Saturday, January 4, 2014

ഉല്‍കൃഷ്ട ജീവി..

കുറേ നാളായി വല്ലതും എഴുതിയിട്ട് അല്ലെ ബ്ലോഗൂ..!

'മാതാ പിതാ ഗുരു ദൈവം' എന്നു പറഞ്ഞല്ല്യോ നമ്മളു പിരിഞ്ഞത്..
ഇന്നും നമുക്ക് മാതാപിതാക്കളില്‍ നിന്നും തുടങ്ങാം..

ഇന്ന് ഞാന്‍ വെറുതെ ഷോപ്പിങ്ങിനു പോകും വഴി പെട്ടെന്ന് ഓര്‍ത്തു.. കിളികളെ പറ്റി..
അവ കുഞ്ഞുങ്ങളെ പറക്കമുറ്റുമ്പോള്‍ കൊത്തി ഓടിക്കുന്നതിനെ പറ്റി..
പെട്ടെന്ന് ഇന്നത്തെ പല മക്കളും വയസ്സായ മാതാപിതാക്കളെ തങ്ങളില്‍ നിന്നകറ്റാനായി എടുക്കുന്ന അടവുകള്‍ ഓര്‍മ്മ വന്നു..
അതെ മനുഷ്യര്‍ മാതാപിതാക്കളെ കൊത്തി ഓടിക്കുന്നു അല്ലെ ബ്ലോഗൂ..!!

ഒരു പ്രായം കഴിഞ്ഞ്, അവര്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഉപയോഗപ്രദമായി ഒന്നും ചെയ്യാനാവിലെന്നും, നമ്മുടെ സങ്കല്പത്തിനൊത്ത് ഉയരാനാവാതെ ഇരിക്കുമ്പോഴും, ഇനി അവര്‍ നമ്മുടെ ജീവിതത്തില്‍ ഒരു ബാധ്യതയാകുമോ, അതുകാരണം ഭാര്യയേയും/ഭര്‍ത്താവിനെയും മക്കളേയും നന്നായി കൊണ്ടുപോകാനാവില്ലെന്നുമൊക്കെയുള്ള ഭയാശങ്കകള്‍ നിറഞ്ഞ് നിറഞ്ഞ്, നമ്മള്‍ പതിയെ അവരെ അകറ്റാനായി വാക്കുകള്‍ കൊണ്ട് കൊത്തി നോവിച്ചു തുടങ്ങുന്നു..

ബുദ്ധിയുള്ള മാതാപിതാക്കള്‍ ഇത് നേരത്തെ കണ്ടറിഞ്ഞ് മക്കളുടെ ജീവിതത്തില്‍ നിന്നും കഴിയാവുന്നത്ര അകലം പാലിക്കുന്നു.. എങ്കിലും എത്രനാള്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാനാവും!

മനുഷ്യര്‍ മക്കളെ കൊത്തിയോടിക്കാതെ തങ്ങളുടെ സമ്പത്തും സൌകര്യവും ആരോഗ്യവും നല്‍കി അവരെ ഉയര്‍ത്തുന്നതുമൊക്കെ , ഒടുവില്‍ തനിക്ക് താങ്ങായി തണലായി മക്കള്‍ കാണുമല്ലൊ എന്ന ഒരു പ്രതീക്ഷയായിരിക്കില്ലേ!

നമ്മള്‍ അവര്‍ തരുന്ന വിദ്യാഭ്യാസവും സമ്പത്തും ഒക്കെ കൈപ്പറ്റി, ഒടുവില്‍ ദൂരേക്ക് പറന്നകലുന്നു.. അല്ലെങ്കില്‍ അവരെ അകറ്റുന്നു.. അവരില്‍ നിന്നകലുന്നു..

അല്ല ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ...

ഇത്രയും ചിന്തിച്ചപ്പോള്‍ കൂടുതല്‍ ചിന്തകള്‍ വന്ന് നിറയാന്‍ തുടങ്ങി..

പണ്ടാരോ പറഞ്ഞു, മനുഷ്യരാണ് ഈ ഭൂമിയിലെ ഏറ്റവും ഉല്‍ക്കൃഷ്ടമായ ജീവികള്‍ എന്ന്. അത് ശരിയാണോ എന്നൊരു സംശയം.. ! അവര്‍ക്ക് തെറ്റുപറ്റിയതാവില്ലെ!
ഒരുപക്ഷെ, മനുഷ്യനാവും ഈ ഭൂമിയിലെ  പിശാച് എന്നെനിക്ക് പെട്ടെന്ന് തോന്നി..

ആവശ്യത്തിനും ആവശ്യമില്ലാതെയും മറ്റു ജീവികളെയൊക്കെ കൊന്നൊടുക്കി,
ഭൂമിയുടെ ഹരിതാഭ നശിപ്പിക്കുന്നു.. പ്രകൃതിയെ പരമാവധി ദ്രോഹിക്കുന്നു..
സ്വന്ത സുഖം, ആഡംബരം, അത്യാഗ്രഹം, ദുരഭിമാനം, ക്രൂരത, സ്വാര്‍ത്ഥത, പരാജയഭീതി ഒക്കെ മനുഷ്യനിലല്ലേ ഏറ്റവുമധികം കാണപ്പെടുന്നത്..?!

മനുഷ്യന്‍ തനിക്കും തന്റെ മക്കള്‍ക്കും വേണ്ടതിലധികം ആഹാരവും സമ്പത്തും കുന്നുകൂട്ടി വയ്ക്കുന്നു.. മറ്റു ജീവികള്‍ക്കില്ലാത്ത ഒരു നികൃഷ്ടത..

ഇണകളെ പീഡിപ്പിക്കുന്നതും മനുഷ്യനൊഴിച്ച് മറ്റൊരു ജീവിയും കാണില്ല.

അതുപോലെ പ്രതികാരത്തിനും വിനോദത്തിനുമൊക്കെയായി അന്യജീവികളേയും സ്വന്തം വര്‍ഗ്ഗത്തിലുള്ളവരെയും എത്ര നികൃഷ്ടമായാണ് അവര്‍ കൊല്ലുന്നത്!
ഒരു മൃഗവും ഇത്ര ക്രൂരത കാട്ടുന്ന അറിവില്ല. മിക്ക മൃഗങ്ങളും വിശപ്പിനായായിരിക്കും കൊല്ലുന്നത് തന്നെ, അല്ലെങ്കില്‍ തന്നെ ദ്രോഹിക്കുമോ എന്നു ഭയന്ന്. എന്നാല്‍ മനുഷ്യനോ?!
പദവിക്കും, സ്വാര്‍ത്ഥസുഖത്തിനും സമ്പത്തിനും (ആദ്യം പറഞ്ഞ കുറെ ദുര്‍ഗ്ഗുണങ്ങള്‍ക്കായി) മറ്റു ജീവികളെ അതി ദാരുണമായി കൊല്ലുന്നു..

ഈയ്യിടെ കൊറിയയില്‍ സ്വന്തം മാതുലനെയും കൂട്ടരേയും ജീവനോടെ വേട്ടനായ്ക്കളെ കൊണ്ട് തീറ്റിച്ചതരം ക്രൂരത ഓരോ മനുഷ്യനിലും ഒളിഞ്ഞ് കിടക്കുന്നുണ്ടാവും..

താന്‍ ജന്മം കൊണ്ട ഗര്‍ഭപാത്രത്തില്‍ കമ്പിപ്പാര കയറ്റി തകര്‍ക്കാന്‍;  ജീവനുവേണ്ടി യാചിക്കുന്ന/പിടയുന്ന ഇണയില്‍ കാമദാഹം തീര്‍ക്കാന്‍ ഒക്കെ മനുഷ്യന്‍ എന്ന ജീവിക്കു മാത്രമെ സാധ്യമാവൂ.. അങ്ങിനെ ഒരുപാട് ദുര്‍ഗ്ഗുണങ്ങള്‍ നിറഞ്ഞ മന്‍ഷ്യനെ എങ്ങിനെ ഭൂമിയിലെ ഉല്‍കൃഷ്ട ജീവി എന്നു വിളിക്കാനാവും..?!

3 comments:

ajith said...

മനുഷ്യന്‍ ഉത്കൃഷ്ടജീവിയെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റായ ഒരു പ്രസ്താവനയാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മേ സമ്മതിച്ച് തന്നിരിക്കുന്നു.. എന്റെ മനസിൽ ഉള്ള മിക്കതും ഇതുപോലെ വിളിച്ചു പറഞ്ഞതിൻ ഒരു പ്രത്യേക നന്ദി :)

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

മ്റ്ഹം പാതി കടവൂള്‍ പാതി എന്നാണ് മനുഷ്യനെ വശേഷിപ്പിയ്ക്കുന്നത്.. മ്റ്ഹത്തിന്റെ അനുപാതം എങ്ങിനയോ മനുഷ്യരില്‍ കൂടിവരുന്നു. പലരെയും ശ്രദ്ധിച്ചാല്‍ അവര്‍ക്ക് കോമ്പല്ല് വളരുന്നതായി കാണാം. നാം കഴിയ്ക്കുന്നതല്ലേ നമ്മെ പരിപോഷിപ്പിയ്ക്കുന്നത്, അതുതന്നെയല്ലേ നാം.

ആത്മയെപ്പോലുള്ളവരുടെ രചനകളില്‍ മനുഷ്യ വൈശിഷ്ട്യത്തിന്റെ (ഔല്‍കൃഷ്ട്യത്തിന്റേതല്ല) സ്വരം ശ്രവിയ്ക്കുവാന്‍ കഴിയുന്നില്ലേ....?