കഴിവിന്റെ പരമാവധിയും അവിടെ സമൂഹ നന്മയ്ക്കായി വിനിയോഗിച്ച് കഴിയുന്നു..
അതിനിടെ ഈ വിധം മനസ്സമാധാനത്തോടെ എനിക്ക് മാത്രം ഇരിക്കാന്‍ എന്ത് അധികാരം!

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രണ്ടു പേര്‍ ചേര്‍ന്നെഴുതുന്ന ബ്ലോഗ്‌!!!

ആരാ ഈ രണ്ടു പേര്‍?

ഒറ്റയ്ക്കെഴുതി മടൂത്തോ?

സുധി അറയ്ക്കൽ said...

കാലം മാറി.ലോകവും അതിന്റെ ചിന്താഗതികളും.