Friday, July 29, 2016

ശ്രേഷ്ഠജന്മം

പാത്രം കഴുകിക്കൊണ്ട് നില്‍ക്കുമ്പോള്‍ ഉറുമ്പുകള്‍ കൂട്ടത്തോടെ.. എല്ലാറ്റിനേയും രക്ഷിക്കാനായില്ല. അതിനു കാത്തു നിന്നാല്‍ എന്റെ ജോലി തീരുകയും ഇല്ല! പാവം തോന്നി. ഞാന്‍ പാപിയായിട്ടും..
പക്ഷെ കുഞ്ഞു ശരീരം അല്ലെ, പെട്ടെന്ന് മയ്യത്തായിക്കൊള്ളും.അധികം വേദനയൊന്നും സഹിക്കേണ്ടിവരില്ല. രക്ഷിക്കാന്‍ ചെന്നാലാണ് പാതി ചത്ത് ഉയിരിനുവേണ്ടി പിടയുന്നതൊക്കെ കാണേണ്ടി വരുന്നത്.
അത് ജീവിക്കാനാണോ മരിക്കാനാണോ അപ്പോള്‍ ആക്രാന്തപ്പെടുന്നതെന്നും ഒരു സംശയം!

ഒരു പക്ഷെ ഈ ജീവികള്‍ക്കൊക്കെ മനുഷ്യനെപ്പോലെ മരണം അത്ര സങ്കടം ഉള്ള കാര്യം ആയിരിക്കില്ലെങ്കിലോ! ജീവിതം പോലെതന്നെ ആഘോഷമായാവാം ഇവര്‍ മരണത്തെയും കാണുക. തീയ്യില്‍ കൂട്ടത്തോടെ വന്നുവീണ് മരിക്കുന്ന ഈയ്യാംപാറ്റകള്‍, വെള്ളത്തില്‍ മനപൂര്‍വ്വമെന്നപോലെ നിറഞ്ഞു കിടക്കുന്ന ഉറുമ്പുകള്‍! വിശപ്പിനെക്കാളും വലുതായിരിക്കില്ല മരണം. ജീവിതം മരണം ഒക്കെ അടുത്തടുത്ത് സംഭവിക്കുന്ന ഒരു സാദാ കാര്യം ആയിരിക്കണം.പ്രസവശേഷം കുഞ്ഞുങ്ങളെ ഭക്ഷിച്ച് ജീവന്‍ രക്ഷിക്കുന്ന പൂച്ച തുടങ്ങിയ ചില ജീവികള്‍..അതൊക്കെ വച്ച് നോക്കുമ്പോള്‍ അവര്‍ക്ക് മരണം അത്ര ഭയാനകമോ ദുഃഖഹേതുവോ ആയ കാര്യം അല്ലായിരിക്കാം..

ഒന്നുകില്‍ ജീവിതം അല്ലെങ്കില്‍ മരണം. രണ്ടായാലും നിസ്സംഗര്‍.
കുഴിയില്‍ വീണ കാട്ടാന കുട്ടിയെ എല്ലാ ആനകളും ചേര്‍ന്ന് രക്ഷിക്കുന്നു. അതുപോലെ രക്ഷിക്കാനാവില്ല എന്ന ഉറപ്പുവന്നാല്‍ പിന്തിരിഞ്ഞു പോകയും ചെയ്യും. ചിന്തയും നൊസ്റ്റാല്‍ജിയയും അറ്റാച്ച്മെന്റും ഒന്നും കാണില്ല. ഒരുകണക്കിന് മനുഷ്യനെയും അങ്ങിനെ സൃഷ്ടിച്ചാല്‍ മതിയായിരുന്നു.

ആവശ്യമില്ലാത്ത ചിന്തകള്‍, അറ്റാച്ചുമെന്റുകള്‍ ഒക്കെയാണ് മനുഷ്യ ജീവിതം ദുസ്സഹം ആക്കുന്നത്.  മനുഷ്യന്‍ എല്ലാ അനുഭവങ്ങളും സൂം ചെയ്ത് ഇരട്ടിപ്പിച്ച് അനുഭവിക്കുന്നു. മറ്റുജീവികള്‍ നിസ്സംഗതയോടെയും..
ഇതില്‍ ആരാണു ശ്രേഷ്ഠര്‍?! മനുഷ്യജന്മമാണോ ശ്രേഷ്ഠജന്മം!
മനസ്സില്ലാത്ത ഞാനെന്ന എനിക്കെന്ന സ്വാര്‍ത്ഥതയില്ലാത്ത മറ്റുജീവികളല്ലെ ശ്രേഷ്ഠര്‍!!

No comments: