Saturday, August 20, 2016

മനുഷ്യ വളര്‍ച്ച


ഈ പേജ് ഫോര്‍സ് റീലോഡ് ചെയ്തപ്പൊ കിട്ടിയതാണ്
എന്നോട് പറയാതെ അത് ബ്ലാങ്ക് ആയി നിന്നു കുറേ നേരം!
തിരികെ കിട്ടിയ സന്തോഷത്തില്‍ അതിനെ നോക്കി
എന്ത്രാ?! (കൊശവാ എന്നോട് പറയാതെ ഹാങ്ങ് ആയത്!)

ഇതുപോലെ ഞാനിപ്പോ പല ജീവനില്ലാത്ത വസ്തുക്കളോടും 
സംസാരിക്കാറുണ്ട്..!
ചായയിടുമ്പോള്‍ അടപ്പ് താഴെ വീഴുകയാണെങ്കില്‍ അതിനെ വഴക്കുപറയും!
'ഉം! പറ്റില്ല അല്ലെ അടങ്ങി ഇരിക്കാന്‍? ..ഹും!'

പിന്നെ, ചായ തിളച്ചു തൂവുന്നെങ്കില്‍,
'ഹും! ഇനി ഇതിലും വലിയതായി വല്ലതും ചെയ്യാനുണ്ടോ?!,
നീയായിട്ട് കുറയ്ക്കണ്ട..' എന്നിങ്ങനെ പുലമ്പിക്കോണ്ടിരിക്കും

(മനുഷ്യ സമ്പര്‍ക്കം ഇല്ലാത്തതുകൊണ്ട് ഫ്ലാറ്റിലും മറ്റും ജീവിച്ച് മുരടിക്കുന്ന അല്ലങ്കില്‍ സുഖിക്കുന്ന വീട്ടമ്മമാര്‍ക്ക് ഒടുവില്‍ ഈ വിധം പരിണാമം ഉണ്ടാവുമായിരിക്കാം..)

ഉറുമ്പുകള്‍ കൂട്ടത്തോടെ ചാവാനെക്കൊണ്ട് പാത്രത്തില്‍ കിടക്കും.
ഞാന്‍ 'ഇറങ്ങിപ്പോയി രക്ഷപ്പെട്രാ..'എന്ന് ആക്രോശിക്കും..
ടിഷ്യൂപേപ്പര്‍ ഒക്കെ ഇട്ട്, 'അതില്‍ കയറ് , ഞാന്‍ നിന്നെ വേറൊരിടത്ത് ആക്കാം..' 
എന്നൊക്കെ പറഞ്ഞാലും ചില അതിബുദ്ധിമാന്മാര്‍ അതില്‍ നിന്നൊക്കെ ഒഴിഞ്ഞ്
എന്തോ ഉണ്ടാക്കാനായി പാത്രത്തിനകത്തു തന്നെ കടിച്ചുതൂങ്ങി നടക്കും.

അതുകാണുമ്പോള്‍ ചില മനുഷ്യരുടെ കാര്യവും ഓര്‍ക്കും, 
സാമര്‍ത്ഥ്യമെന്നു കരുതി ദൈവത്തെപ്പോലും ധിക്കരിച്ചു ചെയ്യുന്നാ പല പ്രവര്‍ത്തികളും അവരെ അധഃപ്പതനത്തിലേക്ക്, ആപത്തിലേയ്ക്കാണ് നയിക്കും എന്നറിയാതെ അതിബുദ്ധിമാന്മാര്‍ ചമയുന്നവര്‍! ദൈവത്തിനെന്തു ചെയ്യാന്‍ പറ്റും!
എനിക്കിച്ചിരി സമയവും ക്ഷമയും ഉള്ളതുകൊണ്ട് കുറേ ഉറുമ്പുകളെയെങ്കിലും രക്ഷിക്കാനായി.

ഈ കൊച്ചുപ്രാണികളുടെ ജീവിതം നിരീക്ഷിച്ചാല്‍ നമ്മള്‍ മനുഷ്യരുടെ ജീവിതവും അതുപോലെയൊക്കെ തന്നെയാണ്.  അവര്‍ കൂടുകെട്ടി ഒത്തൊരുമയോടെ ജീവിക്കുന്നു. അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നു. ജീവിക്കാനായി നെട്ടോടമോടുന്നു . മരിക്കാന്‍ വിസമ്മതിക്കുന്നു. വേദന വരുമ്പോള്‍ പിടയുന്നു..

ഒരു വെള്ളപ്പൊക്കം ഉണ്ടാവുമ്പോള്‍ ഈ ഉറുമ്പുകള്‍ ഇന്ന് ഈ വെള്ളത്തില്‍ കിടന്നു പിടയുമ്പോലെ നമ്മളും! ചിലരൊക്കെ രക്ഷപ്പെടും ചിലര്‍ ആ ഒഴുക്കില്‍ പെട്ട് മറയും!

ആയുസ്സിനെ പറ്റിയോ നാളെയെ പറ്റിയോ ഒന്നും നമുക്ക് ഒരു ഉറപ്പും ഇല്ല.
ഈ ഭൂമിയെപ്പറ്റിയോ ദൈവത്തെപ്പറ്റിയോ നമുക്കും ഒന്നും അറിയില്ല. 
എത്രനാള്‍ കാണുമെന്നോ, ആരാണ് ഈ ഭൂമിയുണ്ടാക്കി, നിനക്ക് അഞ്ചുസെന്റ്, എനിക്ക് പത്തുസെന്റ് എന്നൊക്കെ പറഞ്ഞ് വീതിച്ചെടുക്കാന്‍ പരുവത്തിന് ഫലവൃക്ഷങ്ങളും കാറ്റും വെള്ളവും സൂര്യപ്രകാശവും ഒക്കെ ഒരുക്കി തയ്യാറാക്കി വച്ചിരിക്കുന്നും ഒന്നും നമുക്ക് ഒരു രൂപവും ഇല്ല!

ഈ ഉറുമ്പുകളെപ്പോലെ നമ്മള്‍ കുറെ സ്ഥലം കൈക്കലാക്കുന്നു. അവിടെ പാര്‍പ്പിടം ഉണ്ടാക്കുന്നു.. ജീവിക്കുന്നു.. കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വിടപറഞ്ഞ് പോകുന്നു..

എന്നിട്ടും ഉറുമ്പുകളെക്കാള്‍ അധികമായി നാം ആഗ്രഹിക്കുന്നു, അഹങ്കരിക്കുന്നു. ഈ ഭൂമി തന്റേതുമാത്രമാണെന്നു കരുതി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. നമ്മുടെ തന്നെ തിരോധാനത്തിനായി നമ്മള്‍ തന്നെ ഓരോന്ന് കാട്ടിക്കൂട്ടുന്നു..

ഭൂമി നമുക്കായി ഒരുക്കിയിരിക്കുന്ന ശുദ്ധജല സംഭരണികള്‍ നികത്തി കിണറുകളും കുളങ്ങളും ഒക്കെ നികത്തി കോണ്‍ക്രീറ്റ് ഇട്ടിട്ട് നമ്മുടെതന്നെ വേസ്റ്റ് വാട്ടര്‍ ആണിപ്പോള്‍ ഏറ്റവും ആധുനികമായ രീതിയില്‍ പലവിധ യന്ത്രസഹായത്തോടെ കോടിക്കണക്കിന് കാശുചിലവാക്കി, നമ്മുടെ അടുക്കളയില്‍ നാം ഉപയോഗിക്കുന്നത്, പാനം ചെയ്യുന്നത്!

നല്ല വൃക്ഷച്ഛായയില്‍ കുളിര്‍കാറ്റും ഒക്കെ കൊണ്ട് സ്വച്ഛന്ദം കാനനച്ചോലയില്‍ ഒക്കെ മുങ്ങിനീരാടി മദിച്ച് നടന്ന മനുഷ്യര്‍ . മരമൊക്കെ വെട്ടിക്കളഞ്ഞ് കോണ്‍ക്രീറ്റ് ആക്കി, അവിടെ കോണ്‍ക്രീറ്റ് സൌധങ്ങള്‍ കെട്ടിപ്പടുത്ത്  പിന്നെ ചൂടുസഹിക്കാനാവാതെ ഫാനും എയര്‍ക്കോണും സ്വിമ്മിങ് പൂളും ഒക്കെ കെട്ടുന്നു. ആദ്യം അനുഭവിച്ച സുഖത്തിനൊപ്പം എത്താന്‍.

മനുഷ്യന്മാര്‍ ശരിക്കും കുരങ്ങന്മാര്‍ ആണോ?!

ഉള്ളത് നശിപ്പിച്ചിട്ട് ഒരുപാട് സാഹസങ്ങള്‍ കാട്ടി അതുതന്നെ കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ പാടുപെടുന്നു..

കിളികളെയും മൃഗങ്ങളെയും നോക്കൂ.. ( നമ്മള്‍ പിടിച്ച് കൂട്ടില്‍ അടയ്ക്കാത്ത)
അവ സ്വതന്ത്രമായി വിഹരിക്കുന്നു. പാടുപെട്ട്  മഴയില്‍ നിന്നും വെയിലില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നും ഒക്കെ ഒരു രക്ഷയ്ക്കായി ഒരു കൂടുണ്ടാക്കുന്നു. പിന്നെ ആവശ്യത്തിനുള്ള ഇരതേടുന്നു. ബാക്കിയുള്ള സമയം ആടിപ്പാടി പറന്ന് പ്രകൃതിയോടിണങ്ങി ജീവിക്കുന്നു. ഇതുപോരേ മനുഷ്യര്‍ക്കും!

ഈ ഭൂമിമുഴുവന്‍ കോണ്‍ക്രീറ്റിടണോ?!
എന്നിട്ട് അത് സ്വന്തമാക്കണോ?!
ഇപ്പോള്‍ സൌരോര്‍ജ്ജം സ്വീകരിച്ച് ചൂടുണ്ടാക്കയാണ്. ഈ ഉണ്ടാക്കിയ യന്ത്രങ്ങളൊക്കെ പ്രവര്‍ത്തിപ്പിക്കാനായി! 
ഹീറ്ററും കാണും! 
സൂര്യന്‍ നേരിട്ട് തരുന്ന ചൂട് നമുക്ക് വേണ്ട. നമ്മള്‍ അത് ആധുനിക യന്ത്രങ്ങളുടെ സഹായത്തില്‍ ട്രാപ്പ് ചെയ്തേ ഉപയോഗിക്കൂ (അന്തസ്സ്)
പ്രകൃതി നേരിട്ട് തരുന്ന കാറ്റ് നമുക്ക് വേണ്ട. നമ്മള്‍ അതും യന്ത്രവത്ക്കരിച്ച്, അതിനകത്തൂടെ കടത്തിവിട്ടേ ശ്വസിക്കൂ‍..

ഭൂമി അരിച്ച് വൃത്തിയാക്കി നമുക്കായി ഒരുക്കിയിരിക്കുന്ന ശുദ്ധജല സംഭരണികള്‍ നമുക്ക് വേണ്ട,  അതും കുഴലുകളിലൂടെ യന്തത്തിലൂടെ ഒക്കെ കടത്തിവിട്ട്, ക്ലോറിനും മറ്റും കലര്‍ത്തി.. ആകെ കൃതൃമമാക്കിയേ ഉപയോഗിക്കൂ!

അല്ല, അതിനിനി പ്രകൃതിയിലേക്ക് തിരിച്ച് പോകാനൊന്നും ഈ ജന്മം സാധ്യമല്ല.
ഉയരട്ടെ.. വാനത്തോളം ഉയരട്ടെ മനുഷ്യര്‍!
ഒടുവില്‍ ഭൂമിയില്‍ തന്നെ വീണടിയാനല്ലെ ഇവര്‍ ഉയരുന്നതും!!

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കൊശവാ അല്ല കൊശവീ എന്നു വേണ്ടിയിരുന്നില്ലെ?

മോഹൻലാൽ സിനിമയിൽ പറഞ്ഞ ഒരു രീതി ഓർത്തു പോയി ഹ ഹ ഹ :0
പിണങ്ങണ്ടാട്ടൊ
തമാശിച്ചതാ

ആത്മ Athma said...


കണ്ടതില്‍ സന്തോഷം!
കുറേ നാളായി ആരെം കാണാതിരിക്കുന്നതിന്റെ വൈക്ലബ്യം ഉണ്ടായിരുന്നു..:)

സാറിനു പറ്റുമെങ്കില്‍ എന്റെ ബ്ലോഗ് സാറിനു ഒരു വെബ്സൈറ്റ് ഉണ്ടെന്നു പറഞ്ഞില്ലെ, അവിടെ ഒരു ലിങ്കോ മറ്റോ കൊടുക്കാന്‍ പറ്റുവോ?!
ഇത്, ഞാന്‍ എഴുതുന്നത് അധികം ആരും കാണുന്നില്ലെന്ന് തോന്നുന്നു..:(