Sunday, November 29, 2015

അടിച്ചമര്‍ത്തലുകള്‍..

കാഞ്ചനമാലയെ ഒരിക്കല്‍ക്കൂടി കണ്ടു.,

വെറുതെ ബിഗ് സ്ക്രീനില്‍ പണ്ടത്തെ ഗ്രാമത്തെയും അതിലെ ആള്‍ക്കാരെയും കാണാനാണ് ശരിക്കും പോയത്. അതിലെ പ്രേമവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും
ഇപ്രാവശ്യവും മനസ്സില്‍ തട്ടിയില്ല.

കാരണം, പ്രത്യേകിച്ചും ആ കാലഘട്ടത്തില്‍ വളര്‍ന്നവരൊക്കെ പ്രേമം പാപമാണെന്നും പ്രേമിക്കുന്നവര്‍ ചീത്തമനുഷ്യരാണെന്നും, അതൊക്കെ മിഥ്യയാണെന്നും, ബാലിശവും ആണെന്നും; സ്വാര്‍ദ്ധരും സുഖലോലുപരുമായവര്‍ മാത്രമാണ് സ്വന്തം കുടുംബത്തിന്റെ നിലയും വിലയും മറന്ന് അത്തരം പ്രേമബന്ധങ്ങളില്‍ അകപ്പെടുന്നതെന്നും,
അങ്ങിനെ അകപ്പെട്ടിട്ടുള്ളവര്‍ എല്ലാവരും അധഃപ്പതിച്ചിട്ടുണ്ടെന്നും, സമൂഹത്തില്‍
നിന്നും ബഹിഷ്കരിക്കപ്പെട്ട് താഴെക്കിടയിലേക്ക് ഇറങ്ങണമെന്നുമുള്ള ധാരണകള്‍ എന്നും പ്രേമം വെറും സിനിമയിലെയും പുസ്തകങ്ങളിലും മാത്രം ആളുകള്‍ വ്യാപാരത്തിനായി കൂട്ടിച്ചേര്‍ക്കുന്ന ഒരു സംഭവം മാത്രമാണെന്നും ഒരു നല്ല മനുഷ്യന്‍ അതിന് അടിമപ്പെടുകയില്ല എന്നുമായിരുന്നു  ഒരു ധാരണ.

അതുകൊണ്ടുതന്നെ, പ്രേമിക്കാ‍ത്ത, സ്ത്രീവിദ്വേഷിയായ ഒരു പുരുഷനെയായിരുന്നു ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്. അയാളിലെ സ്ത്രീയോടുള്ള അവഗണന, മേല്‍ക്കോയ്മ ആയിരുന്നു എന്റെ മനസ്സിലെ ഹീറോയിസം. അത്തരമൊരു മനുഷ്യന്റെ ഭാര്യയാവുക. അദ്ദേഹം തന്നെയും പിന്നെ സ്വന്തം ആദര്‍ശങ്ങളും മാത്രം പ്രാധാന്യം കൊടുത്ത് സമൂഹത്തിലെ ഉത്തമ മനുഷ്യനായി ജീവിക്കുക.  എന്നിങ്ങനെ..

പക്ഷെ,.. പക്ഷെ, കാലം ചെല്ലുന്തോറും  പ്രേമം മനസ്സില്‍ ഇല്ലാത്ത മനുഷ്യന്റെ കാഠിന്യം, നിരാശ, ക്രൂരത, മുരടത ഒക്കെ തിരിച്ചറിഞ്ഞു. ഒപ്പം പ്രേമം അവനില്‍ വരുത്തിവയ്ക്കുന്ന അത്ഭുതകരമായ മാറ്റങ്ങളും!

അതെ, പ്രേമം അസബന്ധമല്ല. മനസ്സിലെങ്കിലും പ്രേമം നിലനിര്‍ത്താനാവാതെ ജീവിക്കുന്ന ഒരു മനുഷ്യന് ഒരിക്കലും സന്തോഷകരമായ ഒരു ജീവിതം നയിക്കാനാവില്ല എന്ന കാര്യം മനസ്സിലാക്കി.

ജീവിതത്തിന്റെ നിലനില്‍പ്പിനാധാരം തന്നെ ആണും പെണ്ണും തമ്മിലുള്ള ആകര്‍ഷണവും ഒത്തുചേരലും അതിലൂടെ നിലനില്‍ക്കുന്ന മനുഷ്യവംശവും (ജീവി വംശവും )അല്ലെ?!
മനുഷ്യര്‍ ആ പാവന വികാരത്തെ എത്ര വികലവും, വൃത്തികെട്ടതുമായാണ്  കരുതി ജീവിക്കുന്നത്.

ചുരുക്കത്തില്‍ നമ്മുടെ ജന്മത്തിന് പിന്നിലെ പ്രകൃതി ഒരിക്കിയിരിക്കുന്ന ഏറ്റവും സുന്ദരമായ സ്ത്രീപുരുഷാകര്‍ഷണം (സ്നേഹം) മനുഷ്യന്‍  പുശ്ചവും നികൃഷ്ടവുമായി കരുതുന്നു.

ആരൊക്കെയോ ചേര്‍ന്ന് വില നിശ്ചയിച്ച് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന മൃഗങ്ങളെപ്പോലെ വിവാഹ കമ്പോളത്തില്‍ കാത്തുനിന്ന്, വിലപേശി, ഒടുവില്‍ അവര്‍ നിശ്ചയിക്കുന്ന ഇണയ്ക്ക് മുന്നില്‍ കഴുത്തു നീട്ടണം. കഴുത്തില്‍  കെട്ട് മുറുക്കി, വാങ്ങിച്ചവര്‍ യാത്രയാവുന്നു.

അവിടെ  പ്രേമം ഇല്ല. ഭയം, വിധേയത്വം, അടിച്ചമര്‍ത്തലുകള്‍.. ഇതിനൊക്കെ ഇടയിലൂടെയാണ് അടുത്ത തല്‍മുറ ഊര്‍ന്നിറങ്ങുന്നത്.. അവനും മാതാപിതാക്കളും സ്നേഹത്തിനായി വിളിച്ചുകേണ് ആക്രാന്തരായി ജീവിക്കുന്ന ഒരു ലോകത്തിലേക്ക്.

അപ്പോള്‍ പറഞ്ഞുവന്നത്,
ഇത്തരം സിനിമകള്‍ ഒക്കെ കാണുമ്പോള്‍, ഇങ്ങിനെയും മനുഷ്യര്‍ ഉണ്ടായിരുന്നു, അവര്‍ നല്ലവരായിരുന്നു,  എന്നൊക്കെ കരുതാന്‍ മനസ്സിനെ തയ്യാറെടുപ്പിക്കേണ്ട സമയം ആയിരിക്കുന്നു..

No comments: