Sunday, August 28, 2016

ആയിരത്തില്‍ ഒരുവള്‍

മോഹന്‍ലാല്‍ എല്ലാ മലയാളി പെണ്‍കുട്ടികളുടെയും പുരുഷസങ്കല്പം ആണല്ലൊ!
ദേഷ്യം അധികം വരാത്ത, ബുദ്ധിയും നര്‍മ്മവും കൌശലവും തന്റേടവും സ്നേഹവും  കുസൃതിയും ഒക്കെ ഒത്തിണങ്ങിയ ഒരു പുരുഷന്‍.
പെണ്ണുങ്ങളെ സ്നേഹിക്കാനറിയാവുന്ന മതിയ്ക്കാനറിയാവുന്ന, സ്ത്രീ തന്റെ നല്ലപാതിതന്നെയാണ് അവളില്ലാതെ തനിക്ക് പൂര്‍ണ്ണതയില്ലെന്ന് തെളിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഹാ നടന്‍!

ആ നടനെ ഇന്നലെ സ്റ്റേജില്‍, അടുത്ത് കാണാന്‍ പറ്റി. പിന്നെ എന്റെ തൊട്ടു പിന്നില്‍ വന്ന് അല്പനേരം ഇരിക്കയും ചെയ്തു. എന്നോടും മധുരമായി പുഞ്ചിരിക്കയും ചെയ്തു. മോഹന്‍ലാല്‍ ഓരോ സ്ത്രീയേയും നോക്കുന്നത് അവരുടെ പ്രത്യേകത കണ്ടറിഞ്ഞുതന്നെയാണ്. ബാഹ്യമായ സുന്ദര്യത്തിനപ്പുറം അവരുടെ ആന്തരികമായ സൌന്ദര്യം തിരിച്ചറിയുന്ന നോട്ടം. ശ്രീകൃഷ്നനെപ്പോലെ.

അതെ ഈ മദ്ധ്യവയസ്സില്‍ ഇനിമുതല്‍ എന്റെ ശ്രീകൃഷ്ണന്‍ മോഹന്‍ലാലാണ്. പതിനായിരത്തെട്ടു ഭാര്യമാരുള്ള/കാമുകിമാരുള്ള; എന്നാല്‍ തന്റെ കുലീനത നിലനിര്‍ത്തിയും പോന്ന കണ്ണന്‍.

മോഹന്‍ലാല്‍ അതിമാനുഷനോ, ശരികള്‍ മാത്രം ചെയ്യുന്ന ആളോ അല്ല.
മറിച്ച് മനുഷ്യരുടെ ബലഹീനതകളും തെറ്റുകളും ഒക്കെ ഉള്ള, അത് സമ്മതിക്കാന്‍ ഇഷ്ടമുള്ള ഒരു മനുഷ്യന്‍. മനുഷ്യരെ തിരിച്ചറിയുന്ന, മനുഷ്യത്വം തിരിച്ചറിയുന്ന മിഴികള്‍, ഭാവങ്ങള്‍!

ഇന്നലെ സ്റ്റേജില്‍ ഒരമ്മയുടെ സ്നേഹം, നഷ്ടപ്പെട്ടുപോയ  മകനെപ്പറ്റിയും അധഃപ്പതിച്ചുകൊണ്ടിരിക്കുന്ന നാടിനെപ്പറ്റിയും ഒക്കെയുള്ള ഉള്‍ക്കണ്ഠകള്‍ ഒക്കെയായിരുന്നു വിഷയം.

അതിനുശേഷം അദ്ദേഹം 60 കളിലെ വയലാര്‍ ദേവരാജന്‍ യേശുദാസ് ഹിറ്റുകളിലെ അതിമനോഹരമായ ചില പാട്ടുകള്‍ ആലപിക്കാന്‍ ശ്രമിച്ചു.
പ്രേംനസീറിനു പകരം പ്രിയനടന്‍ മോഹന്‍ലാല്‍ കണ്ണെത്തും ദൂരെ അരികില്‍ ഇരുന്ന് ശ്രുതിമധുരമായി, തന്റെ കാണികളെ സന്തോഷിപ്പിക്കാനായി ആ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അറിയാതെ കൂറ്റെ ചുണ്ടുകള്‍ ചലിപ്പിച്ചു.

സംഗീതവും അഭിനയവും സ്നേഹവും അതിലുപരി എന്റെ നാടിന്റെ പ്രതിനിധിയുമായ ഒരു ഉത്തമ മനുഷ്യനിലൂറ്റെ അതൊക്കെ കേള്‍ക്കാന്‍ ഇടയായ അത്യപൂര്‍വ്വമായ ആ നിമിഷങ്ങളെ അങ്ങിനെ ജീവസ്സുറ്റതാക്കി എന്റെ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഒരാഗ്രഹം. എന്നെപ്പോലെ പലരും അദ്ദേഹത്തോടൊപ്പം ആ വരികള്‍ക്കൊപ്പം ചുണ്ടുകള്‍ ചലിപ്പിക്കുന്നതുകണ്ടു.

പ്രായം ബാധിക്കാത്ത അദ്ദേഹത്തിന്റെ പെരുമാറ്റവും കുസൃതിയും തേജസ്സും
ആരാധനയോടെ നോക്കെ കണ്ടു. കിലുക്കത്തില്‍, ചിത്രത്തില്‍, ആറാം തമ്പുരാനില്‍, മണിചിത്രത്താഴില്‍, തേന്മാവിന്‍ കൊമ്പത്ത്, താളവട്ടം, അങ്ങിനെ എത്ര എത്ര സിനിമകള്‍! എത്ര പ്രാവശ്യം കണ്ടാലും പുതുമയോടെ നിലനില്‍ക്കുന്ന കഥാപാത്രങ്ങള്‍!

അങ്ങിനെ ഒരു യധാര്‍ത്ഥമനുഷ്യനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. വെള്ളിത്തിരയില്‍ അതിനു ഭാഗ്യമുണ്ടാക്കിയ അഭിനയചക്രവര്‍ത്തിയാണ് മുന്നില്‍! അദ്ദേഹത്തിന്റെ ഉള്ളിലും അത്തരം ഒരു ആത്മാവ് കുറ്റുകൊള്ളുന്നതുകൊണ്ടാവില്ലേ ആ കഥാപാത്രങ്ങള്‍ക്കൊക്കെ ഇത്രമാത്രം മിഴിവേകാനായത്! പെണ്ണുങ്ങളെ സ്നേഹിക്കാനും സ്ത്രീത്വത്തിനെ അംഗീകരിക്കാനും  കഴിയുന്ന ചുരുക്കം ചില ആള്‍ക്കാര്‍.
അങ്ങിനെയുള്ളവരുടെ മുന്നില്‍ നമ്മുടെ മുഖം മൂടികളൊക്കെ അറിയാതെ അഴിഞ്ഞുവീണുപോകുന്നു. നാം വെറും സ്നേഹിക്കാനറിയാവുന്ന സ്ത്രീകള്‍ മാത്രമായിപ്പോവുന്നു. കൃഷ്ണന്റെ രാധയെപ്പോലെ അല്ലെങ്കില്‍ മീരയെപ്പോലെ ആരാധനയോടും സ്നെഹത്തോടും ആ സ്നേഹത്തെ നിര്‍ന്നിമേഷരായി നോക്കിനില്‍ക്കുന്നു

സങ്കല്പം യാധാര്‍ത്ഥ്യമായി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന രാധ അല്ലെങ്കില്‍ മീര. അദ്ദേഹം തൊട്ടുപിറകില്‍ വന്നിരുന്നപ്പോള്‍ , താന്‍ വീണ്ടും 18, 20 പ്രായമുള്ള യുവതിയായി മാറി. തന്നെ നോക്കുന്നുണ്ടാവുമോ, തന്നില്‍ എന്തെങ്കിലും പ്രത്യേകത കണ്ടുവൊ, തനിക്ക് അദ്ദേഹത്തോടുള്ള ആരാധന അദ്ദേഹം അറിഞ്ഞുവോ! എന്നിങ്ങനെ നൂറു നൂറു ചപലതകള്‍ വന്ന് മൂടിയതിനാല്‍ ഒരിക്കല്‍ കൂറ്റി തിരിഞ്ഞുനോക്കാന്‍ പോലും ആവാതെ തളര്‍ന്നിരുന്നുപോയ ചില നിമിഷങ്ങള്‍!

അടുത്ത നിമിഷം അദ്ദേഹം എഴുന്നെറ്റുപോകുന്നതുകണ്ടു. തന്നോടുള്ള നീരസമാണോ എന്നായിരുന്നു ആദ്യത്തെ ആശങ്ക. പിന്നെ പതിയെ ഓര്‍ത്തു. വെറുതെ, ഭാരവാഹികളെ സന്തോഷിപ്പിക്കാനായി അല്പസമയം അവിടെ ഇരുന്നതാകും. അതുകഴിഞ്ഞ് പോയി. അത്രതന്നെ. ഞാന്‍ ആയിരത്തില്‍ അല്ല ലക്ഷത്തില്‍ ഒരുവള്‍ മാത്രം!

No comments: