Saturday, July 23, 2016

കര്‍മ്മ..ധര്‍മ്മ..പരിണാമസിദ്ധാന്ത ..ചക്രങ്ങള്‍

അവരവര്‍ ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍/ധര്‍മ്മങ്ങള്‍ തൃപ്തികരമാം വിധം ചെയ്യാനായാലേ മറ്റു ഇതര താല്പര്യങ്ങള്‍ക്കായി സമയം വിനിയോഗിക്കാനാവൂ..
അല്ലത്തിടത്തോളം രണ്ടിനുമിടയില്‍ പെട്ട ഗതികിട്ടാത്ത ആത്മാവിനെ പോലെ അലയേണ്ടി വരും. അതുകൊണ്ട്.. ആദ്യം അവനവന്‍ ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ക്കുക. വീട്ടുജോലിയായാലും ഓഫീസ് ജോലിയായാലും..എന്നിട്ടാകാം പറ്റു പൊഴുതുപോക്കുകള്‍ക്കായി സമയം വിനിയോഗിക്കല്‍.

ഞാന്‍ ഇത്ര വലിയ ഒരു വീക്ഷക എന്ന രീതിയില്‍ എഴുതുന്നത്, എന്റെ ജോലികള്‍ തൃപ്തികരമായി ചെയ്തു തീര്‍ക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസത്തില്‍ നിന്നാണ്. അല്ലാതെ വലിയ ഒരു എഴുത്തുകാരിയോ, പഠിപ്പിസ്റ്റോ, ഉദ്യോഗസ്ഥയോ, കാശുകാരിയോ ആയിട്ടല്ല. എന്നെ ദൈവം ഏല്‍പ്പിച്ച കൊച്ചുകൊച്ചു കടമകള്‍ ചെയ്തുതീര്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തിനിറഞ്ഞ നേട്ടം. ഈ സംതൃപ്തി തന്നെയായിരിക്കും ഒരു നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓഫീസ് ജോലികള്‍ തീര്‍ത്ത് വീട്ടില്‍ പോകുമ്പോഴും,
ഒരു വലിയ കോടിപതിക്ക് സ്വന്തം കര്‍ത്തവ്യം ചെയ്തു തീര്‍ത്തിട്ട് തനിക്കായി കിട്ടുന്ന ഏകാന്ത നിമിഷവും, ഒരു തെരുവു തെണ്ടിക്ക് അന്നത്തെ ആഹാരവും തലചായ്ക്കാനൊരിടവും കിട്ടുമ്പോഴും ഒക്കെ.

ആനന്ദം സംതൃപ്തി, സന്തോഷം ഇതിനൊന്നും പ്രത്യേക മാനദണ്ഡങ്ങള്‍ ഇല്ല.
ഓരോരുത്തര്‍ക്കും ഓരോ കാര്യങ്ങളില്‍ നിന്നാവും സന്തോഷം കിട്ടുക. കുഞ്ഞില്ലാത്ത സ്ത്രീക്ക് ഒരു കുഞ്ഞുണ്ടാകുന്ന അതേ സന്തോഷമായിരിക്കാം ഒരു പാവപ്പെട്ടവന് ഒരു കോടി ഭാഗ്യക്കുറി ലഭിച്ചാല്‍. അല്ലെങ്കില്‍ ഒരു രോഗിക്ക് തന്റെ മാറാ രോഗം മാറിക്കിട്ടിയാല്‍..

പറഞ്ഞുവന്നത്.. സന്തോഷത്തിന്റെ കാര്യം അല്ലെ..

ഇനി കര്‍മ്മചക്രത്തിന്റെ അല്ലെങ്കില്‍ ജീവിത ചക്രത്തിന്റെ കാര്യം എനിക്ക് തോന്നിയത് വിശദീകരിക്കാന്‍ ശ്രമിക്കാം..

പണ്ടുള്ള ജ്ഞാനികളും സൈന്റിസ്റ്റുകളും ഒക്കെ സമ്മതിച്ചിട്ടുണ്ട് പരിണാമചക്രത്തെ പറ്റി.. ഡാര്‍വ്വിന്‍ ഓരോ കുഞ്ഞുജലജീവികളില്‍ നിന്ന് രൂപാന്തരം പ്രാപിച്ചാണ് മറ്റു ജീവികളൊക്കെ ഉണ്ടായത് എന്ന് സമര്‍ത്ഥിക്കുന്നു.
അത് മറ്റൊരുതരത്തില്‍, മരിച്ചുകഴിഞ്ഞാല്‍ ക്രിമിയായും പുഴുവായും കിളിയായും, മൃഗങ്ങളായും ഒക്കെ പുനര്‍ജ്ജനിച്ചിട്ട് അനേകായിരം വര്‍ഷങ്ങള്‍ കഴിഞ്ഞ് ദുര്‍ലഭമായി കിട്ടുന്നതാണ് മനുഷ്യ ജന്മം എന്നു ജ്ഞാനികളും  പറഞ്ഞിട്ടുണ്ട്..
രണ്ടും ഏകദേശം ഒരേ കാലയളവില്‍ സംഭവിക്കുന്നതുപോലെ  തോന്നാം.. നമുക്ക് ദര്‍ശിക്കാനാവാത്തത്ര ദീര്‍ഘമായ കാലയളവില്‍.
എന്നാല്‍ അതിന്റെ തന്നെ സൂക്ഷരൂപം നമ്മുടെ ദൃഷ്ടിക്ക് ഗോചരമായി നമ്മുടെ ചുറ്റിനും നടക്കുന്നുണ്ട്.!
നാം മരിച്ചുകഴിയുമ്പോള്‍ എരിക്കുകയോ, കുഴിച്ചു താഴ്ത്തുകയോ, ജലത്തില്‍ ഒഴുക്കുകയോ ഒക്കെയാണ് ചെയ്യുന്നത്.
ആ ശരീരം ദ്രവിച്ച് മണ്ണിനോടു ചേരുന്നു. ആ വെണ്ണീറ് സസ്യജാലങ്ങള്‍ വലിച്ചെറുക്കുന്നു. മണ്ണില്‍ പുതഞ്ഞ ശരീരം പുഴുക്കള്‍ അരിക്കുന്നു.. പുഴുക്കളെ മറ്റു ജീവികള്‍ ഭക്ഷിക്കുന്നു.. ചിലവ മണ്ണില്‍ കലര്‍ന്ന് ചെടികള്‍, മരങ്ങളായ് ഒക്കെമാറുന്നു.. ആ ചെടികളെ കിളികളും മൃഗങ്ങളും (മനുഷ്യരെഉം) ഭക്ഷിക്കുന്നു. ആ മൃഗങ്ങളെ മനുഷ്യര്‍ വീണ്ടും ഭക്ഷിക്കുന്നു. അപ്പോള്‍ വീണ്ടും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. പിന്നീട് ആ മനുഷ്യനിലൂടെ മറ്റൊരു മനുഷ്യന്‍ ജനിക്കുന്നു.. സൊ സിമ്പിള്‍ ആയി നമുക്ക് കാണാന്‍ കഴിയുന്നതല്ലെ ഇത്! ഇത്രയേ ഉള്ളൂ ജീവിതം..

ജീവികളില്‍ മനുഷ്യന് വലിയ മേന്മ ഒന്നും അവകാശപ്പെടാനില്ല. അവന്റെ തല്‍ച്ചോറ് അല്പം കൂടി വലുതാണെന്നതൊഴിച്ചാല്‍. അതിനാല്‍ കൂടുതല്‍ ചിന്തിക്കാനും സംസാരിക്കാനും എഴുതാനും മറ്റു പലകാര്യങ്ങള്‍ ചെയ്യാനും കഴിയുന്നു. അത്ര തന്നെ.
മനുഷ്യന്‍ 100 നിലകളുള്ള കെട്ടിടം യന്ത്രങ്ങളുടെ സഹായത്തോടെ ഉണ്ടാക്കുന്നു. അതിലും എത്ര വൈദഗ്ദ്യത്തോടെ ആണെന്നോ കാട്ടിലെ കിളികലും മൃഗങ്ങളും മറ്റു കുഞ്ഞ് ജീവികളും ഒക്കെ അവരുടെ ഗൃഗങ്ങള്‍ നിര്‍മ്മിക്കുന്നു. മനുഷ്യന് കൃതൃമമായി ഉണ്ടാക്കാന്‍ അസാധ്യമായ രീതിയിലുള്ളവയാണ് അവയൊക്കെ..

 പറഞ്ഞുവന്നത്.. പരിണാമസിദ്ധാന്തത്തെക്കുറിച്ചല്യോ!

ഇനി? ഇനി പിന്നീടാകാം..


ആത്മ

2 comments:

സുധി അറയ്ക്കൽ said...

നല്ല വീക്ഷണം.

P_Kumar said...

നന്ദി…!