Wednesday, December 17, 2014

ഈ യുഗത്തിലും സാവിത്രികള്‍ ജീവിച്ചിരിപ്പുണ്ട്.. പലയിടത്തും..


ഇന്ന് ഹോസ്പിറ്റലില്‍ ഭര്‍ത്താവിനോടൊപ്പം പാര്‍ട്ടി ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഭര്‍ത്താവ് ഇന്റന്‍സിവ് കെയര്‍ യൂണിറ്റില്‍ കിടക്കുന്നത് അറിഞ്ഞ്, കാണാന്‍ ചെന്നു...

അവര്‍ ഞങ്ങളെ കണ്ട സന്തോഷത്തില്‍, ഞങ്ങളെ ഭര്‍ത്താവിന്റെ അടുത്തേക്ക് കൊണ്ടുപോയി, അദ്ദേഹത്തെ കൊണ്ട് ഷേക്ക് ഹാന്‍ഡ് ചെയ്യിച്ചു. അദ്ദേഹം ഷേക്ക് ഹാന്റ് ചെയ്തപ്പോള്‍ അവര്‍ക്ക് അതിയായ സന്തോഷം..!
കൊച്ചുകുട്ടികളോട് പറയുമ്പോലെ 'ങ്ഹാ! തിരിച്ചറിയാനായിരിക്കുന്നു!
"നിങ്ങള്‍ ഷേക്ക് ഹാന്‍ഡ് നല്‍കാനായി..!!" എന്ന് അദ്ദേഹത്തോടും ഞങ്ങളൊടും മാറി മാറി പറഞ്ഞു..!

ഒടുവില്‍ ആ റൂമില്‍ നിന്ന് വെളിയില്‍ ഇറങ്ങിയശേഷം ആ സ്ത്രീ ഒരു കഥപറഞ്ഞുതന്നു..

അവര്‍ പയറ്റി തിരികെ വാങ്ങിയ ഒരു ജീവന്റെ കഥ!

‘സത്യവാന്‍-സാവിത്രി’ എന്നൊക്കെ പുരാണങ്ങളില്‍ വായിച്ചിട്ടുണ്ട്.. ഈ യുഗത്തിലും അത്തരം സാവിത്രികള്‍ ജീവിച്ചിരിപ്പുണ്ട്.. പലയിടത്തും..

ഭര്‍ത്താവിനെ കൊച്ചുകുഞ്ഞുങ്ങളെ എന്നപോലെ ശുശ്രൂഷിച്ച് അടുത്തിരിക്കുന്ന മോഡേണ്‍ ഭാര്യമാര്‍;  വീല്‍ ചെയറില്‍ ഇരുത്തി തള്ളിക്കൊണ്ട് പാര്‍ട്ടികളിലും ആഘോഷങ്ങളിലും ധൈര്യത്തോടെ വരുന്ന സാവിത്രിമാര്‍; മാസങ്ങളോളം ഇരുചെവിയറിയാതെ ഭര്‍ത്താവിന്റെ വേദന സ്വന്തം വേദനയായി വഹിച്ച് ഉറക്കമൊഴിച്ച്, ഒടുവില്‍ എവിടെ പോകും എന്ന് ചോദിച്ചപ്പോള്‍ ‘അമ്മയുടെ വയറ്റില്‍..’ എന്ന് പറഞ്ഞ് ധൈര്യം കൊടുത്തയക്കുന്ന സാവിത്രിമാര്‍..; ഭാഷയറിയാതെയെങ്കിലും ഹോസ്പിറ്റലില്‍ ഡോക്ടേര്‍സിനോടും നര്‍സിനോടും ഭര്‍ത്താവിന്റെ സുഖത്തിനായി കേഴുന്നവര്‍..

ഇന്നത്തെ സാവിത്രിയും അത്തരം ഒരു സാവിത്രി ആയിരുന്നു..

അവര്‍  ഒരു ദിവസം ചുമ്മാ ഒരു ചെക്കപ്പിനു ചെന്നതായിരുന്നു. എന്തോ ഒരല്പം കോമ്പ്ലിക്കേഷന്‍ ഉണ്ടെന്ന് പറഞ്ഞ് ഹോസ്പിറ്റലില്‍ അഡിറ്റ് ചെയ്തു.. പിന്നീട് ന്യൂറോളജിസ്റ്റ് എഴുതിയത് നര്‍സ് അനുസരിക്കാന്‍ വൈകിയതിന്റെ പേരില്‍ കഫം തൊണ്ടയില്‍ കെട്ടി ശ്വാസതടസ്സവും അതുപിന്നെ ഹാര്‍ട്ട് അറ്റാക്കിലും കൊണ്ടെത്തിച്ചു.. ബ്രയിന്‍ ഡഡ് ആയി എന്നു പ്രഖ്യാപിച്ച് ഇന്റര്‍ന്‍സീവ് കെയറില്‍ മൂന്നാഴ്ച്ച..

അവര്‍ രാപകല്‍ ഡോക്ടേര്‍സിനോടും നര്‍സിനോടും ഇനിയൊരു വീഴ്ച്ച പറ്റാതിരിക്കാനായി ഓര്‍മ്മിപ്പിച്ചുകൊണ്ട് കൂടെ..

അതിനിടയില്‍ ഡോക്ടേര്‍സ് ‘മൂക്കില്‍ നിന്ന് ഓക്ഷിജന്‍ മാറ്റട്ടെ , അദ്ദേഹത്തെ സമാധാനമായി പോകാന്‍ അനുവദിക്കൂ’ എന്ന് ആവശ്യപ്പെട്ടു.
അവര്‍ അത് പറയുമ്പോള്‍ വിതുമ്പുന്നു..
ഒരു ജീവന്‍ രക്ഷിച്ചതിന്റ് ത്രില്‍!
'അവര്‍ക്ക് എങ്ങിനെ തോന്നി എന്നോട് അങ്ങിനെ ചോദിക്കാന്‍?! ഒരസുഖവുമില്ലാതെ വന്ന ആള്‍. അവരുടെ അശ്രദ്ധ കാരണം തൊണ്ടയില്‍ കഫം കെട്ടി, അതുപിന്നെ ഹാര്‍ട്ട് അട്ടാക്കായി. ഹാര്‍ട്ടിന് ഒരു കുഴപ്പവും ഇല്ല. എന്നിട്ടും അവര്‍ എന്നോട് ചോദിക്കുന്നു...'
അവര്‍ തുടര്‍ന്നു..
‘ഞാന്‍ തീര്‍ത്തു പറഞ്ഞു, ഇല്ല എന്റെ ഭര്‍ത്താവ് തിരിച്ചു വരും. നിങ്ങള്‍ക്ക് പറ്റിയ ഒരു കൈപ്പിഴയാണ് ഇത്..'

ഇന്ന് ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ ആഹ്ലാദഭരിതയായി നില്‍ക്കുന്ന സാവിത്രിയെ ആയിരുന്നു ഞങ്ങള്‍ കണ്ടത്..!

ഡോക്ടേര്‍സും നര്‍സുമാരും കാലന്‍ തന്നെയും ഈ പുതു യുഗത്തിലെ സാവിത്രിക്കുമുന്നില്‍ അമ്പേ തോറ്റുപോയിരിക്കുന്നു!!!

 

3 comments:

ajith said...

ഇത് വായിച്ചപ്പോള്‍ സിംഗപ്പൂരിലെ ജഗന്നാഥന്‍ താത്തയെയും ഭാര്യയെയും ഓര്‍മ്മ വന്നു. വീല്‍ ചെയറിലായിപ്പോയ ഭാര്യയെ അദ്ദേഹം ശുശ്രൂഷിക്കുന്ന വിധങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. തേബാന്‍ ഗാര്‍ഡന്‍സിലായിരുന്നു അവര്‍. (25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണേ )

ആത്മ said...

എനിക്ക് അന്നത്തെ ആള്‍ക്കാരെ അറിയില്ല.. വലിയച്ഛനും മറ്റും
അറിയാമായിരിക്കും...

Basheer Vellarakad said...

അങ്ങിനെ എത്രയോ ത്യാഗപൂർണ്ണമായ സ്നേഹ ജീവിതങ്ങൾ.. ഭൂമിയിൽ സ്നേഹവും കരുണയും അവശേഷിക്കുന്നതിന്റെ തെളിവുകളായി...!