Wednesday, May 6, 2015

ആരു പറഞ്ഞു സ്ത്രീകള്‍ അബലകള്‍ ആണെന്ന്?!

ആരു പറഞ്ഞു സ്ത്രീകള്‍ അബലകള്‍ ആണെന്ന്?! സ്ത്രീകള്‍ ആണ് എവിടെയും ഭരിക്കുന്നത്. പക്ഷെ, പുറകില്‍ നിന്നാണെന്നേ ഉള്ളൂ.. ഭര്‍ത്താക്കന്മാരുടെ പിറകില്‍, മകന്റെ പിറകില്‍, കാമുകന്റെ പിറകില്‍ ഒക്കെ നിന്ന്. ഫേസ്ബുക്ക് കൂട്ടായ്മകള്‍ക്കുള്ളില്‍,വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെ..

ഗ്രാമങ്ങളിലും ഉണ്ട് സ്ത്രീ ഗ്രൂപ്പുകള്‍ എല്ലാ മുക്കിലും മൂലയിലും. അവര്‍ അവരൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തവരെ ഒക്കെ ഒതുക്കും, നശിപ്പിക്കും.. സ്ത്രീകളുടെ മറ്റൊരു ദുര്‍ബലത എന്തെന്നാല്‍ അവര്‍ പലപ്പോഴും സത്യത്തിനുവേണ്ടി ആയിരിക്കില്ല പോരാടുന്നത്. മറ്റൊരു സ്ത്രീയെ നശിപ്പിക്കാനായിരിക്കും. അവരോട് കൂടാന്‍ കഴിവില്ലാതെ കുഴഞ്ഞുവീഴുന്നവരെ.. അല്ലെങ്കില്‍, ശരിക്കും കുറവുള്ളവരെ! എന്റെ ഭഗവാനേ! എന്തൊരു ശക്തിയാണെന്നോ ആ ഗ്രൂപ്പുകള്‍ക്ക്! ഒരു നാലഞ്ചു പേര്‍ മതി.. ഒരു സ്ത്രീയുടെ നാവിന്റെ ശക്തിതന്നെ അറിയാമല്ലൊ, അപ്പോള്‍ ഒരു ഏഴെട്ടുപേര്‍‌ ചേര്‍ന്നാലത്തെ സ്ഥിതി എന്താവും?! അവര്‍ അവരുടെ അറിവാണ് ലോകത്തെ ഭരിക്കുന്നതും. അവര്‍ക്ക് അറിയാന്‍ പാടില്ലാത്തതൊന്നും ഈ ലോകത്തില്‍ ഇല്ലാ താനും. അവരുടെ ശക്തികൊണ്ട് ലോകം കറങ്ങുന്നു.. പുരുഷന്മാരും മറ്റു സ്ത്രീകളും സദാചാരന്മാരും, സന്മാര്‍ഗ്ഗികളും ആയി ജീവിക്കുന്നു.. സത്യം പറയാമല്ലൊ, എനിക്ക് ഈ ആണ്‍ഗ്രൂപ്പുകാരെക്കാള്‍ ഭയം പെണ്‍ ഗ്രൂപ്പുകാരെയാണ്. എന്നും. നാട്ടിന്‍പുറത്തായാലും നഗരത്തില്‍ ആയാലും, അന്യനാട്ടില്‍ ആയാലും. സ്ത്രീകള്‍ എന്നായാലും സ്ത്രീകള്‍ തന്നെ. അവര്‍ നാക്കിന്റെ ബലം കൊണ്ട് മുന്‍പിന്‍ നോക്കാതെ ഒരാളെ നിമിഷം കൊണ്ട് വളര്‍ത്തുകയും അതുപോലെ തളര്‍ത്തുകയും ചെയ്തുകളയും!
  നമുക്ക് അവരുടെ ഗ്രൂപ്പില്‍ കയറി പറ്റണമെങ്കില്‍ നമ്മുടെ ജീവിതത്തിനെ പറ്റി പരാതി പറയണം,അല്ലെങ്കില്‍ അവരോടൊപ്പം ചേര്‍ന്ന് മറ്റുള്ളവരെ ഇടിച്ചു താഴ്ത്താനും പഴിപറയാനും കൂട്ടുനില്‍ക്കണം. ഇത് രണ്ടും ആത്മാര്‍ത്ഥതയോടെ തന്നെ ചെയ്യുകയും വേണം.പേരിനുവേണ്ടി ചെയ്താല്‍ വിപരീതഫലമായിരിക്കും. അല്ല്ലെങ്കില്‍, ‘ആ കണ്ടില്ലെ, ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ അവരുടെ കുടുംബം ശരിയല്ല എന്ന്! അല്ലെങ്കില്‍ ഓ! അവളൊരു പത്രാസ് കാരി..!‘ എന്നിങ്ങനെ പോവും കാര്യങ്ങള്‍.

പറയാന്‍ വന്നതെന്തെന്നാല്‍ , ഭരണചക്രം തിരിക്കുന്നത് പിറകില്‍ നിന്ന് ഈ ശക്തികള്‍ ആയതുകൊണ്ട് അവര്‍ക്ക് വേണ്ട മര്യാദയൊക്കെ നല്‍കി അരല്പം അകലം പാലിച്ച് നില്‍ക്കുക. അവരോടൊപ്പം ചേരാനുള്ള കഴിവില്ലെങ്കില്‍.

2 comments:

ajith said...

അതുകൊണ്ടാവും “പെണ്ണൊരുമ്പെട്ടാല്‍..” എന്നൊരു പഴഞ്ചൊല്ല് തന്നെ ഉണ്ടായത്

ആത്മ said...

അതെ, ശരിക്കും..!