Sunday, January 31, 2016

അല്പം പോസിറ്റീവിറ്റി…

മിക്ക പ്രശ്നങ്ങളും ജീവിതത്തില്‍ ഒരു ചിട്ട ഉണ്ടാക്കിയാല്‍ തീരുന്നതേ ഉള്ളൂ എന്നു തോന്നുന്നു.
അലസമായി ഇരിക്കുമ്പോഴാണ് നാം നെഗറ്റീവ് ആയി അധികവും ചിന്തിക്കുന്നത്.
'rolling stone gathers no moss' എന്നൊരു ചൊല്ലുതന്നെ ഇല്ലെ. അത് സത്യം ആണ്.
ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്നൊന്നും ചിന്തിക്കണ്ട. എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുക. എപ്പോഴും.

ഇത്രയും വര്‍ഷമായിട്ടും ആര്‍ക്കും ഉത്തരം കണ്ടുപിടിക്കാനാവാത്ത സംശയങ്ങളുമായി എന്തുചെയ്യാന്‍.. ഒഴുക്കിനൊത്ത് നീന്തുക. അതുമാത്രമേ നമുക്ക് ചെയ്യാനാവൂ..

അതുപറഞ്ഞപ്പോള്‍ ഇന്ന് എന്റ് അക്വേറിയത്തിലെ ഗപ്പി പ്രസവിച്ചു. ആദ്യം ഒരു കുഞ്ഞ് എന്റെ കണ്ണില്‍ പെട്ടു. പിന്നെ ഒന്നുകൂടി. ഇപ്പോള്‍ ആകെ 4 എണ്ണം ഉണ്ട്. തീരെ കുഞ്ഞ്. ബാക്കിയൊക്കെ വലിയ ഗപ്പിയോ, അമ്മതന്നെയോ തിന്നുപോയിക്കാണും!

മനുഷ്യരും അങ്ങിനെ അല്ലെ, തിന്നില്ലെന്നേ ഉള്ളൂ.. അവര്‍ക്ക് ആവശ്യമില്ലാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഒക്കെ ഇരുചെവി അറിയാതെ വയറ്റിനകത്തും പുറത്തും ഒക്കെ വച്ച് ഇല്ലാതാക്കുന്നുണ്ട്.

ദുഃഖിക്കാനും പരിതപിക്കാനും ഒക്കെ വലിയ സൌകര്യം ഉള്ളവര്‍ അതിനെ പറ്റി ഓര്‍ത്ത് പിന്നീടുള്ള ദിനങ്ങള്‍ തള്ളിനീക്കും. അന്നന്നുള്ള അന്നത്തിനായി പാടുപെടുന്ന പട്ടിണിപാവങ്ങള്‍ അപ്പോഴേ മറന്ന് പണിയെടുക്കാന്‍ പോകും.
ബാക്കിയുള്ള കുഞ്ഞുങ്ങളുടെയും തന്റേയും ജീവന്‍ നിലനിര്‍ത്താന്‍..

ചുരുക്കത്തില്‍, നമുക്ക് മറ്റു ജീവികളില്‍ നിന്ന് വലിയ മേന്മയൊന്നും അവകാശപ്പെടാനില്ല.
അല്പം താഴെയാണെങ്കിലേ ഉള്ളൂ. മൃഗങ്ങളും മറ്റ് ജീവികളും കാണിക്കാത്ത പല ക്രൂരതകളും മനുഷ്യന്‍ ചെയ്യുന്നുണ്ട്. കാരണം അവന് ചിന്തിക്കാനുള്ള ശക്തികൂടി ഉണ്ടല്ലൊ. അതിനനുസരിച്ച് പരാക്രമങ്ങളും കൂടും..

അപ്പോള്‍ പറഞ്ഞുവന്നത്. നമ്മള്‍ നമ്മളെ അലസരായി വയ്ക്കുകയേ അരുത് എന്നാണ്. ഒന്നും ചെയ്യാനില്ലെങ്കില്‍ ചുമ്മാ ഇറങ്ങി നടക്കുക. ഒരിടത്തു തന്നെ ഇരിക്കണ്ട. കഴിവതും വിഷാദം കീഴടക്കുന്ന സമയങ്ങള്‍ മനപൂര്‍വ്വം എന്തെങ്കില്‍ ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ക്കായി നീക്കി വയ്ക്കുക.

ഇതെഴുതാന്‍ കാരണം എനിക്ക് എന്നും വൈകിട്ട് ഒരു തരം വിഷാദം പിടികൂടും.
നാളെമുതല്‍ പ്രാര്‍ത്ഥിച്ച് കഴിഞ്ഞ് ഒരല്പം എക്സര്‍സൈസ് ചെയ്യാന്‍ പോകുന്നു. കൂട്ടത്തില്‍ ആത്മീയ പ്രഭാക്ഷണവും ഇയര്‍ഫോണിലൂടെ കേള്‍ക്കും. കാരണം മക്കള്‍ പഠിക്കുകയാവും അപ്പോള്‍. അവര്‍ക്ക് ശല്യമാകണ്ട.

രാവിലെ അലസതയാണ് മികച്ചു നില്‍ക്കുന്നത്. അപ്പോള്‍ ഒന്നുകില്‍ വല്ലതും വായിക്കുകയോ എഴുതുകയോ ഒക്കെ ആവാം. അല്ലെങ്കില്‍ ഷോപ്പിംഗ്. ഉറക്കം.ഏതിനും ആ അലസതയെ പെസ്സിമിസ്റ്റിക്ക് ചിന്തകളുമായി ബന്ധപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം.

നമ്മള്‍ നമ്മളെ തന്നെ കുറ്റപ്പെടുത്തുന്നതും കുറ്റബോധത്തോടെ ജീവിക്കുന്നതും നിര്‍ത്തലാക്കുക. നാമും ദൈവത്തിന്റെ ഒരു സൃഷ്ടിതന്നെയാണ്. ഒരു മക്കളോടെന്നപോലെ അദ്ദേഹം നമ്മുടെ തെറ്റുകള്‍ക്ക് ക്ഷമ നല്‍കും. നമ്മള്‍ സന്തോഷിച്ചിരിക്കണം എന്നതുതന്നെയാകും അദ്ദേഹത്തിന്റേയും സന്തോഷം.

എപ്പോഴും സന്തോഷത്തോടെയും ആക്റ്റീവ് ആയും ഇരിക്കാന്‍ ശ്രമിക്കാം..

സസ്നേഹം
ആത്മ 

2 comments:

ajith said...

തീരുമാനങ്ങളൊക്കെ പ്രാവർത്തികമാകട്ടെ
ആശംസകൾ

ആത്മ said...

Thank you! :)