Monday, September 1, 2014

ഈ നിമിഷം...


ഈ നിമിഷത്തെ ഒന്ന് പിടിച്ചു നിര്‍ത്താന്‍ ആയെങ്കില്‍.. അല്ലെങ്കില്‍ ദീര്‍ഘിപ്പിക്കാനായെങ്കില്‍!

ജോലിയൊന്നും ഇല്ലാതെ അടുക്കളയില്‍ ഇരുന്ന് റെസ്റ്റ് എടുക്കുകയായിരുന്നു. രാവിലത്തെ ഒരു കപ്പ് ചായയും രണ്ട് ബിസ്കറ്റുമായി..

ലോകം മുഴുവന്‍ സന്തോഷിക്കയും സമാധാനിക്കയും , അല്ലെങ്കില്‍ അവരവരുടെ കര്‍മ്മങ്ങളില്‍ ഉത്സാഹത്തോടെ മുഴുകുകയും ആയിരിക്കും എന്നു കരുതി, താന്‍ ചെയ്യാനുള്ള കൊച്ചു കൊച്ചു കര്‍മ്മങ്ങള്‍ വീഴ്ച വരുത്താതെ ചെയ്തുകഴിഞ്ഞു എന്ന സംതൃപ്തിയോടെ, സ്വയനിന്ദയില്ലാതെ, കുറ്റബോധമില്ലാതെ, പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്ന്, ഏകാന്തതയോട് രമിക്കുന്ന ഒരു പാവം വീട്ടമ്മയുടെ സ്വര്‍ഗ്ഗീയ സുഖം ഈ നിമിഷങ്ങള്‍ ആണ്..

അപൂര്‍വ്വമായി എത്തുന്നതാണെന്നതുകൊണ്ടും അത് ഏറെ പ്രിയപ്പെട്ടതാണ്.. വീട്ടിലെ അംഗങ്ങള്‍ക്കൊന്നും തന്റെ മേല്‍ പരാതിയില്ലെന്നും, അല്ലെങ്കില്‍ അവര്‍ക്ക് വെളിയിലും വലിയ പരാതികള്‍/വൈഷമ്യങ്ങള്‍ ഇല്ലെന്നും അറിഞ്ഞ് സ്വച്ഛമായി  ഒന്ന് ദീര്‍ഘശ്വാസം വിട്ട് ഇരിക്കാന്‍..

ഇന്നലെ ഈ സമയം ഈ വീട്ടില്‍ ഒരു പാര്‍ട്ട് ടൈം മെയിഡ് വന്ന് ഓടിച്ചാടി ജോലി ചെയ്യുകയായിരുന്നു.. ജോലിചെയ്യുന്നതൊക്കെ ഇഷ്ടം തന്നെ. പക്ഷെ, ഞാന്‍ അവള്‍ പോകുന്നതുവരെ അടങ്ങിയിരിക്കണം..!
വെളിയില്‍ പോകാന്‍ പറ്റില്ല, ആകപ്പാടെ ഒരു പ്രൈവസി കുറവ്.. അവള്‍ പോയതിനു ശേഷം ബാക്കി ജോലികള്‍ ഒക്കെ കിടക്കുന്നും ഉണ്ട്. അവളോടൊപ്പം ജോലിചെയ്യാം എന്നു കരുതിയാല്‍ എന്റെ റെസ്റ്റിംഗ് ടൈം ആണ് ഇത്. അപ്പോള്‍ ലേസി ഞാനും ഊര്‍ജ്ജസ്വല അവളും. അല്ലെങ്കില്‍ രോഗി ഞാനും ആരോഗ്യവതി അവളും.. ശ്ശെ.. അതുവേണ്ട.. എന്തെങ്കിലും ഒക്കെ ചെയ്യാം എന്നു കരുതു..
അങ്ങിനെ അവള്‍ മൂലം എന്റെ രണ്ടുദിവസത്തെ ഈ സ്വര്‍ഗ്ഗീയ സുഖം നഷ്ടപ്പെടും..

പിന്നെ രണ്ടു ദിവസം ഹോളിഡേ അല്ലെം മക്കള്‍ക്കായി നീക്കിവച്ചിരിക്കയാണ്.. അത് ഇതിലും വലിയ ഒരു സാറ്റിസ്ഫ്ക്ഷന്‍ ആണ് കെട്ടോ.. ഈ ആഴ്ച്ച മൂത്തയാള്‍ എന്നോടൊപ്പം ഇരുന്ന് ഒരു മലയാളം പടവും കണ്ടു. ഇതൊക്കെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍! അവരോടൊപ്പം സിനിമയ്ക്ക് പോകുക ഷോപ്പിങ്ങിനു പോവുക ഒക്കെ.പക്ഷെ അവര്‍ക്ക് ആകെ കിട്ടുന്ന ഹോളിഡേ അവര്‍ വീട്ടില്‍ ചിലവഴിക്കാനും പിന്നെ ചില സുഹൃദ് സംഗമങ്ങള്‍ക്കും പോകും.. അത് ഈ രാജ്യത്തെ ഒരു കീഴ് വഴക്കം ആണ്.. മീറ്റിംഗുകള്‍.. ഗവണ്മെന്റും സ്ഥാപനങ്ങളും തന്നെ ജോലിക്കാരെയും കുട്ടികളേയും വീക്കെന്റുകളില്‍ സന്തോഷിപ്പിക്കാനും ഒത്തുകൂടാനും ഒക്കെയായി ചില ഗെറ്റ് റ്റുഗദറുകള്‍ സംഘടിപ്പിക്കും.. ആ ദിവസങ്ങളില്‍ ഞാന്‍ ഗമ്പ്ലീറ്റ് ഏകാന്തതയുമായി നടക്കും.. ആ ഏകാന്തതയ്ക്ക് പലപ്പോഴും ഈ ഏകാന്തതയുടെ മാധുര്യം കാണില്ല. കാരണം ഭര്‍ത്താവിനും പാര്‍ട്ടിയോ ബിസിനസ്സോ പാര്‍ട്ടികള്‍ കാണും.. ആണുങ്ങള്‍ ആയിരിക്കും അധികവും..

അങ്ങിനെ ഞാന്‍ എന്റെ ഈ ഏകാന്തതയോട് വളരെ കടപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കട്ടെ..

പിന്നെ ഇനിമുതല്‍ ദിവസവും എന്തെങ്കിലും ബ്ലോഗില്‍ എഴുതാമെന്നും കരുതുന്നു..

ആരും വായിച്ചില്ലെങ്കിലും വായിച്ചാലും ഇങ്ങിനെ ഒരു ദിവസത്തെ കുറിച്ചു വയ്ക്കാന്‍പറ്റുക എന്നത് ഒരു അനുഗ്രഹം ആയി ഞാന്‍ കരുതുന്നു.. ഒരു നല്ല ഫോട്ടോഗ്രാഫര്‍ നല്ല നിമിഷങ്ങളെ ക്യാമറയില്‍ ആക്കുമ്പോലെ ഞാന്‍ എന്റെ പ്രിയപ്പെട്ട നിമിഷങ്ങളെ ഈ വിധം പകര്‍ത്തുന്നു.. അത്രയേ ഉള്ളൂ..

ഇനി നാളെ..


6 comments:

ajith said...

കൊച്ചുകൊച്ചുസന്തോഷങ്ങളും!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എല്ലാ ദിവസവും പോസ്റ്റിടും എന്ന് പറഞ്ഞു മുങ്ങിയിട്ട് കാണാനില്ലല്ലൊ. ഓണപായസത്തിൽ പൂസായിപ്പോയൊ? :)  

ഏതായാലും ദാ ഓണാശംസകൾ ഞങ്ങളുടെ വക 

കുഞ്ഞൂസ് (Kunjuss) said...

എഴുതണം ആത്മാ, എകാന്തതക്ക് അതൊരു വലിയ ആശ്വാസമാണ്...

ആത്മ/മുന്ന said...

ajith:

അതെ! :)

thanks!

ആത്മ/മുന്ന said...


ഓണാശംസകള്‍… ഹെറിറ്റേജ് സര്‍..!!

ആത്മ/മുന്ന said...


എഴുതാന്‍ ശ്രമിക്കുന്നുണ്ട് കുഞ്ഞൂസ്!
പക്ഷെ പഴയതുപോലെ ചിന്തകളെ ചിട്ടപ്പെടുത്താന്‍ വലിയ പ്രയാസം. ശ്രമിക്കാം.. എനിക്ക് എഴുതണം..:))

thanks!