Sunday, September 28, 2014

പാത്തുമ്മാന്റെ ആടും, പിന്നെ കാക്കേം പൂച്ചേം കോയീം..

ഭര്‍ത്താവ് പിണങ്ങരുത്.. മക്കള്‍ സംതൃപ്തര്‍ ആയിരിക്കണം; ഒരു കറി എങ്കിലും വയ്ക്കാനാവണം..വെളിയിലെ സമൂഹത്തില്‍ തീര്‍ത്തും ഒറ്റപ്പെടാതെ നിന്നുപറ്റാനാകണം.. ഇത്രയുമൊക്കെയായാല്‍ എന്റെ ലോകം സന്തുഷ്ടമാവും.
പിന്നെ എനിക്ക് എന്റെ സ്വപ്നങ്ങളുടെ പിറകേ പോകാം..

ഇന്ന് ഭര്‍ത്താവ് പിണങ്ങിയില്ല, മക്കള്‍ക്ക് വലിയ ദുഃഖങ്ങള്‍ ഇല്ല,  ഒരു കറി വച്ചു,
സമൂഹത്തിലെ ഒന്നു രണ്ട് പേര്‍ മെസ്സേജ് അയച്ചും ഫോണ്‍ വിളിച്ചും ബന്ധപ്പെട്ടു.
ധാരാളം..!!

ആ സ്വാതന്ത്രത്തില്‍ ഇരുന്ന്‌ ഞാന്‍ ബഷീറിന്റെ പാത്തുമ്മാന്റെ ആടിനെപറ്റി എഴുതാം..


ഈ കഥയും മുന്‍പെന്നോ വായിച്ചിട്ടുണ്ട്..

ആ‍ദ്യം അദ്ദേഹം പ്രകൃതിയെയും അവിടുത്തെ അംഗങ്ങളെന്നപോലെ കഴിയുന്ന പൂച്ചയെയും കോഴിയേയും കാക്കകളെയും ഒക്കെ വര്‍ണ്ണിച്ച് ഒടുവില്‍ പതിയെ അത് മനുഷ്യനില്‍ ചെന്നെത്തുന്നു..അവിടെയും ഇതൊക്കെ തന്നെയാണ് ജീവിതം.. അതിനിടയില്‍ കാശ് എന്ന ഒരു പവ്വര്‍ കൂടി ഉണ്ടെന്നേ ഉള്ളൂ വ്യത്യാസം..

'പാത്തുമ്മയുടെ ആട് കാക്കയെയും വഹിച്ചുകൊണ്ട് മുന്നില്‍ വന്നു..
കാക്ക ചെരിഞ്ഞു നോക്കി.. ഇതിനു മുന്‍പ് കണ്ട് പരിചയം ഇല്ലല്ലൊ, എന്ന മട്ടില്‍.
ഇതിനെന്തിവിടെ അവകാശം എന്ന മട്ടില്‍ കോഴികള്‍ നോക്കി, കാക്ക അതൊന്നും വകവയ്ക്കാതെ ഞാനാണിവിടത്തെ അവകാശി എന്ന് മട്ടില്‍ കൊത്തി പെറുക്കി തുടങ്ങി.'

പാത്തുമ്മ ഒരു ആടിനേയും കൊണ്ട് നടക്കുന്നു. തന്റെ ആടു പെറ്റിട്ടുവേണം എല്ലാരോടും കണക്കുചോദിക്കാന്‍ എന്ന മട്ടില്‍…

'പാത്തുമ്മയുടെ ആടു പെറുമ്പോള്‍ ഇവള്‍ എന്താണ് ലോകത്തോട് കാണിക്കാന്‍ പോകുന്നത്?!' അദ്ദേഹം ഫലിതരൂപേണ ചോദിച്ചു നിര്‍ത്തുന്നു..
വായനക്കാരോടും അദ്ദേഹത്തോടുതന്നെയും ലോകത്തോടും..

കാക്കയേയും പൂച്ചയേയും കോഴിയേയും അതിനിടയിലെ നിഷ്കളങ്കയായ ആട്ടിന്‍ കുട്ടിയുടേയും പ്രതിരൂപങ്ങള്‍ മനുഷ്യരിലും അദ്ദേഹം കാണ്ടെത്തുന്നു.. എല്ലാരും നിസ്സാരര്‍ ആണെന്ന് എടുത്തുകാട്ടുന്ന ഒരു കഥ.. ബഷീറിന് താനുള്‍പ്പടെ ഉള്ള മനുഷ്യരും കാക്കയും കോഴിയും പോലെ നിസ്സാര കാര്യങ്ങള്‍ക്ക് വമ്പുപറയുകയും അധികാരം കാട്ടാനും നിയന്ത്രിക്കാനും ഒക്കെ ശ്രമിക്കുന്ന ജീവികള്‍ ആയി തന്നെ തോന്നുന്നു...

അദ്ദേഹം സൂക്ഷമായി ഓരോ ദിവസത്തെയും സംഭവവികാസങ്ങള്‍ വിവരിക്കയാണ്. അവിടെ ഒളിയും മറയും ഒന്നും ഇല്ല. ദാരിദ്രവും സുഭിഷതയും ഒക്കെ അദ്ദേഹം ഒരുപോലെ കൊട്ടിഘോഷിക്കുന്നുണ്ട്!

കാശ് അല്ല മനുഷ്യനെ അളക്കാന്‍ ഉപയോഗിക്കേണ്ടത്, അതിനപ്പുറം എന്തോ ഒരു മൂല്യം ഓരോ മനുഷ്യരിലും ഉണ്ട് എന്നതും എടുത്തുകാട്ടുന്നതായി തോന്നി.
ബഷീര്‍ പെട്ടിനിറയെ പൊരുള്‍കളും കാശും ഒക്കെയായി ആണ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്നത്.  ഓരോരുത്തരായി ചോദിച്ച് ചോദിച്ച് ഒടുവില്‍ കയ്യില്‍ ഇരിക്കുന്ന കാശ് തന്നെ ചങ്ങലെയായി തോന്നുമ്പോള്‍ എല്ലാം കൂടി ഉമ്മായുടെ കയ്യില്‍ കൊടുക്കുന്നു. “ഇനി എനിക്ക് ഓടിപ്പോകാ‍നും കൂടി കാശില്ല , സമാധാനിക്കൂ ..” ‘എനിക്ക് എന്നെ വിട്ടുതരിക..’ എന്നുകൂടി അതില്‍ ധ്വനിപ്പിക്കുന്നുണ്ട്.

കാശാണ് എല്ലാ ബന്ധനങ്ങള്‍ക്കും കാരണം.. ആ ബന്ധനങ്ങള്‍ ബഷീര്‍ ആസ്വദിക്കുന്നുമുണ്ട്. ഓരോരുത്തരായി ബഷീറിനോട് കാശ് ചോദിക്കാന്‍ വരുമ്പോള്‍ അവരുടെ സ്വഭാവങ്ങളും സ്നേഹവും നിഷ്കളങ്കതയും ഒക്കെ ബഷീര്‍ ആസ്വദിച്ച്,  എടുത്തുകാട്ടുന്നുണ്ട്..

സഹോദരീസഹോദര്‍ന്മാര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍.. കശപിശകള്‍,
പണ്ടത്തെ കൂട്ടുകുടുംബത്തിലെ സാധാരണമെന്നുകരുതി അവഗണിച്ചുകടന്നുപോയ ചില പ്രത്യേക വര്‍ണ്ണചിത്രങ്ങള്‍..

പാത്തുമ്മായുടെ ആടിനെ കട്ട് കറന്ന് ആ പാലുകൊണ്ട് ചായയിട്ട് കുടിക്കുമ്പോള്‍ കുടുംബം മൊത്തം സന്തോഷിക്കുന്നുണ്ട്.. പാത്തുമ്മായുടെ അല്പത്തം കുടുമ്പക്കാര്‍ തന്നെ പൊളിച്ച് കളയുന്നതാണ് കാണുന്നത്.

അതുപോലെ ഓരോരുത്തരുടെയും ബലഹീനത മറ്റുള്ളവര്‍ അംഗീകരിക്കുന്നുണ്ട്. അതിനിടയിലൂടെ അവരില്‍ സ്നേഹവും ഉണ്ട്..

ഇതെല്ലാം കണ്ടുവളരുന്ന ലൈല അതിന്റ്റെ പ്രതിച്ഛായ?യാണ്.. എന്തെങ്കിലും ദേഷ്യം വരുമ്പോള്‍ ‘ഉപ്പുപ്പാനെ ഞാന്‍ -തന്റെ പുതിയ വീടു കെട്ടിത്തീരുമ്പോള്‍ അവിടെ- കൊണ്ടുപോവില്ല’ എന്നതാണ് അവളുടെ ഏറ്റവും വലിയ ആയുധം.

കാശെല്ല്ലാം പോകുമ്പോഴും അതിനിടയിലൂടെ കിട്ടുന്ന സ്നേഹം ബഷീറും പാത്തുമ്മായും മറ്റു കുടുംബാംഗങ്ങളും നുണയുന്നുണ്ട്..

കാശിനെക്കാളൊക്കെ വലുതാണ് രക്തബന്ധം എന്ന് അടിവരയിട്ട് എടുത്തുകാട്ടുന്ന ഒരു കഥ..അതിലേറെ അന്നത്തെ ഗ്രാമത്തിലെ ജീവിതം അതേപടി ഒരു ചിത്രത്തിലെന്നപോലെ പകര്‍ത്തിയിരിക്കുന്നു..

സാഹിത്യലോകത്ത്  എന്നും ഒരു പൈതൃക സമ്പത്തായി ബഷീറിന്റെ കഥകള്‍ നിലനില്‍ക്കും..

4 comments:

ajith said...

ബഷീര്‍വായനയും ബ്ലോഗെഴുത്തുമാണിപ്പോഴത്തെ പ്രധാനതൊഴില്‍ എന്ന് മനസ്സിലായി കേട്ടോ. നടക്കട്ടെ!!!!!!!!!!

ഫൈസല്‍ ബാബു said...

കാലം എത്ര കഴിഞ്ഞാലും മറക്കാന്‍ കഴിയാത്ത ഹിറ്റ്‌ കഥകളില്‍ ഒന്നാണ് പാത്തുമ്മയുടെ ആട് ,, നന്ദി ഒരിക്കല്‍ കൂടി എല്ലാം ഓര്‍മ്മിപ്പിച്ചതിന് :)

ആത്മ/മുന്ന said...

ajith:

അതെ അതെ..ഈയ്യിടെയായി അങ്ങിനെ ആണ്..

ആത്മ/മുന്ന said...

ഫൈസല്‍ ബാബു:
നന്ദി, ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും..