Sunday, August 28, 2016

ഏകാന്തതയിലെ സ്വര്‍ഗ്ഗം

ഒടുവില്‍ ജോലിയൊക്കെ തീര്‍ത്ത് സ്വസ്ഥമായി ഒരിടത്തിരിക്കുമ്പോള്‍
പ്രിയപ്പെട്ട ഒരു ബുക്കോ എഴുതാന്‍ ഒരു ബ്ലോഗോ ട്വിറ്ററോ ഒക്കെയായിരിക്ക്മ്പോള്‍
മനുഷ്യരുടെ കര്‍ക്കശ്യങ്ങള്‍ ഒക്കെ മനസ്സില്‍ നിന്ന് മറഞ്ഞുപോവുന്നു
സ്വര്‍ഗ്ഗീയമായ ഒരു ഔന്യത്തിലെത്തിയ പ്രതീതി!

ഇത് ഞാന്‍ തന്നെ സ്വയം കണ്ടെത്തിയ ലോകമാണ്, ഏകാന്തതയില്‍ സ്വര്‍ഗ്ഗം പണിയാമെന്നത്!
ഓഫീസില്‍ നിന്ന് തിരിച്ചെത്തുന്ന അമ്മ വീട്ടിലുണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍
അതുവരെ പരമശാന്തയായി കിടക്കുന്ന അമ്മുക്കയുടെ ഉള്‍വലിയല്‍.  വേലക്കാരിയുടെ പരിഭ്രമം. അടുക്കളയില്‍ നിന്നുയരുന്ന അലോരസങ്ങള്‍.. അമ്മ എപ്പോഴും അസ്വസ്ഥയായിരുന്നു. ഒരുടത്ത് സമാധാനത്തോടെ ഇരിക്കുന്നത് കണ്ടിട്ടില്ല.
അതുകഴിഞ്ഞ് രാവിലെ അച്ഛനും അമ്മയും ഒക്കെ പോയിക്കഴിയുമ്പോള്‍ കിട്ടുന്ന ഏകാന്തത, സ്വച്ഛത, ആരും നിയന്ത്രിക്കാനില്ലാതെ മുന്നില്‍ കിടക്കുന്ന നീണ്ട ദിവസം. പ്രകൃതിയെ അറിയാന്‍ മനുഷ്യരെ അറിയാന്‍ ഭാവന നെയ്യാന്‍ അങ്ങിനെ എന്തെല്ലാം.

വിവാഹം കഴിഞ്ഞ് എന്തൊക്കെയോ പ്രതീക്ഷകളുമായി ഭര്‍ത്താവിനെ നോക്കും
അവിടെ ഒന്നും തരാനില്ല. തനിയെ എങ്ങിനെ മുന്നേറാം എന്നുമാത്രം കണക്കുകൂട്ടുന്ന ആണ്‍സമൂഹത്തിന്റെ പ്രതിനിധി! പെണ്ണുങ്ങളുടെ ലോകം വിവാഹം. അതുകഴിഞ്ഞാല്‍ അടുക്കള, വീട്, മക്കള്‍ .. അതിലപ്പുറം എന്തെങ്കിലും ആശിക്കുന്നത് അത്യാഗ്രഹമായി കാണുന്ന വീട്ടുകാര്‍ അവിടെയും ഈ ഏകാന്തത തന്റെ രക്ഷക്കായെത്തി.  തന്റെ ഉള്ളിലെ ഭാവനകള്‍ കൊണ്ട് ഞാന്‍ തന്നെ ഒരു ലോകം പണിയും സാങ്കല്പികം അവിടെ ഞാന്‍ എല്ലാം തികഞ്ഞ ഒരു വീട്ടമായായിരിക്കും. ടിവിയൊക്കെ വച്ച് പല പല രാജ്യങ്ങളിലും പോയി വരും.
ബുക്കുകള്‍ വായിച്ച് പല ജീവിതങ്ങളെ പറ്റിയും അറിയും. തന്റെതിനോട് സാമ്യമുള്ള ചില ജീവിതങ്ങള്‍ കാണുമ്പോള്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ത്തിയോടെ വായിക്കും. പ്രതിബന്ധങ്ങള്‍, ഒറ്റപ്പെടലുകള്‍ ഒക്കെ അവര്‍ തരണം ചെയ്ത രീതി.

ആള്‍ക്കാരില്ലാത്തതുകൊണ്ടല്ല ഒറ്റപ്പെടുന്നത്. തന്നെ തിരിച്ചറിയുന്ന സമാനമനസ്കര്‍ ഇല്ലാതെ ഒറ്റപ്പെട്ടുപോകുന്ന വരണ്ട ജീവിതം. അത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

പിന്നെ എപ്പോഴോ,  എല്ലാം തൂത്തെറിഞ്ഞ്,   ഞാന്‍ പതിയെ ഭൂമിയിലേക്കിറങ്ങി.
അവിടത്തെ പുല്‍ക്കൊടികളോടും കിളികളോടും കാറ്റിനോടും ഒക്കെ സംസാരിക്കാന്‍ തുടങ്ങി. അവര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു.
മാറിമാറി വരുന്ന കാലങ്ങള്‍ അത് അവരില്‍ വരുത്തുന്ന മാറ്റങ്ങള്‍;
മനോഹരമായി പൂത്തു മനുഷ്യര്‍ക്ക് സ്നേഹം ചൊരിയുന്ന മരങ്ങളും ചെടികളും!
അവയുടെ തണലില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഇരിക്കും പോലെ. കൂട്ടുവേണമെന്നൊന്നും തോന്നിയിട്ടില്ല. മറിച്ച് ഒരു കൂട്ട് തന്റെ ഈ സ്വര്‍ഗ്ഗീയതയ്ക്ക് വിഘ്നം വരുത്തും എന്ന ഭയവും ഉടലെടുത്തു തുടങ്ങി.

ഞാന്‍ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.
എനിക്കായി മാത്രം കിട്ടുന്ന പകലുകള്‍, രാത്രികള്‍.. അവിടെ എനിക്ക് ഞാന്‍ ആയിരുന്നു  ഏറ്റവും പ്രിയപ്പെട്ട മിത്രം. എന്നെപ്പോലെ എന്നെക്കാട്ടിലും നല്ല ഒരു മിത്രത്തെ ഞാന്‍ കണ്ടിട്ടില്ല, എന്നെക്കാളേറെ എന്നെ സ്നേഹിക്കുന്നവരെയും കണ്ടിട്ടില്ല. എന്നോട് ക്ഷമിക്കാനും പൊറുക്കാനും എന്നെപ്പോലെ മറ്റാര്‍ക്കും ആവില്ല. എന്നെ മനസ്സിലാക്കാനും എനിക്കാവുന്നതുപോലെ മറ്റൊരു മനുഷ്യന് ആവില്ല താനും. അതിന് തക്ക ആവശ്യമോ, സമയമോ മനസ്സോ  ഉള്ള ആരെയും ഞാന്‍ കണ്ടെത്തിയിട്ടില്ല.
ഞാന്‍ എന്നില്‍ തന്നെ അനുരക്തയായിരുന്നു.

എന്റെ മക്കള്‍ക്ക് പോലും ഞാന്‍ നഷ്ടമായിത്തുടങ്ങി ഒടുവിലൊടുവില്‍.
പക്ഷെ, വെളിയില്‍ ആരുമില്ലാത്താ അനാധയായ എന്നെ എനിക്ക് ഭയമായിരുന്നു.
അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ ഉള്ളില്‍ ഒരു ലോകം നിര്‍മ്മിച്ചു. ഓര്‍മ്മകളും പ്രതീക്ഷകളും കൊണ്ട്. അവിടെ ഞാന്‍ മറ്റെല്ലാം മറന്ന് പ്രവേശിക്കുമ്പോള്‍ മക്കള്‍ ശരീരം മാത്രമുള്ള അമ്മയുടെ ചുറ്റിനും പരിഗണന കൊതിച്ച് ഇരുന്നിട്ടുണ്ടാവും!
പാവം! അമ്മ അവിടെ തോറ്റു. എനിക്ക് തരാന്‍ സന്തോഷം ഒന്നും ഇല്ലായിരുന്നു കുഞ്ഞുങ്ങളേ..മനസ്സ് തുറന്നാല്‍ ലോകം എന്നോട് കാട്ടിയ അന്യായങ്ങളെ പറ്റി മാത്രമേ പറയാനുണ്ടാവൂ. അതുകൊണ്ടാവാം ഈ അന്തര്‍മുഖം സ്വീകരിച്ചത്. അതുകൊണ്ടാവാം ഈ അന്തര്‍മുഖം സ്വീകരിച്ചത്.

എപ്പോഴും ധൃതിയായി നടക്കുന്ന ഭര്‍ത്താവ്. പലപ്പോഴും ഒരു സിംഗിള്‍ പേരന്റിനെപ്പോലെ എല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. അവരുടെ ഭീതികള്‍, വിഹ്വലതകള്‍ .. ഒന്നും പങ്കുവയ്ക്കാന്‍ ആരുമില്ലായിരുന്നു. ഒടുവില്‍ അവരുടെ ആവശ്യങ്ങളും കൂടി നിറവേറ്റി കഴിയുമ്പോള്‍ ( ആഹാരം, പഠിക്കനുള്ള മറ്റ് പൊരുള്‍കള്‍ വാങ്ങിക്കല്‍) ഞാന്‍ നന്നെ തളര്‍ന്നിട്ടുണ്ടാവും. തളര്‍ന്ന മനസ്സുമായി അവരുടെ അരികില്‍ ഇരിക്കും. ഇടയ്ക്കിടെ അപൂര്‍വ്വമായി മനസ്സ് തെളിയുമ്പോള്‍ അവരോടൊപ്പം സിനിമ കാണുമയും മറ്റും ചെയ്തിട്ടുണ്ട്.എങ്കിലും മുഴുവന്‍ സമയവും ആധിയായിരുന്നു.. ഭാവിയെപ്പറ്റി, അവരുടെ പഠിത്തത്തെ പറ്റി. എനിക്കെന്തെങ്കിലും വീഴ്ചപറ്റിയാല്‍ പഴിപറയാനല്ലാതെ താങ്ങാന്‍ ആരുമില്ലെന്ന തിരിച്ചറിവ്.. ഒക്കെ തളര്‍ത്തിയിരുന്നു.

അതില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഏകാന്തതയില്‍ സ്വര്‍ഗ്ഗം പണിതത്. ബുക്കുകളും പൂക്കളും പാട്ടും പിന്നെ എന്റെ ഹോസ്റ്റലിലും മറ്റും ഉള്ള പഴയ കൂട്ടുകാരുടെ ഓര്‍മ്മകള്‍, കുട്ടിക്കാലം അങ്ങിനെ ഒരു ലോകം ഉണ്ടാക്കി ഞാന്‍ എന്നെ മറന്നിരുന്നു.

ബ്ലോഗ് ഒക്കെ എഴുതി തുടങ്ങിയപ്പോള്‍ അദൃശ്യരായ പല നല്ല കൂട്ടുകാരേയും കിട്ടിത്തുടങ്ങി. എന്നെ തിരിച്ചറിയുന്ന സമാനമനസ്കര്‍.  ശരിക്കുള്ള ലോകത്തില്‍ ഞാന്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. അതുകൊണ്ട്തന്നെ ഏകാന്തത എനിക്ക് അന്നും ഇന്നും പ്രിയപ്പെട്ടതായി.

No comments: