Sunday, August 7, 2016

കവര്‍ച്ചക്കാര്‍

ഞാന്‍ നിവര്‍ന്നുനില്‍ക്കാന്‍ പഠിച്ചുകഴിഞ്ഞുവെന്ന് തോന്നുന്ന ഓരോ പ്രാവശ്യവും
നീ വരും,
എന്നില്‍ ആവശ്യമില്ലാത്ത കുറെ വെള്ളവും വളവും ഒക്കെ ഒഴിച്ച്
പുഷ്ടിപ്പെടുത്താനെന്നപോലെ.

നിന്റെ ഉദ്ദേശ്യം, എന്നെ തളര്‍ത്തല്‍ ആണ്.
തോറ്റിട്ടായാലും എന്റെ നട്ടെല്ലു നിവര്‍ത്തിയുള്ള നില്‍പ്പ് നിനക്ക് തകര്‍ക്കണം
അതിനായി നീ എന്നെ പരിപാലിക്കും.

പതിയെ പതിയെ ഇഷ്ടമല്ലെങ്കിലും
നീ തരുന്നവ സ്വീകരിച്ചുതുടങ്ങുന്ന ഞാന്‍.
അപ്പോല്‍ ഇല്ലാതാവുന്നത് ഞാന്‍ വളമിട്ടു വളത്തിയ ആത്മവിശ്വാസം ആണ്.
നട്ടെല്ലു നിവര്‍ത്തിയുള്ള എന്റെ നില്‍പ്പാണ്.

നീ നിന്റെ പരിപോഷണത്താല്‍ ഞാന്‍ ക്ഷയിച്ചു തുടങ്ങി എന്നറിയുമ്പോള്‍
പെട്ടെന്നൊരു ദിവസം പിഴുതെറിഞ്ഞ് പോകും;
കൊച്ചുകുട്ടികളുടെ കയ്യിലെ കളിപ്പാട്ടം തട്ടിത്തെറിപ്പിച്ച് നടന്നകലുന്ന
കൊള്ളക്കാരനെപ്പോലെ.

ഞാന്‍?!
മണ്ണില്‍ കിടക്കും… ഉയിര്‍ത്തെണീക്കാനാവാതെ..
വെറുപ്പും പകയുമായി.
ഒന്നും കിട്ടാത്തതിലല്ല,
അതിന് നിനക്കൊന്നുമില്ലല്ലൊ എനിക്ക് നല്‍കുവാന്‍.
എനിക്ക് നിന്നില്‍ നിന്ന് ഒന്നും നേടാനുമില്ല.

എന്റെ കൈവശം ഞാന്‍ സൂക്ഷിച്ചിരുന്ന എന്റെ നിധികള്‍ കവര്‍ന്ന്
എന്നെ തന്നെ കേവലം ഭിക്ഷക്കാരിയാക്കിയതില്‍ ഖിന്നയായി.

No comments: