Sunday, December 28, 2014

ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ആ നിമിഷങ്ങള്‍..

രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ കണ്ണും മൂക്കും ഒക്കെ ബ്ലോക്ക് ആണ്..
പെട്ടെന്ന് ഒരു ജലദോഷം.

ഇന്നലത്തെ ദുരന്തം എന്നെ വല്ലാതെ പിടിച്ചുലച്ചിരിക്കുന്നു.!
ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് വന്നിരുന്ന വിമാനത്തിന്റെ ദുരന്തം
രാവിലെ വെറും രണ്ടുമണിക്കൂറ് കൊണ്ട് എത്താവുന്ന ദൂരം.

രാവിലെ സിംഗപ്പൂരിലെത്തി ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നവര്‍ ആയിരുന്നു പലരും. ഒരു വിദ്യാര്‍ത്ഥിയും കുടുംബവും അങ്ങിനെ നിരവധി മനുഷ്യര്‍. അതിനിടയില്‍ തീരെ പ്രതീക്ഷിച്ചിരിക്കാതെയുള്ള ഒരു വിപത്ത്..!

ഭൂമിയില്‍ വച്ചുണ്ടാകുന്ന ആപത്തുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്.. എന്താണ് സംഭവികുന്നതെന്ന് മറ്റുള്ളവര്‍ കാണാവുന്നിടത്താണ്.. നമുക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ട്.. കാര്‍ ആക്സിഡന്റായും റോഡ് ആക്സിഡന്റായും റോഡില്‍ കിടന്നാലും വെറുതെ നോക്കിനില്‍ക്കുന്ന ആള്‍ക്കാരുടെ ഇടയിലെങ്കിലും കിടന്ന് മരിക്കാം. ഒരുതുള്ളി വെള്ളമോ രക്ഷപ്പെടുത്തുമെന്ന മോഹമോ ഒക്കെ പ്രതീക്ഷിക്കാം..

പക്ഷെ, ആകാശത്തിലും വെള്ളത്തത്തിലും ഒക്കെ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ വല്ലാതെ നിസ്സഹായരായിപ്പോവും.. ആ അവസാന വെപ്രാളം ആണ് എന്നെ തളര്‍ത്തുന്നത്.. വഴിതെറ്റിപ്പോയ വിമാനത്തില്‍ പരിഭ്രാന്തരായി ഇരിക്കേണ്ടി വരുന്ന അവസ്ഥ. എഞ്ജിന്‍ നിലച്ചുപോയി എന്നറിഞ്ഞ് ചാഞ്ഞും ചരിഞ്ഞും പറന്ന് വീഴുന്ന വിമാനത്തില്‍ ഇരിക്കുന്ന അവസാന നിമിഷങ്ങള്‍; കത്തിക്കൊണ്ടിരിക്കുന്ന കപ്പലില്‍ മണിക്കൂറുകളോളം രക്ഷപ്പെടാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ കഴിയേണ്ടി വരുന്ന ഭയാനകമായ നിമിഷങ്ങള്‍.. ഈ ഭയം ദിവസങ്ങളോളം സ്തബ്ദയാക്കിയത്  മലേഷ്യന്‍ വിമാനം MH 370 മറഞ്ഞപ്പോള്‍ ആണ്..! നിസ്സഹായതയുടെയും ഭയാനകതയുടെയും നിമിഷങ്ങള്‍..


ഒരു നൊടിയിടയില്‍ ജീവന്‍, ഓര്‍മ്മ മറയുന്ന മരണങ്ങള്‍ ഒരുകണക്കിന് ഭാഗ്യമാണ്..

ഈ യുഗത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നത്.. ഈശ്വരാ എനിക്ക് ഒരു സ്വാഭാവിക മരണം തരണേ എന്നായിരിക്കുമോ?! ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് കാത്ത് നില്‍ക്കേണ്ട ദൈര്‍ഘ്യം കുറക്കണേ എന്ന പ്രാര്‍ത്ഥന!

ഒപ്പം ഇത്രയൊക്കെ അസ്ഥിരത നിറഞ്ഞ ലോകത്തില്‍ ജീവിക്കുമ്പോഴും മനുഷ്യര്‍ തമ്മിലുള്ള മദമാത്സര്യങ്ങള്‍ക്ക് ഒരു കുറവും ഇല്ലല്ലൊ എന്നതാണ്.. ഏതു നിമിഷവും ഇല്ലാതാകാവുന്ന താല്‍ക്കാലികമായ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ മറ്റു ജീവികളെക്കാള്‍ വ്യത്യസ്തരായി ദൈവം സൃഷ്ടിച്ചിരിച്ചിക്കുന്ന നാം മനുഷ്യര്‍ക്ക് തമ്മില്‍ ഒരു സാഹോദര്യം ഉണ്ട്.. എല്ലാം ഒരാള്‍ തന്നെ അനുഭവിക്കുന്നതിലും ഭേദം ഇല്ലാത്തവന് ഷെയര്‍ ചെയ്യാനും.. എല്ലാ സുഖസുകര്യങ്നളും തുല്യമായി പങ്കിടാനും, ഒക്കെയുള്ള ഒരു മനുഷ്യത്വം. അതില്ലാതെ പോകുന്നു..

നമ്മുടെ അത്ര തലച്ചോര്‍ ഇല്ലാത്ത മൃഗങ്ങള്‍ പോലും നമ്മെക്കാള്‍ വ്യത്യസ്തരാണ് പലകാര്യങ്ങളിലും…

മനുഷ്യരാല്‍ തന്നെ ഭീക്ഷണി നേരിട്ടുജീവിക്കുന്ന മറ്റു മനുഷ്യര്‍.. അതിനിടയില്‍ പ്രകൃതിയും താണ്ഡവമാടുന്നു. അതിനിടയിലും സ്നേഹത്തോടെയും പരസ്പരധാരണയോടെയും ജീവിക്കാനാവുന്ന മനുഷ്യര്‍ വളരെ ഭാഗ്യവാന്മാരാണ്..അതൊന്നുമാത്രമാണ് മനുഷ്യനെ മനുഷ്യന്‍ ആക്കുന്നത്..

2 comments:

ajith said...

തലേലെഴുത്ത്!! എങ്ങനെ മരിക്കണമെന്നതും ആ എഴുത്തില്‍ പെടുമായിരിക്കും

ആത്മ said...

അതെ.. എല്ലാം തലേലെഴുത്ത്...