Sunday, February 8, 2015

പൂതപ്പാട്ടും ദൈവവും പിന്നെ ഞാനും


കുറച്ചു നാള്‍ ആയി അല്ലെ ബ്ലോഗൂ കണ്ടിട്ട്!!
ഭംഗിവാക്കൊന്നും പറയുന്നില്ല, ഒന്നൊഴിച്ച്, എന്നെ ഞാനായി കാണാന്‍ നീ മാത്രമേ ഉള്ളൂ..
ഞാന്‍ ഇന്ന് മുഴുവനും മൌനമായിരുന്നു എന്നു വേണമെങ്കില്‍ പറയാം ബ്ലോഗൂ

രാവിലെ ഈയ്യിടെ എഴുതിയ രണ്ട് കൊച്ച് പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതീപ്പിന്നെ അത് വായിച്ച് ഇനി അവര്‍ക്കെന്തുതോന്നും ഇവര്‍ക്കെന്തുതോന്നും എന്നൊക്കെ ടെന്‍ഷനില്‍ ഇരുന്നു കുറച്ചു സമയം. നമ്മളെ പോലെ വിശാല ഹൃദയം എല്ലാര്‍ക്കും വേണമെന്നില്ലല്ലൊ അല്ലെ ബ്ലോഗൂ.. നമ്മള്‍ ചുമ്മാ ജീവിതത്തെ പറ്റി കണ്ടറിഞ്ഞ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു അത്രയല്ലെ ഉള്ളൂ.. അത് ഒരു ലൌകീക നേട്ടങ്ങളും ഉദ്ദേശിച്ചും അല്ല.

ഈയ്യിടെ മോഹന്‍ലാലിന്റെ ദൈവത്തോടുള്ള സംസാരം എനിക്ക് ഒരു അല്പം ഭയം ഉണ്ടാക്കുന്നു ബ്ലോഗൂ.. ഞാനാണ് പണ്ടുപണ്ടേ ഈ ശൈലിയില്‍ എഴുതി തുടങ്ങിയത്. ഇപ്പോള്‍ അദ്ദേഹവും ഏകദേശം ഇതുപോലെയൊക്കെ എഴുതുന്നു. വലിയവര്‍ എഴുതുമ്പോള്‍ അവരെ നമ്മള്‍ അനുകരിച്ചെന്നല്ലെ പിന്നീട് ആള്‍ക്കാര്‍ പറയൂ.. അതുകൊണ്ട് ഒരു വൈക്ലബ്യം.

ഞാന്‍ ഈയ്യിടെ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ട് കേള്‍ക്കയും വായിക്കയും പഠിക്കയും ഒക്കെ ചെയ്തു ബ്ലോഗൂ..

അങ്ങിനെ അതിന്റെ ഒരു പ്രത്യേക മൂഡില്‍ നടക്കയായിരുന്നു.
അദ്ദേഹത്തെ പറ്റി പറയുകയാണെങ്കില്‍ വലിയ കഷ്ടപ്പാടിലൂടെ ജീ‍വിച്ച ഒരു കവി ആയിരുന്നു. എങ്കിലും വലിയ അഭിമാനിയും കുലീനനും ഗാന്ധിഭക്തനും സ്വാതന്ത്യസമരത്തിനെ അനുകൂലിച്ച ആളും പൊതുജനസേവകനും ഒക്കെയായി ആളുകളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു കവിയായിരുന്നു..

ചെറുതിലേ അദ്ദേഹം കഷ്ടപ്പെടുന്ന സമയം, 2 രൂപാകൊടുത്ത് (ഇന്നത്തെ 1000 ഒക്കെ ആവുമായിരിക്കും) ഒരു പുതപ്പ് വാങ്ങി രോഗശയ്യയില്‍ കിടക്കുന്ന അമ്മയ്ക്ക് കൊടുത്തയച്ചു. എന്നാല്‍ അത് കിട്ടും മുമ്പ് അമ്മ മരിച്ചുപോയി. അത് അദ്ദേഹത്തെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അപ്പോള്‍ എഴുതിയ കവിതയാണ് ബിംബിസാരന്റെ ഇടയന്‍. എന്നാല്‍ പൂതപ്പാട്ടിലും മാതൃസ്നേഹത്തിന്റെ ശക്തിയും പവിത്രതയും ഒക്കെയാണ് എടുത്തുകാട്ടുന്നത്. വല്ലാതെ ഹൃദയസ്പര്‍ശ്ശമാക്കും വിധം അത് എഴുതിയിരിക്കുന്നു അദ്ദേഹം.

ഇന്ന്  ഈ പാട്ട് കേട്ടുനോക്കൂ…ഞാന്‍ പിന്നീട് വന്ന് മറ്റ് വിശേഷങ്ങളെ പറ്റി പറയാം…

----
തല്‍ക്കാലം കവിതയുടെ ഒരു ചെറിയ സമ്മറി. പിന്നീട് നന്നായി എഡിറ്റ് ചെയ്യാം..


കൊടും ക്രൂരയായ ഒരു പൂതത്തിന് ഒരു ഉണ്ണിയെ കാണുമ്പോള്‍ ഉണരുന്ന മാതൃസ്നേഹവും, അതേ തുടര്‍ന്ന് അത് ഉണ്ണിയെ സ്വന്തമാക്കാന്‍ കാട്ടുന്ന പരാക്രമങ്ങളും. ഒടുവില്‍ പെറ്റമ്മയുടെ സ്നേഹം പൂതത്തെ വെന്ന്, അതിന്റെ ക്രൂരത മാറ്റി, നല്ലവളാക്കി ഉണ്ണിയെ തിരികെ കൊടുപ്പിക്കുന്നതുമാണ് കഥ.


ഒടുവില്‍ കുഞ്ഞിനെ തിരികെ കിട്ടുന്ന അമ്മ പൂതത്തിനോട് ദയവുതോന്നി മകരമാസംതോറും കൊയ്ത്ത്കഴിഞ്ഞ് വയലൊക്കെ ഉണങ്ങിക്കിടക്കുമ്പോള്‍ വന്നോളോ,, വന്ന് ഉണ്ണിയേയും കണ്ട് നാടിന് ഐശ്യര്യവും പ്രദാനം ചെയ്ത് മടങ്ങിപ്പൊയ്ക്കൊള്ളാന്‍ അനുവദിക്ക്ന്നു.


അമ്മ മനപൂര്‍വ്വമോ മറന്നുപോയതോ, വീട് എവിടെ എന്ന് കൃത്യമായി പറയുന്നില്ല. പൂതം ചോദിക്കാന്‍ മറന്നും പോകുന്നു. അതുകൊണ്ട് പൂതത്തിന് ഉണ്ണിയെ കാണാന്‍ കൊതിപൂണ്ട് എല്ലാ വീടുകളിലും കയറിയിറങ്ങും.


ആളുകള്‍ 'ഉണ്ണിയെ വേണോ ഉണ്ണിയെ വേണോ..' എന്ന് കളിയാക്കി രസിക്കും.. കാരണം ആളൊരു ഭയങ്കരി ആയിരുന്നുവല്ലൊ പണ്ട്..


 പൂതത്തിനെ വരവേല്‍ക്കാനായി നെല്ലും മറ്റും ഒരുക്കി വീട്ടുകാര്‍ നില്‍ക്കും. കുട്ടികള്‍ ഭയത്തോടെയും കൌതുകത്തോടെയും നോക്കി നില്‍ക്കും. തന്റെ ഉണ്ണി അവിടെ ഇല്ല എന്ന് കാണുമ്പോള്‍ പൂതം വെപ്രാളത്തോടെ അടുത്ത വീട്ടിലേക്ക് തുള്ളിക്കുതിക്കും.  പൂതത്തിന്റെ ക്രൂരത ഇല്ലാതായപ്പോള്‍ പൂതത്തില്‍ ഇപ്പോള്‍ ദൈവീക പരിവേഷമാണ് കൂടുതല്‍ പ്രതിഫലിക്കുന്നത്.. പൂതത്തിന്റെ ഹൃദയത്തിന്റെ വിതുമ്പലുകള് പൂതപ്പാട്ടിലെ തുടികൊട്ടായും, തേങ്ങലുകള്‍ ആണ് കുഴല്‍ വിളികളും എന്ന് കവി പറയുന്നു.
 


1.
"വിളക്കു വച്ചു… കേട്ടോളൂ"..
സന്ധ്യാനാമം കഴിഞ്ഞ് ഇരിക്കുന്ന കുട്ടികള്‍ക്ക് ഒരു പൂതക്കഥ  പറഞ്ഞുകൊടുക്കുന്നതായാണ് തുടക്കം.. 
2.
"അയ്യയ്യ! ….. നല്ല മണിപ്പൂതം.."
ആദ്യം പൂതത്തിന്റെ രൂപം വര്‍ണ്ണിക്കയാണ്..
കാതില്‍ പിച്ചള ത്തോട..
കഴുത്തില്‍ കലപല പാടും പണ്ടങ്ങള്‍
3)
എവിടെ നിന്നാണു വരുന്നത് ?! എന്നു ചോദിച്ച് കേള്‍വിക്കാരില്‍ കൌതുകം ഉണര്‍ത്തിയിട്ട്, കവി
കൂട്ടത്തില്‍ പൂതത്തിന്റെ കഴിഞ്ഞകാലം വിവരിക്കുന്നു..

പറയന്റെ അങ്നേചെരിവിലെ പാറക്കെട്ടിന്നടിയില്‍….
 ഗുഹയ്ക്കകത്താണ് പൂതം വസിക്കുന്നത്. അവിടെ 
പയ്ക്കളെ മേയ്ക്കാന്‍ ചെല്ലുന്ന ചെക്കന്മാര്‍ തണലത്ത് മയങ്ങുമ്പോള്‍
പാലു കട്ടുകുടിക്കും.

കൂടാതെ അന്തിയില്‍ വീട്ടില്‍ പോകുന്ന വഴിയാത്രക്കാരെ വഴിതെറ്റിക്കും

താമ്പൂലം കൊടുത്താല്‍ വഴി തെളിയുമെന്നറിയാവുന്ന യാത്രക്കാര്‍ പൂതത്തിന് താമ്പൂലം വച്ചുകൊടുക്കു.  യാത്രക്കാര്‍ പോയിക്കഴിയുമ്പോള്‍ പൂതം വന്ന ആ താമ്പൂലം എടുത്ത്  മുറുക്കി ഒരു തുപ്പു തുപ്പും അതാണ് ഈ തെച്ചിപ്പൂക്കള്‍ക്കൊക്കെ ഇത്ര ചുവപ്പു നിറം എന്നാണ് കവി പറയുന്നത്! (അത് ഗ്രാമീണ ഭാഷയില്‍ തന്നെ രസകരമായി എഴുതിയിരിക്ക്നുന്നു)

രാത്രിയോ! പൂതത്തിന്റെ പണി അതിലും ക്രൂരമാണ്
വഴിതെറ്റി വരുന്ന യുവാക്കളെ വലിയ സുന്ദരി ചമഞ്ഞ് മയക്കി ഏഴുനിലമാളികയെപ്പോലെ തോന്നിപ്പിക്കുന്ന പനയില്‍ കൊണ്ടുപോയി അവരുടെ രക്തം ഊറ്റിക്കുടിച്ചിട്ട് അവരുടെ മുടിയും എല്ലും ഒക്കെ പറയന്റെ കുന്നിന്റേ മറ്റേ ചെരുവില്‍ കൊണ്ടുപോയി ഇടും

4) ഇത്ര ക്രൂരയായ ഒരു പൂതത്തിനെ എന്തിനാ നമ്മള്‍ വരവേറ്റ് നെല്ലും മറ്റും കൊടുക്കുന്നത്?!
കാരണം വിവരിക്കുന്നു..
ഇതൊക്കെ പണ്ടായിരുന്നു. ഇപ്പോള്‍ പൂതം പൂതം പാവം ആണ്. ആയതെങ്ങിനെയെന്ന് അറിയണമെങ്കില്‍ ഈ കഥ കേള്‍ക്കണം
ഇതാണ് പൂതപ്പാട്ടിനെ ഹൃദസ്പര്‍ശ്ശമാക്കുന്നതും
5)  ഉണ്ണിയുടെ കഥ
കുഞ്നുണ്ടാവാതിരുന്ന നങ്ങേലിക്ക് ആറ്റുനോട്ടുണ്ടായൊരു ഉണ്ണി പിറക്കുന്നു 
ആ കുഞ്ഞിനെ അമ്മയുടെ അമിത വാത്സല്യം വിവരിക്കുന്നു

“താഴെ വച്ചാല്‍ ഉറുമ്പരിച്ചാലോ ..തറയില്‍ വച്ചാല്‍ പേനരിച്ചാലോ“ എന്ന് ഭയന്ന്,
കുഞ്ഞിനെ പട്ട് കിടക്കയില്‍ കിടത്തി, തട്ടിയുറക്കി താഴെ നിലത്ത് കിടന്നുറങ്ങുന്ന നങ്ങേലി

6) അടുത്തത് 7 വയസ്സായ് ഉണ്ണി സ്ക്കൂളില്‍ പോകാന്‍ തുടങ്ങുന്ന ദൃശ്യം വിവരിക്കുന്നു.
കുഞ്ഞിനെ ഒരുക്കി “കയ്യില്‍ പൊന്‍പിടി കൊച്ചെഴുത്താണിയും മയ്യിട്ടേറിയൊരോലയും " കൊടുത്ത് അയക്കുന്നു.

"അങ്ങനെ അങ്ങനെ നീങ്ങിപ്പോമൊരു 
തങ്കക്കുടത്തിനെ വയലിന്റെ മൂലയില്‍ 
ഇടവഴി കേറുമ്പോള്‍ പടര്‍പന്തല്‍ പോലുള്ളൊ
രലയാലിന്‍ ചോടെത്തി മറയും വരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി."

7) അടുത്തത് ഉണ്ണി സ്വയം യാത്ര ആസ്വദിക്കുന്ന രംഗങ്ങള്‍...
കുന്നിന്‍ മോളീലേയ്ക്കുണ്ണി കയറി
കന്നും പൈക്കളും   മേയുന്ന കണ്ടു
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍ നിന്നെ
ത്തിനോക്കി ചിരിക്കുന്ന കണ്ടു  
മൊട്ടപ്പാറയില്‍ കേറിയൊരാട്ടിന്‍ പറ്റം
തുള്ളിക്കളിക്കുന്ന കണ്ടൂ
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുകള്‍ 
എങ്ങും പാറിക്കളിക്കുന്ന കണ്ടൂ

8)ഒടുവില്‍ പറയന്റെ കുന്നിലേക്ക് എത്തുന്നു ഉണ്ണി

'പറയന്റെ കുന്നിന്റെ മറ്റേ ചെരുവിലേ
യ്ക്കുരസി യിറങ്ങി നടന്നാനുണ്ണി
പാറക്കെട്ടെന്റെ കിളിവാതിലപ്പോള്‍ തുറന്നൂ പൂതം..”

9) പൂതത്തിന്റെ കണ്ണുകളിലെ ഉണ്ണിയുടെ സൌന്ദര്യം!

ആറ്റിലൊലിച്ചെത്തും ആമ്പല പൂപോലെ
ആടിയുലഞ്ഞെത്തും അമ്പിളിക്കല പോലെ..
അതും മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്..

10 പൂതത്തിന് ഉണ്ണിയോട് മാതൃസഹജമായ ഒരു ഇഷ്ടം തോന്നുന്നു
പൂതത്തിന്‍ മാറപ്പോള്‍ കോരിത്തരിച്ചു
പൂതമൊരോമനപ്പെണ്‍കിടാവായി
പൂത്തമരത്തിന്‍ ചോട്ടില്‍ നിന്നു

11) ഉണ്ണിയെ വശീകരിക്കാന്‍ പാടുന്ന വരികളും വലരെ മനോഹരമാണ്...
‘പൊന്നുണ്ണി പൂങ്കരളേ, 
പോന്നണയും പൊങ്കതിരേ,
ഓലയെഴുത്താണികളെ
കാട്ടിലെറിഞ്ഞിങ്ങണയൂ..’ എന്ന് പൂതം.

ഉണ്ണി തിരിച്ച്,
‘കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍,
പൂത്തമരചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ..’

അടുത്ത അടവ്
‘പൊന്നുണ്ണി പൂങ്കരളേ പോന്നണയും പൊങ്കതിരേ
വണ്ടോടില്‍ വടിവിലെഴും നീലക്കല്ലോലകളില്‍
മാന്തളിരിലില്‍ തൂവെള്ളി ചെറുമുല്ല പൂമുനയാല്‍
പൂന്തണലില്‍ ചെറുകാറ്റത്തിവിടെയിരുന്നെഴുതാലോ
ഓലയെഴുത്താണികളെ കാട്ടിലെറിഞ്ഞിങ്ങണയൂ..’ - പൂതം

ഉണ്ണിക്ക് ആ രീതി ഇഷ്ടപ്പെടുന്നു
‘പൂത്തമരച്ചോട്ടിലിരുന്നൊളിനെയ്യും പെണ്‍കൊടിയേ
ഓലയെഴുത്താണികളെ കാട്ടിലിതാ ഞാന്‍ കളവൂ..’ 
ഉണ്ണി ഓലയെഴുത്താണിയൊക്കെ ദൂരെ കളഞ്ഞ് അടുത്ത് ചെല്ലുന്നു

പിന്നെ എന്തു സംഭവിച്ചു?!
എഴുത്താണി കളഞ്ഞപ്പോള്‍ പൂതം വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോയി..

13) അടുത്ത വരികളില്‍ വൈകിട്ടായി ഉണ്ണിതിരിച്ചെത്താത്തതില്‍ വിഷാദിക്കുന്ന നങ്ങേലിയെ വിവരിക്കുന്നു.

‘ആറ്റിന്‍ കരയിലങ്ങിങ്ങോളം അവനെ വിളിച്ചു നടന്നാളമ്മ...
അതുകണ്ട് ആറ്റിലെ മീങ്കള്‍ പോലും നിശ്ചലം നിന്നുപോയി ’

14) പൂമരച്ചോട്ടില്‍ ഇരുന്ന് ഉണ്ണിയുമായി പൂമാലകോര്‍ത്ത് രസിക്കുന്ന പൂതം ഈ നിലവിളി കേട്ടെങ്കിലും കേട്ടില്ലെന്ന് നടിക്കുന്നു!

പിന്നെ സ്വൈരക്കേട് പോക്കാനായി അമ്മയെ വിരട്ടി ഓടിക്കാന്‍ നോക്കുന്നു..
പേടിക്കാതെ അമ്മ നില്‍ക്കുന്നതും നന്നായി വിവരിച്ചിരിക്കുന്നു

കാറ്റായി ചെന്നപ്പോള്‍ കുറ്റിയായ് നിന്നു
തീയായപ്പോള്‍ കണ്‍നീരാല്‍ തീ അണച്ചു അമ്മ
നരിയായും പുലിയായും ചെന്നപ്പോള്‍ കൂസാതെ
അവരൊട് എന്റെ ഉണ്ണിയെ തരൂ എന്ന് കെഞ്ചുന്ന അമ്മ!!
അത്രമാത്രം വലുതാണ് മാതൃസ്നേഹം എന്ന് പൂതത്തിന് ആശ്ചര്യപ്പെടുത്തുമാറ്‌
എന്നാല്‍ പൂതത്തിനും മാതൃസ്നേഹം പോലെ എന്തോ ഒന്ന് കുഞ്ഞിനോട് തോന്നിയതുകൊണ്ടാകാം പൂതം തോറ്റുകൊടുക്കുന്നില്ല.

പേടിപ്പിച്ചിട്ട് രക്ഷയില്ലെന്ന് കണ്ട പൂതം
അമ്മയെ പ്രലോഭിപ്പിക്കാന്‍ നോക്കുന്നു,

കുന്നിന്റെ മുകളിലെ പാറപൊക്കെയെടുത്ത് മാറ്റി നിറയെ സ്വര്‍ണ്ണങ്ങളും രത്നങ്ങളും ഒക്കെ കാട്ടുന്നു. ‘എല്ലാം കിഴികെട്ടി തരാം എന്നും പകരം ഉണ്ണിയെ തന്നാല്‍ മതി’ എന്നും പറഞ്ഞുനോക്കുന്നു.

തന്റെ കണ്ണുകൊണ്ട് അത് കാണേണ്ടി വന്ന ഗതികേടില്‍ ഹൃദയം തകര്‍ന്ന അമ്മ തിടുക്കത്തില്‍ തന്റ് കണ്ണ്‌ ചൂഴ്ന്നെടുറുത്ത് പൂതത്തിന്റെ മുന്നില്‍ വയ്ക്കുന്നു.

‘അപ്പൊന്നും നോക്കാതെ അമ്മണി നോക്കാതെ
അമ്മ തന്‍ കണ്ണുകള്‍ ചൂഴ്ന്നെടുത്തൂ..!!

പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു

‘ഇതിലും വലുതാണെന്റെ പൊന്നോമന
അതിനെ തരികെന്റെ പൂതമേ നീ..’

15)
പൂതം അത് കണ്ട് പകയ്ക്കുന്നു. എങ്കിലും, മറ്റൊരു തന്ത്രം എടുത്തുനോക്കുന്നു...
തെറ്റിക്കോലുകള്‍ പറിച്ച് മന്ത്രം ഒക്കെ ഓതി മറ്റൊരു ഉണ്ണിയെ നിര്‍മ്മിച്ച്
അമ്മയുടെയ്ക്ക് കൊടുക്കുന്നു

16)
അമ്മ തട്ടി തടവി നോക്കുമ്പോള്‍ തന്റെ ഉണ്ണിയല്ലെന്നറിഞ്ഞ്
‘പെറ്റ വയറ്റിനെ വഞ്ചിക്കുന്നൊരു 
പൊട്ട പൂതമിതെന്നു കയര്‍ത്താള്‍...’
 ഉഗ്രകോപത്താല്‍ ഭൂതത്തെ ശപിക്കാനായുമ്പോള്‍ ഭയന്ന് പൂതം അമ്മയോട് മാപ്പ് അപേക്ഷിക്കുന്നു. കാരണം പെറ്റമ്മയുടെ ശാപം തന്റെ കഴിവുകളെ ഒക്കെയും പരാജയപ്പെടുത്തും എന്ന് പൂതത്തിന് മനസ്സിലായി.
തന്നെ ശപിക്കരുതെന്നും, അമ്മയുടെ ഉണ്ണിയേയും ഒപ്പം  കണ്ണിന്റെ കാഴ്ചയും മടക്കിത്തരാം എന്നു പറഞ്ഞ് ശാന്തയാക്കുന്നു
(അമ്മയുടെ സ്നേഹത്തിനെ ജയിക്കാന്‍ ഈ ഭൂമിയില്‍ ഒരു ശക്തിയ്ക്കും ആവില്ല എന്നും കവി സ്ഥാപിക്കുന്നു)

17)
ഉണ്ണിയെ തിരികെ കിട്ടിയ സന്തോഷത്താല്‍ അമ്മ മുത്തം കൊടുക്കുമ്പോ
അത് കണ്ട് കണ്ണില്‍ ചോരപൊടിഞ്ഞ് ദുഃഖവും ആശ്ചര്യവുമായി വായപിളര്‍ന്ന് നില്‍ക്കുന്ന പൂതത്തെ കണ്ട് അമ്മയ്ക്ക്  ദയവുതോന്നി,
പറയുന്നു,
മകരകൊയ്ത്ത് കഴിഞ്ഞ് പാടമൊക്കെ ഉണങ്ങിക്കഴിയുമ്പോള്‍. ഊക്കന്‍ നെല്‍ക്കൂനയുമായി ജനങ്ങള്‍ സന്തോഷിക്കുമ്പോള്‍ ഉണ്ണിയെ കാണാന്‍ വര്‍ഷം തോറും വന്നോളൂ,  വന്ന് ഉണ്ണിയേയും കണ്ട് ഞങ്ങള്‍ക്കുടെ വീടിനു ഐശ്യര്യമേകി തിരിച്ചുപൊയ്ക്കോള്ളൂ എന്ന്! ഉണ്ണിയെ കിട്ടിയതിന് പകരമായി പൂതത്തിന് ഐശ്യര്യം വരമായി നല്‍കുന്നു അമ്മ!
അതാണ് ആളുകള്‍ ആര്‍പ്പും കുരവയും നെല്ലും ഒക്കെയായി പൂതത്തിനെ വരവേല്‍ക്കുന്നതിപ്പോള്‍

18) പക്ഷെ , അമ്മ തന്റ് വീട് ഏതാണെന്ന് തെളിച്ചു പറയാന്‍ വിട്ടുപോയി. അതിനി മനപൂര്‍വ്വം , അറിഞ്ഞാല്‍ പൂതം വീണ്ടും ഉണ്ണിയെ കൊണ്ടുപൊയ്ക്കളയുമെന്ന ഭയത്താല്‍ മനപൂര്‍വ്വം പറയാഞ്ഞതും ആവാം..! അതൊരു സസ്പെന്‍സ് ആയി കവി മറച്ചുവയ്ക്കുന്നു.

19)  അങ്ങനെ മകരക്കൊയത്ത് കഴിയുമ്പോള്‍ അങ്ങിനെ ഉണ്ണിയെ കാണാനായി  കൊതിയോടെ ഉടുത്തൊരുങ്ങി വരുന്ന പൂതത്തെയാണ് നമ്മള്‍ ആദ്യം കണ്ടത്.. 

പൂതത്തെ ഇപ്പോള്‍ ആര്‍ക്കും പേടിയില്ല. മറിച്ച്പരിഹാസവും ആണ്. കാരണം ഉണ്ണിയെ മോഷ്ടിച്ച പൂതം അല്ലെ , അതിനാല്‍ അവരൊക്കെ ഉണ്ണിയെ വേണോ ഉണ്ണിയേ വേണോ എന്നുപറഞ്ഞ് ഓരോ വീട്ടിലും കയറ്റി ഇറക്കി ഓട്ടിക്കും. പാവം പൂതം വെപ്രാളത്തോടെ ഓരോ വീട്ടിലും ഉണ്ണിയെ തിരയും .. ഒടുവില്‍ സങ്കടത്തോടെ തിരിച്ചുപോകും.. പൂതത്തിന്റെ മിടിക്കുന്ന ഹൃദയത്തെ പ്രതിനിധീകരിക്കുന്നതാണ് തുടികൊട്ട്, കുഴല്വിളി അതിന്റെ തേങ്ങലുകളും!

അതാണ് പൂതപ്പാട്ട്.

 ഇത് അമ്പലങ്ങളില്‍ അരങ്ങേറാറുണ്ട്..

എല്ലാം കേട്ടുകഴിയുമ്പോള്‍ ഭയങ്കരി പൂതത്തോട് നമുക്കും ഒരു അലിവുതോന്നും.

[മാതൃസ്നേഹം ക്രൂരരെ പോലും സ്നേഹവാന്മാരാക്കും എന്ന ഒരു ആന്തരാര്‍ത്ഥം. അത് കവി പൂതപ്പാട്ടിലോടെ മാതൃസ്നേഹത്തിന്റെ മഹനീയത എടുത്തുകാട്ടുന്നതില്‍ വിജയിച്ചിരിക്കുന്നു. തന്റെ മാതാവിനോടുള്ള കടമ പൂര്‍ത്തിയാക്കും മുന്‍പ് വിടപറയേണ്ടി വന്നതിന്റെ ദുഃഖം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ മറഞ്ഞുകിടക്കുന്നതുകൊണ്ടാകാം ഇത്ര ഹൃദയസ്പര്‍ശ്ശിയായി അദ്ദേഹത്തിന് ഈ കവിത രചിക്കാനായത്. 3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശരിയാ കുറച്ച് ദിവസം വെറുതെ ഇരുന്നാൽ പിന്നെ വരുന്ന പോസ്റ്റ് ഒരു ഒന്നൊന്നര പോസ്റ്റ് ആകും

അപ്പൊ ഇനിയും കുറച്ച് വിശ്രമിച്ചോളൂ ഞങ്ങൾ ഇതൊന്ന് വായിച്ചാസ്വദിക്കട്ടെ :)

ദിയ കണ്ണന്‍ said...

very nice athmechi. "Poothappattu" is my favourite poem.

ആത്മ said...


ഹെറിറ്റേജ് സര്‍,
നന്രി..:)