Thursday, April 17, 2014

ഞാന്‍ തോറ്റ്…

ഇന്ന് ഞാന്‍ രാത്രി കൂരിരുട്ടില്‍ ഒരു കാലന്‍ കുടയുമായി എന്റെ മകളെ എം. ആര്‍ ടി യില്‍ നിന്നും തിരിച്ചു വീടെത്തും വരെ ഒരു കമ്പനി കൊടുക്കാനായി യാത്രയായി..
പോകും വഴി ഞാന്‍ ചിന്തിച്ചു.. ‘ഇന്ത്യ എന്റെ രാജ്യമാണ് , എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്..’ എന്നതൊക്കെ ശരി.. പക്ഷെ ഇങ്ങിനെ രാത്രി 10 മണിയൊക്കെ കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ പറ്റ്വൊ?! ഹും!  എല്ലാരും കണ്ടുപഠിക്കട്ട് ഈ രാജ്യത്തിന്റെ മേന്മ..

എന്നാലും.. എന്നാലും.. എന്റെ ഇന്ത്യ…

മകള്‍ സമയത്തെത്തി. അവള്‍ എത്തും മുന്‍പ് അടുത്തു കണ്ട കടയില്‍ കയറി അല്ലറ ചില്ലറ പൊരുള്‍കള്‍ ഒക്കെ വാങ്ങിക്കൂട്ടി. (ശ്വാനന്റെ വാല്‍..)

അവള്‍ എത്തി.. ദ്രുതഗതിയില്‍ ആണ് നടത്തം. എന്നെ കിട്ടിയപാടെ റിലേയ്ക്ക് ആളുകള്‍ കമ്പും പിടിച്ച് ഒരു ഓട്ടം ഇല്ലെ, അതുപോലെ എന്റെ കയ്യും പിടിച്ച് ഒറ്റ പായ്ച്ചില്‍..!

എടീ പതുക്കെ നടക്ക്.. നമുക്ക് ഈ നൈറ്റ് ഒക്കെ എഞ്ജോയ് ചെയ്ത് നടക്കാം..

പറ്റില്ല അമ്മേ എനിക്ക് വീട്ടില്‍ ചെന്ന് റെസ്റ്റ് എടുക്കണം..

എങ്കിപ്പിന്നെ ആവട്ട്.. എനിക്കറിയാം എന്നെ കണ്ടതുകൊണ്ട് നീ അല്പം കൂടി സ്പീട് കൂട്ടുകയാണെന്ന്..

അമ്മേ.. എനിക്ക് ഈ ഇന്ത്യാക്കാരെ തീരെ ഇഷ്ടമല്ല.. പ്രത്യേകിച്ചും കണ്‍സ്റ്റ്രക്ഷന്‍ വര്‍ക്കേര്‍സിനെ..

ഞാന്‍ ഭയപ്പാടോടെ ചുറ്റും നോക്കി.. പാവം അത്തരക്കാരാരെങ്കിലും അത് കേട്ടുവോ!
‘മോളേ അവരും മനുഷ്യരല്ലെ, കഷ്ടപ്പെട്ട് ജീവിക്കുന്നവരല്ലെ, നമ്മള്‍ അവരെയും മതിക്കണം..’

പക്ഷെ, അവരുടെ തുറിച്ചു നോട്ടം സഹിക്കാന്‍ പറ്റില്ല. ഇന്ന് ഞാന്‍ ഇവിടെ എത്തും വരെ രണ്ട് പേര്‍ തുറിച്ചു നോക്കി  മുന്നില്‍ നിന്നു. അവര്‍ക്ക് പെണ്ണുങ്ങളെ തീരെ ബഹുമാനം ഇല്ല.. എനിക്ക് ഇഷ്ടമല്ല ഇന്ത്യാക്കാരനെ..

എടീ.. ഇന്ത്യയില്‍ അത് ഒരു രസമായിട്ട് എടുക്കുന്നവരാണ് അധികവും.. ആണുങ്ങള്‍ മൈന്റ് ചെയ്യാതിരിക്കുമ്പോള്‍ വിഷമിക്കുന്ന പെണ്ണുങ്ങള്‍ പോലും ഉണ്ട്.. ആണുങ്ങളുടെ കമന്റടിയും നോട്ടവും ഒക്കെ അവര്‍ തങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരമായി എടുക്കും ചിലര്‍..അതൊക്കെ സംസ്ക്കാരത്തിന്റെ ഒരു ഭാഗം ആണ്..

ങ്ഹാ! ചുമ്മാതല്ല ഇന്ത്യന്‍ ആണുങ്ങള്‍.. ഇത്ര വഷളായിപ്പോയത്..!

ഞാന്‍: ഹും! ഇന്ത്യയില്‍ എത്ര സംസ്കാരം ഉള്ളവരും ബ്രില്ല്യന്റും ആയ ആള്‍ക്കാരുണ്ടെന്നോ!

എന്നാലും അവരാരും പെണ്ണുങ്ങളെ മതിക്കില്ല.. എനിക്കിഷ്ടമല്ലാ..

അമേരിക്കക്കാരും ബ്രിട്ടീഷുകാരും പിന്നെ ഇന്ത്യാക്കാരും ആണ് ലോകത്തിലേക്കും വച്ച് ലൈവിലി ആയ മനുഷ്യര്‍..

പക്ഷെ, അമേരിക്കക്കാര്‍ ഒന്നും തുറിച്ചു നോക്കില്ല, സ്ത്രീകളെ ബഹുമാനിക്കയും ചെയ്യും.. ഇന്ത്യയിലല്ലേ റേപ്പ് ഒക്കെ നടക്കുന്നത്..?

അത് അമേരിക്കയിലും ബ്രിട്ടണിലും ഒക്കെ നടക്കും..

എന്നാലും ഇന്ത്യയിലല്ലെ കൂടുതല്‍..?

ആയിരിക്കാം..

ഞാന്‍: ഞാന്‍ ഇതും പറഞ്ഞ് ഇന്റര്‍നെറ്റില്‍ ഒരു കൂട്ടം ആള്‍ക്കാരുമായി ഒറ്റയ്ക്ക് നിന്ന് പൊരുതിയതാണ്..  സത്യത്തില്‍    എനിക്ക് ആണുങ്ങളുടെ മേല്‍ക്കോയ്മ തീര്‍ത്തും ഇഷ്ടമല്ലെങ്കിലും ഞാന്‍ വെറുതെ ഒന്ന് പൊരുതി നോക്കി..

ഹൊ! ഞാനായിരിക്കണമായിരുന്നു.. അമ്മയെ ശരിയാക്കിയേനെ..

അവരും (ഇന്റെര്‍നെറ്റില്‍ ഉള്ളവര്‍) ശരിയാക്കിയാരുന്നു.. - ഞാന്‍.

‘അമ്മേ ഞാന്‍ ഇന്ത്യയില്‍ പോകയുകില്ല, അവരെ ഇഷ്ടപ്പെടുകയും ഇല്ല. തീര്‍ച്ച.’

ഞാന്‍: ഇന്ത്യ ഒരു അമ്പതു വര്‍ഷം ഒക്കെ കഴിയുമ്പോള്‍ അമേരിക്കയെപ്പോലെയൊക്കെ എല്ലാരും ഡീസന്റ് ആവും

ഓ! അപ്പോള്‍ ഞാന്‍ വയസ്സാവില്ലേ? - മകള്‍

അല്ല, എങ്കിലും കാണാമല്ല്..! - ഞാന്‍

(ഞാന്‍ ഇതിനിടയിലൂടെ ഇത്തരം ചിന്താഗതികൊണ്ട് എന്റെ മകളെപ്പോലുള്ള തലമുറയ്ക്കാണോ അതോ ഇന്ത്യയ്ക്കാണോ കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്നത് എന്നൊരു ഗഗന ചിന്തയിലേയ്ക്ക് ഊളിയിട്ടു...നിസ്സഹായത…)

എങ്കിലും ഇന്ത്യയെ രക്ഷിക്കാന്‍ ഒരു വിഫലശ്രമം നടത്തിനോക്കി..
‘ഇവിടത്തെ ചീനന്മാര്‍ ഭയങ്കര്‍ ടിമിഡ് ആണ്. പെണ്ണുങ്ങളെ ഭയക്കും പോലെ..
അയ്യേ! ഒരു ആണത്തമേ ഇല്ല..!! ഹും!

'അമ്മേ അത് ഭയന്നിട്ടൊന്നും അല്ല. അവര്‍ പെണ്ണുങ്ങളെ മതിക്കുന്നതാണ്
പെണ്ണുങ്ങളെ മതിക്കാനാണ് അമ്മെ ആണത്തം വേണ്ടത്.. അവരെ തുറിച്ചുനോക്കാനും തളര്‍ത്തുന്നതും അല്ല ആണത്തം..'

ഞാന്തോറ്റ്……

4 comments:

ajith said...

പെണ്ണുങ്ങളെ മതിക്കാനാണ് അമ്മെ ആണത്തം വേണ്ടത്..

സത്യം!
ഗ്രേറ്റ്!!

ആത്മ/മുന്ന said...

thanks! :)

Jazmikkutty said...

makal tholppichu lle..?

ആത്മ/മുന്ന said...

Jamikkutty,

athe. tholppichu..:)