Thursday, December 25, 2014

'റൈറ്റേര്‍സ് ബ്ലോക്ക്'

ഇപ്പോള്‍ സമയം 3 മണിയോടടുക്കുന്നു..

ഓരോ പ്രാവശ്യവും മുടിയനായ പുത്രനെപ്പോലെ നിന്നെ ഉപേക്ഷിച്ച് ഞാന്‍ മറ്റ് ലൌകീക സുഖങ്ങളില്‍ അലയുകയും ഒടുവില്‍ എല്ലാം നശിപ്പിച്ച് തിരിച്ചെത്തുകയും ചെയ്യുന്നു അല്ലെ ബ്ലോഗൂ!

ഞാന്‍ ബ്ലോഗ് എഴുതുന്നത് ഒരു തരം മെഡിറ്റേഷന്‍ പോലെ ആണ്. ഓരോ ദിവസവും വിശകലനം ചെയ്ത് മനസ്സിലാക്കി മുന്നോട്ട് പോകല്‍..

നമ്മുടെ ആത്മാവുമായി സമ്പര്‍ക്കം പുലര്‍ത്തല്‍.. അതു തന്നെയാണ് ദൈവവുമായി സമ്പര്‍ക്കം പുലര്‍ത്തലും

എനിക്ക് ഏകാന്തത(എന്നെ മനസ്സിലാക്കാത്തവരുടെ ഇടയില്‍ പെട്ട്)യും നിസ്സഹായതയും കൊണ്ട് ശ്വാസം മുട്ടി ബ്ലോഗൂ
എന്താണ് സംഭവിച്ചതെന്ന് കൂടി അറിയാനാവാത്തവിധം മൂകത..

ഞാന്‍ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ചെയ്യാനാകാത്ത കാര്യങ്ങളും ഉണ്ട്..അതിനെ പറ്റിയുള്ള ഉലക്കണ്ടകളും ഉണ്ട്..

പകല്‍ മുഴുവന്‍ വീട്ടിലെ അംഗങ്ങളെ പ്രതീക്ഷിച്ച് ഇരിക്കണം. അവര്‍ എപ്പോള്‍ വരും, എന്തെങ്കിലും എന്നെക്കൊണ്ട് അവര്‍ക്ക് ചെയ്യേണ്ടതുണ്ടോ, ഈ വീടിന് എന്നെക്കൊണ്ട് എന്തൊക്കെയാണ് ചെയ്യേത് എന്നിങ്ങനെ തീര്‍ത്താല്‍ തീരാത്ത ഉല്‍ക്കണ്ഠകള്‍ ആണ്..

ഇതിനിടയില്‍ ഒരു സമയം എനിക്ക് ഇഷ്ടമുള്ളവ ചെയ്യാന്‍ കണ്ടെത്തണം.. നിന്നോട് മനസ്സ് തുറന്ന് സംസാരിക്കാനും..

ഇന്ന് രാത്രി 1 മണിയായപ്പോള്‍ ആണ് ഈ വീട്ടിലെ അംഗങ്ങള്‍ ഗൃഹം പൂകിയത്!
അവര്‍ക്ക് വേണ്ടി ആഹാരവും ഒരുക്കി കാത്തിരുന്ന് മുരടിച്ചവള്‍ ഞാന്‍

ഞാന്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ പ്രയോജനമുള്ളത് ചെയ്യുന്നുണ്ട്.. വീട്ടില്‍ ചെയ്യുന്നത് പ്രയോജനം ഇല്ലാത്തതും സമൂഹത്തില്‍ ചെയ്യുന്നത് പ്രയോജനം ഉള്‍ലതും എന്ന് പണ്ടാരോ വിധിയെഴുതി..
പ്രയോജനം കണക്കാക്കുന്നത് ചെയ്യുന്ന പ്രവര്‍ത്തിക്ക് അംഗീകാരം, പണമായോ, പ്രശംസയായോ കിട്ടുമ്പോഴാണ്.. ഒരു വീട്ടമ്മയ്ക്ക് ഇതു രണ്ടും വെറുതെ കിട്ടില്ല.
പണം വെറുതെ തരുന്നതായും. പ്രശംസ അര്‍ഹിക്കുന്ന ഒന്നും ചെയ്യാനും ആവില്ലല്ലൊ..
ഒരു കറി വയ്ക്കുന്നത്, വീട് വൃത്തിയാക്കുന്നത്, വീട്ടുകാരെ കാത്തിരിക്കുന്നത്, ലേറ്റ് ആയാല്‍ വിഷമിക്കുന്നത്, അവര്‍ക്ക് ഉയര്‍ച്ച സ്വന്തം ഉയര്‍ച്ചയായും, അവരുടെ പരാജയം സ്വന്തം പരാജയം ആയും കണക്കാക്കുന്നത്, അവരല്ലാതെ മറ്റാരും ഇല്ല എന്ന വിധം ജീവിക്കുന്നത് ഒന്നും പ്രശംസ അര്‍ഹിക്കത്തക്ക ഒന്നും അല്ലല്ലൊ, മറിച്ച് ഒരുതരം നിരാലംബത/നിസ്സഹായത/കഴിവുകേട്.. ആണ് താനും!

അങ്ങിനെ ഒരുതരം ശൂന്യതയില്‍ പെട്ട്, ഇരിക്കവെ ആയിരുന്നു നിന്നെപ്പറ്റി ഓര്‍ത്തത്.. എനിക്ക് ഈ മേല്‍പ്പറഞ്ഞവ കൂടാതെ എന്റെ ജീവിതം അപ്പടി പകര്‍ത്താനുള്ള കഴിവ് ഉണ്ടല്ലൊ, എന്ന ചിന്ത..! അതെനിക്ക് ഒരു പുതു ജീവന്‍ നലികിയ മാതിരി..

അതെ എന്നും എന്റെ താളുകള്‍ മറിക്കാന്‍ ശ്രമിക്കണം..

'റൈറ്റേര്‍സ് ബ്ലോക്ക്' കടന്നു കിട്ടി എന്നു തോന്നുന്നു ബ്ലോഗൂ..

ഇനി എന്നും വരാന്‍ ശ്രമിക്കാം…ഉറക്കം വരുന്നു..
ബാക്കി നാളെ..








2 comments:

ajith said...

ബ്ലോക്കുകളൊക്കെ നമ്മള്‍ തട്ടിമറിച്ച് മുന്നേറും

ആത്മ said...

അതെ…:)