Wednesday, April 2, 2014

മനുഷ്യരുടെ നിസ്സാരത...

ഹായ് ബ്ലോഗൂ..!
കണ്ടിട്ട് കുറേ നാളായി അല്യോ!

ഞാന്‍ ഇപ്പോഴും പഴയ ആത്മ തന്നെയാണ് ട്ടൊ,
ജീവിതത്തിന്റെ ക്ഷണഭംഗുരതയേയും , വ്യക്തിബന്ധങ്ങളിലെ ആഴമില്ലായ്മയും
ലോകത്തില്‍ അടിക്കടി ഉണ്ടാവുന്ന, മാനുഷികവും അമാനുഷികവും ആയുള്ള അത്യാഹിതങ്ങളിലും ഒക്കെ വ്യാകുലതപ്പെട്ട് നടക്കുന്ന ഒറ്റപ്പെട്ട ഒരു ആത്മാവ്…

പിന്നെ, എന്നെ ഈയ്യിടെ ( എന്നെമാത്രമല്ല, ലോകത്തെയാകമാനം) സ്തബ്ദയാക്കിയിരിക്കുന്നത് മലേഷ്യന്‍ ഫ്ലൈറ്റിന്റെ ദുരൂഹമായ അന്തര്‍ധാനം തന്നെയാണ്.. അതിനുള്ളിലെ 329 പേരുടെയും അവസാനത്തെ നിസ്സഹായാവസ്ഥയാണ് മനസ്സിനെ പിടിച്ചുലയ്ക്കുന്നത്.. ഞൊടിയിടയ്ക്കുള്ളില്‍ ബോധം മറഞ്ഞെങ്കില്‍ സാരമില്ല.. ഒരുപക്ഷെ, രക്ഷപ്പെടില്ല എന്നറിഞ്ഞുകൊണ്ട് 5 മണിക്കൂറിലേറെ അന്തരീക്ഷത്തില്‍ ചുറ്റിത്തിരിഞ്ഞിരിക്കുമോ?!

ഇനി പ്ലയിന്‍ ഉയരെ ഉയരെ ഉയരെ അങ്ങ് പറന്നുപോയിക്കാണുമോ?!
അതോ വല്ല വനാന്തര്‍ഭാഗത്തോ, മരുഭൂമിയിലോ, ഐസ് ലാന്ഡിലോ, എങ്ങാനും എത്തിപ്പെട്ട് കഷ്ടപ്പെടുകയാവുമോ?!
പല നടുക്കങ്ങള്‍.. എന്തൊക്കെയോ വിശകലനങ്ങള്‍ വഴി ഒടുവില്‍ എല്ലാവരും കൂടി പ്ലയിന്‍ ഇന്ത്യന്‍ ഉള്‍ക്കടലില്‍ വീണെന്ന നിഗമനത്തോടെ അവിടെ മാത്രം തിരയുകയാണ്.. ഒരുപക്ഷെ, അവരുടെ കാല്‍ക്കുലേഷന്‍സൊക്കെ തെറ്റി മറ്റെവിടെയോ...!!!

ഇപ്പോള്‍ ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ അധികം കഷ്ടപ്പെടാതെ എല്ലാരും ദൈവത്തിന്റെയടുത്ത് എത്തിപ്പെട്ടിരിക്കണേ എന്ന പ്രാര്‍ത്ഥന..

ഭൂമിയില്‍ മനുഷ്യര്‍ തന്നെ വരുത്തിവയ്ക്കുന്ന വ്യത്യാസങ്ങള്‍ക്കും പുരോഗമനങ്ങള്‍ക്കും ഒക്കെ ദൈവം എന്തു പിഴച്ചു!

എങ്കില്‍ ചോദിക്കും പുരോഗമനം വേണം .. ഇല്ലെങ്കില്‍ എന്തു ത്രില്‍!

വിമാനവും കപ്പലുമൊക്കെ ഇല്ലായിരുന്നെങ്കില്‍ മനുഷ്യര്‍ ഇങ്ങിനെ ജനിച്ച നാടും നാട്ടാരെയും ഒക്കെ ഉപേക്ഷിച്ച് അന്യനാടുകളിലേക്ക് കുടിയേറിപ്പാര്‍ക്കില്ലല്ലൊ,
വിരഹവും നൊസ്റ്റാള്‍ജിയയും ഒന്നും അനുഭവിക്കാന്‍ പറ്റില്ല..


എല്ലാം മറക്കാന്‍ ശ്രമിക്കാം അല്ലെ ബ്ലോഗൂ.. നമുക്ക് മറക്കാം.. പക്ഷെ, ഉറ്റവരെ ബന്ധപ്പെട്ട ആ മനുഷ്യരോ!

അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ പൊതുവേ പെസ്സിമിസ്റ്റ് ആയ എന്നെ തീര്‍ത്തും തളര്‍ത്തിയിരിക്കുന്നു..
സുനാമി;
സെപ്റ്റംബര്‍ 11;
കാഷ്മീറിലെ വലിയ ഭൂമികുലുക്കത്തില്‍പ്പെട്ട് ആയിരക്കണക്കിനാളുകള്‍ ജീവനോടെ മണ്ണിനടിയില്‍ പെട്ട് ദിവസങ്ങളോളം ജീവനുവേണ്ടി പൊരുതി പരാജയപ്പെട്ട ഭീതി..
ഡെല്‍ഹി പെണ്‍കുട്ടീ പീഢനം
കൊറിയയില്‍ മനുഷ്യനെ ജീവനോടെ ചെന്നായയെക്കൊണ്ട് തീറ്റിച്ച് വിനോദിച്ച ലീഡേര്‍സ്
ഒടുവില്‍ തീര്‍ത്തും നിരപരാധികളായ മനുഷ്യരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര..

ഒന്നും ഉള്‍ക്കൊള്ളാനാവുന്നില്ല.. തീര്‍ത്തും സ്തബ്ദയാക്കിയിരിക്കുന്നു എന്നെ പലതും….

അതിനിടയില്‍ സ്വന്തമായ കൊച്ചുകൊച്ച് തിക്ത അനുഭവങ്ങള്‍ നര്‍മ്മഭാവത്തില്‍ കണ്ട് അതിന്റെ തീവ്രത കുറയ്ക്കാമെന്നു വച്ചാല്‍ അതുകൂടി സ്വാര്‍ത്ഥമായി തോന്നുന്നു ബ്ലോഗൂ.. 

2 comments:

Echmukutty said...

ശരിയാ ആത്മേ.. ആത്മ എഴുതീത് ശരിയാ...

ajith said...

ഉള്‍ക്കൊള്ളാനാവാത്തവിധം അവിശ്വസനീയം ലോകഗതി