Friday, December 25, 2015

പൊട്ടിപ്പോയ വേരുകള്‍ …

 ഈ ലോകത്തിലെ വിശേഷങ്ങള്‍ ഒക്കെ അറിഞ്ഞ് മടുത്തു. ഒന്നിലും താല്പര്യമില്ലായ്മ.

ഫേസ്ബുക്ക് ട്വിറ്റര്‍ ഒക്കെ ഞാനില്ലാത്ത, ഞാനനുഭവിച്ചിട്ടില്ലാത്ത ലോകത്തിലെ വിശേഷങ്ങളുമായി വരുന്നു. കണ്ടും വായിച്ചും മടുത്തു.

ലോകത്തിലെ വര്‍ത്തമാനങ്ങളും ദുഃഖവും വിരസതയും നല്‍കുന്നവ മാത്രം. നല്ല വാര്‍ത്തകള്‍ തീരെ ഇല്ല. ആപത് മരണങ്ങള്‍, കൊലപാതകങ്ങള്‍, ക്രൂരകൃത്യങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍.. സിനിമാനടന്മാരുടെ മൂന്നാം ഭാര്യമാരുടെയും, മറ്റു പെണ്ണുങ്ങളുടെ ഭര്‍ത്താവിനെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിവാഹം കഴിച്ച് വിലസുന്ന സിനിമാനടികളുടെ കുടുംബവിശേഷങ്ങള്‍..

നല്ല വാര്‍ത്തകളും സന്തോഷിപ്പിക്കുന്ന വര്‍ത്തമാനങ്ങളുമൊക്കെ ഉള്ള പത്രങ്ങള്‍ ഇറക്കിക്കൂടെ!.. എത്രയോ സന്തോഷങ്ങള്‍, നന്മകളും ഈ ഭൂമിയില്‍ സംഭവിക്കുന്നുണ്ടാവും. അതിനും പ്രാധാന്യം കൊടുത്ത് പേപ്പറില്‍ കൊടുക്കണം. അപ്പോള്‍ ബാലന്‍സ് ചെയ്യും ജീവിത വിരക്തി ഉണ്ടാവില്ല..

ഫേസ്ബുക്കിലും ട്വിറ്ററിലും പോയി മറ്റുള്ളവരുടെ വിശേഷങ്ങള്‍ വായിച്ച് മടുത്ത്, സ്വന്തം വിശേഷങ്ങള്‍ എന്തൊക്കെ എന്ന് അന്വേക്ഷിച്ച് ആ മടുപ്പ് മാറ്റാന്‍ ശ്രമിക്കാം..

ഞാന്‍ ഇന്ന് എന്റെ ബെറ്റാകളെ രണ്ട് ഉരുണ്ട കുപ്പികളില്‍ ആക്കി. അന്യോന്യം കാണാവുന്ന രീതിയില്‍ അടുത്ത് വച്ചു..

എന്റെ മകള്‍ക്ക് പൂരിയും ഇറച്ചിക്കറിയും പിന്നെ ചപ്പാത്തിയും ഉണ്ടാക്കി..
എന്റെ ശരീരം മുഴുവന്‍ വേദനിക്കുകയാണ്.. പാത്രം കഴുകിയും അടുക്കിയും പെറുക്കിയും ഒക്കെ..എങ്കിലും മനസ്സില്‍ ഒരു സംതൃപ്തി . മക്കള്‍ സമാധാനത്തോടും സന്തോഷത്തോടും ഇരിക്കുന്നുണ്ട്. ഭര്‍ത്താവിനും സമാധാനക്കുറവൊന്നും ഇല്ല.


സാധാരണ ഇങ്ങിനെയുള്ള സ്ക്കൂള്‍ ഹോളിഡേയ്ക്കൊക്കെ ഭര്‍ത്താവ് ഇവിടെയും ഞങ്ങള്‍ മൂന്നുപേരും നാട്ടിലും ആയിരിക്കും. അച്ഛന്റ്റെയും അമ്മയുടെയും അടുത്ത്. സ്വന്തം വീട്ടില്‍ പോകുന്ന ഒരു ത്രില്ലില്‍ ആണ് പ്ലയിനില്‍ കയറുന്നത്. അവിടെ ചെന്ന്  ആ ഭൂമിയില്‍ കാലുകുത്തിയാല്‍ പിന്നെ  ഈ രാജ്യത്തെപ്പറ്റി പാടെ മറന്നുപോകും. വലിയ മാളിക വീട് കിട്ടിയിട്ടുപോലും  ഒരോര്‍മ്മയും ഉണ്ടാകാറില്ല. ഒടുവില്‍ തിരിച്ചുവരാറാകുമ്പോള്‍ മാത്രം ഓര്‍ക്കും..

ഒരു പ്ലയിന്‍ യാത്ര.. അതെന്നെ വീണ്ടും എന്റെ പെറ്റനാടിനെ മനസ്സില്‍ നിന്ന് പതിയെ  മായ്ക്കും.  കുറെ ദിവസത്തേയ്ക്ക് അവിടത്തെ മനുഷ്യരുടെ ശബ്ദങ്ങളും ഹൃദയത്തില്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കും.. തളര്‍ന്ന് കിടക്കും.. എഴുന്നേല്‍ക്കാനാവാതെ.. പിന്നീട് പതിയെ പതിയെ മായ്ഞ്ഞുപോകും.. അച്ഛനും അമ്മയും നാട്ടുകാരും മണ്ണും മരങ്ങളും ഒക്കെ..!!

വീട് സഹോദരിയുടെ പേരില്‍  എഴുതിവച്ചപ്പോള്‍ എന്റെ എല്ലാം ഒരുമിച്ച് നഷ്ടമായതുപോലെ.  എന്റെ അച്ഛനും അമ്മയും വീടും നാടും.. ഒക്കെ..! വല്ലാത്ത നീറ്റല്‍ ആണ് അത് ഉണ്ടാക്കുക. സാമ്പത്തിക നഷ്ടം അല്ല. മാനസികമായ ദാരിദ്രം ആണ് അത് ഉണ്ടാക്കുക. ഞാന്‍ അനാഥയായപോലെ, അതിഥിയെപ്പോലെ സ്വന്തം വീട്ടില്‍ മക്കളോടൊപ്പം അഗതിയെപ്പോലെ..വല്ലാത്ത ഒരവസ്ഥ ആയിരുന്നു അത്..

ഇപ്പോള്‍ ആ നഷ്ടവും വിരഹവും ഒന്നും ഇല്ല. എന്റെ വേരുകള്‍ ഇവിടെ മാത്രം ഉറച്ചുകഴിഞ്ഞു. ഇപ്പോള്‍ ആരെങ്കിലും നാട്ടില്‍ പോകുന്നില്ലേ എന്ന് ചോദിച്ചാല്‍, എന്തിന്?! മറന്നുകഴിഞ്ഞവ. അന്യര്‍  സ്വന്തമാക്കിയവയുടെ അരികില്‍ പോയി എന്തിനു ഓര്‍ത്ത് വിലപിക്കണം..

ഞാന്‍ ഈ നാടിനെ സ്നേഹിക്കാന്‍ തുടങ്ങിക്കഴിഞ്ഞുവല്ലൊ!
കേരളത്തില്‍ താമസിച്ച അത്രയും വര്‍ഷങ്ങള്‍ ഞാന്‍ ഇവിടെയും ജീവിച്ചുകഴിഞ്ഞു.. മൂന്നാലു വര്‍ഷം കൂടുതലും ആയി! ആ കൂടുതല്‍ തന്നെയാണ് ഈ നാട്ടിലേയ്ക്കുള്ള് വേരിന്റെ ആഴം കൂട്ടുന്നത്!

കേരളത്തിനേക്കാള്‍ ഞാന്‍ ഒരുപക്ഷെ ഇപ്പോള്‍ ഈ നാട്ടിനെയാവും സ്നേഹിക്കുക.
നാടിനെപ്പറ്റി ഒന്നും ഓര്‍ക്കാറില്ല. എങ്കിലും ഫേസ്ബുക്കില്‍ നാട്ടുകാരെ കാണുമ്പോള്‍ ഒക്കെ ഞാനും അവിടത്തെയാണെന്ന ഒരു തോന്നലോടെ തന്നെയാണ് ജീവിക്കുന്നത്..

മനസ്സിന്  എത്ര ഭാവങ്ങള്‍! അറകള്‍..!
ഫേസ്ബുക്കിലൂടെ എന്റെ സ്വന്തം എന്നുകരുതുന്നവരെയും നാടിനെയും ഒക്കെ പുറത്ത് അന്യരായി തന്നെ തോന്നുന്നു..

ഞാന്‍ ഇവിടത്തെയാണ്. എന്റെ മക്കളുടെ അമ്മ. അവര്‍ക്കൊപ്പം ജീവിച്ചു മരിക്കേണ്ടവള്‍. അതില്‍ കൂടുതല്‍ ആഗ്രഹങ്ങള്‍ ഒന്നും ഇല്ല..


3 comments:

Shahid Ibrahim said...

ഒട്ടും പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേട് എന്നു പറഞ്ഞുകൊള്ളട്ടെ....
മനസ്സിനെ ആര്‍ദ്രമാക്കുന്ന അനുഭവസാക്ഷ്യം.....

ആത്മ said...

വളരെ വളരെ നന്ദി!

Habby Sudhan said...

നല്ല അമ്മയാവുക എന്നത് തന്നെയാണ് ഒരു സ്ത്രീജന്മത്തിന്റെ സാക്ഷാല്ക്കാരം..