Friday, December 18, 2015

ഞാന്‍ ജീവിക്കുകയാണ്.. !


അതെ! കുറ്റബോധത്തോടെ തന്നെയാണ് ഇപ്പോള്‍ ഇത് എഴുതാന്‍ വന്നിരിക്കുന്നത്.
ഇത് സാഹിത്യത്തിന്റെ കൂട്ടത്തില്‍ പെടുത്താനാവില്ല. വെറും അനുഭവക്കുറിപ്പുകള്‍. 
എന്റെ ജീവിതാനുഭവങ്ങള്‍ എന്നൊക്കെ പറയാം..
അത് പകര്‍ത്തി വയ്ക്കുമ്പോള്‍ ഒരാശ്വാസം. അത്രയേ  ഉള്ളൂ..

കുറ്റബോധം എന്നുപറഞ്ഞില്ലേ… 
ഞാന്‍ ഇപ്പോള്‍ ഉറങ്ങേണ്ട സമയം ആണ്..പക്ഷെ, എനിക്ക് എഴുതാന്‍ ഈ സമയം മാതമേ സാധിക്കൂ എന്ന് ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. ഉറങ്ങേണ്ടുന്ന സമയത്ത് എഴുതുന്നതിന്റെ ഒരു കുറ്റബോധം.
രാവിലെ കുടിയന്മാരുടെ പോലെയാണ്. തല നേരെ നില്‍ക്കില്ല.  എത്രയൊക്കെ ശ്രമിച്ചാലും കിടക്ക തന്നെ ജയിക്കും. ഞാന്‍ അടിമപ്പെടും. അതും വേണമല്ലൊ. രാവിലെ ശുഭമുഹൂര്‍ത്തത്തില്‍ ഒക്കെ ഞാന്‍ ഉറക്കമാണ്. ഏഴുമുതല്‍ 9,10,11 വരെയൊക്കെ നീളും. രാത്രിയിലെ ഉറക്കക്കുറവ് നികത്തുന്നതാണ്. ടി.വി ഒന്നും വയ്ക്കാറില്ല.. അതിന്റെ സമയം ആണ് ഉറക്കം..

പിന്നെ ഉണര്‍ന്നാല്‍ ഫേസ്ബുക്ക് നോക്കലായി.. ഇപ്പോള്‍ ട്വിറ്റര്‍ ഇല്ല. എന്നെ വേണ്ടാത്തവരുടെ പുറകെ നടന്ന് എന്റെ തന്നെ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കുന്നതെന്തിന്. ലോകത്തെ പറ്റി അറിയാനാണ് റ്റ്വിറ്റര്‍ തുടങ്ങിയത്. കുറെ മലയാളികളുടെ മനസ്സുകളും അറിയാനായി. എല്ലാവരും അനോണികള്‍ ആണെന്നെ ഉള്ളൂ..
---
എഴുതാന്‍ വന്നത് ഇന്നത്തെ തിരക്കുകളെക്കുറിച്ചായിരുന്നു..
രാവിലെ ഉറക്കച്ചടവ് കഴിഞ്ഞ്, ഭര്‍ത്താവിനും മകള്‍ക്കും ചായയും ഇട്ട് കൊടുത്ത് അല്പം കൂടി കാത്തു.. ഒരു ചായയും അല്പം ദോശയും ഉള്ളില്‍ ചെന്നപ്പോള്‍ തെളിഞ്ഞു തുടങ്ങി. ശരീരം ഇനിയും ആക്റ്റീവ് ആയിട്ടില്ല. സാരമില്ല . അത് നടന്ന് തുടങ്ങുമ്പോള്‍ ആവും.

വീട് പൂട്ടി ഇറങ്ങി നടന്നു 2 കിലോമീറ്റര്‍ നടക്കുമ്പോള്‍ ഷോപ്പിംഗ് ഏരിയ ആവും.
 ആദ്യം അക്വേറിയം ഷോപ്പില്‍ കയറി  5 സുന്ദരന്‍ മീനുകളെ വാങ്ങി..അത് ഇന്നത്തെ ദിവസത്തെ സന്തോഷമാക്കാന്‍ കണ്ട ഒരേ ഒരു ഉപാധിയാണ്. അത് പ്ലാസ്റ്റിക്ക് കവറില്‍ തൂക്കി നടന്നു ബാക്കി സാധങ്ങളുടെ ലിസ്റ്റുമായി.

മലയാളി കടയില്‍ ചെന്ന് കായ്, ഉള്ളി, മുരിങ്ങയില, (അതിലെ ഒരു പുഴു എന്റെ കഴുത്തില്‍ ചാടിക്കയറി കുറെ നേരം ഇരുന്നു! ഹും!) കെയിന്‍ ഷുഗര്‍, തേങ്ങ, തുടങ്ങിയവ വാങ്ങി.. അല്പം ഭാരം ആയിത്തുടങ്ങി. ഇനിയും ഉണ്ട് വാങ്ങാനുവ.

അടുത്ത കടയില്‍ അതാ ഒരു ചെമ്പരത്തിച്ചെടി.  .. പൂത്തു നില്‍ക്കുന്നു. നിറയെ മൊട്ടുകളും!!. ഇപ്പോള്‍ അമ്പാട്ടിക്ക് പൂവ് കിട്ടാന്‍ വലിയ ക്ഷാമം. ഒരു ചെമ്പരത്തി വീട്ടിനടുത്ത് പൂത്തുനില്‍ക്കുന്നത് സ്വപ്നം കണ്ടപ്പോള്‍ കയ്യിലെ ഭാരം ഒക്കെ മറന്നു. അപ്പോള്‍ കഴുത്തില്‍ ഒരസ്വസ്ഥത! അറപ്പോടെ തട്ടിക്കുടഞ്ഞു. മുരിങ്ങയില വാങ്ങി ഒരു നിമിഷം സ്നേഹപൂര്‍വ്വം ചേര്‍ത്തു പിടിച്ച തക്കം നോക്കി ചാടിക്കയറിയ ഒരു പുയു ആണ്! മുന്നില്‍ ചെമ്പര്‍ത്തിപ്പൂ ചിരിച്ചോണ്ട് നില്‍ക്കുന്നതുകൊണ്ട് തല്‍ക്കാലം പുഴുവിനോട് ക്ഷമിച്ചു..

ചെമ്പരത്തിയെ പ്രസാദമെന്നപോലെ വാങ്ങി..( എട്ടു വെള്ളി). കയ്യിനു താങ്ങാനാവാത്ത ഭാരം ആയി. (ഈയ്യിടെയായി കൈ രണ്ടിനും നല്ല വേദന ഉണ്ട്.. സാരമില്ല. ചെമ്പരത്തി.. അമ്പാട്ടി..ഭക്തിമാര്‍ഗ്ഗം.. ദൈവമേ കാത്തോളണേ..)

ഇനി റിമോട്ടിലെ ബാറ്ററി മാറ്റണം. മാറ്റി. പയ്യന്‍സിനോട് അത് സ്വയം വീട്ടില്‍ മാറ്റേണ്ടതെങ്ങിനെ എന്ന് ചോദിച്ച് മനസ്സിലാക്കി. ഒരു എക്സ്ട്രാ ബാറ്ററിയും വാങ്ങി. ഇന്‍ഡിപ്പെന്റന്റ്റ് ആവണ്ടേ!

ഏരീസില്‍ നിന്നും മക്കള്‍ക്ക് രണ്ട് ബെല്‍റ്റ്, ഹെയര്‍ ബാന്റ്റ് എന്നിവ വാങ്ങി. മൂത്തയാള്‍ അല്പം കൂടെ ഉത്തരവാദിത്വം കാട്ടിയെങ്കില്‍ എന്തു സുഖമായി ജീവിക്കാമായിരുന്നു എന്നോര്‍ത്തു.. അവര്‍ക്ക് തിരിച്ചറിവുണ്ടാവുമ്പോള്‍ ഞാന്‍ മിക്കവാറും രോഗിയോ ശയ്യാവലംബിയോ ആയേക്കും.. സാരമില്ല.. അവര്‍ രക്ഷപ്പെടുന്നത് കണ്ടാല്‍ മാത്രം മതി.. ഒപ്പം ഭര്‍ത്താവിനും എന്നെക്കൊണ്ട് ദോഷം വരരുത്..

ഇനി അടുത്ത കടയില്‍. ഡോവ് സ്പ്രേ, ഫേസ് ക്രീം എന്നിവ വാങ്ങി..
അത് പ്രമോട്ട് ചെയ്ത് എന്നെക്കൊണ്ട് വാങ്ങിപ്പിച്ച സ്ത്രീയുടെ കൂട്ടുകാരി എന്റെ കയ്യിലെ പൂത്തുനില്‍ക്കുന്ന ചെമ്പരത്തി ചെടി കണ്ട് അടുത്തു വന്നു ചോദിച്ചു, ‘ഇതെന്തു പൂവാണ്?‘
‘ഇത് ഹൈബിസ്ക്കസ്‘
ഓഹ്! ഹൈബി!
ഞന്‍: ഹൈബി.. സ്ക്കസ്സ്
‘ഓ.കെ. ഹൈബിസ്ക്കസ്സ്!  മലേഷയന്‍ ഫ്ലവര്‍ ആണ്..‘ അവള്‍ കൂട്ടുകാരിയോട് വിശദീകരിക്കുന്നു.
ഞാന്‍: അല്ല! ഇത് ഇന്ത്യയിലും ഉണ്ട്.. ഗ്രാമത്തില്‍ ഒക്കെ.
‘ഓ. കെ.. അവര്‍ അത് ചെവിയില്‍ തിരുകി നടക്കും അല്യോ!’  എന്ന് പറഞ്ഞ് ചിരിച്ച് ആക്ഷന്‍ കാട്ടുന്നു.
ചെവിയില്‍ തിരുകുന്നത് വട്ടുള്ളവരെ കളിയാക്കല്‍ ആണ് എന്ന് പറയാമെന്ന് കരുതി..
പിന്നെ വേണ്ടെന്ന് വച്ച് അവള്‍ ഒരു അരവട്ടോടു കൂടിയാണ് ആ  ആക്ഷന്‍ കാണിക്കുന്നത്. രംഗം വഷളാക്കണ്ട.
ഞാന്‍ പറഞ്ഞു ‘ഇത് ചെവിയില്‍ വയ്ക്കില്ല. ചെവിയില്‍ വയ്ക്കുന്നത് റോസാപ്പൂ ആണ്..‘
‘ഓകെ‘  അവള്‍ ഒരു ഇന്തോനേഷ്യന്‍ സ്റ്റൈല്‍ ഡാന്‍സ് പോസില്‍ റോസാപ്പൂവും തിരുകി നടന്നു കാട്ടി.

മറ്റവള്‍ എന്റെ ചെമ്പരത്തി പൂവില്‍ തന്നെ നോക്കുകയാണ്. ഞാന്‍ പറഞ്ഞു ‘ചെമ്പരത്തിപ്പൂവ് പ്രാര്‍ത്ഥിക്കാനും പിന്നെ ചിലര്‍ തിന്നുകയും ഒക്കെ ചെയ്യും‘  എന്ന്. (അല്ലാ പിന്നെ!)

അതും അവര്‍ക്ക് കൌതുകം ഉണ്ടാക്കി..
അവര്‍ ചിരിച്ചു..
ഞാനും ഉറക്കെ ചിരിച്ചുപോയി..

അങ്ങിനെ ഒടുവില്‍ എന്റെ ഷോപ്പിംഗ് ലിസ്റ്റിലെ എല്ലാം വാങ്ങി , ബില്‍ പേ ചെയ്ത് ഞാന്‍ ഇറങ്ങി വീട്ടിലേയ്ക്ക് മന്ദം മന്ദം ഗമിച്ചുതുടങ്ങി.. കയ്യില്‍ എല്ലാം കൂടി പതിവുപോലെ 5 കിലോയ്ക്കടുത്ത് ആയിക്കാണും..

അപ്പോള്‍ അതാ നെയില്‍ ഷോപ്പ്.. പിന്നെ അമാന്തിച്ചില്ല. മകള്‍ 10 നേ എത്തുകയുള്ളൂ. വീണുകിട്ടിയ സമയം!
വിശപ്പോ! ഏയ് അതൊക്കെ സഹിക്കാം..
കുളിച്ചില്ല! ഓഹ് അത് സാരമില്ല..
കയ്യില്‍ നിറയെ സാധങ്ങള്‍..
ഓഹ് അത് കടയില്‍ വയ്ക്കാം. ഇന്ന് തിരക്കില്ല. 
തിരക്കില്ലാത്തതുകൊണ്ട് അവര്‍ എന്നെ കാര്യമായി സ്വീകരിച്ച് എന്റെ കയ്യും കാലും ഒക്കെ വൃത്തിയാക്കിയും ഭംഗിയാക്കിയും തന്നു.

എന്റെ കൈയില്‍ നെയില്‍ പോളിഷ് ഇടുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് വല്ലാതെ ഒരിഷ്ടം തോന്നി. അവളുടെ കയ്യും എന്റെ കയ്യും കൂടി കണ്ടാല്‍. അവളുടെത് ഫെമിനീന്‍ ഉം എന്റേയും മെയിലിഷും ആയി തോന്നി. (ചൈനീസിന്റെ സ്കിന്‍ വളരെ ലോലവും വല്ലാതെ വെളുത്തിട്ടും ആണ്)
എനിക്ക് പെട്ടെന്ന് അവളോട് പ്രേമം തോന്നി.
ഇവളെ അങ്ങ് പ്രേമിച്ചാലോ എന്നൊരാശയം ഉടലെടുത്തു..
അല്പനേരം ആ ആലോചന നല്‍കിയ സുഖത്തില്‍ ഇരുന്നു..
പിന്നെ അവയര്‍ ആയി..
ഇനി വട്ട് കാട്ടാനൊന്നും പ്രായമില്ല ആത്മെ നിനക്ക്. ലവലില്‍ ചിന്തിക്ക്.
നിന്റെ മകളുടെ പ്രായമേ ഉള്ളൂ. മകള്‍ക്കും ഇഷ്ടം അല്ല ഞാന്‍ കൂടുതല്‍ തലോടുന്നതും മറ്റും.. ഹും!

ഞാന്‍ ഒരാണാവേണ്ടിയിരുന്നതാണ്.
എന്തു പുതിയ വട്ടു തോന്നിയാലും ഉടന്‍ ട്വിറ്ററിനെ ഓര്‍ക്കും.. ചിന്ത ഷെയര്‍ ചെയ്യാന്‍. 
സത്യത്തില്‍ ഞാന്‍ ട്വിറ്ററിനെ ആരായി ആണ് കണ്ടിരുന്നത് എന്ന് എനിക്കുപോലും അറിയില്ല.
പക്ഷെ, ഒന്നു തീര്‍ച്ചയാണ്. ഞാന്‍ സ്നേഹിക്കുന്നത് ഒടുവില്‍ തലയില്‍ കയറി നിരങ്ങാന്‍ തന്നെയാണ്. ആ സ്നേഹത്തില്‍ എനിക്ക് മുന്നോട്ട് പോകാന്‍. അതെ എന്നെ പരിപോക്ഷിപ്പിക്കാന്‍..
അതും പോയി ട്വിറ്ററിനോട് പറയണം എന്നു തോന്നി. പിന്നെ വേണ്ടെന്ന് വച്ചു. 
ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഇനി മേലില്‍ എന്നോട് ആരും ഇഷ്ടം കാട്ടരുതെന്നും മറ്റും പറയണം ഇനി കാണുകയാണെങ്കില്‍. മനസ്സില്‍ ചിരി വന്നു.

ഇടയ്ക്ക് മകള്‍ വിളിച്ചു. സ്ക്കൂളില്‍ നിന്ന് മടങ്ങിയെത്തി.. വിശന്നിരിക്കയാണ്..

ഞാന്‍ പകുതി ഉണങ്ങിയ നെയിലുകളും ഭാ‍രങ്ങളും ഹൈബിസ്ക്കസ്സും, മീന്‍‌കുട്ടികളും ഒക്കെയായി , പോകും വഴി ചില്ലറ പെറുക്കിയെടുത്ത് ഒരു നൂഡിത്സും രണ്ട് ചിക്കണും ഒക്കെ വാങ്ങി നടന്നു..

നല്ല അമ്മ! കാശുചിലവാക്കുന്ന അമ്മയാണോ?! ഏയ്.. വീട്ടാവശ്യത്തിനായി ഓടി നടക്കുന്ന, പ്രതിഫലം ഇല്ലാ ജോലിക്കാരി..
ആരുടെ ജോലിക്കാരി?! ഇത് എന്റെ ജീവിതം ആണ്.
-----
വീടെത്തി, മകള്‍ക്ക് ചായ, ചോറ് ഒക്കെ കൊടുത്ത് ഒരു വിധം നേരേയാക്കിയിട്ട്,
ഞാന്‍ ആ നൂഡിത്സിന്റെ പകുതി വെട്ടി വിഴുങ്ങി, കാപ്പി ചൂടാക്കി അതും മോന്തി
നേരെ കിടക്കയില്‍ ചെന്ന് വീണു..

ഫേസ് ബുക്ക്, ട്വിറ്റര്‍..നൊ ട്വിറ്റര്‍..

ഒരു ഫാമിലി ആനപ്പുറത്ത്, ഒന്ന് കുന്നിന്‍ മുകളില്‍, അങ്ങിനെ എന്തൊക്കെ അക്രമങ്ങള്‍ കാട്ടാമോ അതൊക്കെ കാട്ടി ഫോട്ടോസ് ഇടുകയാണ്.. ‘ലൈക്ക്!‘ ‘ആത്മാ ലൈക്ക്..‘ നിലനില്‍പ്പിന്റെ പ്രശ്നമാണേ..!!

അല്പം മയങ്ങി എന്നു തോന്നുന്നുന്നു. അല്ല, നന്നായി മയങ്ങി.. സമയം 5 ആയി.
വിളക്കു കൊളുത്തി പ്രാര്‍ത്ഥിച്ചു..
ഹൈബിസ്ക്കസ്സിനെ കുഴിയെടുത്ത് അതിലാക്കി വെള്ളമൊഴിച്ചു..
അയ്യോ മകളുടെ ടൂത്ത് പേസ്റ്റ്, ചോക്കലേറ്റ് ഒന്നും വാങ്ങിയില്ല!!
കഴിക്കാന്‍ ഒരു ബിരിയാണി കൂടി വാങ്ങി വയ്ക്കാന്‍ നാളെ ശനി, പിന്നെ ഞായര്‍..
അവര്‍ എന്താണ് ചോദിക്കുന്നതെന്ന് അവര്‍ക്ക് പോലും അറിയില്ല. കഴിവതും പ്രിപ്പയേഡ് ആയി ഇരിക്കാന്‍ ശ്രമിക്കാം..

മോളേ.. അമ്മ ഷോപ്പില്‍ പോയി വരാം.. നിന്റെ ടൂത്ത് പേസ്റ്റ് വാങ്ങാന്‍ മറന്നു. ഇപ്പോള്‍ വരാം..
രാത്രി ആയിരിക്കുന്നു..

ഇനിയിപ്പോ ബിരിയാണി വാങ്ങണമെങ്കില്‍ ബസ്സില്‍ പോണം. കുളിക്കാതെ കയറാന്‍ ഒരു മടി. 
‘ഹായ്! മിസ്റ്റര്‍!‘
‘ഹും?‘
കിടക്കുകയാണ് .. നല്ല സുഖം ഇല്ല.  സുഖം ഇല്ലാതായപ്പോള്‍ എന്നോടും അസുഖം ആയി..:( 

‘ബിരിയാണി കടയില്‍ വെളിച്ച്, ബിരിയാണി പാക്ക് ചെയ്തു വയ്ക്കാന്‍ പറയാവോ?‘
‘ഹും.‘
ഓകെ.. അത്രെം ആയി. ഇനി അധികം കാത്തുനില്‍ക്കണ്ട. 
5 മിനിട്ട് നടക്കാനുണ്ട്..
അതുവാങ്ങി വീട്ടില്‍ കൊണ്ടുവച്ചിട്ട് , ചോങ്ങ്പാങ്ങിലേക്ക് നടന്നു..

സാരമില്ല. ഇതു പതിവാണ്.. ഇടയ്ക്ക് ഭാരം മുയുമനും എന്റെ തലയില്‍ ആവും..
ഞാന്‍ ആടുമാടുകളെപ്പോലെ എല്ലാം ചെയ്യും.. തളര്‍ന്നാലും, വീഴുംവരെ..

അപ്പോള്‍ ചുമ്മാ, മകള്‍ ആരോ ആകണമെന്ന വാശിയോടെ പട്ടണത്തിലും ഇഗ്ലീഷ് മീഡിയത്തിലും പിന്നെ അന്യനാട്ടിലും ഒക്കെ കയറ്റി അയച്ച അച്ഛനെയും  അതിനു ഒത്താശ ചെയ്ത അമ്മയെയും ഓര്‍ക്കും. നല്ല കുറെ വഴക്ക് കൊടുക്കും.
‘കാണുന്നുണ്ടോ മകളുടെ സുഖം?‘ എന്ന് ചോദിക്കും.. മരിച്ച് മുകളിലെവിടേയോ നില്‍ക്കുന്ന അവരോട് പെട്ടെന്ന് സഹതാപം തോന്നും..
പാവം അമ്മ!
എനിക്ക് പറയാന്‍ പറ്റും ശരീരമുണ്ട്, നാവുണ്ട്. ഇതൊന്നുമില്ലാതെ ആത്മാവുമാത്രമായി നില്‍ക്കുന്ന അമ്മയെ വഴക്കുപറയുന്നത് പാപമല്ലെ! 
‘സാരമില്ല അമ്മെ, വിഷമം വരുമ്പോള്‍ ഞാന്‍ ഓരോന്ന് പറഞ്ഞുപോകുന്നതാണ്..
ഇതൊക്കെയാണ് എല്ലാവരുടെയും ജീവിതം.. എന്റേയും.. നിങ്ങള്‍ കുറ്റക്കാരല്ല.‘

ഞാന്‍ ജീവിക്കുകയാണ്..!
 ഇരുട്ടത്ത് ഐസ്ക്രീം നുണഞ്ഞ് നടക്കുമ്പോള്‍ ‘ഈ ഭൂമി സ്വര്‍ല്ലോകം‘ ആണെന്ന് തന്നെ തോന്നിയാരുന്നു.. ഇവിടെ പെണ്ണുങ്ങളെ ഹരാസ് ചെയ്യില്ല. മുഖത്ത് നോക്കാന്‍ കൂടി ഭയമാണ്.. അതുകൊണ്ട് സുഖമായി നടക്കാം..
 (രാവിലെ മീനുകളെ വാങ്ങിയപോലെ എന്നെ സന്തോഷിപ്പികാന്‍ രണ്ട് കോണ്‍ ഐസ്ക്രീം വാങ്ങി കരുതി വച്ചു)
വീടെത്തിയതറിഞ്ഞില്ല.. 

ഞാന്‍ വീട്ടില്‍ എത്തി. വാങ്ങിയ സാധങ്ങള്‍ അടുക്കി വച്ചു.. ആ.. എന്തൊക്കെ വാങ്ങി എന്ന്!
ഐസ്ക്രീം വാങ്ങി, ചോക്കലേറ്റ്, ബിസ്ക്കറ്റ്, മോള്‍ക്ക് തലയില്‍ വയ്ക്കാന്‍ ഒരു കവര്‍.. ഡിഷ്വാഷിംഗ് ലിക്വിഡ്, ബാത്രൂം ക്ലീനര്‍.. ഭാരം ഉണ്ട്..
പുട്ട് ഉണ്ടാക്കി, പാത്രങ്ങള്‍ കഴുകി..
പിന്നെ വീണ്ടും ഒറ്റ കിടപ്പ്. കുളിക്കാനുള്ള ആരോഗ്യം ഇല്ല..പിന്നീടാകട്ടെ..
കിടന്നു ഒരേ കിടപ്പ്.. ഫേസ്ബുക്ക്, വായന…

അപ്പോള്‍ ഒരു പ്രത്യേക ലോകത്തിലേക്ക് എത്തിപ്പെട്ടു..
മൂന്ന് ക്രൂരമായ, ദയനീയമായ മരണങ്ങള്‍.. !!
അവ മനസ്സിനെ വല്ലാതെ  മഥിക്കുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകത, മരണത്തിന്റെ ഭീകരത ഒക്കെ നടുക്കുന്നു. എനിക്ക് ഒന്നും വേണ്ട ദൈവമേ! മനസ്സമാധാനത്തോടെ ജീവിച്ച് മരിക്കണം..

ഒരു മരണം പ്ലയിനിന്റെ എന്‍ജിന്‍ സക്ക് ചെയ്ത് അകത്ത്കൊണ്ടുപോയി ക്രഷ് ചെയ്തു ഒരു പാവം  55 കാരന്‍ എഞിജിനീയര്‍. കുലീനന്‍. നല്ല പിതാവ് ഭര്‍ത്താവ്..

രണ്ട്, ‘നിര്‍ഭയ എന്ന ജ്യോതി‘യുടെ അമ്മയുടെ കരച്ചില്‍. പ്രതിയെ വെറുതെ വിട്ട നൊമ്പരം..

മൂന്ന്,  രണ്ട് പ്രായമായ ദമ്പതികള്‍ തമിഴനാട്ടിലെ വെള്ളപ്പൊക്കത്തില്‍ മരിച്ച ദയനീയത.
താഴത്തെ നിലയില്‍ വെള്ളം പൊങ്ങിയപ്പോള്‍ മുകളില്‍ കയറി.. ബാല്‍ക്കണിയില്ലാത്ത വീട്.. അവിടെയും വെള്ളം പൊങ്ങിത്തുടങ്ങിയപ്പോള്‍ മേശക്കുമുകളില്‍ കസേര വച്ച് ശാസം നിലന്ര്ത്താന്‍ ശ്രമിച്ചു. അവരുടെ വിളി ആരും കേട്ടില്ല. എന്തു ഭയാനകമായിരുന്നിരിക്കണം ആ അന്ത്യ നിമിഷങ്ങള്‍!!

മൂന്നും വല്ലാതെ, മഥിക്കുന്നവ. മറക്കാനോ പൊറുക്കാനോ (ഈശ്വരനോടോ മനുഷ്യരൊടോ?!) ആവുന്നതല്ല..
---
ഞാന്‍ ഉറങ്ങിയില്ല കിടക്കുകയായിരുന്നു. ശരീര വേദന അല്പം കുറഞ്ഞു.
മകളെ വിളിക്കാന്‍ ഭര്‍ത്താവ് പോയിട്ടുണ്ട്..

തിരിച്ചെത്തി..
ഹായ് മോളൂ.. ‘ഹൌ ആര്‍ യു!’
‘അമ്മെ ഞാന്‍ കുറച്ചു സമയം തറയില്‍ ഇരുന്ന് റെസ്റ്റ് എടുക്കും പിന്നെ കുളിക്കാം.. ഞാന്‍ ഡര്‍ട്ടി ആണു‘. 
അവളുടെ ക്ഷീണിച്ച മുഖം കണ്ടപ്പോള്‍ എല്ലാം മറന്നു..

അവള്‍ക്ക് ചായ, ചിക്കണ്‍ ഒക്കെ കൊടുത്ത് അവളെ നേരെയാവാന്‍ സഹായിച്ചു. 

ഈ സമയം കൊണ്ട് മൂത്തയാള്‍ മുകളിലത്തെ മുറിയില്‍ പോയി കതകടച്ചു. 
ഇളയവള്‍ എന്റെ മുറിയില്‍, താഴെയുണ്ട്..
അവള്‍ ഉറങ്ങും വരെ കൂടെയിരുന്നു.
ഉറങ്ങിയ ശേഷം ശബ്ദമുണ്ടാക്കാതെ പോയി മേല്‍ കഴുകി
(ശരിക്കും ചെറുതിലേ ഇത്ര അറ്റന്‍ഷന്‍ വേണ്ടായിരുന്നു എന്നു തോന്നുന്നു. )
ഇപ്പോള്‍ രണ്ടുപേരും കൊച്ചു കുട്ടികളെപ്പോലെ എന്നെ ആശ്രയിക്കുന്നു.
എനിക്ക് ശരീരം വയ്യാതാനും..

എങ്കിലും അമ്മയാവേണ്ടെ..
---
ശരിക്കും ഞാന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഒക്കെ എടുത്തെങ്കിലും ആത്മവിശ്വാസം തീരെ ഇല്ലായിരുന്നു. ഒരു കോളേജ് ലക്ചറര്‍ ആവനോ ബാങ്ക് ഉദ്യോഗസ്ഥ ആവാനോ ആയിരുന്നു പഠിച്ചിരുന്നത് എങ്കിലും ആത്മവിശ്വാസം തീരെ കുറവായിരുന്നു. ആ ഭയം മാറ്റാനും കൂടി ആയിരുന്നു ഈ അന്യനാട്ടിലേയ്ക്കുള്ള എടുത്തുചാട്ടം.(അമ്മയുടെ സഹോദരനും കുടുംബവും ഇവിടെ പണ്ടേ ഉണ്ട് താനും.)


അതെ! ചിലരെ നേരെയാക്കണമെങ്കില്‍ നെഗറ്റീവ് അനുഭവങ്ങള്‍ തന്നെ വേണം.
എല്ലാ സാഹചര്യങ്ങളും എനിക്ക് അനുകൂലവും, ലോലവും ആയിരുന്നപ്പോള്‍ ഞാന്‍ നന്നെ ദുര്‍ബ്ബലയായിരുന്നു.
ഇപ്പോള്‍ അന്യനാട്ടില്‍, എന്നെ കൊഞ്ചിക്കാനോ, മതിക്കാനോ സ്നേഹിക്കാനോ ആരുമില്ലാതായപ്പോള്‍-
സാഹചര്യങ്ങള്‍ എല്ലാം പ്രതികൂലമായപ്പോള്‍- ഞാന്‍ നീന്താന്‍ പടിച്ചു. ജീവിക്കാന്‍ പഠിച്ചു.
ജീവന്‍ നിലനിര്‍ത്താനായുള്ള തുഴച്ചില്‍ .. വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച് ഒരു വന്‍ ശക്തി മനപൂര്‍വ്വം എന്നെ തടഞ്ഞു വച്ചില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ എനിക്ക് ഉയരാനായേനെ.. ആത്മവിശ്വാസവും കൈവന്നിരിക്കുന്നു.

സാരമില്ല, ഇനിയൊരു ജന്മം കൂടി അതിനായി വേണം എന്ന ആഗ്രഹവും ഇല്ല. ഇത്രയൊക്കെ മതി..

കാരണം, ഇതാണെന്റെ ജീവിതം!
 എനിക്ക് ആത്മവിശ്വാസം തന്നത്, എന്റെ കുറവുകള്‍ നികത്തിയത് ഒക്കെ ഈ വീട്ടുജോലികളും എന്റെ മക്കളും ആണ്.. കാരണം, ആരും  മാനിക്കുന്നില്ല എങ്കിലും എനിക്കറിയാം ഈ കടമകള്‍ എനിക്കല്ലാതെ ഇത്ര ഭംഗിയായി ഈ ലോകത്തിലെ മറ്റാര്‍ക്കും ചെയ്യാനാവില്ല എന്ന്.
കാരണം. ഇത് അവരുടെ ജീവിതം അല്ലല്ലൊ, ഇത് എന്റെ ജീവിതം അല്ലെ.
എന്നെ പൂര്‍ണ്ണയായ ഒരു സ്ത്രീയാക്കിയ ജീവിതം.
എന്റെ പിടിവാശികള്‍ നശിപ്പിച്ച, എന്നെ ക്ഷമാശീലയാക്കിയ, നിഷ്ക്കാമിയാക്കിയ, ഈശ്വര പ്രേമിയാക്കിയ, സ്വയം പര്യാപ്തയാക്കിയ,  എന്നെ തന്നെ എനിക്ക് സമ്മാനിച്ച എന്റെ ജീവിതം..


6 comments:

ajith said...

സിംഗപ്പൂരിൽ ഏത് ഭാഗത്താണു വീട്?
ഞാൻ 30 വർഷം മുൻപ് എട്ടുകൊല്ലം തേബാൻ ഗാർഡൻസിൽ താമസിച്ചിരുന്നു. ആ പ്രദേശവും പാൻഡൻ തടാകവുമൊക്കെ ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു

ഫൈസല്‍ ബാബു said...

ചെറുവാടി വഴി ഇവിടെ എത്തി :) ഇനി വായിക്കാം ട്ടോ .

വീകെ said...

കൊച്ചു ചിന്തകൾ, ആവലാദികൾ, വിഹ്വലതകൾ ..
ആശംസകൾ ....

ആത്മ said...

ajith:

അതിനടുത്തല്ല താമസിക്കുന്നത്.
ഇപ്പോള് എല്ലാ‍ സ്ഥലാവും ഒരുപാട് മാറി..:))

ആത്മ said...

ഫൈസല്‍ ബാബു :

വളരെ വളരെ നന്ദി…! :)

ആത്മ said...

വീകെ :

വളരെ നന്ദി വീണ്ടും വരിക.. :)