Friday, May 22, 2015

‘സൂഫി പറഞ്ഞ കഥ’

‘സൂഫി പറഞ്ഞ കഥ’ വായിച്ചു തീര്‍ത്തു..

ഈ ബുക്കുകള്‍ ഒക്കെ വായിക്കുമ്പോള്‍ ആണ് ഞാന്‍ സാഹിത്യപരമായി എത്ര പിന്നില്‍ ആണ് എന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. ബുക്കും അതിനെക്കുറിച്ച് ആശാമേനോന്റെ പരിചയപ്പെടുത്തലും അതിലെ വാക്കുകളും ഒക്കെ ആകെക്കൂടി മലയാള സാഹിത്യത്തിലെ അത്ഭുതലോകത്തില്‍ എത്തിച്ചു..

ഉള്ള സത്യം പറഞ്ഞാല്‍ എനിക്ക് ചെറുതിലേ സാഹിത്യവുമായി വലിയ അടുപ്പം ഇല്ലായിരുന്നു. സ്വപ്നം കാണുന്ന, വേറിട്ട് ചിന്തിക്കുന്ന ഒരു മനസ്സ് മാത്രം ആയിരുന്നു കൈമുതല്‍..

എന്റെ ഏകാന്തതകളിലൊന്നും എനിക്ക് ആവശ്യത്തിനു പുസ്തകങ്ങള്‍ കിട്ടിയിരുന്നില്ല. ഒരു പരിചയവുമില്ലാത്ത ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ്, ബാങ്കിംഗ് എന്നൊക്കെ പറഞ്ഞ് എന്റെ നല്ല പ്രായം കടന്നുപോയി.

അതിനിടയില്‍ സെക്കന്റ് ലാഗ്വേജ് മലയാളം ആയിരുന്നെന്ന ഒരൊറ്റ ആശ്വാസം മാത്രം. പലപ്പോഴും തോന്നിയിരുന്നു. എനിക്ക് മലയാള സാഹിത്യമോ ഇംഗ്ലീഷ് സാഹിത്യമോ അല്ലെങ്കില്‍ ഫിലോസഫിയോ സൈക്കോളജിയോ ഒക്കെയായിരുന്നു ചേരുന്നതെന്ന്. പക്ഷെ അതൊന്നും എടുത്താല്‍ ജോലി കിട്ടുമോ എന്നറിയില്ലായിരുന്നു. എനിക്ക് ബാങ്കിലോ മറ്റോ ജോലി ഉറപ്പുനല്‍കുന്നവയായതുകൊണ്ടു മാത്രമായിരുന്നു അത് പഠിച്ചത്..

സൂഫിയിലേയ്ക്ക് വരട്ടെ,

സൂഫി വായിച്ചുകൊണ്ടിരുന്നപ്പോല്‍ പല തിരിച്ചറിവുകളും കൈവന്നു. ഞാന്‍ ഇംഗ്ലീഷിലെ ചില പ്രശസ്ത നോവലുകള്‍ വായിച്ചിട്ടുണ്ട്.. അതിലെയും ഭാവനകള്‍ ഒക്കെ അവിശ്വസനീയവും അത്യത്ഭുതകരവും ആയിരുന്നു. എനിക്ക് അത് രണ്ടു തരത്തില്‍ സന്തോഷം നല്‍കി.. ഒന്നാമത് ഇംഗ്ലീഷില്‍ എനിക്ക് വായിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു എന്ന സംതൃപ്തി. പിന്നീടൊന്ന് പുതിയ രാജ്യങ്ങളിലെ ജീവിതരീതികള്‍ പരിചയപ്പെടുമ്പോഴുള്ള ഒരു നിര്‍വൃതി..
എന്നെ മറ്റാരോ ആക്കി മാറ്റും പോലെ..

‘Jane Iyer‘ ഒക്കെ വായിക്കുമ്പോള്‍ ഞാന്‍ ശരിക്കും ആ കഥാപത്രത്തെ ഉള്‍ക്കൊണ്ടിരുന്നു. അതായി ജീവിക്കും പോലെ.. അങ്ങിനെ പല  കഥാപാത്രങ്ങളും…Wutherine Heights.. Mistress of spice, God of small things.. Kite Runner, Thousand Splendid Suns, എന്തിന്‌, One Hundred Years of Solitude and Love in the Times of Cholera  … വരെ വായിച്ചിട്ടുണ്ട്.


മലയാളത്തിലെയും ചില വളരെ നല്ല കൃതികളും വായിച്ചിട്ടുണ്ട്. അതും ഇതുപോലെ ആ കഥയില്‍ ആകൃഷ്ടയായി എന്നുമാത്രം..ഖസാക്കിന്റെ ഇതിഹാസം, ലന്തന്‍ ബത്തേരി.. രണ്ടാമൂഴം , ബഷീര്‍ കഥകള്‍, ഇന്ദുലേഖ.. ഒരു ദേശത്തിന്റെ കഥ, മയ്യഴിപ്പുഴ, അങ്ങിനെ ഒരുചില...

വായനകള്‍ ഒക്കെ ഇതുപൊലെ വായിച്ച് ആസ്വദിച്ച് കടന്നുപോയി. അതിലെ ഭാഷയോ ആശയങ്ങളെയോ പറ്റി അധികം ശ്രദ്ധിച്ചില്ല. അതുകൊണ്ടുതന്നെ സീരിയസ്സ് ആയ വായന എന്നു പറയാനാവില്ല.

എന്നാല്‍ ഇപ്പോള്‍ ആദ്യമായി ഒരു ബുക്ക് വായിച്ച് , ഞാന്‍ ശരിക്കും എവിടെയാണ് നില്‍ക്കുന്നതെന്ന ബോധം ഉണ്ടായിരിക്കുന്നു!

എനിക്ക് വല്ലതും സീരിയസ്സ് ആയി എഴുതണമെങ്കില്‍ ഇതുപോലെ പല പുസ്തകങ്ങള്‍ ആദ്യമേ വായിച്ച് ആസ്വദിക്കേണ്ടിയിരിക്കുന്നു. പക്ഷെ, അതിനുള്ള നല്ല സമയം ഒക്കെ കടന്നുപോയോ എന്നൊരു സംശയവും ഇല്ലാതില്ല..

അപ്പോള്‍ സൂഫി…

ആദ്യമായി, സൂഫിയിലെ കഥ ഇതിവൃത്തമായെടുത്ത് ഒരു നോവല്‍ എഴുതാന്‍ ധൈര്യം കാണിച്ച കെ.പി യ്ക്ക് അഭിനന്ദനങ്ങള്‍. അത് ഇരു മതസ്ഥരേയും വേദനിപ്പിക്കാതെ, പ്രകോപിപ്പിക്കാതെ കൈകാര്യം ചെയ്യേണ്ടിവന്നതിനും അഭിനന്ദങ്ങള്‍..

കേട്ടുകഥയോ, ശരിക്കും സംഭവകഥയോ, എന്തായാലും കഥാകൃത്തിന് ഒടുവില്‍ രണ്ടു പേരേയും വധിക്കേണ്ടി വന്നു എന്നത് ഒരു പരാജയം ആയി തോന്നി..

പക്ഷെ, മനുഷ്യമനസ്സില്‍ ചേക്കേറണമെങ്കില്‍ അത് സഹതാപത്തിലൂടെയേ സാധിക്കൂ എന്ന ഒരു സൈക്കോളജിയും ഇതില്‍ അടങ്ങിയിരിക്കുന്നു…


ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ലീമിനെ അവരുടെ ആള്‍ക്കാര്‍ നീചമായി കശാപ്പു ചെയ്യുന്നു… മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഹിന്ദു സ്ത്രീക്കും നിലനില്‍പ്പില്ല!
എനിക്ക് തോന്നുന്നത് ഇതില്‍ ആകെ വിജയിക്കാന്‍ പറ്റിയത്, മലയാളികളുടെ കോമണ്‍ ഐഡന്റിറ്റി എന്ന സത്യത്തെ അംഗീകരിപ്പിക്കല്‍ മാത്രമാണ്.

മുസ്ലീംകളും ക്രിസ്ത്യന്‍സും ഒക്കെ നമുക്ക് അറിവായ കാലത്ത് കുടിയേറിപാര്‍ത്ത് കേരളത്തിലെ  മുന്തിയ ബ്രാഹ്മിന്‍സിനെയും ക്ഷ്ത്രിയരേയും നിര്‍ബ്ബന്ധിപ്പിച്ച് മതം മാറ്റി സ്ഥാപിച്ചെടുത്ത  മതങ്ങള്‍ ആണ് എന്ന സത്യം!

കേരളത്തില്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന കാളീക്ഷേത്രങ്ങളും മറ്റും തച്ചുടച്ച് അവര്‍ പള്ളികള്‍ സ്ഥാപിച്ചു.. പക്ഷെ നൂറ്റാണ്ടുകള്‍ പിറകോട്ടുപോകുമ്പോള്‍ നടുക്കുന്ന ആ സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറല്ല താനും!

കേരളീയര്‍ എല്ലാം ഒന്നാണെന്ന ഒരു സത്യം പുറത്തുകൊണ്ടുവരാനായി എന്നു തോന്നുന്നു..

‘തീയ്യനും പുലയനും ഒക്കെ എന്തു പേര്?’ എന്ന ചോദ്യവും, അവര്‍ക്ക് ഭൂമി പതിച്ചുകൊണ്ടുത്ത് അവരെയും സ്വതന്ത്രരാക്കിയപ്പോള്‍ കെ.പി ഒരു വലിയ മനസ്സിന്റെ ഉടമയായി..

വലിയ മനസ്സുകള്‍ക്കേ ഇങ്ങിനെ സത്യങ്ങള്‍ വേണ്ട രീതിയില്‍ എഴുതി ഫലിപ്പിക്കാനും,
സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും ആവൂ..

കുലവും ഗോത്രവും ഒക്കെ ഉണ്ടെങ്കിലും ബേസിക്കലി എല്ലാരും മണ്ണില്‍ നിന്നുണ്ടായി മണ്ണില്‍ മറയുന്ന മനുഷ്യര്‍ മാത്രം ആണെന്ന ഒരു തോന്നലും ഈ നോവല്‍ എന്നിലുണ്ടാക്കി.. സ്നേഹത്തിന്റെ മുന്നില്‍ എല്ലാവരും വെറും മനുഷ്യര്‍ മാത്രം!
 വലിയ പ്രതാപിയായ കാരണവരുടെ ബലഹീനതകള്‍..അതുപോലെ തന്നെ മുസലിയാരുടെ വീക്ക്നെസ്സുകള്‍.. പെണ്ണുങ്ങളോടുള്ള ആദരവ് ഒക്കെയും അവരെ വെറും മനുഷ്യര്‍ മാത്രമാക്കി മാറ്റുന്നു..

കെ.പി ഒരു പ്രത്യേക വ്യൂവിലൂടെയാണ് ലോകത്തെ നോക്കിക്കണ്ടത് ഇവിടെ..

നമ്മള്‍ ക്രൂരരും പരുക്കരും ആണെന്ന് കരുതി അകറ്റി നിര്‍ത്തി ബഹുമാനിക്കന്നവരെയൊക്കെ കാര്‍ത്തി സമമായി കണ്ട്, മനുഷ്യരായി കണ്ട് സ്നേഹിക്കുന്നു..

അതാണ് കാര്‍ത്തിയുടെ പ്രത്യേകത. മനുഷ്യര്‍ നല്‍കുന്ന മുഖം മൂടികളൊക്കെ അഴിച്ചുമാറ്റി, അവനിലെ മനുഷ്യനെ ദര്‍ശിക്കുന്നു കാര്‍ത്തി.. അവിടെ ഈഗോയോ വര്‍ഗ്ഗീയതയോ ഒന്നും തന്നെയില്ല.

അതുകൊണ്ട് തന്നെ കാര്‍ത്തി മനുഷ്യരില്‍ നിന്ന് ഉയര്‍ന്ന ഒരു ജന്മമായി തീര്‍ന്നിരിക്കുന്നു..

അസാധാരണമായ ഒരു ജന്മം. വിചിത്രമായ ഗൃഹയോഗം.. നല്ലതല്ലേ? ചീത്തയൊന്നും ഇല്ലല്ലൊ എന്ന മുത്തശ്ശിയുടെ ചോദ്യത്തിന് ശങ്കുമ്മാവന്റെ മറുപടി, ‘സാധാരണക്കാരുടെ നല്ലതിനും ചീത്തയ്ക്കും അപ്പുറം ആയിരിക്കും ഇവരുടെ നല്ലതും ചീത്തയും..” ( ഈ ജന്മനങ്ങള്‍ സ്വാര്‍ദ്ധതാല്പര്യങ്ങള്‍ക്കായല്ല ജീവിക്കുന്നത്, ഒരു സമൂഹത്തിനെ നന്മയ്ക്കായി എന്നപോലെ. കാര്‍ത്തിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകള്‍ക്കും ഒക്കെ ഓരോ വലിയ അര്‍ത്ഥവും ഉദ്ദേശ്യവും ഒക്കെ ഉണ്ടായിരുന്നു..)


[എനിക്ക് വലിയ വലിയ ആള്‍ക്കാരെപ്പോലെ കഠിനങ്ങളായ വാക്കുകളുപയോഗിച്ച്
എഴുതാനുള്ള കഴിവില്ല. എനിക്ക് മനസ്സിലായ അറിവ് ഞാന്‍ പങ്കുവയ്ക്കുന്നു…]

5 comments:

ajith said...

സൂഫി പറഞ്ഞ കഥ ഞാന്‍ വായിച്ചിട്ടില്ല. വായന വളരെ കുറവാണ് ഇപ്പോള്‍

Rare Rose said...

ആത്മേച്ചീ., ഇതിന്റെ സിനിമയും ഇറങ്ങിയിരുന്നു..
കെ.ആർ.മീരയുടെ ആരാച്ചാർ വായിച്ചോ? ആത്മേച്ചിക്കിഷ്ടാവുമെന്ന് തോന്നുന്നു..

ആത്മ said...

ajith:

വായിക്കൂ‍.. നല്ല ബുക്ക് ആണ്…:)

ആത്മ said...

റോസൂ...
ആരാച്ചാറ് വായിച്ച് പകുതിയിലേറെ ആയി. അപ്പോള്‍ ഒരു വല്ലായ്ക. തൂക്കുമരം… സ്നേഹശൂന്യത.. ആകെക്കൂടി ഒരു വ്യക്തതയില്ലായ്മ.. ആവര്‍ത്തനം കൂടിപ്പോയോ എന്നൊക്കെ.. തല്‍ക്കാലം നിര്‍ത്തി വച്ചു.

അവസാനം എന്തെങ്കിലും കാണും.. പല ഭാഗങ്ങളും മനസ്സില്‍ തട്ടിയാരുന്നു.. പുരുഷവിദ്വേഷം ഒക്കെ ആണെന്നു തോന്നുന്നു.. അല്ലെ?!അധികവും.. വായിക്കാം..

വീകെ said...

ആശംസകൾ...