Thursday, March 17, 2016

സ്വപ്നങ്ങള്‍.. സ്വപ്നങ്ങള്‍..


അവരൊക്കെ ഉടുത്തൊരുങ്ങിയിരുന്നു!
നല്ല സാരിയും , വടിവൊത്ത ശരീരവും, സംസാരവും.
നാടെത്ര മാറിപ്പോയി!!

നിങ്ങളൊക്കെ രാവിലെ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സൊക്കെ ഇട്ട് എവിടേയ്ക്കാണ്?! ഞാന്‍ ആകാംഷയോടെ പിറകേ..

അവര്‍ എവിടേയ്ക്കും അല്ലായിരുന്നു. ജീവിക്കുകയായിരുന്നു. നല്ല വസ്ത്രം ധരിക്കണമെന്നും കുളിച്ചു വൃത്തിയായി നടക്കണമെന്നും ആഗ്രഹിക്കുന്ന ജീവിക്കാനാഗ്രഹമുള്ള ഒരുകൂട്ടം സ്ത്രീകള്‍. അവര്‍ എന്റെ ഗ്രാമത്തിലെ എന്റെ കസിന്‍സും മക്കളും ഒക്കെ ഉണ്ടായിരുന്നു.

അതിനിടയിലൂടെയും എന്റെ ഒരു കസിന്‍ എന്നെ നോക്കിയപ്പോള്‍ എന്നിലെ പഴയ കപട നീരസം പുറത്തെടുക്കാന്‍ വെമ്പി. എന്നാല്‍ അയാള്‍ തന്റെ ഉയര്‍ന്നമാര്‍ക്കോടുകൂടി പാസ്സായ മകളുടെ വിജയം ആഘോഷിക്കാനായി നില്‍ക്കയായിരുന്നു. ഒരു പിതാവിന്റെ ഗര്‍വ്വായിരുന്നു അവിടെ! ഞാനാണ് അജ്ഞ ഇവിടെ. അകലെ അപരിചിതമായ നാ‍ട്ടില്‍ കൂട്ടിലടയ്ക്കപ്പെട്ടപോലെ കഴിഞ്ഞവള്‍!

അതിനിടയില്‍ എന്റെ കസിന്‍സിന്റെ സംസാരം ഞാന്‍ ശ്രദ്ധിച്ചു.
വളരെ ബുദ്ധിപൂര്‍വ്വം ഒരു സാറിനെ പറ്റി സംസാരിക്കയായിരുന്നു.
.. അങ്ങിനെ അവന് അതിലാണ് ബുദ്ധി എന്ന് സാറ് കണ്ടുപിടിച്ചു. അതുകൊണ്ടായിരുന്നു ശിക്ഷിച്ചത്. അപ്പോള്‍ അവന്‍ നന്നായി.. എന്നൊക്കെ!
ഞാന്‍ അവിടെ ഒന്നും അല്ലായിരുന്നു. പുറം തള്ളപ്പെട്ട് ഒന്നുമല്ലാതായ ഒരു മറുനാട്ടുകാരി.
---

പിന്നീട് ഞാന്‍ കണ്ടത് അവളെ ആയിരുന്നു.
അമ്മയും മകളും കൂടി ഉടുത്തൊരുങ്ങി വന്നിരുന്നു.
 വര്‍ഷങ്ങളോളം എന്റെ ജീവിതം ഒരു വെറും കളിപ്പന്ത് സ്വന്തമാക്കിയെന്ന ചാരിതാര്‍ത്ഥ്യത്തോടെ ജീവിച്ചവര്‍.
ഇത്തവണ അവളെ പിടിച്ചുനിര്‍ത്തി ഇരുകവിളുകളിലും ആഞ്ഞാഞ്ഞ് അടിച്ച്,  ഞാന്‍ കുറെ ചോദ്യങ്ങള്‍ നിരത്തി.
നിനക്ക് വേണമെങ്കില്‍  എടുത്തുകൂടായിരുന്നൊ?,  ഞാനറിഞ്ഞില്ല. അറിയാതെ കയറിവന്നതാണ്. അവര്‍ കേമന്മാരാണെന്ന ധാരണയോടെ അല്ല. എന്നെ വിളിച്ചു കൊണ്ടുവന്നതുകൊണ്ടാണ്   ഞാന്‍ അഡ്ജസ്റ്റ് ചെയ്തു പോയത്. നിനക്കെന്തുകിട്ടി എന്നെ കൂടുതല്‍ കുരുക്കിയിട്ട് വേദനിപ്പിച്ചപ്പോള്‍?!
എന്തൊക്കെയോ ന്യായങ്ങള്‍ പറഞ്ഞ് അവളെ ബോധ്യപ്പെടുത്തി, ഇരുകവിളിലും ആഞ്ഞാഞ്ഞടിച്ച് എന്റെ നഷ്ടങ്ങള്‍, അവര്‍ വരുത്തിവച്ച വേദനകള്‍, തീര്‍ക്കുന്ന ഞാന്‍…!!
---

മറ്റൊന്ന് എന്റെ ഭര്‍ത്താവും ഞാനും ഒരു പിക്ക്നിക്ക് ഗ്രൂപ്പിനോറ്റൊപ്പം എവിടെയോ ഒരു വനത്തില്‍ നില്‍ക്കയാണ്
മക്കളെ രണ്ടുപേരെയും ഒരു ആനപ്പുറത്ത് കയറ്റി കാനനം മുഴുവനും കാണാനയച്ചു. ആനക്കാരനെ വിശ്വാസമില്ല, ആനപ്പുറത്തെ ഇരുപ്പും സുരക്ഷിതമല്ല. അവര്‍ ഒരുമിച്ചായിരിക്കില്ല പോകുന്നതും.
അതിനിടയില്‍, ആനക്കാരന്‍.. ‘വഴികള്‍ ഒക്കെ നമ്മള്‍ സ്വയം കണ്ടുപിടിക്കണം.
എന്ന് പറഞ്ഞ് പോകുന്നു.., അഡ്വഞ്ചര്‍ ടിപ്പാണെന്ന ധ്വനിയോടെ

എന്റെ മനസ്സില്‍ ഞങ്ങള്‍ മറ്റു ആനകളില്‍ കയറി അവരുടെ പിന്നാലെ പോകുമ്പോള്‍ അവര്‍ സുരക്ഷിതരാണോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യാമല്ലൊ എന്ന്.
പക്ഷെ അവരെയും കൊണ്ട് ആന കാട്ടിനുള്ളിലേക്ക് പോയപ്പോള്‍, അടുത്തതായി ആണുങ്ങളെല്ലാവരും കൂടെ,  ‘എന്നാല്‍ നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് യാത്ര തുടരാം അല്ലെ’, എന്ന് പ്ലാനിടുന്നു. അതിന് അനുകൂലമായി നീങ്ങുന്ന ഭര്‍ത്താവ്!
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താതെ ഭക്ഷിക്കുകയോ
അവരെയും കൂടി തിരിച്ചുവിളിച്ച് ഒപ്പം പോകാമായിരുന്നില്ലേ
നൂറു നൂറു സംശയങ്ങള്‍.. ആധികള്‍..

എന്റെ ജീവിതത്തിന്റെ ഇപ്പോഴത്തെ സ്ഥിതികള്‍ മനസ്സിലാക്കി തരുന്ന
സ്വപ്നങ്ങള്‍!
---

ഇന്നലെ കണ്ട സ്വപ്നം..

 ഞാന്‍ ഒരു വീട്ടില്‍ ജീവിക്കയായിരുന്നു. ചുറ്റും കാടൊക്കെയാണ്.
അവിടെ നിറയെ ക്രൂര ജന്തുക്കള്‍. കടുവ പുലി, തുടങ്ങി എല്ലാം സ്വൈര വിഹാരം
നടത്തുകയാണ്. അപ്പോള്‍ അടുക്കളയില്‍.. പട്ടിയെപ്പോലെ പതുങ്ങി ഒരു സിംഹം നില്‍ക്കുന്നു!
ഞാനെങ്ങിനെയോ അതിനെ പുറത്താക്കി കതവടയ്ക്കാന്‍ ശ്രമിക്കുന്നു,
ഒപ്പം ഒരാലോചനയും തോന്നി.
‘ഈ രാജ്യം ഇങ്ങിനെയായിരിക്കാം,  ക്രൂരമൃഗങ്ങളോടൊപ്പം ജീവിക്കാന്‍ വിധിക്കപ്പെട്ട കുറേ മനുഷ്യര്‍. സര്‍വൈവ്  ചെയ്യാന്‍ പറ്റുമെങ്കില്‍ സര്‍വൈവ് ചെയ്യട്ടെ’ എന്ന ച്ന്താഗതിയേ ഉത്തരവാദിത്വപ്പെട്ടവരെന്ന് കരുതുന്നവര്‍ക്കും ഉള്ളൂ..
മനുഷ്യന്റെ വില ഇവിടെ ഇങ്ങിനെ ആണ്..!

2 comments:

ajith said...

സ്വപ്നലോകത്തെ ആത്മ

ആത്മ said...

അതെ..:)