Wednesday, January 21, 2015

അല്പം പെണ്‍/വൃദ്ധ വിശേഷം…

ഇപ്പോഴത്തെക്കാലത്ത് വയസ്സായ മാതാപിതാക്കള്‍ പെണ്മക്കള്‍ക്ക് വീടുകൊടുക്കില്ല. പണ്ടും. ആണിനാണ് എല്ലാം.

എന്നാല്‍ ഇനിമുതലെങ്കിലും ഞാന്‍ ഒരു കാര്യം തീര്‍ത്തു പറയാം.
നിങ്ങള്‍ പെണ്മക്കളെയും പ്രസവിക്കൂ. വീട് അവള്‍ക്കായി എഴുതി വയ്ക്കൂ..

കാരണം അവര്‍ക്കാണ് നിങ്ങളുടെ സഹായം ഏറ്റവും ആവശ്യം.
പുറം ലോകം നിങ്ങള്‍ കാണുന്ന കണ്ണുകൊണ്ടല്ല അവളെ കാണുക.
അവള്‍ അവിടെ പലപ്പോഴും അവഗണിക്കപ്പെടും, അനാദരിക്കപ്പെടും, ചൂഷണം ചെയ്യപ്പെടും.

പെണ്ണ് തുണയായി, അടുത്തുതന്നെ സ്വതന്ത്രയായി ഒരു ചിത്രശലഭത്തെപ്പോലെ പറക്കട്ടെ.
അവളായിരിക്കും അവസാനത്തെ നിങ്ങളുടെ ഏക ആശ്രയവും!
പെണ്ണിന്റെ കനിവ് ഒരു ആണിന് പ്രകടിപ്പിക്കാനാവില്ല.

ആണ്മക്കളെ പറന്നു നടക്കാന്‍ വിടുക…അവര്‍ ലോകം കാണട്ടെ.. സ്വതന്ത്രരായി ജീവിക്കട്ടെ..
അപ്പോള്‍ അവര്‍ അത്യാവശ്യം വേണ്ടുന്ന സഹായങ്ങളും എത്തിക്കും.

ഈയ്യിടെയായി കുറെ വീടുകളിലെ സ്ഥിതി കണ്ട് എഴുതിയതാണ്.. അച്ഛനെയും അമ്മയെയും നോക്കാനാകാതെ വിഷമിക്കുന്ന പെണ്മക്കളുടെ ദയനീയതയും, വീട്ടിലെ സകല ഭരണവും കൈക്കലാക്കി എല്ലാവരെയും അവഗണിച്ചു നടക്കുന്ന മകനും കുടുംബവും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.

ബാക്കി സ്വത്തും മുഴുവനും ആണ്മക്കള്‍ക്ക് നല്‍കിയായും താന്‍ മരിക്കും വരെ വീട് പെണ്മക്കള്‍ക്കുകൂടി അവകാശപ്പെട്ടതായിരിക്കണം. അത് മരണശേഷം അവര്‍ ഭാഗിച്ചെടുത്തോട്ടെ, അല്ലെങ്കില്‍ നിങ്ങളുടെ അധോഗതിയായിരിക്കും പറഞ്ഞില്ലെന്ന് വേണ്ട.

പെണ്മക്കളില്ലാത്തവരും സ്വന്തമായി വീടെങ്കിലും കരുതി വയ്ക്കുക. ഒരാള്‍ക്കായി അത് എഴുതി വയ്ക്കാതിരിക്കുക. മരിക്കും വരെ നിങ്ങള്‍ പ്രസവിച്ച മക്കള്‍ക്കൊക്കെ നിങ്ങളുടെ വീട്ടില്‍ തുല്യ അധികാരം നല്‍കുക.

മരിച്ചു കഴിഞ്ഞ് ഇഷ്ടമുള്ളവര്‍ എടുത്തോട്ടെ വീട്.

11 comments:

വീകെ said...

‘മരിച്ചു കഴിഞ്ഞ് ഇഷ്ടമുള്ളവര്‍ എടുത്തോട്ടെ വീട്.’
എന്നിട്ടു വേണം മക്കൾ തമ്മിൽത്തല്ലി ചാകാൻ...!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ പൊന്ന് ആത്മേ 
ഒന്നും ആത്യന്തികമായി ശരിയല്ല / ശരിയല്ലാതെയുമല്ല

അവനവന്റെ യുക്തം പോലെ ചെയ്യട്ടെ

പെൺകൊച്ചും അഛനമ്മമാരെ പരിരക്ഷിക്കും
ആൺകൊച്ചും അതുപോലെ തന്നെ

പക്ഷെ കയ്യിലിരുപ്പിന്റെ വിശേഷം കാരണം പലയിടത്തും പല വ്യത്യാസങ്ങളും കണ്ടേക്കാം

അതൊന്നും സാമാന്യ നിയമം അല്ല എന്ന് മാത്രം :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Remove the robot verificaion if ----

Echmukutty said...

ആത്മ നന്നായി പറഞ്ഞു കേട്ടോ.

കുഞ്ഞൂസ് (Kunjuss) said...

ആത്മാ, ആണ്‍പെണ്‍ ഭേദമില്ലാതെ മക്കളെ വളർത്തിയാൽ , അവർക്കിടയിൽ അസമത്വം ഉണ്ടാവില്ല. എങ്കിലും വീട് മരണം വരെ സ്വന്തം പേരിൽ ഇരിക്കട്ടെ, കാലശേഷം എന്ന് എഴുതി വെക്കാമല്ലോ...

പക്ഷേ, എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് നമ്മൾ....!

ആത്മ said...

വീകെ:

അത് അവരുടെ വിവരം പോലെ ആയ്ക്കോട്ടെ. പക്ഷെ സമാധാനമായി മരിക്കണമെങ്കില്‍ എല്ലാ മക്കള്‍ക്കും വീട്ടില്‍ കയറിവരാന്‍ സ്വാതന്ത്രം ഉണ്ടായിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

ആത്മ said...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage:


എങ്കിലും ഒരാളെ മാത്രം ആശ്രയിക്കുന്നതിലും നന്ന് എല്ലാം (അവസാന നിമിഷങ്ങളും) തുല്യമായി വീതിക്കലല്ലെ നല്ലത് സര്‍?! :)

ആത്മ said...

Echmukutty:

വളരെ വളരെ നന്ദി യച്ചുമു!

ആത്മ said...

കുഞ്ഞൂസ് (Kunjuss):

വീട് കിട്ടിക്കഴിയും വരെയുള്ള മക്കള്‍ ആയിരിക്കില്ല കിട്ടിക്കഴിഞ്ഞാല്‍ പിന്നെ. അവരുടെ നിരാശകളും മറ്റും തീര്‍ക്കുന്നത് മറ്റ് മക്കളോടും ഒപ്പം മാതാപിതാക്കളോടും ഒക്കെ ആയിരിക്കും..

മറ്റ് മക്കളൊക്കെ നല്ല നിലയില്‍ ആണെങ്കില്‍
ഈ അവസരം ഉപയോഗിച്ച് അവരെ വിഷമിപ്പിക്കാനും, പഴിപറയാനും ഒക്കെ അവര്‍ കൂട്ടുനില്‍ക്കും..

ഞാന്‍പലയിടത്തും കണ്ടിട്ടുണ്ട് കുഞ്ഞൂസ്..

അതെ! എത്ര കണ്ടാലും ആരും പഠിക്കില്ല.
‘ഇല്ല എന്റെ മക്കള്‍ എന്നോട് അങ്ങിനെ കാട്ടില്ല, ഞാന്‍ അങ്ങിനെയാണ് വളര്‍ത്തിയത്‘ എന്നൊക്കെ കരുതി ഓരോന്ന് ചെയ്യും. പിന്നീട് ആരും ആശ്രയമില്ലാതെവരികയും ചെയ്യും!

മരണത്തിന്റെ ഭയാനകത മാത്രം കാണും കൂട്ടിന് ഒപ്പം.

Maithreyi Sriletha said...

വളരെ പ്രാധാന്യമുള്ള വിഷയം. പക്ഷേ ഇതൊന്നും ഒരു പരിഹാരമല്ല എന്നാണ് എന്നെ അനുഭവം പഠിപ്പിക്കുന്നത്. നല്ല പ്രായത്തില്‍ മക്കളെ ശരിയായി assess ചെയ്യണം. അല്ലാതെ മണിയടിയില്‍ വീഴരുത്. ഒരിക്കല്‍ സജി മാര്‍ക്കോസ് എഴുതിയിരുന്നത് ഓര്‍ക്കുന്നു. ബുദ്ധിയുള്ള സ്വന്തം parents നെ പറ്റി. അങ്ങനെയുള്ളവര്‍ക്കു സുഖമായി കഴിയാനാകും. കോട്ടയം സൈഡില്‍ ആത്മ പറഞ്ഞതുപോലെ ആണ്മക്കള്‍ക്കാണ് വീടു കോടുക്കല്‍. വീടു മാത്രമല്ല വളരെ കൂടുതല്‍ സ്വത്തും കൊടുക്കും.-അച്ഛനെയും അമ്മയെയും നോക്കാനാകാതെ വിഷമിക്കുന്ന പെണ്മക്കളുടെ ദയനീയതയും, വീട്ടിലെ സകല ഭരണവും കൈക്കലാക്കി എല്ലാവരെയും അവഗണിച്ചു നടക്കുന്ന മകനും കുടുംബവും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു-.അവിടെ ഇതു ശരിയാണ്. കണ്ടിട്ടുണ്ട് നല്ലവണ്ണം. പക്ഷേ തിരുവന...ഭാഗത്തേക്ക് മുഴുവന്‍ പെണ്മക്കള്‍ക്കാണ് കൊടുക്കുക. അവിടെ പെണ്മക്കള്‍ നോക്കാത്ത parents എത്രയോ ഉണ്ട്. അറിയാം. ഇപ്പോഴത്തെ 70-80 നു മുകളിലുള്ളവര്‍ക്ക് geriatric home അചിന്ത്യമാണ്. പക്ഷേ എന്റെ മകളെ കഷ്ടപ്പെടുത്താതെ, അവളുടെ കാലിലെ ചങ്ങലയാവാതെ അങ്ങനെ ഒരിടത്തു താമസിക്കാന്‍ സാധിക്കണം എന്നാണ് ആഗ്രഹം. ലാഭമോഹമില്ലാത്ത സ്വന്തംവീടു പോലെ കഴിയാവുന്ന അത്തരം ഒരു ഹോം ഉണ്ടാക്കണമെന്ന് സ്വപ്‌നവുമുണ്ട്. അച്ഛനം അമ്മയും നോക്കേണ്ടത് ഇളയ മകന്‍ എന്ന് കൂടുതല്‍ സ്ഥലവും വീടും ഇളയ മകനു കൊടുത്തു ഒരു കൂട്ടര്‍. മറ്റുള്ളവര്‍ സമ്മതിക്കയും ചെയ്തു. പക്ഷേ പിന്നീട് അവരാരും parents നു വേണ്ടി ഒന്നും ചെയ്തില്ല. അവനല്ലേ കൂടുതല്‍, അവന്‍ ചെയ്യട്ടെ എന്ന മട്ട്. ഒടുവില്‍ അച്ഛന്‍ രോഗബാധിതനായി വര്‍ഷങ്ങള്‍ നീണ്ടു, കഷ്ടപ്പെട്ടതു മുഴുവന്‍ ആ പാവം മാത്രം. വളരെ കാര്യമായി എഴുതണം എന്ന് ഞാനും കരുതിയിരുന്ന വിഷയമാണ്.

ആത്മ said...

Maithreyi Sriletha :

അയ്യോ! ഇപ്പോള്‍ എഴുതാന്‍ വന്നപ്പോഴാണ് കമന്റ് കണ്ടത്!
അന്ന്‌ പ്ലസ്സില്‍ വന്ന് അഭിപ്രായം പറയാമെന്നൊക്കെ പറഞ്ഞ് പോയിട്ട് കണ്ടില്ലല്ലൊ എന്നൊക്കെ വിചാരിച്ചു കുറച്ചു ദിവസം നടന്നു.. പിന്നെ കരുതി മറന്നുപോയിട്ടുണ്ടാവും എന്ന്..:)

കമന്റില്‍ അവസാനം എഴുതിയ ആ ഇളയ മകന്റെ അവസ്ഥയാണ് ഇപ്പോള്‍ മാതാപിതാക്കളെ നോക്കുന്നവരുടെ അവസ്ഥ പലയിടത്തും.. :(

അവസാനകാലത്തെ ഒരു ഭയത്തോടെ നോക്കാനേ പറ്റുന്നുള്ളൂ ഇപ്പോള്‍.. ഒരു അജ്ഞാത ഭീതി.