Saturday, January 17, 2015

ദൈവവിചാരം…


ദൈവം ഉണ്ടോ ഇല്ലയോ?!

ഇന്ന്  അല്പം ദൈവവിചാരം ആവാം…

നമ്മള്‍ ചിലപ്പോഴൊക്കെ ദൈവത്തെ എതിര്‍ക്കുന്നു, ഇല്ല എന്ന് വീമ്പടിക്കുന്നു,
നമ്മുടെ കഴുവുകള്‍ കൊണ്ട് നമ്മള്‍ ഉണ്ടാക്കുന്നതുകൊണ്ടാണ് നമ്മള്‍ അനുഭവിക്കുന്നത് എന്ന് വിശ്വസിക്കുന്നു.

അതെ, നാം കാറുണ്ടാക്കി, പ്ലയിനുണ്ടാക്കി, ആപ്പിള്‍ താഴോട്ടു വീഴുന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണം കൊണ്ടാണെന്ന് കണ്ടുപിടിച്ച് സമ്മാനം വാങ്ങി, ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്നും ഭൂമി ഉരുണ്ടതാണെന്നും ഒക്കെ കണ്ടുപിടിച്ചു. ആകാശത്തില്‍ കോടിക്കണക്കിനു നക്ഷത്രങ്ങള്‍ ഉണ്ടെന്നും അതില്‍ അനേകം സൂര്യന്മാരുണ്ടെന്നും ഒക്കെ കണ്ടുപിടിച്ചു. ഒക്കെയും നമ്മുടെ ബുദ്ധികൊണ്ട്, ശരീരം കൊണ്ട്.

പക്ഷെ ഈ ബുദ്ധിയും ശരീരവും എവിടെ നിന്നുണ്ടായി?! ചന്ദ്രനെയും   സൂര്യനെയും ആരുണ്ടാക്കി?

നാം നിമിഷം പ്രതി ജീവന്‍ നിലനിര്‍ത്തുന്ന ഹൃദയം എന്ന യന്ത്രം ആരു കണ്ടുപിടിച്ചു..?!

കാറും പ്ലയിനും ഉണ്ടാക്കാനുള്ള ഇന്ധനവും മറ്റ് റോ മെറ്റീരിയത്സും ആരുണ്ടാക്കി തന്നു?!

ഇന്നതിന്നതൊക്കെ ചേര്‍ത്താല്‍ മറ്റെന്തൊക്കെയോ ആവും എന്ന് കൊച്ചുകുട്ടികള്‍ കളിപ്പാട്ടം ഉണ്ടാക്കുമ്പോലെ നമ്മള്‍ ഉണ്ടാക്കി വിജയിച്ചു മുന്നേറുന്നു.. ദൈവം ഉണ്ടാക്കിവച്ചത് നാം മനസ്സിലാക്കുക മാത്രം ആണ് ചെയ്യുന്നത്.. എന്നാല്‍ അത് ദൈവത്തിന്റെ ബുദ്ധിയുടെ, അറിവിന്റെ ഒരു അണുവിടപോലും ആവുന്നില്ല എന്നതാണ് സത്യം!

എന്നിട്ടും ദൈവമില്ല, ദൈവമില്ല! പിന്നെ ആരാണിതൊക്കെ ഉണ്ടാക്കിയത്?!
നാമോ? അതോ നമ്മുടെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛനോ?!

നമ്മള്‍ കാട്ടുന്ന പരാക്രമങ്ങള്‍ക്കും ഒക്കെ അപ്പുറത്തായി ആ ശക്തി നില്‍ക്കുന്നു..
ഒന്നും അറിയാതെ.. എന്നാല്‍ എല്ലാം അറിഞ്ഞും.

ഇപ്പോള്‍ ചിലര്‍ പറയും പണ്ടൊരു പൊട്ടിത്തെറി/കൂട്ടയിടി ഉണ്ടായപ്പോള്‍ ഉണ്ടായതാണ് ഈ കാണുന്ന സര്‍വ്വവും. അതിലപ്പുറം ദൈവം ഒന്നും ഇല്ല എന്ന്. അതെ അങ്ങിനെ ആണെങ്കില്‍, പ്രകൃതി അങ്ങിനെ ഉരുത്തിരിഞ്ഞ് ഉരുത്തിരിഞ്ഞ് ക്രമേണ ക്രമേണ ജീവജാലങ്ങള്‍ ഉണ്ടായി. അത് പരിണാമപ്പെട്ട് പരിണാമപ്പെട്ട് ഒടുവില്‍ ഈ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ബുദ്ധിജീവികള്‍ ഉണ്ടായി. ആ മനുഷ്യന് മറ്റു ജീവജാലങ്ങളെക്കാള്‍ തിരിച്ചറിവുള്ളതുകൊണ്ട് തിരിഞ്ഞു നിന്ന് ചോദ്യം ചെയ്യുന്നു.. മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു. (ഒരുപക്ഷെ, പൊട്ടിത്തെറിയുണ്ടായി വളരെ വളരെ കോടിക്കണക്കിന് യുഗം കഴിഞ്ഞപ്പോള്‍ ദൈവം ഉണ്ടായി. നമ്മുടെ എല്ലാ മതഗ്രന്ഥങ്ങളിലും ദൈവം ഏകദേശം ഒരേ കാലയളവിലൊക്കെ ആണ് സംഭവിച്ചിട്ടുള്ളത്.. പിന്നെ കാലക്രമേണ ദൈവം പരിണാമപ്പെട്ട് മനുഷ്യരായി അധഃപ്പതിച്ച്, വീണ്ടും അധഃപ്പതിച്ച് നാമങ്ങിനെ ഒന്നമല്ലാതെ വീണ്ടും കാലയവനികയില്‍ മറയാന്‍ പോകുന്നു.)

അപ്പോള്‍ ആ പൊട്ടിത്തെറിയുണ്ടായതിനുശേഷം ഇത്രയും തിരിച്ചറിവുള്ള ജീവികള്‍ മനുഷ്യര്‍ മാത്രമാണ്! അങ്ങിനെ ആണെങ്കില്‍ ഈ ദൈവം എന്നുപറയുന്നത് മനുഷ്യന്റെ ഉള്ളിലെ  അറിവ് ഒന്നുമാത്രം അല്ലെ?..)

അപ്പോള്‍ മനുഷ്യന്‍ ദൈവം ആവുന്നു! ദൈവാംശം ആവുന്നു..
അറിവ് ദൈവം ആവുന്നു.. മനുഷ്യനും ദൈവവും ഒന്നാവുന്നു..
നമ്മുടെ ഉള്ളിലെ അറിവ്.. ചൈതന്യം.. ആത്മാവ്?!


ദൈവം എന്നാല്‍ എന്താനെന്ന് ഒന്ന് ചിന്തിച്ചു നോക്കിയതാണ്..
എങ്ങും എത്തിയില്ല..



ഇനിയുള്ളത് ട്വിറ്ററിലെ കൂട്ടുകാരുമായി  ചര്‍ച്ച ചെയ്തപ്പോള്‍ കിട്ടിയ ആശയം ആണ്
അതും കൂടി ചേര്‍ക്കാം..

നമ്മള്‍ ഇല്ലായിരുന്നെങ്കില്‍ നമുക്ക് ഈ ലോകത്തെ പറ്റി അറിയാന്‍ പറ്റില്ല. പക്ഷെ ലോകം ഇവിടെ ഉണ്ടുതാനും..!

നാം ഉറങ്ങുമ്പോള്‍ തോന്നുന്ന ഒന്നുമില്ലായ്മ/മരിക്കുമ്പോള്‍ ഉള്ള ഒന്നുമില്ലായ്മ എന്നതാണ് ആദ്യത്തെ ആ ശൂന്യത. ബിഗ്ബാങ്ങിന്റെ മുന്‍പുള്ള അവസ്ഥ..
അതുതന്നെയല്ലെ, ഈ ലോകം ഉണ്ടാവും മുന്‍പുള്ള വലിയ ശൂന്യതയും?!

ശൂന്യതയില്‍ നിന്നുണ്ടായി ശൂന്യതയില്‍ വിലയിക്കുന്നു ഈ ലോകവും സര്‍വ്വചരാചരങ്ങളും!
ദൈവം, ലോകം ഒക്കെയും ഈ ശൂന്യത ആണ്..! 

1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദൈവം ഉണ്ടോ ഇല്ലയോ

അത്താഴം കഴിച്ചു കഴിഞ്ഞായത് കൊണ്ട് പെട്ടെന്നൊരു പേടി
ഇനി അങ്ങേരെങ്ങാനും ഉണ്ണാതിരിക്കുവാണോ? :)