Wednesday, June 29, 2016

Sobha De.. Second Thoughts..

ശോഭാ ഡേ യുടെ സെക്കന്റ് തോട്ട്സ് വായിച്ചു..
വളരെ ബഹുമാനം തോന്നുന്നു..
ഒരു എഴുത്തുകാരന്‍/രി ആവണമെങ്കില്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന് ചിന്തിക്കണം
നാം നമ്മില്‍ നിന്നു തന്നെ മുക്തമാവണം..
ഞാന്‍ എന്റെ എന്ന ചിന്ത മാറ്റി.. സ്വന്തം അനുഭവങ്ങള്‍ ആണെങ്കില്‍ കൂടി അത് സമൂഹത്തിന്റെ കണ്ണില്‍ കൂടി,
അവര്‍ക്ക് ഉതകും വിധം എഴുതുമ്പോഴാണ് ശരിക്കുള്ള എഴുത്തുകാരിയാവുന്നത്.

അല്ലെങ്കില്‍ അത് വെറും ഡയറി എഴുത്തുപോലെ, സ്വാര്‍ത്ഥപരം ആവും. സ്വന്തം ദുഃഖങ്ങള്‍, താന്‍ അത് തരണം ചെയ്ത വിധം.. മറ്റുള്ളവരില്‍ നിന്ന് സഹതാപം പ്രതീക്ഷിച്ച് എഴുതുന്നപോലെ ആവും. അത് സഹതാപത്തിനുപകരം അരോചകമായി തീരുകയും ചെയ്യും. കേട്ടിട്ടുള്ള പതിവു പല്ലവികള്‍ ആവര്‍ത്തിക്കും പോലെ.

ഒരുപക്ഷെ ശോഭാഡേ തന്നെ ഈ അനുഭവങ്ങളിലൂടെ കടന്നുപോയിക്കാണും. എങ്കില്‍‌പോലും സ്വന്തം വേദനയ്ക്ക് പ്രാധാന്യം നല്‍കാതെ, താന്‍ എന്ന വ്യക്തിക്ക് മുന്‍‌തൂക്കം നല്‍കാതെ, തന്നില്‍ തന്നെ ഒതുങ്ങാതെ ചുറ്റുമുള്ള സമൂഹത്തിന്റെ വീക്ഷണങ്ങളും ഉള്‍പ്പെറ്റുത്തി, തന്റെ പ്രവര്‍ത്തി അവരെ ബാധിക്കുന്ന വിധവും അവരുടെ പ്രവര്‍ത്തികള്‍ തന്നെ ബാധിക്കുന്ന വിധവും സത്യസന്ധമായി അവതരിച്ചപ്പോല്‍ അത് ശരിക്കും സമൂഹത്തിന് സമര്‍പ്പിക്കും വിധം ഒരു കഥയായി മാറി..

വിവാഹശേഷം പല പെണ്‍കുട്ടികളും കടന്നുപോയിട്ടുള്ള, പോകേണ്ട കടമ്പകള്‍ ആണ് ശോഭാഡേ അല്പം സരളതയോടെ വിവരിച്ചത്..

നായിക, ‘മായ’ ആദ്യം നിഖിലിനെ കാണുന്നത്.. പത്രക്കാരന്‍ അവരെ ചൂഷണം ചെയ്യുമ്പോല്‍ കടന്നു വരുന്ന നിഖില്‍.. പലപ്പോഴും നിഖില്‍ നായികയെ കാണുന്നത് വളരെ പരിതാപകരമായ സാഹചര്യങ്ങളില്‍ ആണ്. എന്നിട്ടും നായികയുടെ ഉള്ളിലെ വ്യക്തിയെ തിരിച്ചറിയാനാവുന്നു എന്നതാണ് നായകന്റെ പ്രത്യേകത. നായികയുടെ നിസ്സഹായത, അവര്‍ ധീരതയോടെ നേരിടുന്ന അവരുടെ ജീവിതം..എന്നാല്‍ ഉള്ളില്‍ മുറവിളി കൂട്ടുന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍.. ഇതൊക്കെ തിരിച്ചറിയുന്നു നിഖില്‍. നിഖില്‍ ഒരുപക്ഷെ എഴുത്തുകാരിയുടെ വെറും ഒരു സങ്കല്പം ആവാനാണ് കൂടുതല്‍ സാധ്യത. എല്ലാ പെണുകുട്ടികളുടെ ഉള്ളിലും രഹസ്യമായി ഒളിഞ്ഞിരിക്കുന്ന ഒരു സ്വപ്നം. തന്നെ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന, ഒരു ആണ്‍ ഈ ഭൂമിയില്‍ എവിടെയോ ഉണ്ടെന്ന ഒരു സ്വപ്നം. അത് എഴുത്തുകാരി യാധാര്‍ത്ഥ്യവല്‍ക്കരിച്ചു എന്നേ ഉള്ളൂ.

എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നുന്നത് നായികയുടെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവും
അതിനായി അവള്‍ സ്വീകരിക്കുന്ന രീതികളും ആണ്. മറ്റ് പെണ്‍‌കുട്ടികള്‍ തളര്‍ന്നുപോയേക്കാവുന്ന പല സാഹചര്യങ്ങളും നായിക സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട്. എല്ലാം രണ്ടാമതൊരാളായി കണ്ട്, വിദ്വേഷിക്കുന്നവരോട് ഉള്ളില്‍ സഹതപിക്കുകയും പരിഹസിക്കയും പോലും ചെയ്തുകൊണ്ട് ക്ഷമിക്കുകയാണ്.

ആണുങ്ങളുടെ മാത്രം ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വാര്‍ത്തെടുക്കുന്ന ഒരു വിവാഹജീവിതം. അച്ഛനെയും അമ്മയെയും വീടിനെയും നാടിനെയും ഉപേക്ഷിച്ചു വരുന്ന ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ സ്വന്തം അമ്മയോട് കൊച്ചുകുഞ്ഞിനെപ്പോലെ ഓരോന്നും പറയുന്ന വെറും ആണ്‍കുട്ടി ചമയുന്ന ഭര്‍ത്താവ്.

അമ്മ ഇവിടെ സയിലന്റ് ആണ്. മകന്‍ ആണ് അമ്മയെയും ഭാര്യയെയും വച്ച് കളിക്കുന്നത്.
ഒടുവില്‍ അമ്മ അസുഖം വന്നു കിടക്കുമ്പോള്‍ പെട്ടെന്ന് നോക്കി തളര്‍ന്ന്  ബാക്കി ഭാര്യയെ ഏല്‍പ്പിച്ച് വന്ന് ടിവി കാണുന്ന മകനെ കാണുമ്പോള്‍ അറിയാം എത്രമാത്രം സ്നേഹം ഉണ്ടായിരുന്നു എന്ന്..

ഭാര്യയെ സന്തോഷിപ്പിക്കാനോ, അവളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനോ, അവളെ അംഗീകരിക്കാനോ കൂട്ടാക്കാത്ത ഒരു പ്രത്യേക ധാര്‍ഷ്ട്യം. അതിനായി ആണുതാനും തന്നെക്കാള്‍ കുറഞ്ഞ (?) ബംഗാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതും.ബോംബേയില്‍ വളര്‍ന്നവര്‍ക്ക് ബംഗാളില്‍ വളര്‍ന്നവരെ പുശ്ചമാണ്. അവര്‍ക്ക്  നാഗരികത കുറവാണ്. അതുതന്നെയാണ് അവര്‍ക്ക് വേണ്ടതും . ഒരു കുടുബപെണ്ണിനെ. ഒരിക്കലും ബോബെയിലെ സമൂഹത്തിലെ പെണ്ണുങ്ങളുമായി ഇടകലരാതെ വീട്ടില്‍ ഒതുങ്ങിയിരിക്കുന്ന ഒരു പെണ്ണിനെ.

തരം കിട്ടുമ്പോഴൊക്കെ അയാള്‍ ഭാര്യയെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് കൊച്ചാക്കാനും അവളുടെ ആത്മവിശ്വാസം തകര്‍ക്കാനും ഒക്കെ ശ്രമിക്കുന്നുണ്ടെങ്കിലും അതൊക്കെ
നായിക തിരിച്ചറിയുകയും സമര്‍ത്ഥമായി തരണം ചെയ്യുകയും ചെയ്യുന്നു..

ബോബെ പെണ്ണുങ്ങളുടെ ഗ്ലാമര്‍ നിറഞ്ഞ ലോകവും അവരുടെ തന്റേടവും സ്വാതന്ത്രവ്യും ഒന്നും തന്നെ രഞ്ജന് ഇഷ്ടം അല്ലെങ്കിലും ഭാര്യയെ അവരുടെ മുന്നില്‍ വച്ച് തരം താഴ്തി രസിക്കാന്‍ മുതിരുന്നും ഉണ്ട്.

കിടപ്പറയില്‍ പോലും ഭാര്യയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പുരുഷ മേല്‍ക്കോയ്മ.

ഒടുവില്‍ മായ സാങ്കല്പിക ലോകത്തിലെ സ്നേഹത്തില്‍ അഭയം കണ്ടെത്തുകയും. ഒറ്റുവില്‍ തിരിച്ച് യാധാര്‍ത്ഥ്യലോകത്തിലേയ്ക്ക് അതേ വേഗതയോടെ തിരിച്ചെറിയപ്പെടുകയും ചെയ്യുന്നു… തന്റെ പ്രശ്നങ്ങള്‍, ജീവിതം ഒക്കെ താന്‍ തന്നെ ശ്രമിച്ചാലേ നന്നാക്കാന്‍ ആവൂ എന്ന യാധാര്‍ത്ഥ്യം അവളെ പൊതിയുന്നു.

ഒടുവില്‍ അതായിരുന്നു അതിന്റെ ശരി എന്ന് വായനക്കാരും സമ്മതിച്ചുപോകുന്നു..

No comments: